
ഉമിയാ തടാകവും കാമാഖ്യ ദേവി ക്ഷേത്രവും
വളരെ ദയനീയമായ ഒരു കാഴ്ച. അന്വേഷിച്ചപ്പോൾ കിട്ടിയത് അത്ഭുതപ്പെടുത്തുന്ന അറിവാണ്. മരണാസന്നരായ പക്ഷി മൃഗാദികൾ അവരുടെ അവസാനനിമിഷം ഇവിടെ ചെലവഴിക്കാറുണ്ടത്രേ. ഞങ്ങൾ മൂന്നു റൗണ്ട് പൂർത്തിയാക്കി എത്തുമ്പോഴേക്കും അവയിൽ പലതിന്റെയും ചലനം നിലച്ചിരുന്നു.
മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് 15കി. മി. വടക്കുള്ള കുന്നുകളിലെ ഒരു ജല സംഭരണിയാണ്, ഉമിയാ തടാകം. പ്രാദേശികമായി ബാരാപാനി എന്നും അറിയപ്പെടുന്നു. 1960കളുടെ തുടക്കത്തിൽ ഉമിയാ നദിയിൽ അണക്കെട്ട് നിർമ്മിച്ചാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ കമ്മീഷൻ ചെയ്ത ആദ്യത്തെ റിസർവോയർ വൈദ്യുതപദ്ധതിയാണ് ഉമിയ. കയാക്കിങ്, വാട്ടർസൈക്ലിങ്, സ്കൂടിങ്, ബോട്ടിങ് എന്നിവക്ക് പേരു കേട്ട ഈ തടാകം, മേഘാലയയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.
തടാകകരയിൽ എത്തിയപ്പോൾ നാലുമണിയായി. ബോട്ടിങ്ങിനുള്ള ടിക്കറ്റ് അഞ്ച് മണിവരെ മാത്രമേ ലഭിക്കുകയുള്ളു. ആറ് മണിക്ക് ബോട്ടിങ് നിർത്തും. ആകെ ഒരു ബോട്ട് മാത്രേ സർവീസ് നടത്തുന്നുള്ളു. പന്ത്രണ്ട് പേർക്കേ കയറാൻ പറ്റു. അഞ്ച് മണി കഴിഞ്ഞിട്ടും ഞങ്ങൾക്കു മുന്നിൽ ധാരാളം പേര് വെയിറ്റ് ചെയ്യുന്നു. എടുത്ത ടിക്കറ്റ് തിരിച്ചു കൊടുക്കാമെന്നു വെച്ചപ്പോൾ റീഫണ്ട് ഇല്ലെന്ന്.
‘സിന്ദൂരം ചാലിച്ച സന്ധ്യ’ എന്ന കവിവാക്യം പോലെ, ചുവന്നു തുടുത്തുവരുന്ന ഉമിയായുടെ പടിഞ്ഞാറൻ ചക്രവാളം. മനോഹരമായ ആ പശ്ചാത്തലത്തിൽ തടാകത്തിനപ്പുറത്തേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന സൂര്യൻ. മനംമയക്കുന്ന കാഴ്ചയായിരുന്നു അത്. ആ കാഴ്ചയിലും ഞങ്ങൾ ആശങ്കയിലാണ്, ‘ബോട്ട് സവാരി നടക്കുമോ..?’ സൂര്യൻ മറഞ്ഞു പോകുന്നതിനോടൊപ്പം ഇരുളും പ്രവേശിക്കാൻ തുടങ്ങിയിരുന്നു.
