Pullingan Book Cover-Soumithran

പുല്ലിംഗൻ ഒരു ജീവതാളമാണ്

കുരുക്ക് മുറുകി കഴിഞ്ഞപ്പോൾ, അബോധത്തിന്റെ ചുരുൾകെട്ടിൽ അകപ്പെടുന്ന തോമയുടെ അവസാനവാക്ക്, ‘പുല്ലിംഗൻ’ എന്ന പുലഭ്യഭാഷ്യമായിരുന്നു.

മ്മൾ പൊതുവെ പറയാറുണ്ട്, കഥയെന്നാൽ ജീവിതമാണ്, ജീവതാളമാണ് എന്നൊക്കെ. ഏറെകുറെ അത് ശരിയാണു താനും. നമുക്കു ചുറ്റുമുള്ള മനുഷ്യരുടെ, ജീവികളുടെ, ചിലപ്പോൾ നമ്മുടെ തന്നെയോ ഒക്കെയുള്ള ജീവിതത്തിന്റെ, ചിന്തകളുടെ, സ്വപ്നങ്ങളുടെ, ഒറ്റപ്പെടലുകളുടെ, പിരിമുറുക്കങ്ങളുടെ, സന്തോഷങ്ങളുടെ, സൗഭാഗ്യങ്ങളുടെ നേർപകർപ്പുകളാണ് അഥവാ, പകർത്തിവെയ്ക്കലുകലാണ് പലപ്പോഴും കഥകളായി നമുക്കുമുന്നിൽ ഇതൾവിരിയുന്നത്. സൗമിത്രന്റെ ‘പുല്ലിംഗൻ’ എന്ന കഥാസമാഹാരവും ഇതിൽ നിന്നും ഭിന്നമല്ല. 

നിതിൻ എന്ന കുട്ടിയുടെ ഒറ്റപ്പെടലിന്റെ വേദന, ആകർഷകമായ തൊപ്പിയും വേഷവിധാനങ്ങളുമായി കാവൽ ജോലി ചെയ്യുന്ന  അവന്റെ അച്ഛന്റെയും വീട്ടുകാര്യം നോക്കുന്ന അമ്മയുടെയും ദുഷ്ക്കരമായ ജീവിതത്തെ വിശകലനം ചെയ്യുന്ന, ‘ഞാണിഴപ്പാലം’ എന്ന കഥപറഞ്ഞാണ് പുല്ലിംഗൻ എന്ന കഥാസമാഹാരം ആരംഭിക്കുന്നത്.

മദ്യപാനിയായ അച്ഛൻ. ഭർത്താവിനെ സദാ പരുഷമായും അവജ്ഞയോടും നേരിടുന്ന അമ്മ. അച്ഛനു നേരെ പാഞ്ഞുവരുന്ന, ‘രാജാ സാബ്…’എന്ന നീട്ടിയുള്ള അമ്മയുടെ പരിഹാസ വിളികൾ. ‘ചിരിയെടുക്കാൻ മറന്നു പോകുന്ന’ അച്ഛന്റെ ആക്രോശങ്ങൾ. ജീവിതാവേഗങ്ങളുടെ പ്രചണ്ഡതയിൽ അകപ്പെടുന്ന ഒരമ്മയുടെ തന്റെ രണ്ട് മക്കളെ കൊല്ലാൻ നിർബന്ധിതയാകുന്ന കഥ. പതിനെട്ടാം നിലയിൽ താമസിക്കുന്ന ഇവർക്ക് കൂട്ടായി നേരെ മുന്നിലുള്ള കെട്ടിടത്തിലെ പതിനെട്ടാം നിലയിലുള്ള വീട്ടുകാർ. bhaഇവരുമായുള്ള സ്നേഹബന്ധം ഈ രണ്ട് വീടുകൾക്കിടയിൽ കെട്ടിയിട്ടിരിക്കുന്ന ഒരു മഞ്ഞ നിറമുള്ള കയറിലൂടെയാണ്. അതിലൂടെ ഭക്ഷണ സാമഗ്രികളും മറ്റും പങ്കുവക്കുന്നു. ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നു. ഈ മഞ്ഞക്കയർ ഇവരുടെ വേദനയുടെയും കഥയായി മാറുന്നത് വളരെ തീഷ്ണമായി കഥാകൃത്ത് അവതരിപ്പിക്കുന്നു.

