AI illustration by Surya for the Malayalam story Aa Poovum Oru Gazalanu by Surab
എഐ ഇല്ലുസ്ട്രേഷൻ- സൂര്യ

2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച, സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ ഏഴാമത്തെ കഥയാണ്, ‘ആ പൂവും ഒരു ഗസലാണ്.’ ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ഇവിടെ വായിക്കാം.

ആ പൂവും ഒരു ഗസലാണ്

നെഞ്ചിൽ പൂവെച്ചായിരുന്നു അവൾ ഉറങ്ങാറ്. നീണ്ട രാത്രികൾക്കും നിദ്രകൾക്കും സ്വപ്നങ്ങൾക്കും പൂവെച്ചുകൊണ്ട്. അങ്ങനെ ഓരോ രാത്രിയിലും അവൾ ആരുടെയോ പ്രണയിനിയാകുന്നു. പ്രണയത്തിന്റെ പൂവാകുന്നു. വസന്തമാകുന്നു.

കഴിഞ്ഞ രാത്രിയിലും ഇങ്ങനെതന്നെയായിരുന്നു. സ്വന്തം പൂന്തോട്ടത്തിൽ നട്ടുവളർത്തിയ മഞ്ഞിൽ വിരിഞ്ഞ അതീവഗന്ധമുള്ള പൂവെച്ചുകൊണ്ട്.

എന്നിട്ടും തലയിൽ പൂ ചൂടാൻ അവൾ മറന്നുപോയിരുന്നു, കണ്ണാടി യിൽ മുഖം നോക്കാനും കണ്ണിൽ മഷി എഴുതാനും.

ഞാനെന്നും അവളുടെ നല്ല ഒരയൽക്കാരനാണ്. എന്നിട്ടും അവൾക്കു വേണ്ടി ഒരു പൂന്തോട്ടം നിർമ്മിക്കാൻ എനിക്കിതുവരെ കഴിഞ്ഞില്ല. പോരാത്തിനു ഞങ്ങൾക്കിടയിൽ വൻമതിലുകളുമുണ്ട്. ഞാനൊരു എഴുത്തുകാരനാണ്. പേര്, വൈക്കം മുഹമ്മദ് ബഷീർ. അങ്ങനെ ഞാൻ എഴുത്തിലും അവൾ പൂവിലും മതിലിനുള്ളിൽ മതിമറന്ന് ആഘോഷിച്ചു ജീവിച്ചു.

ഇതിനിടയിൽ അവൾക്കു പല ആലോചനകളും വരുന്നതായി ഞാനറിഞ്ഞു. ഈ വൻമതിലിനുള്ളിൽ എനിക്കെന്തു ചെയ്യാൻ കഴിയും? ആലോചനകളെല്ലാം പല നിറത്തിലുള്ള വണ്ടുകളായിരുന്നു. പുൽച്ചാടികളായിരുന്നു.

ഒരുദിവസം എന്റെ ജാലകത്തിലും ഒരു വണ്ട് ചീറിപ്പാഞ്ഞു. അപ്പോൾ ഞാൻ കൃതികകൊണ്ട് എന്റെ സ്വന്തം മീശ മിനുക്കുകയായിരുന്നു. ഇങ്ങനെയുള്ള എന്റേതായ ചില സൗന്ദര്യസങ്കല്പത്തിൽ മുഴുകിയിരിക്കുമ്പോൾ, വണ്ടല്ല ആനതന്നെ വന്നാലും ഞാൻ കുലുങ്ങില്ല. മാത്രമല്ല, പഴയതുപോലെ മറ്റുള്ളവരുടെ താടിരോമങ്ങളും വെട്ടാറില്ല. എന്തിനേറെ, നരച്ച ഒരൊറ്റ രോമം എന്റെ കഷണ്ടിയിലുണ്ടോ എന്നു നോക്ക്. അവിടെ പുതിയ ഒരെണ്ണം വളരുന്നുണ്ടോ എന്നും. ഹും. ഇല്ല. അതുകൊണ്ടാണ് മീശയെ ഞാനെന്നും ഇങ്ങനെ കൊഞ്ചിക്കുന്നത്. കറുത്ത ചായം പൂശി ലാളിക്കുന്നത്. ഇതൊന്നും എന്റെ തരുണീമണിക്ക്, കൊസ്രാക്കൊള്ളിക്ക് അത്ര രസിക്കുന്നില്ല. അല്ലെങ്കിലും മറ്റൊരു പൂവിനെ ആരാധിക്കുന്നതും കാമിക്കുന്നതും പിന്നെ ഏതു ശിങ്കിടി മുങ്കിക്കാണ്, തീക്കൊള്ളിക്കാണ് സഹിക്കാനാവുക? അതൊക്കെ പോട്ടെ.

