“എന്തിന് എനക്ക് ഇനി ഒന്നര? ഉടുതുണി പറച്ച രാജാവിന്റെ നാട്ടിലിനി ഞാം തുണിയുടുക്കാതെ കയിയും. വാളും തലപ്പത്ത് പെണ്ണുങ്ങളുടെ കോണോം തോണ്ടിയ പടത്തലവാ നിയ് ആ വാള് പോയേലെറിഞ്ഞൊ… ന്നിട്ട് മീമ്പിടിക്കാം പൊക്കോ, അതാ അനക്ക് ചിതം”

തിരുനാവായ അമ്പലത്തിന്റെ

വടക്ക്പുറത്തൂടെ ഇറങ്ങിയാൽ പട്ടിണിത്തറയിലെത്താം. മുറിവേറ്റ പടയാളികളെ പട്ടിണിക്കിട്ട് കൊല്ലുന്ന അറ. മാമാങ്കം ഉത്സവത്തിന്റെ ഒരു കറുത്ത വേഷമാണ് പട്ടിണിത്തറ. നീണ്ട ഒരു കെട്ടിടം. കരിങ്കൽ ഭിത്തികളും കരിമ്പനയോലകൾ കൊണ്ടുളള മേച്ചിലും. ജാലകങ്ങൾക്കുപകരം അവിടവിടെ ദ്വാരങ്ങൾ. അന്തേവാസികള്‍ക്ക് മരുന്നോ വെള്ളമോ ആഹാരമോ കൊടുക്കില്ല. തിരിച്ചു ജീവന്‍ കിട്ടില്ല എന്ന് ഉറപ്പുളളവരെ കൊണ്ട് ചെന്ന് തള്ളുന്ന ഇടം.

ചീരു വേഗം നടക്കാൻ ശ്രമിച്ചു. ഉടുമുണ്ട് കഞ്ഞിവെളളത്തിൽ മുക്കി ഉടുത്തിരിക്കുകയാണ്. അതുണങ്ങും മുമ്പ് അവിടെ എത്തണം. കാൽതുടകളോടു ചേർത്തു ചേമ്പ് പുഴുങ്ങിയതും ഒരു ചെറിയ പാള കുമ്പിൾ റാക്കും കെട്ടിവെച്ചിരിക്കുന്നു.

കണാരു പട്ടിണിത്തറയിലാണ്. സാമൂതിരിയുടെ മികച്ച പടയാളിക്കൂട്ടമായ അങ്കകലിയിലെ വിദഗ്ധനായിരുന്നു കണാരു. ചീരുവിന്റെയും കണാരുവിന്റെയും കല്യാണം കഴിഞ്ഞു മാസങ്ങൾ ആയപ്പോഴേക്കും, പന്ത്രണ്ട് വർഷത്തിലൊരിക്കൽ വരുന്ന മാമാങ്ക മഹോത്സവത്തിനു തുടക്കമായി. മാമാങ്കം ഒരു ജീവൻ വെച്ചുള്ള കളിയാണ്. ചീരു ഒരുപാട് തടഞ്ഞിട്ടും കണാരു മാമാങ്കത്തിന് ഒരുങ്ങി.

മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌

മകരമാസത്തിലെ പുണർതംനാളിലാണ് സാമൂതിരി വാകയൂർ കോവിലകത്തേയ്ക്ക് എഴുന്നള്ളുന്നത്. അടുത്ത ദിവസം പൂയ്യത്തുന്നാൾ മാമാങ്കം ആരംഭിക്കുന്നു. പൂയദിവസം രാവിലെയുള്ള തിരുകൃത്യങ്ങൾക്കു ശേഷം സാമൂതിരി വമ്പിച്ച അകമ്പടിയോടെ ക്ഷേത്രദർശനത്തിന് എഴുന്നള്ളുന്നു. നടന്നോ, പല്ലക്കിലോ, ആനപ്പുറത്തോ ആയിരിക്കും വരിക. പിറകിലായി ചേരമാൻ വാൾ എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഈ ഘോഷയാത്ര മണിത്തറയുടെ താഴെയെത്തിയാൽ തമ്പുരാൻ, മണിത്തറയുടെ താഴെത്തറയിൽ കയറി നിൽക്കുന്നു. തുടർന്ന് ഉടവാളും പിടിച്ച് മണിത്തറയിൽ കയറി നിന്ന്, വാളിളക്കി കിഴക്കോട്ട് തിരിഞ്ഞ് ക്ഷേത്രത്തിലേക്ക് നോക്കി തൃക്കൈകൂപ്പുന്നു. അതോടെ മാമാങ്കത്തിന് കൊടി ഉയരുകയായി.

