മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ
വാതിലിന്നരികിൽ നിന്നും അവൾക്കൊരു ഇളംചെമ്പുനിറമുള്ള മോതിരം കിട്ടി. എത്രയോ വർഷങ്ങൾ, ഒരുപക്ഷേ നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ടായിരിക്കണം ആ മോതിരത്തിനെന്ന് ഒറ്റനോട്ടത്തിൽതന്നെ സാന്ദ്രയ്ക്കു തോന്നി.
കഴിഞ്ഞ വേനൽക്കാലത്ത്, ഒരു തീവണ്ടിയാത്രയ്ക്കിടയിലാണ് ഞാൻ തീർത്തും അവിചാരിതമായി, സാന്ദ്രാ മെർലിൻ പെഡ്രോ അലെക്സാന്ധ്ര എന്നൊരു മെക്സിക്കൻ യുവതിയുടെ കഥ വായിക്കുവാനിടയായത്. തീവണ്ടി പുറപ്പെടുമ്പോൾ, പുറത്ത് നല്ല വെയിലായിരുന്നു. സീറ്റുകളിലധികവും ഒഴിഞ്ഞു കിടക്കുന്നു. ഞാനിരിക്കുന്ന ബോഗിയിൽ, ഉറങ്ങിക്കിടക്കുന്ന ഒരു മധ്യവയസ്ക്കനും അതീവസുന്ദരിയായൊരു പെൺകുട്ടിയുമേ ഉണ്ടായിരുന്നുള്ളൂ. സത്യത്തിൽ, ആ പെൺകുട്ടിയെ പിൻതുടരുകയായിരുന്നു ഞാൻ.
കഴിഞ്ഞ നവംബറിൽ, ഒരു സെമിത്തേരിയിൽ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്. കൃത്യമായിട്ടു പറഞ്ഞാൽ, മരിച്ചവരുടെ ദിവസം. ആയിടെ മരിച്ചുപോയ തൻ്റെ മുത്തച്ഛനെ കല്ലറയിൽ നിന്നെടുത്ത്, ഉടുപ്പും മേക്കപ്പുമിടുവിച്ച് തെരുവിലൂടെ എഴുന്നളളിക്കുന്നതിനു വേണ്ടി ബന്ധുക്കളോടൊപ്പം എത്തിയതാണവൾ. അവളുടെ അതീവവശ്യതയാർന്ന സൗന്ദര്യത്താൽ ഞാൻ ഞെട്ടിയിരുന്നു. അവളേക്കാൾ രണ്ടിരട്ടി പ്രായക്കൂടുതലുണ്ടെനിക്ക് . പക്ഷേ, അവളുടെ മദിപ്പിക്കുന്ന സൗന്ദര്യം; അതെന്നെ വീണ്ടും തട്ടിയുണർത്തുകയായിരുന്നു.
തീവണ്ടി വടക്കോട്ടാണ് സഞ്ചരിക്കുന്നത്. അവളെന്നെ തിരിച്ചറിയാതിരിക്കാനായി ഒരു സ്കാർഫ് കൊണ്ട് ഞാനെന്റെ തലയും പാതിയിലേറെ മുഖവും മറച്ചിരിക്കുകയായിരുന്നു. ബർത്തിൽ ഉറങ്ങിക്കിടക്കുന്ന മധ്യവയസ്കൻ്റേതായിരിക്കണം ആ പുസ്തകം. വായിച്ചു തീർന്നതിനാലാണോ അതോ ബോറടിച്ചതിനാലാണോ എന്നറിയില്ല, ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാനെന്ന പോലെ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു അത്. പതുക്കെ ഒന്നു തുറന്നുനോക്കിയപ്പോഴാണ് സാന്ദ്രാ മെർലിൻ പെഡ്രോ അലക്സാന്ധ്രയെന്ന ഒരു സുന്ദരിയുടെ കഥ കാണുവാനിടയായത്.
‘കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ, മെക്സിക്കോയിൽ ജനിച്ച ഏറ്റവും സുന്ദരിയായ പെൺകുട്ടി’ എന്നാണ് കഥ എഴുതിയിരിക്കുന്നയാൾ സാന്ദ്രയെ വിശേഷിപ്പിച്ചിരിക്കുന്നത്. കഥ നടക്കുന്ന കാലത്ത്, സ്പെയ്നിലെ കൊർദോബ സർവ്വകലാശാലയിൽ, കെയ്റോയിൽ നിന്നുള്ള ഒരു മന:ശാസ്ത്ര പ്രൊഫസറുമായിച്ചേർന്നവൾ, രതിമൂർച്ഛയും ക്രിമിനലിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള രസകരമായ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പോലും!