പറഞ്ഞുവരുന്നത്, വണ്ട് ജാലകത്തിൽ ചീറിപ്പാഞ്ഞതാണ്. അങ്ങനെ ആ വണ്ടും കാരണമില്ലാതെ അവളെ ഉപേക്ഷിച്ചു മൊഴിചൊല്ലി. മൊഴിചൊല്ലിയ പെണ്ണിനു ചെലവിനു കൊടുക്കണം. ഇല്ലെങ്കിൽ ശരീഅത്ത് ഇടപെടും. ആരു കൊടുക്കും? ഏതു വണ്ട് അതിന് കൂട്ടുനിൽക്കും? വേറെ പണിയൊന്നുമില്ല. അതും അപ്പുറത്തെ പൂന്തോട്ടത്തിൽ വരിവരിയായി നല്ല മൂത്തത് വിരിഞ്ഞു മുറ്റിനിൽക്കുമ്പോൾ, മാടിവിളിക്കുമ്പോൾ ഏതായാലും എനിക്കവളെ കെട്ട മീശയും കഷണ്ടിയുമൊക്കെ ഒന്നു മിനുക്കി എണ്ണയിട്ട് നല്ല പ്രായത്തിൽ ഒരു കൈ നോക്കാമായിരുന്നു. ആരെതിർക്കാൻ? എന്തു പറയാൻ? അങ്ങനെയെങ്ങാനും ആരെങ്കിലും പറഞ്ഞാൽ, എതിർത്താൽ പണ്ട് നൂലൻ വാസുവിനെ അതേന്ന്, ആ എം.ടി. വാസുദേവൻ നായരെ കുത്താൻ ഓങ്ങിയ കത്തി ഇപ്പോഴും കയ്യിലുണ്ട്. നല്ല മൂർച്ചയുള്ള പിടിയില്ലാത്ത ഒന്നാന്തരം പേനാക്കത്തി. നായരച്ചിമാർ നാണിക്കട്ടെ. അവർ എക്കാലത്തേയും സുന്ദരിമാരായി നീണാൾ വാഴട്ടെ. സർവ്വ മംഗളങ്ങളും.

ഛെ  വയസ്സാംകാലത്ത് ഓരോരോ തോന്ന്യാസങ്ങൾ..! ശ്വാസം മുട്ടുന്നു. എടിയേ, സുലൈമാനീ… ഇവളെവിടെപ്പോയി കെടക്ക്ന്ന്…?

സുലൈമാനി മോഹിച്ചപ്പോഴുണ്ട് പഴയ കുറുക്കൻ മേസ്തിരി മുടന്തി മുടന്തി വരുന്നു. മേസ്തിരിക്കും എന്നെപ്പോലെ വയസ്സായി. ഓർക്കുന്നില്ലേ ഇവനെ? പണ്ട് ഞാൻ താമ്രപത്രംകൊണ്ടറിഞ്ഞ് അതുമൂലം അഹങ്കാരം മൂത്ത് എളുപ്പം നശിച്ചുപോയ കുറുക്കൻ മേസ്തിരിയേ?