തടാകക്കര ആളൊഴിയാൻ തുടങ്ങി. രാത്രി താവളം തേടിയിറങ്ങിയ നായ്കൂട്ടങ്ങൾ. ഒടുവിലെ യാത്രക്കാരായി ഞങ്ങളും. ബോട്ട് ഓടിക്കുന്ന പയ്യനൊഴികെ ഉത്തരവാദിത്തപ്പെട്ട മറ്റാരും അവിടെയില്ല. കൗണ്ടർ അടച്ച് അവർ പോയിരിക്കുന്നു. ഒടുവിൽ ബോട്ടിൽ കയറാൻ പറ്റിയെങ്കിലും, കുറച്ചു ദൂരം മാത്രം ഞങ്ങളെ കൊണ്ടുപോയി ബോട്ട് ഓടിച്ച പയ്യനും സ്ഥലംവിട്ടു.
ഒരു മൊട്ട ബൾബുപോലും ഇല്ലാത്ത അവിടെ നിന്നും മൊബൈൽ ഫോണുകളുടെ വെളിച്ചത്തിലാണ് ഞങ്ങൾ വാഹനത്തിനടുത്തെത്തിയത്. സുരക്ഷാ സംവിധാനങ്ങളോ, സെക്യൂരിറ്റിയോ തുടങ്ങി യാതൊന്നും ഇല്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രം. ഞങ്ങളുടെ യാത്രയിൽ ആദ്യത്തെ അനുഭവമായിരുന്നു ഇത്.
അത്താഴത്തിനോടടുത്ത സമയത്താണ് റെസിഡൻസിയിൽ തിരികെ എത്തിയത്. മുറികൾ മുകളിലും റെസ്റ്റോറന്റ് താഴെയുമാണ്. കാര്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത പഴയൊരു കെട്ടിടം. ഭക്ഷണം കുറവായിരുന്നു. കിട്ടിയത് കഴിച്ച്, മുറുമുറുപ്പ് പ്രദീപിനെ അറിയിച്ച് എല്ലാരും മുറികളിലേക്ക് പോയി.
പിറ്റേന്ന്, അസാമിലെ ഏറ്റവും പ്രധാനപ്പെട്ട ദേവീ ക്ഷേത്രമായ കാമാഖ്യ ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. ക്ഷേത്രദർശനം ആയതു കൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കി. ദേവിക്ക് ചുവപ്പാണ് പ്രിയം എന്നറിഞ്ഞപ്പോൾ, ആൺ പെൺ ഭേദമന്യേ ചുവപ്പണിഞ്ഞു. വണ്ടി കൃത്യ സമയത്ത് റെഡിയായിരുന്നു. അങ്ങിനെ പ്രസിദ്ധമായ കാമാഖ്യ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി.

ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ കുന്നിൻ മുകളിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ആസാം ജനതയുടെ കുലദൈവമാണ് കാമാഖ്യ. ശിവപത്നിയും ദക്ഷപുത്രിയുമായിരുന്ന സതിയാണ് കാമാഖ്യ എന്നാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷെ, ഇവിടെ ദേവിക്ക് വിഗ്രഹമില്ല. പകരം, ചെറിയ ഒരു ഗുഹയ്ക്കുള്ളിൽ യോനിയുടെ ആകൃതിയിലുള്ള ശിലയെയാണ് ആരാധിക്കുന്നത്. ഈ ശിലയിൽ നിന്നും പ്രകൃതിദത്തമായ ഒരു ഉറവ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കും. അമ്പത്തിയൊന്ന് ഹൈന്ദവ-ശാക്തേയ ശക്തിപീഠങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, ഇന്ത്യയിൽ യോനി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്.