കൊർദോബയിൽ നിന്നും അല്പം ദൂരെയായി, കാബ്ര ഗ്രാമത്തിലെ അധികം ആൾപ്പാർപ്പില്ലാത്തൊരു തെരുവിൽ, തന്റെ കൂട്ടുകാരനോടൊപ്പം പഴയൊരു വാടകവീട്ടിലായിരുന്നു അവളുടെ താമസം. കടും കറുപ്പ് നിറമുള്ള കട്ടികൂടിയ രോമവും ഉജ്ജ്വലമായ ഉടലും ചുവന്ന നാവും സദാ തുടിച്ചു നിൽക്കുന്ന ചെവിയുമുള്ള അവളുടെ ആ കൂട്ടുകാരൻ ജന്മം കൊണ്ട് ‘കൊലി’ വർഗ്ഗത്തിൽപ്പെട്ടവനാണ്. എങ്കിലും, അവൾക്കരികിലെത്തുമ്പോൾ, ഗംഭീരനായൊരു ജർമ്മൻ ഷെപ്പേഡിന്റെ ഊക്കും തലയെടുപ്പും അവനു കൈവരുമായിരുന്നു.
കഴിഞ്ഞ നവംബറിൽ, മരിച്ചവരുടെ ദിനമടുത്തപ്പോൾ, തന്റെ മുത്തച്ഛനായ ഹുവാൻ പെഡ്രോ അരിയോളാ അലക്സാന്ധ്രാ വെബ്റോയ്ക്കു വേണ്ടിയുള്ള ചടങ്ങുകളിൽ പങ്കെടുക്കാനായി വെറാക്രൂസിലെത്തി, രണ്ടാഴ്ച തങ്ങിയശേഷം കൊർദോബയിൽ തിരിച്ചെത്തിയപ്പോഴാണ് ആ നായ്ക്കുട്ടി അവളുടെ കൂടെക്കൂടിയത്. നായ്ക്കളെ കൂടെ പാർപ്പിക്കുന്ന സമ്പ്രദായം തൽക്കാലം കൊർദോബയിലെ ഹോസ്റ്റലുകളിൽ ഇല്ലാത്തതുകൊണ്ടും സാൻ മാർട്ടിൻ എന്ന ആ നായ്ക്കുട്ടിയെ വളരെപ്പെട്ടെന്ന് ഇഷ്ടപ്പെട്ടു പോയതു കൊണ്ടുമാണ് അവൾക്ക് ഒരു വാടകവീട് തേടി ഗ്രാമത്തിലേക്ക് പോകേണ്ടി വന്നത്.
എല്ലാ വൈകുന്നേരങ്ങളിലും സാൻ മാർട്ടിനേയും മുമ്പിലിരുത്തി അവളൊരു സൈക്കിളിൽ ഗ്രാമത്തിലൂടെ കറങ്ങുന്ന പതിവുണ്ടായിരുന്നു. ഇടയ്ക്ക് പഴങ്ങളും പൂക്കളും വാങ്ങിക്കും; അത്യാവശ്യത്തിന് മദ്യവും സിഗരറ്റും. രാത്രി വൈകും വരെ അവർ കിടക്കയിൽ രണ്ട് കുട്ടികളെപ്പോലെ ചാടി മറിയും, ഒളിച്ചുകളിക്കും, അടിപിടി കൂടും. ചിലപ്പോൾ, പുലരുവോളം അവരങ്ങിനെ തിമർത്തെന്നിരിക്കും.
സാന്ദ്രയുടെ പിതാവ്, ഗബ്രിയേൽ അരിയോളാ അലക്സാന്ധ്രാ വെബ്റോ ധനാഡ്യനായൊരു ബിസിനസ്സുകാരനും ഗൗരവക്കാരനായൊരു മതവിശ്വാസിയുമായിരുന്നു. തന്റെ ഒരേയൊരു മകൾക്ക് മറ്റാരെയും ആശ്രയിക്കാതെ ജീവിതം ആഡംബരപൂർണ്ണവും സുഖഭോഗപൂരിതവുമാക്കാൻ പോന്നതിലും ഭീമമായൊരു തുക അവളുടെ പേരിൽതന്നെ അയാൾ നിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, അവളുടെ സ്വഭാവത്തിലെ ചില വൈചിത്ര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ അയാൾക്ക് വലിയ പ്രയാസമായിരുന്നു. വിശേഷിച്ചും, നായ്ക്കളേയും കൂട്ടുപിടിച്ചുള്ള അവളുടെ ജീവിതം. വളരേ ചെറിയൊരു കുഞ്ഞായിരുന്ന കാലം തൊട്ടേ, ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴുമൊക്കെ അടുത്തൊരു നായ്ക്കുട്ടി വേണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു. അവൾ ഒരിക്കലും തന്റെ അമ്മയുടെ മുഖം കണ്ടിട്ടില്ലാത്തതു കൊണ്ടാവാം, അയാൾ പ്രത്യക്ഷമായി അവളുടെ ആ സ്വഭാവത്തെ എതിർക്കാൻ പോകാതിരുന്നത്. എങ്കിലും, അവൾ കൂടെക്കൊണ്ടു നടന്നിരുന്ന നായ്ക്കളിൽ പലതും പൊടുന്നനെ അപ്രത്യക്ഷമാകുന്ന വിചിത്രമായൊരു പ്രതിഭാസം അന്നൊക്കെ അവളുടെ കൊട്ടാരസമാനമായ ഭവനത്തിൽ പതിവായിരുന്നു. അക്കൂട്ടത്തിൽ, സാൻ മാർട്ടിന്റെ തിരോധാനവും ഒരുനാൾ സംഭവിച്ചിരുന്നു.