നിളയുടെ കരയിലും കൂരിയാൽക്കലും നിലപാട് തറകളും ഇടത്തറകളും ഉയർന്നു കാണും. ക്ഷേത്രചടങ്ങുകളും സാമൂതിരിയുടെ ദർശനവും കഴിയുമ്പോൾ അങ്കമേളയായി. ശത്രുവും മിത്രവും തമ്മില്‍- മിത്രവും മിത്രവും തമ്മില്‍ അങ്കക്കലി ചുരത്തിയുള്ള അടരാടൽ… വീരപ്പടയാളികളുടെ അങ്കമേളം.

അതിനിടെ മരിച്ചു വീഴുന്നവരെ അഗാധമായ മണിക്കിണറിൽ തള്ളും. ഗുരുതരമായി പരിക്കേറ്റവരെ പട്ടിണിത്തറയിലും. മരിച്ചുപോയ പടയാളികളുടെ ബന്ധുക്കൾക്ക് കരയാനോ കർമ്മങ്ങൾ അനുഷ്ഠിക്കാനോ അവകാശമില്ല. സാരമായ പരിക്കേറ്റവരെ ചങ്ങമ്പളളി കളരിയിൽ ചികിൽസിക്കാൻ വിടും.

ചീരു നടക്കുകയാണ്. വഴി നീളേ കച്ചവടക്കാരുടെ തിരക്ക്. കൺമഷി മുതൽ നാദാപുരം പട്ടും തൃശിവപേരൂർ കനകാഭരണങ്ങളും വരെ തെരുവോരത്തുണ്ട്. പൂക്കാരികളും തേവിടിശ്ശികളും നാൽകാലികളെ വിൽക്കന്നവരും ധാരാളം.

പട്ടിണിതറയുടെ പടിഞ്ഞാറന്‍കോമ്പരയിലാണ് കണാരു കിടക്കുന്നത്. രണ്ട് ദിവസം ഓരോ വെടുപ്പോതിലൂടേയും വിളിച്ചിട്ടാണ് കണാരുവിനെ കേട്ടത്. അന്ന് മുതല്‍ പുലർച്ചെ കഷായവും തേപ്പ് മരുന്നുമായി ആ പഴുതിലൂടെ ചീരു അവന് ആശ്വാസം പകരും. നാട്ടുവെളിച്ചം പകരും മുമ്പ് വീട്ടിലേക്ക് പോകും. ഉച്ചക്ക് മകരചൂടിൽ ഗ്രാമം തളർന്നു കിടക്കുമ്പോഴാണ് അവളുടെ അടുത്ത വരവ്.

ചീരു ചുറ്റും നോക്കി. വിജനമാണ് പറമ്പ്. അവൾ വളർന്നു നില്ക്കുന്ന താളുകളിൽ നിന്ന് ഒരു ഇല പറിച്ചെടുത്ത്, കുമ്പിൾ കുത്തി മണ്ണിൽ വെച്ചു. പിന്നെ ഉടുമുണ്ട് അഴിച്ചെടുത്ത് അതിലേക്ക് കഞ്ഞിവെള്ളം പിഴിഞ്ഞു. പതിവുപോലെ ഒളിച്ചുവെച്ച, പിളർത്തിയ കറുമുസ തണ്ട് കണാരു പുറത്തേക്ക് നീട്ടി. അവൾ അതിലേക്ക് അല്പാല്പമായി കഞ്ഞിവെള്ളം ഒഴിച്ചു കൊടുത്തു. കണാരുവിനോടൊപ്പം ഏതോ ഒരു മുറിവേറ്റവൻ കൂടി ആ കൊമ്പരമുറിയിലുണ്ട്.

കഞ്ഞിവെള്ളം തീർന്നപ്പോൾ അവൾ ചേമ്പ് പുഴുങ്ങിയതും ഇത്തിരിയായി ഇട്ടു കൊടുത്തു. അവസാനം ആ കുഴലിലൂടെ ഒരൊഴുക്ക് റാക്കും.തിരിഞ്ഞു നടക്കവേ അവളെ രണ്ട് കൈകൾ കോരിയെടുത്തു. ശബ്ദം പുറത്തു വരാതിരിക്കാൻ ഒരു കൈപ്പടം മുഖത്തമർന്നു.