ദക്ഷയാഗസമയത്ത്, തന്റെ ഭർത്താവായ ശിവൻ തന്റെ പിതാവായ ദക്ഷനാൽ അപമാനിക്കപ്പെട്ടപ്പോൾ യാഗാഗ്നിയിൽ ആത്മാഹൂതി ചെയ്ത സതിയുടെ ജഡമെടുത്ത് ശിവൻ രൗദ്രതാണ്ഡവമാടുകയുണ്ടായി. ഘോരമായ ശിവതാണ്ഡവത്തിൽ ലോകം നാശത്തിന്റെ വക്കിലെത്തി. ആ സമയം, ലോകത്തെ രക്ഷിക്കാൻ സതിയുടെ ശരീരം തന്റെ സുദർശന ചക്രത്താൽ മഹാവിഷ്ണു കഷ്ണങ്ങളാക്കുകയും അങ്ങനെ അമ്പത്തിയൊന്ന് കഷ്ണങ്ങളായി മാറിയ സതിയുടെ ശരീരം ശിവനിൽ നിന്നും ചിതറി തെറിച്ച്, ഭൂമിയുടെ പല ഭാഗങ്ങളിലായി വീഴുകയും ചെയ്തു. അതിൽ, യോനീഭാഗം വന്നുവീണ ഭാഗമാണ് ഇവിടം എന്നാണ് ഐതിഹ്യം.
ഭക്തരുടെ സർവ അഭീഷ്ടങ്ങളും സാധിച്ചു കൊടുക്കുന്ന ദൈവമായി ആരാധിക്കപ്പെടുന്ന കാമാഖ്യയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം കാമദേവനുമായി ബന്ധപ്പെട്ടു കിടക്കുന്നു. ‘കാമാഖ്യ’ എന്ന പേരിന് പിന്നിൽ മന്മഥനുമായി ബന്ധപ്പെട്ട ഈ ഐതിഹ്യമാണെന്ന് പറയപ്പെടുന്നുണ്ട്. ഒരിക്കൽ, ശിവകോപം മൂലം ഭസ്മമായിപ്പോയ കാമദേവന് തന്റെ പഴയ രൂപം തിരികെ ലഭിക്കാനായി സതിയുടെ യോനീഭാഗം വീണ ഇവിടെ വന്ന് തപസ്സ് ചെയ്യാൻ ഉപദേശം ലഭിച്ചു. കാമദേവൻ ഇവിടെ കഠിനതപസ്സ് ചെയ്യുകയും ദേവി പ്രസാദിക്കുകയും കാമദേവന് പഴയ രൂപം തിരിച്ചുനൽകുകയും ചെയ്തു. കാമന് ‘കാമം’ (രൂപം) തിരികെ ലഭിച്ച ഇടമായതിനാൽ കാമാഖ്യ എന്ന് ഇവിടം പിന്നീട് അറിയപ്പെട്ടു എന്നാണ് ഐതിഹ്യം.
ജൂൺ മാസത്തിൽ ദേവി രജസ്വലയാകുന്ന (ആർത്തവം) സമയത്ത്, വർഷത്തിലൊരിക്കൽ ഇവിടെ അമ്പുബാച്ചി മേള കൊണ്ടാടുന്നു. ആസാമീസ് ഭാഷയിൽ ‘അമ്പു’ എന്നാൽ വെള്ളം എന്നും ‘ബാച്ചി’ എന്നാൽ ഒഴുകുന്നത് എന്നും ആണ് അർത്ഥം.
അമ്പു ബാച്ചി ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രം മൂന്ന് ദിവസം അടച്ചിടാറുണ്ട്. ഈ സമയത്ത്, ബ്രഹ്മപുത്ര നദിയിലെ വെള്ളത്തിന് ചുവപ്പ് നിറം കൈവരുമെന്നാണ് വിശ്വസം. നാലാം ദിവസം ക്ഷേത്രം തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദമായി നൽകുന്നത് രക്തവർണ്ണമായ അംഗവസ്ത്രമാണ്.
സതീ ദേവിയെ കൂടാതെ, ദശ മഹാവിദ്യമാരായ കാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ, പാർവതി), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നീ ആദിപരാശക്തിയുടെ പത്ത് താന്ത്രിക ശക്തിസ്ഥാനങ്ങളെ കൂടി ഇവിടെ ആരാധിക്കപ്പെടുന്നു. തൃപുരസുന്ദരി, മാതംഗി, കമല എന്നിവരെ പ്രധാന ക്ഷേത്രത്തിലും മറ്റുള്ളവരെ വേറേ ക്ഷേത്രങ്ങളിലുമായാണ് ആരാധിക്കുന്നത്.
