Published on: September 7, 2025


എന്നും രാത്രിയാകുമ്പോൾ
വന്നു വിളിക്കുമായിരുന്നു.
സെക്കന്ഡ് ഷോയ്ക്ക്
പോകാമെന്ന് കൊതിപ്പിക്കും.
അപ്പോഴൊന്നും അപ്പോഴോടുന്ന
ഫസ്റ്റ് ഷോ കഴിഞ്ഞിട്ടുണ്ടാവില്ല.
നായകൻ ഇനിയൊരിക്കലും
തിരിച്ചുവരില്ലെന്ന് കൃത്യമായി
പറയാറായിട്ടില്ല. നായിക
വഴിക്കണ്ണുമായി കാത്തിരിപ്പ്
തുടങ്ങിയിട്ടില്ല. അതെല്ലാം
കഴിഞ്ഞ് ഒരു മെലോഡ്രാമയിലേക്ക്
കുത്തനെ തല കുത്തിവീഴണം.
നായകൻ തിരിച്ചു വരുമെന്ന്
ഫസ്റ്റ് ഷോയുടെ ഇരുട്ട്
ഇപ്പോഴും വിശ്വസിക്കുകയാണ്.
നായികയെ നല്ല വെളിച്ചത്തിൽ
ക്ലോസ് അപ്പിലാണ്
കാണിക്കുന്നതെങ്കിലും.
മുടിഞ്ഞ മൾടിലയെർ
നരേഷന്റെ ഏർപ്പാടാണ്.
ഇരുട്ടുസ്ക്രീനിന്റെ
പല കോണുകളിൽ നിന്നും
കഥയുടെ വെളിച്ചം
അടിക്കുന്നതെയുള്ളൂ.
അപ്പോഴാണ് അടുത്ത ടാക്കീസിൽ
സെക്കന്ഡ് ഷോയ്ക്കുള്ള
ഒടുക്കത്തെ പ്രലോഭനം.
കണ്ടെച്ചും വാ, കഥ
പറഞ്ഞു തന്നാൽ മതി
എന്നൊക്കെപ്പറഞ്ഞാൽ
ങ്ഹെ, ഒരു കൂസലുമില്ല.
ഇപ്പോൾ സെക്കന്ഡ് ഷോയ്ക്കുള്ള
പാട്ട് വച്ച് തുടങ്ങും,
ഇപ്പോച്ചെന്നാലേ അങ്ങോട്ടെത്തൂ
സമയത്തിനും കാലത്തിനും.
നോട്ടീസിൽ പറയുന്ന
കഥയെന്തുവാ എന്നൊക്കെ ചോദിച്ചു
സമയം കൂട്ടിയെടുക്കും.
അത് വല്ലാത്ത ഒരു കഥയാ
അല്ലെങ്കിൽ പല കഥകളാ
പല കോണുകളിൽ നിന്ന്
വായിക്കണം, ടൈമിന്റെ
സിംഗൂലാരിറ്റിയെ ഭേദിക്കുന്നത്.
ഓ ഓ അതൊരു ഭയങ്കര
വർക്ക് ആണല്ലോ എന്നത്ഭുതം കൂറും.
ബോറടിക്കുന്നേൽ അകത്തു കയറി
കുറച്ചുനേരം ഇരിക്ക് എന്ന് ക്ഷണിക്കും.
മടിച്ചുമടിച്ചാവും കയറുന്നത്.
ഫസ്റ്റ് ഷോ കഴിഞ്ഞ് ആള് പിരിഞ്ഞാലും
മഷിയിട്ടു നോക്കിയാൽ കാണില്ല.
അപ്പോഴേക്കും സെക്കന്ഡ് ഷോ
തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.
എന്നും രാത്രിയാകുമ്പോൾ
വന്നു വിളിക്കുമായിരുന്നു.
സെക്കന്ഡ് ഷോയ്ക്ക്
പോകാമെന്ന് കൊതിപ്പിക്കും.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