കൗമാരത്തിലെത്തിയതോടെ കറുപ്പു നിറമുള്ള നായ്ക്കളെ അവൾ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി. അതും യൗവ്വനം ശക്തമായി തുടിച്ചുയർന്നു നിൽക്കുന്ന നല്ല ആരോഗ്യവാന്മാരായ നായ്ക്കളെ. പക്ഷേ, ചിലപ്പോളവ, വന്യമായ വിധം അക്രമകാരികളായി മാറുമ്പോൾ, അവൾതന്നെ അവയെ കണ്ണുകെട്ടി, കാറിന്റെ ഡിക്കിയിലടച്ച് വളരെ ദൂരെ, ആൾപ്പാർപ്പില്ലാത്ത ഏതെങ്കിലുമൊരു കുന്നിൻചരിവിൽ കൊണ്ടുപോയി ഉപേക്ഷിക്കുമായിരുന്നു. അല്ലെങ്കിൽ, നഗരം വെടിപ്പാക്കുന്ന തൊഴിലാളികൾക്ക് വിട്ടുകൊടുക്കുമായിരുന്നു.
നായ്ക്കളോടുള്ള അമിതമായ ഈ ആകർഷണം കാരണം, പ്രായം ഇരുപത്തിമൂന്ന് കടന്നിട്ടും തന്റെ മകൾക്ക് പുരുഷസ്പർശമേറ്റിരിക്കാൻ വഴിയില്ലെന്ന നിഗൂഢമായ അറിവ്, സെന്യോർ ഗബ്രിയേൽ അരിയോളാ അലക്സാന്ധ്രാ വെബ്റോയെ ഒരുവേള രോഷാകുലനാക്കിത്തീർത്തു. അയാൾ ചുവരിൽ നിന്നും തന്റെ കുലീനമായ ഇരട്ടക്കുഴൽത്തോക്ക് പറിച്ചെടുത്ത്, അവളുടെ ഉടലോടു പറ്റിച്ചേർന്ന് കിടന്നിരുന്ന സാൻ മാർട്ടിൻ എന്നു പേരുള്ള കാട്ടുകറുമ്പൻ നായയുടെ നേർക്ക് വെടിയുതിർക്കാൻ തുടങ്ങി. അവൾ അലറിവിളിച്ചതുകൊണ്ടു മാത്രം തത്ക്കാലം ഒരു കൊലപാതകം വേണ്ടെന്നയാൾ തീരുമാനിച്ചു. പകരം, ഒരാഴ്ചക്കകം തനിക്കിഷ്ടപ്പെട്ട ഒരു യുവാവിനെ ഭർത്താവായി കണ്ടെത്താൻ അയാളവൾക്ക് അന്ത്യശാസനം നൽകി. എന്നാൽ തൊട്ടടുത്ത ദിവസം, എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് സാന്ദ്ര അപ്രത്യക്ഷയായി.
പിന്നീട് മൂന്നു മാസങ്ങൾക്കു ശേഷമാണ്, തന്റെ മകൾ സ്പെയിനിലെ കൊർദോബ സർവ്വകലാശാലയിൽ ഒരു ഗവേഷണ വിദ്യാർത്ഥിനിയായിച്ചേർന്നിരിക്കയാണെന്ന് സെന്യോർ ഗബ്രിയേൽ വെബ്റ കണ്ടെത്തുന്നത്. അവൾ ഗവേഷണത്തിന് തിരഞ്ഞെടുത്ത വിഷയമാകട്ടെ, അയാളിൽ വലിയൊരു ഞെട്ടൽ തന്നെയുണ്ടാക്കി. ഏതായാലും, തനിക്കു ചേർന്നൊരു ഇണയെ അവളവിടെ നിന്നും കണ്ടെത്തുമെന്നും അതോടെ, നായ്ക്കളോടുള്ള കമ്പം അവസാനിപ്പിക്കുമെന്നുമുള്ള പ്രതീക്ഷയോടെ അയാൾ കാത്തിരുന്നു.
മാസങ്ങൾക്കുശേഷം മെക്സിക്കോയിലെത്തിയ അവൾ, മരിച്ചവരുടെ ദിവസത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ്, കൊർദോബാ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽവെച്ച് ആ കൊലി വർഗ്ഗക്കാരനെ കാണുന്നത്. തന്റെ പിറകിൽനിന്നും മാറാതെ നിൽക്കുന്നതും അവൾ അറിഞ്ഞിരുന്നു. അത്, നഷ്ടപ്പെട്ടുപോയ തന്റെ സാൻ മാർട്ടിൻ തന്നെയാണെന്ന് വിശ്വസിച്ച് കൂടെക്കൂട്ടിയതും കാബ്ര ഗ്രാമത്തിലെ വാടകക്കെട്ടിടത്തിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നതും അങ്ങനെയാണ്.
