Published on: January 11, 2026

കർത്താവ്- കർമ്മം- ക്രിയ
കർത്താവ്:
അതികാലത്തുണർന്ന്
എൻ്റെ മുറിയിൽ
ഉലാത്തുകയായിരുന്നു, കർത്താവ്.
കാൽപ്പെരുമാറ്റം കേൾക്കാനുണ്ടായിരുന്നില്ലെങ്കിലും
ചുമരിലെ ഘടികാരം
തലയാട്ടി ചിരിക്കുന്നുണ്ടായിരുന്നു.
അക്കങ്ങളെ ഒന്നൊന്നായ്
അടർത്തിമാറ്റിക്കൊണ്ട്
ജ്ഞാനവൃദ്ധനെപ്പോലെ
ഘടികാരം പറഞ്ഞു:
“അവനിലൂടെ നീ ഒരു വാക്യമാകുന്നു.”
കർമ്മം:
വീടിൻ്റെ ടെറസ്സിൽ
മലർന്നു കിടന്ന്
എരിയുന്ന നക്ഷത്രങ്ങളെ
എണ്ണുകയാണ്, കർമ്മം.
‘എനിക്ക് ഇതേ ചെയ്യാനുള്ളു…’,
ഞാൻ ഓർത്തു.
നക്ഷത്രങ്ങൾ
പൂത്തിരിപോലെ പൊടിഞ്ഞ്
വീണുകൊണ്ടേയിരിക്കുന്നു.
മലർന്നു കിടക്കുന്ന എൻ്റെ കണ്ണുകളിൽ
ചാരവും മണ്ണും നിറയുന്നു.
ഞാൻ അന്ധനായി നിലവിളിക്കുന്നു,
മരിച്ചുപോയവരുടെ പേരുകൾ
ഓരോന്നായി ഓർത്തെടുത്തുകൊണ്ട്.
ക്രിയ:
തുറന്നുവിട്ട ഭൂതത്തെപ്പോലെ
വികൃതി കാട്ടുന്ന ക്രിയ;
ചിലനേരം പറക്കും,
ചിലപ്പോൾ ചിരിക്കും,
ഓർക്കാപ്പുറത്ത്
കയ്യിലിരിക്കുന്ന
പേനയ്ക്കകത്ത് കയറി
മഷിയായി നിറയും
ഇന്ന് അവൾ
എൻ്റെ കാതിനരികിൽ വന്നു നിന്നിട്ട്
ഒരു വാക്ക് മാത്രം പറയുന്നു:
“ഓടുക.”
പക്ഷേ,
എവിടേക്കാണെന്ന് മാത്രം
അവൾ പറയുന്നില്ല.
ഭാഷ:
സന്ധ്യക്ക് ശേഷം ഭാഷ
ഒരു പനിമരമായി വളരുന്നു.
ശാഖകളിൽ
വ്യാകരണപ്പിഴവുകൾ
വവ്വാലുകളെപ്പോലെ
തലകീഴായ് കിടക്കുന്നു.
മരമൊന്നുലയുമ്പോൾ
വാക്കുകൾ ചിതറിപ്പറക്കുന്നു.
വാചകം:
അവസാനം
കർത്താവില്ലാത്ത,
കർമ്മമില്ലാത്ത,
ഒരു ക്രിയാരൂപം
നിലാവത്ത് തുറന്നുവിട്ട
ഒരു കോഴിയെപ്പോലെ
അന്തംവിട്ടലയുമ്പോൾ,
അതേ സ്വപ്നത്തിൽ
ഒരു കുറുക്കൻ്റെ
കൗശലത്തോടെ ഒളിഞ്ഞിരിക്കാൻ
എനിക്കെങ്ങനെ കഴിയുന്നു?
നിശ്ശൂന്യമായ സ്വപ്നത്തെ
സമ്പൂർണ്ണമായൊരു വാചകം കൊണ്ട്
ഞാനെങ്ങനെ പൂരിപ്പിക്കാനാണ്?
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സഫീദ് ഇസ്മായിൽ: ആലപ്പുഴ സ്വദേശി. കൊച്ചി ഇൻഫോപാർക്കിൽ ഷെഫ്. ’85മുതൽ കവിതകൾ എഴുതാൻ തുടങ്ങി. മുപ്പത് വർഷത്തോളം എഴുത്തിൽനിന്നും വിട്ടുനിന്ന സഫീദ്, ഇപ്പോൾ സാഹിത്യമേഖലയിൽ സജീവമാണ്. പിതാവ്: ഇസ്മായിൽ കുട്ടി. മാതാവ്: തങ്കമ്മ. മകനായി ആലപ്പുഴയിൽ ജനനം. ഭാര്യ: ഫൗസിയ ബീഗം. മക്കൾ: ഫർഹാദ് ഇസ്മായിൽ, ഫാത്തിമ ആദിൽ.