ഞാണിഴപ്പാലത്തിൻ്റെ തുടർച്ചയായ ‘കിണറാഴങ്ങൾ’ എന്ന കഥ, മകന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ കേരളത്തിലേക്ക് തീവണ്ടിയിൽ അൺറിസർവഡ് കോച്ചിൽ യാത്ര പോകുന്ന ദരിദ്രരായ ഒരച്ഛന്റേയും അമ്മയുടേയും മനോവ്യഥയിലൂടെ സഞ്ചരിക്കുന്നു. പൊലിഞ്ഞുപോയ മകനുമൊത്തുള്ള ജീവിതത്തിലൂടെ, മനസ്സ് തീവണ്ടി വേഗതയോടെ സഞ്ചരിക്കേ ഉണ്ടാകുന്ന സംഭവവികാസങ്ങൾ, ചിതാഭസ്മം ആരോ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നതിൽ എത്തുന്നു. ചിതാഭസ്മം തേടി തീവണ്ടിയിൽ നിന്നും ആ അച്ഛനും അമ്മയും ഇറങ്ങിത്തിരിക്കുന്നു. യാതയുടെ തുടക്കം മുതൽ അവർ നേരിടേണ്ടിവരുന്ന തീഷ്ണമായ അനുഭവങ്ങൾ, സന്ദർഭങ്ങൾ, കിണറാഴത്തെ ഏതു വായനക്കാരനെയും ആഴത്തിൽ സ്പർശിച്ചുപോകുന്നു.

കാശാപ്പുകാരനായ ഒരാളുടെ, കോറോണക്കാലത്തെ ബുദ്ധിമുട്ടുകളുടെ കഥയും ഈ സമാഹാരത്തിൽ ഉണ്ട്. കന്നുകാലികളുടെ ജീവനെടുക്കുന്നത് കണ്ട്, പുലർകാലത്ത് പൂവങ്കോഴികൾ കൂവാതിരുന്നപ്പോൾ ‘കൂവിയില്ലെങ്കിൽ കോപ്പാ’ എന്നുച്ചരിച്ച്, സമയത്ത് തന്നെ എണീറ്റ് ജോലി ചെയ്തിരുന്ന അപ്പന്റെ മകന്റെ ജീവിതമാണിത്. കൊല്ലുവാൻ കെട്ടിയിട്ട ജീവിയുടെ മസ്തിഷ്കത്തിലടിക്കാൻ കൂടം ഉയർത്തുമ്പോഴും താഴ്ത്തുമ്പോഴും അവയുടെ കണ്ണിലേക്ക് നോക്കരുതെന്ന പരമ്പരാഗതമായി കിട്ടുന്ന അറിവുകൾ മനസ്സിൽ എത്രതന്നെ പതിഞ്ഞാലും പതറിപ്പോകുന്ന ചില നിമിഷങ്ങൾ ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്, ‘അനന്തരം അയാൾ കടൽകുതിരപ്പുറമേറി യാത്രയായി’ എന്ന കഥ.    

ജീവിതത്തെ സധൈര്യം നേരിടാൻ പള്ളിക്കൂടം വേണ്ട എന്നു പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്ത സുഹൃത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന രമേശൻ. പാരമ്പര്യമായി കിട്ടിയ തളർച്ച രോഗത്തിന്റെ പിടിയിൽ വലയുന്ന ഭാര്യയും മകളും. അവരെ പരിചരിക്കുന്ന അച്ഛനും മകനും. ഈ രോഗം മകനും ബാധിക്കുമോ എന്നു രമേശൻ വ്യാകുലപ്പെട്ടു മുന്നോട്ടുപോകുമ്പോൾ സഹായഹസ്തവുമായി എത്തുന്ന പഴയകാല സുഹൃത്ത്. ആശയുടെ തിരി കെടുന്ന സമയത്തും പ്രതീക്ഷകൾ കൈവിടാത്ത മനസ്സ്. പോകാൻ വേറൊരിടമില്ലാത്ത മനുഷ്യന്റെയും വിധിയെ നിയന്ത്രിക്കുന്ന മനുഷ്യരുടേയും കഥയാണ്, ‘കഥാന്തരം’.