സാന്ദ്രയ്ക്കിഷ്ടമുള്ള ഭക്ഷണമൊക്കെ സാൻ മാർട്ടിനും ഇഷ്ടമായിരുന്നു. നല്ല പുളിയുള്ള വീഞ്ഞായിരുന്നു അവളെപ്പോലെ അവനും ഏറ്റവുമിഷ്ടം. പകൽ, ഈജിപ്തുകാരനായ തന്റെ ഗൈഡിനെ കാണാൻ പോകുമ്പോഴോ, നഗരത്തിലെ ഏതെങ്കിലുമൊരു സ്ത്രീയുമായി അവൾക്കനുഭവപ്പെട്ട രതിമൂർച്ഛയെക്കുറിച്ച് ചർച്ച ചെയ്യാൻ പോകുമ്പോഴോ ഒക്കെ അവൾ സാൻ മാർട്ടിനെ കുളിമുറിയിലാക്കി, വാതിൽ പുറത്തു നിന്ന് പൂട്ടിയിടുകയാണ് പതിവ്. ഉച്ചകഴിയുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരം അവൾ തിരിച്ചെത്തുമ്പോൾ, വാതിൽ തുറന്ന് അവന്റെ പേര് ഉറക്കെ വിളിക്കുമ്പോൾ, അവനെ വാരിയെടുത്ത് ഒരു നരിയുടേതു പോലെ രോമം കനത്ത കൊഴുത്ത കഴുത്തിൽ അമർത്തി ഉമ്മ വയ്ക്കുമ്പോൾ, അല്ലെങ്കിൽ അവന്റെ ആകൃതിയൊത്ത കുറിയ പിൻതുടയിൽ സ്നേഹത്തോടെ നുള്ളി വലിക്കുമ്പോൾ, അതുമല്ലെങ്കിൽ, അവനേയും കൊണ്ട് കിടക്കയിലേക്ക് മറിയുമ്പോൾ, താനൊരു നായ്ക്കുട്ടിയേയല്ലെന്നു തോന്നിക്കുന്ന മട്ടിലായിരുന്നു അവളോടുള്ള അവന്റെ പെരുമാറ്റം. ചിലപ്പോൾ, കുറുമ്പനായൊരു കുട്ടിയെപ്പോലെ അവളോട് ചൊടിച്ച്, ഏതെങ്കിലും മൂലയിൽ പതുങ്ങിയൊളിച്ചിരുന്ന് അവളെ പറ്റിക്കുന്ന സ്വഭാവവും അവനുണ്ടായിരുന്നു.
വളരെച്ചെറിയ കുഞ്ഞായിരുന്ന കാലം തൊട്ടേ, നായ്ക്കളോടൊപ്പം കളിച്ചും ഭക്ഷണം കഴിച്ചും ഉറങ്ങിയും കഴിഞ്ഞിരുന്നതുകൊണ്ടാവാം, അവന്റെ സന്തോഷവും ദു:ഖവും വിശപ്പും നേർത്ത ചലനങ്ങളും എന്തിനേറെ, അവന്റെ പുളപ്പുകാലംപോലും എളുപ്പത്തിൽ തിരിച്ചറിയാൻ സാന്ദ്രയ്ക്കു കഴിഞ്ഞിരുന്നു. തന്റെ പിതാവിന്റെ ആഗ്രഹം അടുത്തകാലത്തൊന്നും സാധിച്ചുകൊടുക്കാനാവാത്ത വിധം ഗാഢമായൊരു ബന്ധം, ഏതാനും ദിവസങ്ങൾകൊണ്ടു തങ്ങൾക്കിടയിൽ വളർന്നിരിക്കുന്നു എന്ന സത്യം സാന്ദ്ര തിരിച്ചറിയുകയായിരുന്നു.
കാര്യങ്ങൾ അങ്ങനെയൊക്കെ കടന്നുപോകുന്നതിനിടയിലാണ്, ഡിസംബർ ഇരുപത്തിനാലാം തീയതി സായാഹ്നത്തിൽ, സാൻ മാർട്ടിനെ തന്റെ സൈക്കിളിനു മുന്നിലിരുത്തി സാന്ദ്ര മാർക്കറ്റിലെത്തുന്നത്. ക്രിസ്മസിനു മണിക്കൂറുകൾ മാത്രം അടുത്തെത്തിയ ആ സായാഹ്നത്തിൽ, ചന്തയിൽ അഭൂതപൂർവ്വമായ തിരക്കുണ്ടായിരുന്നു. തിങ്ങിയും തിരക്കിയും നീങ്ങുന്ന ആളുകൾക്കിടയിലൂടെ അവൾ പതുക്കെ സൈക്കിൾ ചവിട്ടി ഒരു പച്ചക്കറിക്കടയുടെ മുന്നിലെത്തി.