“എന്താടോ….? എവ്ടെയായിര്ന്ന് ഇതുവരെ…?” എന്റെ ശ്വാസംമുട്ടുന്ന ചോദ്യത്തിനു മേസ്തിരി പതുക്കെ ഉത്തരം പറഞ്ഞു തുടങ്ങി.
“അതൊന്നും പറയണ്ട സുൽത്താനെ,
ഞാനൊരു സർക്കീട്ടിലായിപ്പോയി. അങ്ങ് ലോകം മുഴുവനും…”
ബഷീർ: അപ്പോ കൂടെ എസ്.കെ. പൊറ്റെക്കാട്ടും കാണ്വല്ലോ….
കുറുക്കൻ: കളി പറയല്ലേ സാറേ…. ഞാനൊരു ഉച്ചകോടിയിലായിര്ന്ന്..
ബഷീർ: ഓഹോ, അപ്പൊ കുറുക്കന്മാർക്ക് രാത്രികോടി മത്രമല്ല, ഉച്ചകോടിയും ഉണ്ട്. ഇതിന്റെ മറവില് പണ്ട് നീ എത്ര കോഴികളെയാ അവിലും കഞ്ഞിയുമാക്കിയത്…? ഇരിക്കട്ട്…. വെറെന്തൊക്കെ ഒണ്ട്….?
കുറുക്കൻ: ഇതിനിടയിൽ ഞാൻ താങ്കളുടെ സുകുമാർ അഴീക്കോടിനെ കണ്ടിര്ന്ന്… ഒരു വിമാനയാത്രയില്…. (ഏമ്പക്കമിടുന്നു.)
ബഷീർ: എന്നിട്ട്….?
കുറുക്കൻ: എന്നിട്ടെന്ത്? ആള് പിന്നേം മെലിഞ്ഞ്…..
ബഷീർ: (ഇമ്മിണി വല്യ ഒന്നിന്റെ ബലത്തിൽ) അത് കടുത്ത ഭാഷയിൽ ടി. പത്മനാഭനെ ചീത്തവിളിക്കുന്നതോണ്ടാ….
കുറുക്കൻ: ങ്ഹാ, എങ്ങനെ വിളിക്കാതിരിക്കും? കയ്യിലിരിപ്പ് അതാണല്ലോ…
ബഷീർ: അയാളൊരു പാവമാ…. ആട്ടെ, പിന്നെ ആരൊക്കെ കണ്ട്…? എൻ.എസ്. മാധവനെ…?
കുറുക്കൻ: ഇല്ല, ദില്ലി വഴി പോയില്ല….
ബഷീർ: പോവായിരുന്നെങ്കിൽ അവിടേയും പലതും കാണാമായിര്ന്ന്. (ദീർഘശ്വാസം വിടുന്നു.)
കുറുക്കൻ; എന്നാലും താങ്കളോടെനിക്ക് ശ്ശി പരിഭവമുണ്ട് സുൽത്താനെ… കടുത്ത നോവും.
ബഷീർ: (ആശ്ചര്യപ്പെടുന്നു) എന്തിന്..?
കുറുക്കൻ; ഇക്കണ്ട കാലമായിട്ടും ഒന്നെന്നെ വിളിക്കാത്തതിന്.
ബഷീർ: അതിനു നിന്റെ അഡ്രസ്സോ ഫോൺ നമ്പ്റോ എനിക്കറിയില്ലല്ലോ…. ചുമ്മാ പോ….
കുറുക്കൻ: എന്നാ ഇപ്പം എഴ്തിക്കോ, എന്റെ മൊബൈലും ഇമെയിലും…
ബഷീർ: അതിനു പേനയില്ല…
കുറുക്കൻ: അത്ഭുതം…. വിശ്വവിഖ്യാതമായ ആ പേന എവിടെപ്പോയി..? ആരു കൊണ്ടേയി…?
ബഷീർ: അതിന്നലെ ഇവ്ടെ യു.എ. ഖാദറ് വന്നിര്ന്ന്… ഓനിപ്പം പൂക്കാസാന്റെ ആളാ….
കുറുക്കൻ: അപ്പോ നെബീസാനെ ഒഴിവാക്ക്യാ…?
ബഷീർ: അതല്ലെടാ, നമ്മുടെ പുരോഗമന കലാസാഹിത്യസംഘ ത്തിന്റെ… (മോണകാട്ടി ചിരിക്കുന്നു.)
കുറുക്കൻ: അങ്ങനെ… എന്ന്…. ഇപ്പം തിരിഞ്ഞ്…. ആ ചിരിയുടെ മഹിമ ഇപ്പം തിരിഞ്ഞ്…. (തലകറക്കുന്നു.)