Read Also  A small room/English poem by Vinod Kumar Shukla

ഇതുപോലെ, ജീവിതത്തോട് ഇണങ്ങി, വ്യത്യസ്തമായ യാഥാർഥ്യങ്ങളെ ഏച്ചുകെട്ടലുകൾ ഇല്ലാതെ വരച്ചുകാട്ടുന്ന, ‘ചൈനാപ്പനി’, ‘നാലാമതൊരാൾ’, ‘പാത്രിയർക്കീസ്’, ‘പുല്ലിംഗൻ’, ‘പുസ്തകച്ചന്ത’, ‘രജതജൂബിലി’, ‘വെൺകുരിശ്’ എന്നീ കഥകൾകൂടി ഉൾക്കൊള്ളുന്നതാണ് ‘പുല്ലിംഗൻ’ എന്ന കഥാസമാഹാരം. ആ ശ്രമത്തിന്റെ ഭാഗമായി കഥയുടെ ഓരോ അംശത്തെയും അതിസൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ടാണ് സൗമിത്രൻ കഥ പറയുന്നത്.

കഠിനമായ സ്ത്രീപക്ഷ നിയമങ്ങൾക്ക് മുന്നിൽ ശിഥിലമാകുന്ന പുരുഷസ്വത്വത്തെ ആവാഹിച്ചെടുത്ത പുല്ലിംഗൻ എന്ന ടൈറ്റിൽ സ്റ്റോറി, ആരോഗ്യ ദൃഢഗാത്രനും ഒത്തശരീരവുള്ള സൌമ്യനായ തോമസ്തോമായുടെ ജീവിതമാണ് നമുക്കു മുന്നിൽ വരച്ചിടുന്നത്. ഇദ്ദേഹത്തെ കണ്ടാൽ ആരും ബഹുമാനിക്കും. ഭാര്യയുടെ വിയോഗത്തിനുശേഷം അന്നമ്മയെ വിവാഹം ചെയ്യുന്നു. മദ്ധ്യവയസ്സ് കഴിഞ്ഞ ധനാഢ്യന്മാരുടെ സ്വകാര്യ നഴ്സ് ആയിരുന്ന അന്നമ്മയെ കഥാകാരൻ വിശേഷിപ്പിച്ചിരിക്കുന്നത്, “ഉള്ളിൽ ഉരം വച്ചു വന്ന സർപ്പസ്വത്വത്തെ ലോലഭാവങ്ങളുടെ ക്രീംപാക്കിലൊളിപ്പിച്ച അന്നമ്മ” എന്നാണ്. വിവാഹശേഷം, അധികം താമസിയാതെ അന്നമ്മ തോമക്കെതിരെ കള്ളക്കേസ് കൊടുക്കുന്നു. കുരുക്ക് മുറുകി കഴിഞ്ഞപ്പോൾ, അബോധത്തിന്റെ ഇരുണ്ട ചുരുൾകെട്ടിൽ അകപ്പെടുന്ന തോമയുടെ അവസാനവാക്ക്, ‘പുല്ലിംഗൻ’ എന്ന പുലഭ്യഭാഷ്യമായിരുന്നു.          

പുല്ലിംഗത്തിലുടനീളം പറഞ്ഞുപോകുന്ന കുടുംബബന്ധങ്ങളുടെ ഇഴനാരുകളെ ജന്നൽ അഴികളാക്കി ദൃശ്യവല്ക്കരിക്കുന്ന മുഖചിത്രം ഈ സമാഹാരത്തെ കൂടുതൽ അർത്ഥവത്താക്കുന്നു. സൂചകങ്ങളുടെയും വിവരണങ്ങളുടെയും ആധിക്യം പല കഥകളിലും കാണാം. കഥാന്ത്യത്തിലെ, പ്രതിപാദ്യ വിഷയത്തിന്റെ വ്യതിചലനമോ നിരാകരണമോ അപ്രത്യക്ഷമാകലോ മൂലം ചില കഥകൾ വായനക്കാരനെ ഒരു അജ്ഞാത തുരുത്തിൽ കൊണ്ടുചെന്നെത്തിക്കുന്നുണ്ടെങ്കിലും അവ കഥയുടെ സാരാംശത്തെ ഹനിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

സൗമിത്രൻ എന്ന തൂലികാ നാമത്തിൽ എഴുതുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശി അഡ്വ. എൻ. അജിത്കുമാർ ഒരു കാർട്ടൂണിസ്റ്റുകൂടിയാണ്. പ്രതിഭാവത്തിൽ ‘കുഞ്ചിരി’ കാർട്ടൂൺ കോളം ചെയ്യുന്നുണ്ട്. ‘കഥപറയാനൊരിടം’, ‘ബഹുജനോത്സവം’, ‘ക്യാപ്ഷക്രിയ’, ‘തായാട്ട്’ എന്നീ കഥാസമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.