പതിവുകാരിയും സുന്ദരിയുമായ തന്റെ കസ്റ്റമറെ കണ്ടപ്പോൾ, ആ വലിയ ക്രിസ്മസ്ത്തിരക്കിനിടയിലും, ഭംഗിയായൊന്നു ചിരിക്കാൻ കടയുടമസ്ഥൻ നേരം കണ്ടെത്തി. പലതരം പച്ചക്കറികൾ ഒരു കൂടയിലാക്കി സൈക്കിളിനടുത്തേക്കു നീങ്ങിയ സാന്ദ്ര, സാൻ മാർട്ടിനെ കാണാതെ ഒന്നു ഞെട്ടി. ഒരിക്കലും അവൻ സൈക്കിളിൽ നിന്നും താഴെയിറങ്ങുക പതിവില്ലാത്തതാണ്. എങ്കിലും, ആദ്യമൊക്കെ ഒരു തമാശയായും പിന്നെ അല്പം ഗൗരവത്തിലും അവൾ ചുറ്റുപാടും കണ്ണോടിച്ചു. ആളുകൾ ചന്തയിലേക്ക് വരുന്നതും പോകുന്നതുമല്ലാതെ, കറുത്തുമുറ്റിയ രോമം പുതച്ച്, കുസൃതിയോടെ തന്നെ നോക്കിയിരിക്കുന്ന സാൻ മാർട്ടിന്റെമാത്രം ഒരു സൂചനയും ആ ഭാഗത്തൊന്നുമില്ലായിരുന്നു. പൊടുന്നനെയുള്ള തന്റെ ‘സാൻ… സാൻ…’ എന്ന ഉച്ചത്തിലുള്ള വിളിയിൽ, ചന്തയിലെത്തിയ ആളുകൾ ഏതെണ്ടെല്ലാവരും അസ്വസ്ഥരാകുന്നത് അവൾ അറിഞ്ഞു.
കെട്ടഴിച്ചുവിടപ്പെട്ട ഒരു കുതിരയെപ്പോലെ, ആളുകളെ തളളിമാറ്റി അവൾ മുമ്പോട്ട് കുതിച്ചു. പഴങ്ങളുടെ തെരുവിലും പൂത്തെരുവിലും മാംസക്കടകളുടെ ഇടനാഴികളിലും ക്രിസ്മസ് കേക്കുകൾ നിരത്തിവെച്ച ബേക്കറികളുടെ വരാന്തകളിലും അവളവനെ പരതി നടന്നു. ഏതാണ്ട്, അരമണിക്കൂറിനു ശേഷം അവൾ തന്റെ സൈക്കിളിനരികിൽ മടങ്ങിയെത്തുമ്പോൾ തെരുവ് ഇരുൾ മൂടാൻ തുടങ്ങിയിരുന്നു. അവൾ ശരിയ്ക്കും വിയർത്തിരുന്നു. തന്റെ സൈക്കിളോടു ചാരി നിൽക്കുന്ന ഒരു മധ്യവയസ്ക്കനോട്, ഒറ്റനോട്ടത്തിൽ നീഗ്രോ എന്നു തോന്നിക്കുന്ന ഒരു മുലാറ്റോയോട്, ‘കണ്ടാൽ ജർമ്മൻ ഷെപ്പേഡിനെപ്പോലെ തോന്നിക്കുന്ന കൊലി വർഗ്ഗത്തിൽപ്പെട്ടൊരു കറുത്ത നായ്ക്കുട്ടിയെ കണ്ടോ’ എന്നവൾ ചോദിച്ചു. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി. അവളുടെ വെപ്രാളം കണ്ടതിനാലാവണം, സാൻമാർട്ടിനെ പരതാൻ ഒരു സഹായിയെപ്പോലെ അയാളും അവളുടെ കൂടെക്കൂടി. എന്നാൽ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ രാത്രി വന്നെത്തി. ചന്തയിലെ തിരക്കെല്ലാം ഒഴിഞ്ഞിരുന്നു. ഒടുവിൽ, തന്നെ സഹായിക്കാൻ ശ്രമിച്ച അയാളോട് നന്ദി പറഞ്ഞ്, മ്ലാനമായ മുഖത്തോടെ അവൾ മടങ്ങി.
മുറിയിലെത്തിയപ്പോഴേയ്ക്കും അവൾ നന്നേ അവശയായിരുന്നു. വെളിച്ചം തെളിക്കാതെ, കരഞ്ഞുകൊണ്ട് ഏറെനേരം അവൾ ഒരേ ഇരിപ്പിരുന്നു. അത്താഴമുണ്ടാക്കാൻ പോലും നിന്നില്ല. സിഗരറ്റു പുകയ്ക്കാൻപോലും തോന്നിയില്ല. രാത്രി പുരോഗമിക്കുന്തോറും തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയുടെ തിരോധാനം അവളെ വന്യമായി വേദനിപ്പിക്കാൻ തുടങ്ങി. എപ്പോഴോ, പ്രതീക്ഷയുടെ ഒരു വെളിച്ചം തെളിഞ്ഞപോലെ, പോലീസിനു ഫോൺ ചെയ്തു. അങ്ങേത്തലയ്ക്കൽ റിസീവർ കൈയിലെടുത്തയാൾ ഉറക്കെ ചിരിക്കുന്നത് അവൾ വ്യക്തമായി കേട്ടു . വെറുമൊരു നായ്ക്കുട്ടിയെ കണ്ടുപിടിക്കുന്നതിലുള്ള പോലീസിന്റെ താല്പര്യമില്ലായ്മയിൽ അവൾക്ക് അമർഷം തോന്നി.