ബഷീർ: ഓനിപ്പം എന്റെ പേനകൊണ്ടുതന്നെ എഴുതണം പോലും. ആ സഖാക്കളെയൊക്കെ ഒന്നു തളച്ചിടാൻ! (വിദൂരതയിൽ കൂട്ട മുദ്രവാക്യം മുഴങ്ങുന്നു.)
കുറുക്കൻ: സഖാക്കളെ കാര്യം പറഞ്ഞപ്പഴാ എനിക്കൊരു കാര്യം ഓർമ്മവന്നത്….
ബഷീർ: എന്താദ്….?
കുറുക്കൻ: മലയാളത്തില് എന്തോരം വിജയമ്മാരും ബഷീറന്മാരുമാ ഒള്ളത്. ഹെന്റുമ്മോ….!
ബഷീർ: തെളിച്ചു പറ….
കുറുക്കൻ: സാഹിത്യത്തിൽ ഒ.വി. വിജയൻ. ദർശനത്തിൽ എം.എൻ. വിജയൻ. രാഷ്ട്രീയത്തിൽ പിണറായി വിജയൻ. അതുപോലെ ഇപ്പുറത്ത് എം. എം. ബഷീറും… തീർന്നില്ല…..
ബഷീർ: (ഉറക്കെ കൈയടിച്ചുകൊണ്ട്) മതി മതി. അടുത്ത് വൈക്കം മുഹമ്മദ് ബഷീറായിരിക്കും.
കുറുക്കൻ; താങ്കൾ ഗൾഫിൽ പോയിര്ന്നാ..?
ബഷീർ: ഇല്ല, പണ്ടാരാണ്ട് പറഞ്ഞമാതിരി ഗൾഫിൽ പോയില്ല, എൻ. പി. മുഹമ്മദിന്റെ ‘എണ്ണപ്പാടം’ വായിച്ചിട്ടുണ്ട്….
കുറുക്കൻ: (ചിരിക്കുന്നു. തന്നെ ഒന്നിരുത്തിയതിലുള്ള വഷളൻ ചിരി) ആ കഥയൊക്കെ എനിക്കറിയാം. അതൊരു കോഴിക്കോടൻ എണ്ണപ്പാടത്തിന്റെ കഥയാ. എന്നാലും ഗൾഫീപ്പോകാത്ത താങ്കൾ പിന്നെന്തൂട്ട് സാഹിതകാരൻ..!
ബഷീർ: എന്ത്….?
കുറുക്കൻ; ഉം, എന്ത്….? ആടെയല്ലേ സാഹിത്യത്തിന്റെ, അതും മഹാ സാഹിത്യത്തിന്റെ ഭാർഗ്ഗവീനിലയങ്ങള്. എന്തോരം പ്രേതങ്ങള്, സംഘടനകള്, സംഘട്ടനങ്ങള്, അവാർഡ്കള്, പുസ്തകപ്രകാശനങ്ങള്, ചർച്ചകള്..!
ബഷീർ: ഛീ. നിർത്തടാ…
കുറുക്കൻ: (പേടിയോടെ) ഇല്ലേയ്, ഞാനൊന്നും പറയുന്നില്ലേയ്….
ബഷീർ: പറയണ്ട. ആവക വർത്തമാനങ്ങളൊന്നുംതന്നെ എന്നോട് പറയണ്ട. എനിക്കു കേൾക്കണ്ട…
കുറുക്കൻ: എന്നാലും ഇത് ഞാൻ ഒറക്കെ പറയും…
ബഷീർ: ഏത്…?
കുറുക്കൻ: അവാർഡ്…
ബഷീർ: (ഏറെ നിശ്ശബ്ദതയ്ക്കുശേഷം കഷണ്ടി ചൊറിഞ്ഞുകൊണ്ട്) പിന്നെ താൻ ഗൾഫിൽ വേറെ ആരൊക്കെ കണ്ടു….?
കുറുക്കൻ: ഭാര്യയെ പിരിഞ്ഞിരിക്കുന്നവരെ കണ്ടു. കഷ്ടപ്പെടുന്നവരെ കണ്ടു. വിസയില്ലാത്തവരെ കണ്ടു. ലേബർ ക്യാമ്പ് കണ്ടു. ഹ്രസ്വസന്ദർശനം നടത്തുന്ന നേതാക്കന്മാരെ കണ്ടു. അവരുടെ മൂടും താങ്ങി കോട്ടിട്ടു നടക്കുന്ന മലയാളി സായിപ്പന്മാരെ കണ്ടു… പഴയ കഞ്ഞിയും പയറും മറന്നുപോയവർ… (കൈ രണ്ടും ഞെരിക്കുന്നു.)
ബഷീർ: പിന്നെ…?
കുറുക്കൻ: എണ്ണയിട്ടു നടക്കുന്ന കുറേ തന്നെപ്പൊക്കികളേയും കണ്ടു. എന്നും പത്രത്തിൽ സ്വന്തം ഫോട്ടോയും വാർത്തയും വരുത്തുന്നവർ…
