നെഞ്ചിൽ കൊണ്ടു നടക്കുന്ന കഥകളും കവിതകളുമാണ് യഥാർത്ഥത്തിൽ എന്നെ നിങ്ങളുടെ മുൻപിൽ എത്തിച്ചത്. ആരുപേക്ഷിച്ചാലും പുസ്തകം ഉപേക്ഷിക്കില്ല. അതാണ് അതിന്റെ വഴി.
എന്റെ സാഹിത്യം ആദ്യമൊക്കെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടതായി എനിക്കു തോന്നിയിരുന്നു. ഒരിടത്തുനിന്നും പ്രോത്സാഹനമില്ല. ആരേയും കുറ്റപ്പെടുത്തുന്നതല്ല. ബാലിശമായിരുന്നു ആ കാലം. വെറുതെ ഓരോ തോന്നലുകൾ. പ്രായത്തിന്റെ അപക്വത. പിന്നീട് വായന മെച്ചപ്പെട്ടപ്പോഴാണ് പതുക്കെ വഴി തെളിഞ്ഞത്. ഒരു വായനയും വഴി തെറ്റിക്കുന്നതല്ല.
എഴുത്തിലേക്ക് വന്നപ്പോൾ നാട്ടുകാരെ അപകീർത്തിപ്പെടുത്തുന്നു എന്ന ഭീഷണി വന്നു. മുക്കിലും മൂലയിലും അതിന്റെ മുഴക്കങ്ങൾ.
എല്ലാ എഴുത്തുകാരും ആദ്യം അടയാളപ്പെടുത്തുന്നത് അവരുടെ ജന്മനാടിനെയാണ്. അവിടെയാണ് അയാളുടെ ഹൃദയം. എഴുത്തിന് ഒരു മർമ്മമുണ്ട്. ഒന്നും നേരെ ചൊവ്വെ പറയരുത്. അങ്ങനെ പറഞ്ഞാൽ അത് പത്രറിപ്പോർട്ടാകും. കഥ മനോഹരമായ നുണയാണ്. കവിത ഭാവനയുടെ ആസ്വാദനവും.
ഇനി, എഴുതിത്തെളിഞ്ഞ് ഒരു പരുവത്തിലെത്തിയാൽ ആദ്യം വിമർശിക്കുന്നത് ഒപ്പം നടന്നവരായിരിക്കും. എന്തോ പെട്ടെന്ന് അംഗീകരിക്കാൻ ഒരു പ്രയാസം. അതിനു പല കാരണങ്ങളുണ്ടാകും.
എങ്ങനെ കഥ എഴുതും? എങ്ങനെ എഴുതിയാലാണ് കവിത ആകുക? ഇതൊന്നും ഒരു ക്ലാസിലും ആർക്കും പകർന്നുകൊടുക്കാനാവില്ല. കഥയും കവിതയും അഭിനയമൊ നൃത്തമൊ അല്ല. ഭാഷയുടെ ഘടന, സ്വതസിദ്ധമായ കഴിവ്. അതാണ് എഴുത്ത്.
‘വനജ സുന്ദരിയായിരുന്നു. വനജ എന്നാണ് അവളുടെ പേര്. അവൾ സുന്ദരിയായിരുന്നു. അവൾ വനജ. സുന്ദരി.’
ഇങ്ങനെ വനജയുടെ കഥ എങ്ങനെയും പറയാം. ഏതുവിധത്തിൽ പറഞ്ഞാലും കഥയിൽ വനജ ഉണ്ടായിരിക്കണം. ഭാഷ ഉണ്ടായിരിക്കണം. ഒഴുക്കുണ്ടായിരിക്കണം. എങ്കിലേ വായനക്കാർ ഉണ്ടാവുകയുള്ളൂ.
എന്നാൽ, എഴുതുന്ന എല്ലാ വരിയിലും കവിത ഉണ്ടാവില്ല. പത്തുവരിയുള്ള കവിതയിൽ ഒന്നോ രണ്ടോ വരിയിലേ കവിത ഉണ്ടാകൂ. ബാക്കിയൊക്കെ അതിന്റെ ബാലൻസ് ആയിരിക്കും.
കുഞ്ഞുണ്ണി മാഷിന്റെ കവിതയിലോട്ട് പോകാം.
“ആണിനു പെണ്ണെന്തിന്?”
കവിത പൂർണ്ണമാകുന്നത് അടുത്ത വരിയിലാണ്.
“പെണു പോരേ?”
ഈ ചോദ്യത്തിലാണ് കവിതയുടെ സാന്ദ്രഭാവം.
വായനാവാരം നന്നായി. കേൾവിക്കാരോടൊപ്പം ശക്തിയായി മഴയും കൂടെയുണ്ടായിരുന്നു. ഉള്ളവന് ആനന്ദവും ഇല്ലാത്തവന് ദുരിതവും നൽകുന്ന മഴ.
വായിക്കുക, വായിക്കുക, വായിക്കുക. വായനതന്നെയാണ് എഴുത്തിന്റെ ഏറ്റവും വലിയ വളം. അത് പല വഴികളും തുറന്നു തരും. വെളിച്ചത്തിന്റെയും ജ്ഞാനത്തിന്റെയും പുതുവഴികൾ!