Published on: September 7, 2025


നാടായ നാട്ടിലെല്ലാം
പഴയ പ്ലാസ്റ്റിക്, ഇരുമ്പ്,
കടലാസ്, പാട്ട, കുപ്പികൾ
മുന്നിലും പിന്നിലും ഇടത്തും
വലത്തും കുന്നു കൂട്ടി
പൊട്ടിയതും പൊളിഞ്ഞതും
കച്ചവടം ചെയ്യുന്ന
അപകർഷതയേതുമില്ലാതെ
അന്തസ്സോടെ ആക്രിക്കടകൾ
തലയുയർത്തി നില്ക്കും
മുമ്പൊരു കാലത്ത്
പാട്ട പെറുക്കാൻ
പൊള്ളാച്ചിയിൽ നിന്നൊരു
പവിഴം പതിവായി
ഞങ്ങളുടെ നാട്ടിൽ വരുമായിരുന്നു.
ചുവന്ന വൈരക്കൽ മൂക്കുത്തി.
ചിരിച്ചു കുഴഞ്ഞ്, മുറുക്കിച്ചുവന്ന
മുഴുത്ത ചുണ്ട്.
കടഞ്ഞെടുത്തപോലെ,
എണ്ണക്കറുപ്പിൽ മിനുത്ത
ഉടൽ തിളപ്പ്!
കാറ്റിൽ പറക്കുന്ന, എണ്ണമയമില്ലാത്ത
മുടിയിഴകൾക്കുപോലും
കലർപ്പറ്റ കാവ്യഭംഗി!
നീട്ടിക്കിട്ടിയ ആയുസ്സ്
നാരാണേട്ടന്റെ ചായപ്പീട്യേന്റെ
തിണ്ണയിൽ ലൊട്ട പറഞ്ഞ് തീർക്കുന്ന
തൊണ്ടന്മാരെന്നല്ല,
രണ്ടറ്റാക്കിനെ അതിജീവിച്ച്
ചായപ്പോഞ്ചി പീയുന്ന
നാരാണേട്ടൻപോലും
ഗജഗാമിനിയുടെ അലസ-
മദാലസ നടപ്പിനൊപ്പം
കഴുത്തു കടയുവോളം
കണ്ണുകൊണ്ടനുയാത്ര ചെയ്തു!
‘കീറിയ പ്ലാസ്റ്റിക് ബക്കറ്റ്
ഒട്ടിക്കാനുണ്ടോ,
അലുമിനിയ പാത്രത്തിന്റെ
ഓട്ടയടക്കാനുണ്ടോ’ എന്ന മട്ടിൽ
വീടായ വീട്ടിലൊന്നും
ആക്രി പെരുകാത്ത,
പ്ലാസ്റ്റിക് ബോട്ടിലെന്നാൽ
അത്യപൂർവ്വവസ്തുവായിരുന്ന,
ഉപയോഗിക്കാനുള്ളതൊന്നും
പാഴാവാതിരുന്ന അക്കാലത്തും
ബെങ്കല്ലും ബെല്ലവും
വെളഞ്ഞീറുമെല്ലാം ഉരുക്കിപ്പറ്റിച്ച്
പലവട്ടം ഓട്ടയടച്ചിട്ടും
ചോർച്ച നിൽക്കാത്ത
അലുമിനിയപ്പാത്രമോ
കീറലൊട്ടിച്ച് നാനാവിധമായ
പ്ലാസ്റ്റിക് ബക്കറ്റോ
ഉസ്ക്കൂൾ പിള്ളറെ നോട്ടുപുസ്തകോ
തങ്കര്യം ബെച്ച്
പവിഴത്തെ കാത്ത്
ഞങ്ങളുടെ നാടിന് കണ്ണു കഴച്ചു.
പാട്ട പൊറുക്കുന്ന പവിഴം
അങ്ങനെ ഞങ്ങളെ നാട്ടിലെ
പത്രാസുള്ള വിരുന്നുകാരിയായി.
അവളുടെ ഉടൽവടിവിന്റെ നിഗൂഢതയിൽ
ഞങ്ങളുടെ നാടിന്റെ
പൗരുഷം ഉരുകിയൊലിച്ചു.
