ആകാശത്തിലെ സർക്കസ്സുകാരൻ/ സന്ധ്യ ഇ എഴുതിയ കവിത

ഞാനൊരു സർക്കസ്സുകാരനാണ്
ആകാശമാണെൻ്റെ പ്രദർശനവേദി
മേഘങ്ങളും ഗ്രഹങ്ങളും
സൂര്യനടക്കമുള്ള നക്ഷത്രങ്ങളുമാണെൻ്റെ കാണികൾ
ഞാൻ സർക്കസ്സു കാണിക്കുമ്പോൾ
അവരൊക്കെ
അത്ഭുതത്തോടെ, ആകാംക്ഷയോടെ
അതിലേറെ അച്ചടക്കത്തോടെ
അവരവരുടെ സ്ഥാനങ്ങളിൽ പോയിരിക്കും
പ്രകടനം കഴിയുമ്പോൾ
ആർത്തുവിളിച്ച് കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.
ഹോ! പറയാൻ വിട്ടുപോയി
എൻ്റെ പേര് ഇമ്മാനുവേൽ എന്നാണ്
നാട് – ജുഗബുംബോ
അതെ!
സംശയം മനസ്സിലായി
സമയമെങ്ങനെ നീങ്ങുമെന്ന്, അല്ലേ?
പ്രത്യേകിച്ചും ആകാശത്തുള്ളവരൊക്കെ
ഒരിടത്തടങ്ങിയിരുന്നാൽ !
ആകാശമെന്നു കേൾക്കുമ്പോഴൊക്കെ
ഞാൻ ചിരിക്കും
എന്താകാശം !
പക്ഷെ നിങ്ങൾക്കതുള്ളതുകൊണ്ടാണല്ലോ
നിങ്ങളും പിന്നെ ഞാനുമുള്ളത്!
അപ്പോൾ, സമയത്തിൻ്റെ ഈ പ്രശ്നമുള്ളതുകൊണ്ട്
ഞാനൊരിനം പ്രദർശനത്തിൽ ചേർത്തിട്ടുണ്ട്
നിങ്ങളത് കണ്ടുകൊണ്ടിരിക്കേ
ഞാനൊരു മാന്ത്രികൻ്റെ കൺകെട്ടു വിദ്യയാൽ
ലോകത്തിലെ സകല ഘടികാരങ്ങളും
( ഇനി ഉണ്ടാക്കാൻ സാധ്യതയുള്ളതടക്കം)
ഉരുക്കി ഒറ്റയൊന്നാക്കിയെടുക്കും
അതിചാലക ശേഷിയുള്ള മിന്നൽ
സദാ പ്രവഹിച്ചു കൊണ്ടിരിക്കുന്ന കമ്പിക്കു മേലെ
അതിൻ്റെ ഒറ്റച്ചക്രത്തിലെ
സാങ്കല്പിക ഇരിപ്പിടത്തിലേറി
ഒരു കൈ വായുവിൽ അനായാസം വിടർത്തിയിട്ട്
ആദ്യം പതുക്കെയും പിന്നെ വേഗത കൂട്ടിയും
ചവിട്ടി നീങ്ങും
(വേഗത കൂടിയെന്ന് ക്ലോക്കിലെ സൂചികൾ പറയും)
മറുകയ്യും പിടിവിട്ട് സ്വതന്ത്രമാക്കാൻ തുടങ്ങിയപ്പോഴാണ്
ഗ്രഹങ്ങളെപ്പറ്റി മാത്രമേ ഞാൻ പറഞ്ഞുള്ളൂ,
ഉപഗ്രഹങ്ങളെ ഒഴിവാക്കിയെന്ന പരാതിയുമായി
മഞ്ഞക്കുപ്പായമിട്ട്, കരഞ്ഞുപിഴിഞ്ഞൊരു ചന്ദ്രക്കല വഴിമുടക്കിയത്
അവളെ, നോവാത്ത വിധം
മുടിയിൽ പിടിച്ച് കയ്യിൽ തൂക്കിയിട്ടു
കാറ്റിനൊപ്പമങ്ങനെ നീങ്ങുമ്പോൾ
ഞാനിതൊരു സർക്കസ്സാണെന്നു മറന്നു
നിങ്ങളും മറക്കണം.

 

* പ്രചോദനം: അകിര കുസാക്കയെന്ന ജാപ്പനീസ് ചിത്രകാരൻ്റെ ഈ ചിത്രം.