പിറ്റേന്ന്, ചുറ്റിലേക്ക് തുറന്നു വെച്ച കണ്ണുകളുമായി, തന്റെ സൈക്കിളിൽ കാബ്രയിലെ ഇടുങ്ങിയ തെരുവുകളിലൂടെ അവൾ അലഞ്ഞു. മുഖം പരിചിതമായ ചിലരോടൊക്കെ സാൻ മാർട്ടിനെപ്പറ്റി അന്വേഷിച്ചു. മണിക്കൂറുകൾക്കു ശേഷം, പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന ഒരു തെരുവിലെത്തിയപ്പോൾ, പരിചിതമായ ഒരു മുഖം അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു. അവൾക്കയാളെ പെട്ടെന്നോർമ്മ വന്നു. തലേന്നു സായാഹ്നത്തിൽ തന്നോടൊപ്പം സാൻ മാർട്ടിനെ പരതി നടന്ന ആ മുലാറ്റോ.
“അവനെ കിട്ടിയോ സെന്യോറാ?”
അവൾ നിഷേധത്തോടെ തലയാട്ടി.
“ഒരുപക്ഷേ, അവനെയാരെങ്കിലും കട്ടുകൊണ്ടുപോയതായിരിക്കാൻ വഴിയുണ്ട്. അത്രയ്ക്ക് സുന്ദരനായിരുന്നല്ലോ അവൻ.”
“അതു നിങ്ങൾക്കെങ്ങിനെയറിയാം?”
“സെന്യോറയെപ്പോലൊരു സുന്ദരി ഇത്രയേറെ ഇഷ്ടപ്പെടണമെങ്കിൽ, അവനൊരു സാധാരണക്കാരണാവാൻ വഴിയില്ലല്ലോ…”
മോണ കാട്ടിയുളള അയാളുടെ ചിരി കണ്ടപ്പോൾ, മറ്റൊന്നുകൂടി അവളൂഹിച്ചു, അയാളൊരു നീഗ്രോയും മുലാറ്റോയും മാത്രമല്ല, ഒരു മായൻ കൂടിയാണ്. അടഞ്ഞ ചുണ്ടുകൾക്കിടയിലാണയാൾ തന്റെ മുഖത്തിന്റെ മൂന്നാമത്തെ ഭാഗം ഒളിച്ചുവെച്ചിരിക്കുന്നത്. അല്പം കൊഞ്ചലോടെയുള്ള അയാളുടെ മെക്സിക്കൻ നാട്ടുവർത്തമാനവും അവൾക്കിഷ്ടപ്പെട്ടു.
“നിങ്ങൾ മെക്സിക്കോയിൽ നിന്നാണ് അല്ലേ?”
“അതെ സെന്യോറാ, എങ്ങനെ മനസ്സിലായി!?”
“ഞാനും മെക്സിക്കോയിൽ നിന്നാണ്.”
“അതെനിക്കറിയാം.”
“അതെങ്ങിനെ?”
അയാൾ ഏറെനേരം കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു.
“സെന്യോറയെപ്പോലൊരു സുന്ദരി മെക്സിക്കോയിലല്ലാതെ വേറെയെവിടെയാണുണ്ടാവുക!?”
അവൾക്കതിഷ്ടപ്പെട്ടോ എന്നറിയാൻ അയാളവളെ മിഴിച്ചു നോക്കി.
“വെറാക്രൂസിലെ കൊർദോബയിലായിരുന്നു സെന്യോറാ ഞാൻ ” അവളുടെ മുഖത്തു വിടർന്ന പുഞ്ചിരിയിലേക്കു നോക്കി അയാൾ തുടർന്നു,
“അവിടത്തെ കത്തോലിക്കാപ്പള്ളിയിൽ എനിക്കൊരു ജോലിയുമുണ്ടായിരുന്നു. പക്ഷേ, ഒരു പെണ്ണുകാരണം നാടുവിടേണ്ടി വന്നു.”
” ഓ… നിങ്ങളും കൊർദോബയിൽ നിന്നാണോ!? എന്റെ കുടുംബപ്പള്ളിയാണത്. എന്റെ പൂർവ്വികരത്രയുമുറങ്ങുന്നത് അവിടത്തെ സെമിത്തേരിയിലാണ്.”
“എനിക്കറിയാം സെന്യോറാ .”
“എങ്ങനെ?”
“സെന്യോർ ഗബ്രിയേൽ വെബ്റോയെ അറിയാത്തവരായി മെക്സിക്കോയിൽത്തന്നെ ആരാണുള്ളത്?”
“കഴിഞ്ഞ തവണ, മരിച്ചവരുടെ ദിവസം ഞാനവിടെ വന്നിരുന്നു. എന്റെ മുത്തച്ഛനെ ഏറ്റെടുത്ത് അണിയിച്ചൊരുക്കാനും, എഴുന്നള്ളിക്കാനുമായി.”
“അതുമെനിക്കറിയാം…”
“ഓഹോ അതെങ്ങിനെ?”
“എനിക്ക് സെമിത്തേരിയിലായിരുന്നല്ലോ ജോലി.”
“അവിടെ എന്തു ജോലി?”