തങ്ങളുടെ പുരുഷന്മാരെ
വശീകരിക്കാതിരിക്കാൻ
കുടുംബിനികൾ
വലിയ കിണ്ണത്തിൽ കഞ്ഞിയും
ഉപ്പിലിട്ട മാങ്ങയും
അതിൽ ഞെലക്കാൻ
കാന്താരിമുളകുമായി
അവളെ സൽക്കരിച്ചു.
അവൾ വരുമ്പം ഉപ്പും
കടുകും ഉണക്കപ്പറങ്കിയും
ഉഴിഞ്ഞ് അടുപ്പിലിട്ടു.
പെണ്ണുങ്ങളില്ലാ നേരം
പവിഴം വീട്ടിലെത്തുന്നത് സ്വപ്നം കണ്ട്
അയലക്കത്തെ പറമ്പിൽപോലും
തെണ്ടിനടന്ന് പുരുഷന്മാർ,
ഇല്ലാത്ത ആക്രി പെറുക്കിക്കൂട്ടിവെച്ചു.
അവളുടെ ദർശനവും സ്പർശനവും
കൊതിച്ച് കാത്തുകാത്ത്
കിട്ടാതെ നരച്ച ഏതോ ഒരുത്തന്റെ
പെരുത്ത നുണയിൽ
പവിഴം HIV പോസിറ്റീവായി.
പിന്നെ, വീടായ വീടെല്ലാം
അവളെ പേപ്പട്ടിയെപോലെ അകറ്റി.
കാലം മാറി, കഥ മാറി,
കാലാവസ്ഥ പാടെ മാറി.
വീടായ വീടെല്ലാം, നാടായ നാടെല്ലാം
ആക്രിയുല്പാദന ശാലകളായി.
ഉപയോഗിക്കുന്നതിന്റെ പത്തിരട്ടി
പാഴാക്കുന്ന പുതിയ ശീലം
ഞങ്ങളെ അൾട്രാ മോഡേണാക്കി.
വാർഡായ വാർഡിലെല്ലാം
നാലും അഞ്ചും ആക്രിക്കടകൾ പൊങ്ങി.
പ്ലാസ്റ്റിക് എടുക്കാൻ വരുന്ന
പഞ്ചായത്തിന്റെ
ഹരിതകർമ്മസേനയിലെ
പെണ്ണുങ്ങൾപോലും
മാസാമാസം കിലോ കണക്ക്
പ്ലാസ്റ്റിക് കൊടുത്തില്ലെങ്കിൽ വീട്ടമ്മമാരെ
ദുർമുഖം കാട്ടി.
ആഴ്ചയിൽ അഞ്ച് ആക്രിവണ്ടികൾ
എന്റെ വീടിനു മുമ്പിൽ ഹോണടിച്ചു.
ഗൃഹാതുര ഗുരുത്വത്തോടെ
ദീർഘകാലം ശേഖരിച്ചുവെച്ച,
കൊടുക്കാൻ മനസ്സുവരാതെ
പലവട്ടം പൊടിതട്ടിയടുക്കിവെച്ച
പഴയ പത്രമാസികകൾ,
സ്മരണാഖേദമില്ലാതെ
ഞങ്ങൾ തൂക്കിവിറ്റു.
ആഴ്ചയ്ക്കാഴ്ചയ്ക്ക് കുമിഞ്ഞ
കുടിവെള്ള കുപ്പികൾ,
ഡിറ്റർജെന്റ് ബോട്ടിലുകൾ,
ഫാസ്റ്റ് ഫുഡ് കണ്ടെയ്നറുകൾ…
ആക്രിവണ്ടികൾ നിറയ്ക്കാൻ
ഞങ്ങൾ മത്സരിച്ചു.
ഞങ്ങളുടെ ജീവിതത്തിന്റെ
മുഖ്യവ്യവഹാരം
ആക്രിക്കച്ചവടമായി.
ആക്രി ചലഞ്ചിലൂടെ
ജീവകാരുണ്യംപോലും നടത്തി.
ഞങ്ങൾ മര്യാദാ
പുരുഷോത്തമന്മാരായി!
ഇന്ന്,
ഓർമയുടെ ഗ്യാലറിയിൽ
കുമിഞ്ഞുകൂടിയ വർഷങ്ങളുടെ
ആക്രിച്ചിത്രങ്ങൾ
ഒന്നാകെ ഡിലീറ്റ് ചെയ്യാൻ
പാടുപെടുമ്പോൾ,
ഞാൻ എന്തിനാണ്
പവിഴത്തെ ഓർത്തത്!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