വകയൂർ കോവിലകത്തെ തെക്കിനിയിൽ നിന്ന് സാമൂതിരി ഒരു ചുമട് പൊന്നണിഞ്ഞ് ഒരുങ്ങിയിറങ്ങിയപ്പോഴാണ് മുറ്റത്ത് പിടിച്ചു കെട്ടിയ നിലയില്‍ ഒരു പെണ്ണിനെ കണ്ടത്. ചീരുവിന്റെ മാപ്പർഹിക്കാത്ത കുറ്റം കേട്ട് സാമൂതിരി അവളെ മാമാങ്കം കഴിഞ്ഞു വധിച്ചുകളയാൻ ആജ്ഞാപിച്ചു.

അതുകേട്ട് അവൾ കാറി തുപ്പി.
“കൊല്ലിൻ. നാട്ടാരെ മുയോനും കൊല്ലിൻ. ഇങ്ങക്ക് ആർമാദിക്കാൻ മനുസന്റെ ചോര കാണാൻ പടക്കാരെ യുത്തം ചെയ്യിപ്പിച്ച് കൊല്ലിച്ച് അതുകണ്ട് ചിരിച്ചോളീ തമ്പ്രാ”

“ആഹാ ഈ പെണ്ണ് ആളുകൊളളാലോ. നമ്മോടു ഗർജിക്കയാണല്ലോ… ശരി കാണാം.”
സാമൂതിരി അവിടെ കിടന്ന പീഠത്തിലിരുന്ന് ചീരുവിനെ നല്ലോണം നോക്കി. മുണ്ട് അഴിഞ്ഞു പോയിരിക്കുന്നു. ഒന്നര മാത്രമേ അരയിലുളളു. അദ്ദേഹം ആജ്ഞാപിച്ചു.
“എടാ അവൾടെ പെടച്ചില് ശരിക്കും ഒന്നു കണ്ടിട്ടാവാം നിലപാട് തറയിലേക്കുളള യാത്ര. ആ ഒന്നര ഒന്നങ്ക്ട് അഴിച്ചു കളയാ… കാണട്ടെ അവൾടെ പെടച്ചില്…”

അവളുടെ ഒന്നര കൂടി വലിച്ചഴിക്കപ്പെട്ടു. പക്ഷേ ചീരു പതറിയില്ല.
“തബ്രാ നിങ്ങക്ക് ജീവൻ കെടക്കാൻ നിങ്ങ അമ്മ പാല് തന്ന മൊലകളുതന്നെ എന്റെ നെഞ്ചത്തും ഒള്ളത്. പിന്നെ പിറന്ന അന്ന് കണ്ട നിങ്ങക്ക് ജന്മം തന്ന നിങ്ങടെ അമ്മേന്റെ ശരീരഭാഗം ഇങ്ങക്ക് ഓർമ്മ കാണൂല. അതെന്നെ ന്റെ അരക്ക് തായ്പ്പോട്ട് ഇളളതും”
അവൾ വീണ്ടും കാറി തുപ്പി.

“ഛി മ്ലേച്ച. ഇവളെ അഴിച്ച് പുഴക്കക്കരെ കടത്തിവിട് ആ തുണി തോണ്ടി മേൽക്ക് ഇട്ടു കൊടുക്ക്. “
സാമൂതിരി മുഖം തിരിച്ചു.

കെട്ടഴിച്ചുവിട്ട അവളുടെ മുഖത്തേക്ക് ഒരു പടയാളി ഒന്നര മുണ്ട് വാൾമുനകൊണ്ട് തോണ്ടിയിട്ടു. അവൾ അത് തട്ടിതെറിപ്പിച്ചു അലറി.
“എന്തിന് എനക്ക് ഇനി ഒന്നര? ഉടുതുണി പറച്ച രാജാവിന്റെ നാട്ടിലിനി ഞാം തുണിയുടുക്കാതെ കയിയും. വാളും തലപ്പത്ത് പെണ്ണുങ്ങളുടെ കോണോം തോണ്ടിയ പടത്തലവാ നിയ് ആ വാള് പോയേലെറിഞ്ഞൊ… ന്നിട്ട് മീമ്പിടിക്കാം പൊക്കോ, അതാ അനക്ക് ചിതം”

സാമൂതിരി ആദ്യമായ് കേട്ട ആ വനിതയുടെ ഉഗ്രപ്രതികരണം കേട്ട് അമ്പരന്നു നിന്നിരുന്ന രാജകിങ്കരന്മാരുടെ ഒപ്പം പ്രതിഷേധം പൂത്ത ശരീരവുമായി സാമൂതിരിയുടെ മുന്നിലൂടെ അവൾ നടന്നകന്നു.