ബഷീർ: പിന്നെ?
കുറുക്കൻ: പിന്നെ താങ്കൾ എം. മുകുന്ദന്റെ പ്രവാസം വായിച്ചാ…?
ബഷീർ: എവ്ട്ന്ന്….? അതിനെങ്ങനെ….? എന്റെ കണ്ണടയും മറ്റൊരാള് കൊണ്ടുപോയില്ലേ…. ആ എം.എൻ. കാരശ്ശേരി…..
കുറുക്കൻ: അതിലൊരിടത്ത് പറയ്ന്നുണ്ട്, നാട്ടിലെ സാഹിത്യകാരന്മാരൊക്കെ ഇപ്പം ഗൾഫിലാണെന്ന്. അവ്ടെ ഗോൾഡ് സൂക്കുണ്ട്. ഷോപ്പിങ് മാളുണ്ട്.
ബഷീർ: ശരിക്കും ഇരുപത്തിനാലുകാരറ്റായിരിക്കും…. എന്നാലും എന്റെ മാങ്കോസ്ട്രീ ഇല്ലല്ലോ…..
കുറുക്കൻ: (പെട്ടെന്ന്) അതില്ല.
ബഷീർ: തനിക്കെന്താടോ ഒരു ജാള്യത..?
കുറുക്കൻ: അത്, വര്ന്ന വഴി എന്നെ ആരോ ചെരിപ്പെറിഞ്ഞ്….
ബഷീർ: ചുരുക്കിപ്പറഞ്ഞാല് ചെരിപ്പേറുംകൊണ്ട്… അഹങ്കരിക്ക്…. അഹങ്കരിക്ക്… തല മൂത്ത് അഹങ്കരിക്ക്…
കുറുക്കൻ: ഇപ്പം അഹങ്കരിക്കാൻ പറ്റുന്നില്ല, സുൽത്താനെ…
ബഷീർ: അതെന്താടോ…?
കുറുക്കൻ: ഞാൻ സഞ്ചരിച്ചെടുത്തെല്ലാം നിലവിളികളാണ്, തീപിടുത്തമാണ്…
ബഷീർ: കെടുത്താൻ പറ്റ്വോ….?
കുറുക്കൻ: കെടുത്താനല്ല, കെടക്കുന്ന ഒരാളെ എഴ്ന്നേൽപ്പിക്കാനാ ഞാനിപ്പം നോക്കുന്നേ…
ബഷീർ: അതാര്ടോ..? ഏത് അന്തിമകാഹളത്തെടോ….?
കുറുക്കൻ: അങ്ങ് കാണുന്നില്ലേ, ആ പെണ്ണിന്റെ ഒരവസ്ഥ…? ആഗോള സാമ്പത്തികം നമ്മടെ പെമ്പ്രന്നോത്തികളേയും അടുക്കളേയും ഒന്നടങ്കം കെട്ത്തിയിരിക്ക്ണ്… തകർത്തിരിക്ക്ന്ന്. നോക്ക്, കെടക്കുന്ന കെടപ്പ്… നെഞ്ചിൽ പൂവെച്ചല്ലേ ഓള് ഒറങ്ങ്ന്നത്…
ബഷീർ: ഒന്നു പതുക്കെ പറ. കുമാരനാശൻ കേൾക്കണ്ട, ആള് അപ്രത്തുണ്ട്. ആ മരത്തണലിൽ…
കുറുക്കൻ: അത് വീണപൂവല്ലേ… ഇതിപ്പം വിടർന്നതാണ്… അതും മഞ്ഞണിക്കൊമ്പിൽ….
ബഷീർ: കെടക്കട്ട്, ഓള് തനിച്ചല്ലേ കെടക്കുന്നത്. അതിനു നെനക്കന്താണ്..?
കുറുക്കൻ: സത്യം പറഞ്ഞാൽ ആ തനിച്ചുകെടപ്പാണ് സുൽത്താനെ എനിക്കു സഹിക്കാൻ പറ്റാത്തത്…. എന്നാലും താങ്കൾ പണ്ട് എറിഞ്ഞതു പോലെ ആ പൂവെടുത്ത് ഓള് ഒന്നെന്നെ എറിഞ്ഞിരുന്നെങ്കിൽ… (കുളിരുകോരുന്നു.)
ബഷീർ: ഫ, എരണംകെട്ട് ഏറുകൊള്ളീ…. പോയ്ക്കോ എന്റെ മുമ്പിന്നും… ദാ, ജ്ഞാനപീഠം ഇല്ലാതായിപ്പോയി. ഒണ്ടായിരുന്നെങ്കിൽ അതെടുത്ത് ഞാൻ നിന്നെ എറിയുമായിരുന്നു.

