5 July 1994. ‘ബേപ്പൂരിന്റെ സുൽത്താൻ’, യശശ്ശരീരനായ വൈക്കം മുഹമ്മദ് ബഷീർ വിട പറഞ്ഞിട്ട് 31 വർഷം.

വായനയിലെ ബഷീർ
വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ എന്നതുപോലെ, സാഹിത്യത്തിൽ ഞാനൊരു ബഷീറിയനാണ്: സുറാബ്
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളാണ് എന്നെ സംബന്ധിച്ചെടുത്തോളം ലോകത്തിലെ ഏറ്റവും വലിയ കഥകൾ. ലോക സാഹിത്യത്തിൽ ജീവിതം കഥയാക്കി എഴുതിയവരാണ് ഏറെയും. എന്നാൽ ബഷീറിനെപ്പോലെ കഥ ജീവിതമാക്കിയവർ ചുരുക്കം. ഭാഷയുടെ നൈർമല്യവും ആഖ്യാനത്തിന്റെ സുഗന്ധവുംകൊണ്ട് ബഷീർ സൃഷ്ടിച്ച ലോകം ഇമ്മിണി വലുതാണ്.
ഗ്രാമ്യജീവിതത്തിന്റെ എട്ടുകാലികളിൽനിന്ന് ആനവാരിയിലേക്കും പൊൻകുരിശിലേക്കും വായന വളരുമ്പോൾ ഭാഷാ സാഹിത്യത്തിൽ ബഷീർ കുടുകുടെ ചിരിക്കുന്നു. ചിരിപ്പിക്കുന്നു. ചിന്തിപ്പിക്കുന്നു.
എന്നിട്ടും അദ്ദേഹത്തിന് ജ്ഞാനപീഠത്തിലിരിക്കാൻ യോഗമുണ്ടായില്ല. സാഹിത്യ പാഷാണന്മാർ അതിനു കണ്ടെത്തിയ ലൊട്ടുലൊടുക്കുകൾ അദ്ദേഹം വലിയ കൃതികളൊന്നും ചമച്ചിട്ടില്ല എന്നതായിരുന്നു. അതൊരു
ന്യായമാണ്.
കേവലം ഉറുമ്പുകൾക്കുപോലും എടുത്തുപൊക്കാൻ പാകത്തിലുള്ള ചെറിയ, വളരെ ചെറിയ പുസ്തകങ്ങളാണല്ലോ ഒട്ടുമിക്കവയും. വലിയ വലിയ തടിയൻ പുസ്തകങ്ങൾ പടയ്ക്കുന്നവർക്കിടയിൽ ബഷീർ തീരെ ചെറുതാണ്. മതില് ചാരി ബഷീർ വിളിച്ചു ചോദിക്കുന്നു, “നാരായണീ, നീ എന്നെ കാണുന്നുണ്ടോ…”
വിളി കേട്ടിട്ടും നാരായണി ഒന്നും മിണ്ടിയില്ല. എന്താണ് അവൾ മിണ്ടാത്തത്?
അയാൾ മതിലിനു പുറത്തേക്കിറങ്ങി ആരോടെന്നില്ലാതെ അലറി.
‘ഹു വാണ്ട് ഫ്രീഡം..?’
ചുവന്ന റോസാപ്പു ചവിട്ടിപ്പോയെന്ന് അറിഞ്ഞപ്പോൾ പ്രണയത്തോട് പറഞ്ഞു,
‘അതെന്റെ ഹൃദയമായിരുന്നു.’
‘കുറുക്കാ, ഇനിയും നീ വരരുത്. താമ്രപത്രംകൊണ്ട് ഞാൻ നിന്നെ വീണ്ടും എറിഞ്ഞെന്നു വരും…’
ഇങ്ങനെ രോഷവും പ്രണയവും പുഴുങ്ങിയ കോഴിമുട്ടയും ഒളിപ്പിച്ചു മണ്ടൻമുത്തപ്പയെ പാട്ടിലാക്കിയ മലയാളത്തിന്റെ എക്കാലത്തെയും സുൽത്താൻ ബാല്യകാല സഖിയോടു പറയുന്നു,
“എന്റെ ജീവിതം നിറയെ ഉറുമ്പാണ്. ചോണനുറുമ്പ്. അത് കടിക്കും.”
ഏകാന്തതയുടെ അപാരതീരത്തേക്കു നോക്കി പൊട്ടിച്ചിരിക്കുന്ന ബഷീറിനെപോലെ, വായനയിൽ ഞാനിത്രമാതം അനുഭവിച്ച വേറൊരെഴുത്തുകാരനില്ല. എന്നെ അനുഭവിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ആ എഴുത്തുകാരൻ ഇന്നില്ല.
പള്ളിക്കാട്ടിലേക്ക് അന്ത്യവിശ്രമത്തിന് പോകുംമുമ്പ്, കടുത്ത ശ്വാസം മുട്ടും നിർത്താതെയുള്ള ചുമയുമായിരുന്നു. അതൊക്കെ, തന്റെ ദേഹാസ്വാസ്ഥ്യത്തിലുമുപരി, അദ്ദേഹം വലിയ ഒച്ചയിൽ പുറത്തേക്കു തുപ്പിക്കളഞ്ഞു. ആ ഓരോ കാറിത്തുപ്പലും, സാഹിത്യ സാംസ്ക്കാരിക ജീർണതക്കെതിരായിരുന്നു.
ബഷീർ ഒരു ലോകമാണ്. വായനശാലയിലെ അത്ഭുതലോകം!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സുറാബ്: ‘വടക്കൻ മലബാറിലെ മുസ്ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.