” സെന്യോറയെപ്പോലുള്ള സുന്ദരിമാർ, ലാ കത്രീനായുടെ വേഷമിട്ടു വരുമ്പോൾ, ചത്തുപോയവന്മാർ ഉറക്കം ഞെട്ടി അവരുടെ കൂടെ ഓടിപ്പോകുന്നുണ്ടോ എന്നു നോക്കുന്ന കാവലുപണി.”
അതും പറഞ്ഞ് അയാൾ ഉറക്കെയുറക്കെ ചിരിച്ചുകൊണ്ടിരുന്നു.
പിരിയാൻ നേരത്താണ് അയാളുടെ പേരു ചോദിച്ചില്ലല്ലോ എന്ന കാര്യം ഓർമ്മ വന്നത്.
“സാൻ മാർട്ടിൻ .”
“ഓ…! അദ്ഭുതമായിരിക്കുന്നു! കാണാതെപോയ എന്റെ നായ്ക്കുട്ടിയുടെ പേരും അതാണ് !”
അയാൾ പിന്നെയും പൊട്ടിച്ചിരിച്ചു. ചെറിയ കണ്ണുകളും തടിച്ചുമലർന്ന ഇരുണ്ട ചുണ്ടുകളുമുള്ള ബലിഷ്ഠകായനായ ഒരു ചെറുപ്പക്കാരനെപ്പോലെ തോന്നി അപ്പോളവൾക്കയാളെ . ഒഴിവുള്ള ഏതെങ്കിലുമൊരു ശനിയാഴ്ച കാബ്രയിലെ തന്റെ മുറിയിലേക്ക് അവളയാളെ അത്താഴത്തിനു ക്ഷണിച്ചു.
മൂന്നാമത്തെ ശനിയാഴ്ചയിലായിരുന്നു ആ അത്താഴം. നേരം സന്ധ്യയോടടുത്തപ്പോൾ ഒരു കൂട നിറയെ ആപ്പിളും പൂക്കളും അപൂർവ്വമായ രണ്ട് കുപ്പി വീഞ്ഞുമായി സാൻ മാർട്ടിൻ അവളുടെ വാതിൽപ്പടിയിൽ ചെന്നുനിന്നു. സത്യത്തിൽ, കഴിഞ്ഞ മൂന്നാഴ്ചകൾക്കിടയിൽ അവളയാളെ മറന്നുപോയിരുന്നു. പൊടുന്നനെ, ഒരു പുഞ്ചിരിയോടെ അവളയാളെ ഓർത്തെടുത്തു.
അത്താഴം തയ്യാറാക്കുന്നതിനിടയിൽ അവൾ വെറാക്രൂസിലേയും കൊർദോബയിലേയും രസകരമായ തന്റെ സംഭവങ്ങൾ വിവരിച്ചുകൊണ്ടിരുന്നു. ആ സമയത്തും, അവൾ തന്റെ ടേപ്പ്റിക്കാർഡറിൽ അധികം ഒച്ചയില്ലാതെ, പഴയ സ്പാനിഷ് പാട്ടുകൾ തുറന്നുവെച്ചിരുന്നു. തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെപ്പോലെ അയാളും ഏതോ ആലോചനയിൽ മുഴുകി, ആ പാട്ടുകൾക്ക് ശ്രദ്ധയോടെ കാതുകൂർപ്പിക്കുന്നതായി അവൾക്കു തോന്നി.
പച്ചക്കറിസൂപ്പും റോസ്റ്റഡ് ബ്രഡ്ഡും മാംസവും ഫ്രൂട്ട്സാലഡുമൊക്കെയടങ്ങിയ, ഒട്ടും ആഡംബരമില്ലാത്ത അത്താഴത്തിനു ശേഷം, അയാൾ സമ്മാനിച്ച, ഇരുണ്ടുചുവന്ന, കടുപ്പമുള്ള വീഞ്ഞ് പതുക്കെ ആസ്വദിച്ചുകൊണ്ടിരിക്കേ, അയാളുടെ മുഖത്ത് വിരിയുന്ന ആ പ്രത്യേകഭാവത്തിന്, നഷ്ടപ്പെട്ടുപോയ തന്റെ സാൻ മാർട്ടിന്റെ ഭാവവുമായി നല്ല സാമ്യമുണ്ടല്ലോ എന്നവൾ സംശയിച്ചു. ആ നേരത്ത്, ഹൃദ്യമായ മെക്സിക്കൻ വാദ്യസംഗീതം വളരെ ദൂരെനിന്നും അടുത്തടുത്തു വരുന്നതായി അവൾക്കു തോന്നി. അതൊരു തോന്നലായിരുന്നില്ല . കാബ്രയിലെ മെക്സിക്കോക്കാർ മാസത്തിലൊരിക്കലുള്ള തങ്ങളുടെ ഒത്തുചേരലിനും സൊറപറയലിനും തീറ്റയും കുടിയും കഴിഞ്ഞുള്ള സംഗീതസദസ്സിനും ശേഷം വിഷാദരായി മടങ്ങിപ്പോകുമ്പോൾ മീട്ടുന്ന സംഗീതമായിരുന്നു അത്.