Read Also  തലയില്ലാ തച്ചൻ/സതീഷ് കളത്തിൽ എഴുതിയ നീണ്ടകഥ രണ്ടാം ഭാഗം

ജ്ഞാനപീഠത്തിന്റെ കാര്യം പറഞ്ഞപ്പോൾ സത്യത്തിൽ കുറുക്കൻ ഞെട്ടിപ്പോയി. ആ ഞെട്ടലിലും ഞാൻ കുടുകുടാ ചിരിച്ചു. പൂന്തോട്ടത്തിൽ പെട്ടെന്നു വെയിലുദിച്ചതുപോലെ. കിളികളും പൂത്തുമ്പികളും വിരുന്നുണ്ണാൻ വരുന്നതുപോലെ. ചിരിക്കിടയിലും ശ്വാസംവിടാതെ പറഞ്ഞു:
എനിക്കു ജ്ഞാനപീഠമൊന്നും വേണ്ട കുറുക്കാ. എന്തിനേറെ, ഒരു ഈത്തപ്പഴത്തിന്റെ കുരുപോലും. അതൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഇതാ, എന്നെപ്പോലെ ഒട്ടും നിരാശയില്ലാതെ, മറ്റൊന്നും ആഗ്രഹിക്കാതെ ഒരു പെണ്ണ് നെഞ്ചിൽ പൂവെച്ചു കിടക്കുന്നു. സ്ഥലത്തെ പ്രധാനദിവ്യയാകുന്നു.

കഴിഞ്ഞ രാത്രി എന്തായിരിക്കും അവൾ കണ്ട സ്വപ്നം? ഏതായാലും ഒരിക്കലും പുലരാത്ത സ്വപ്നമായിരിക്കും. അല്ലെങ്കിൽ പാതി വെന്ത സ്വപ്നം പോലെ അവൾ ഇങ്ങനെ ആകുമായിരുന്നില്ലല്ലോ.

അതെ. പൂ ഉപേക്ഷിച്ച് നെഞ്ചിലെ സ്നേഹവും മണവുമായി ഒടുവിൽ അവളും ഒരു വീണപൂവായി.

ആരോ ചതിച്ചതാണ്. മറ്റാരോടും പറയാത്തതാണ്. ആരും അറിയത്തതാണ്. കൊഴിഞ്ഞുപോയ വസന്തമാണ്. ബാല്യകാലസഖിയും എന്റെ നെഞ്ചിലെ പൂച്ചട്ടിയുമാണ്.

പിറ്റേന്നു മതിലിനുള്ളിൽ ഉണക്കക്കമ്പുകൾ ശേഖരിച്ച് ശ്വാസംമുട്ടും ആസ്ത്മയും സഹിച്ച് മലയാളത്തിന്റെ ആ മഹാമാന്ത്രികൻ ആരോടെന്നില്ലാതെ പതുക്കെ മൂളി. സോജാ രാജകുമാരീ, സോജാ…”

ഉറങ്ങാത്ത ആസ്വാദകരുടെ ഏറ്റവും വലിയ ഗസൽ.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.