അവർക്കൊപ്പം ചേരാനെന്നപോലെ, സാൻ മാർട്ടിൻ പൊടുന്നനെയെണീറ്റു. തേനിന്റേയും, വീഞ്ഞിന്റേയും മണം പറ്റിയിരിക്കുന്ന തടിച്ച ചുണ്ടുകൾ പതുക്കെ അയാൾ അവളുടെ ഇടത്തേ കവിളിലമർത്തി. അയാൾ പോയ്ക്കഴിഞ്ഞപ്പോളാണവളോർത്തത്, അയാളുടെ ചുണ്ടുകൾക്കും കണ്ണുകൾക്കും കവിളിനും മുടിക്കും വിരലുകൾക്കുമെല്ലാം കാണാതെപോയ തന്റെ നായ്ക്കുട്ടിയുടെ അതേ മണവും നിറവും ചൂടും ചുറുചുറുക്കുമായിരുന്നല്ലോ എന്ന കാര്യം!
പിറ്റേന്നു പ്രഭാതം മുതൽ ,കാബ്രയിലെ തെരുവുകളിലിലെല്ലാം മഴ പെയ്തു തുടങ്ങി. സാന്ദ്ര തന്റെ കിടപ്പറയിലും ഡൈനിംഗ്റൂമിലുമൊക്കെയായി മടിപിടിച്ചിരുന്നു. ഉച്ചയായപ്പോൾ, വാതിലിന്നരികിൽ നിന്നും അവൾക്കൊരു ഇളംചെമ്പുനിറമുള്ള മോതിരം കിട്ടി. എത്രയോ വർഷങ്ങൾ, ഒരുപക്ഷേ നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ടായിരിക്കണം ആ മോതിരത്തിനെന്ന് ഒറ്റനോട്ടത്തിൽതന്നെ സാന്ദ്രയ്ക്കു തോന്നി. ചൂടും തണുപ്പും വിയർപ്പും തട്ടി ഉയർച്ചതാഴ്ച്ചകളുടെ ഒരു ചിത്രം പോലെയുണ്ടായിരുന്നു അതിന്റെ മേൽഭാഗം. അവയെ പ്രാചീനമായൊരു ഗുഹാസമുച്ചയമായോ നിബിഢമായ ഹരിതവനങ്ങമായോ ചില മൃഗങ്ങളുടെ, പ്രാക് രൂപങ്ങളായോ അല്ലെങ്കിൽ, അജ്ഞാതമായ ഏതോ ചിത്രലിപികളായോ സങ്കല്പിക്കാൻ എളുപ്പമായിരുന്നു. അവൾക്കേറെ ഇഷ്ടപ്പെട്ടു പോയ, വളരെ കരുതലോടെ അവൾ കൊണ്ടുനടന്ന ആ മോതിരവും, മറ്റൊരു ശവഘോഷയാത്രയ്ക്കിടയിൽ അവൾക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയതായിരുന്നു.
അവിടെവെച്ച് ആ കഥ അവസാനിക്കുകയാണ്. ചുറ്റും കാറ്റാടിമരങ്ങൾ നിറഞ്ഞൊരു താവളത്തിൽ തീവണ്ടി നിശ്ചലമായതും അന്നേരമാണ്. കഥയെഴുതിയയാൾ പറയാൻ വിട്ടുപോയ പ്രധാനപ്പെട്ടൊരു കാര്യമുണ്ടെന്ന് എനിയ്ക്കപ്പോൾ തോന്നുവാൻ തുടങ്ങി. അതുകൊണ്ടാണ്, അന്ന് മെക്സിക്കൻ വാദ്യസംഘത്തോടൊപ്പം ചേരുന്നതിന്നുവേണ്ടി, അവളോടു യാത്രപറഞ്ഞ് ധൃതിയിൽ നിരത്തിലേക്കിറങ്ങിയപ്പോൾ, നഷ്ടപ്പെട്ടു പോയെന്നറിഞ്ഞതും കട്ടിയായി പൊഴിയുന്ന മഞ്ഞുതരികൾക്കിടയിലൂടെ കടന്നുപോയ ഒരു ശവഘോഷയാത്രയ്ക്കിടയിൽ തിരിച്ചു കിട്ടിയതുമായ ആ മായൻ മാന്ത്രികമോതിരം, അവളെ പിൻതുടർന്ന ആ തീവണ്ടിയാത്രയിലുടനീളം ആരും കാണാതെ ഞാൻ മറച്ചുപിടിച്ചത്.
ആർക്കും ഒരു തെളിവും കൊടുക്കാതെ വേണം ജീവിച്ചിരിക്കുന്നവരുടെ കൂടെ കഴിയേണ്ടതെന്നത്, മരിച്ചവരുടെ ലോകത്തിലെ അലംഘനീയമായ ഒരു നിയമമാണല്ലോ..!
■■■

കണ്ണൂർ തളിപ്പറമ്പ് സ്വദേശി. മോറാഴ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകൻ. ആൽബെർട്ടോ ലൂക്കോയുടെ പതിന്നാലാം പുസ്തകം, മഴ, പിന്നെയും മഴ, നസ്റേത്തിലെ പുൽമേടുകൾ, ചാമമല എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അകാരണഭീതികളുടെ പുസ്തകം’ നോവൽ WTP Live -ൽ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ചു വരുന്നു. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.