വാഹനം പാർക്ക് ചെയ്തിടത്തുനിന്ന് കുറച്ചു ദൂരം നടന്നുവേണം ക്ഷേത്രത്തിൽ എത്താൻ. വഴിയുടെ ഇരുവശത്തും, രുദ്രാക്ഷം, പ്രസാദം, സ്വീറ്റ്‌സ്, അലങ്കാരവസ്തുക്കൾ, ദേവിമാഹാത്മ്യം ചിത്രീകരിച്ചിട്ടുള്ള ചിത്രങ്ങൾ, പ്രതിമകൾ തുടങ്ങി അനവധി വസ്തുക്കൾ വില്പനക്ക് വച്ചിരിക്കുന്ന നിരവധി സ്റ്റാളുകളുണ്ട്.
അകത്തു കടന്നപ്പോൾ വലിയ തിരക്ക്. ഗുരുവായൂർ അമ്പലത്തിലെപോലെ കാശ്കൊടുത്തു കേറാൻ പറ്റുമോന്നു നോക്കി. ഏതോ വി ഐ പി കൾ വന്നിട്ടുള്ളതുകൊണ്ട് അതും നടന്നില്ല. നീണ്ട ക്യു നോക്കി. കുറച്ചുനേരം ഹതാശരായി നിന്നു. ടൂർ മാനേജർ പ്രദീപ് ആരെയൊക്കെയോ കണ്ട്, കുറച്ച് അടുത്തുവരെ എത്താനുള്ള അനുവാദം നേടി.
ഞെങ്ങി ഞെരുങ്ങി എത്തിനോക്കിയപ്പോൾ, താഴെ ഗുഹയിലേക്കെന്നപോലെ ഒരു വഴി കണ്ടു. അതിന്റെ പുറത്ത് കുറച്ച് പേര് നിന്ന് ആരതിയുഴിയുന്നുണ്ട്. മൊബൈൽ അനുവദിക്കാത്തതുകൊണ്ട് ഒന്നും പകർത്താനായില്ല. കുറച്ചപ്പുറത്തായി ഒരു ദേവി വിഗ്രഹം ആരാധിക്കപെടുന്നു. അതിനുമുൻപിൽ ഭക്തജനങ്ങൾ ആരാധനയും പ്രാർത്ഥനയും നടത്തുന്നുണ്ട്.
പുറത്ത് കടന്ന് അമ്പലം വലം വച്ചു. അപ്പോൾ, വിചിത്രമായ ഒരു കാഴ്ച കണ്ടു. അവശരായ കുറേ പ്രാവുകൾ മരണാസന്നരായി കിടക്കുന്നു. ചിലത് മരണത്തിന്റെ അവസാന പിടച്ചലിൽ ആണ്. കുറച്ചപ്പുറത്തായി, കുറച്ച് ആടുകളും ഇതേ അവസ്ഥയിൽ കിടക്കുന്നുണ്ട്. ചിലത് ഏന്തിവലിഞ്ഞു നടക്കുന്നു. അർച്ചനക്കായി തട്ടവും താലവുമൊക്കെയായി വരുന്നവരുടെ കൈയിൽ നിന്ന് അത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ട് ചില ആടുകൾ.
വളരെ ദയനീയമായ ഒരു കാഴ്ച. അന്വേഷിച്ചപ്പോൾ കിട്ടിയത് അത്ഭുതപ്പെടുത്തുന്ന അറിവാണ്. മരണാസന്നരായ പക്ഷി മൃഗാദികൾ അവരുടെ അവസാനനിമിഷം ഇവിടെ ചെലവഴിക്കാറുണ്ടത്രേ. ഞങ്ങൾ മൂന്നു റൗണ്ട് പൂർത്തിയാക്കി എത്തുമ്പോഴേക്കും അവയിൽ പലതിന്റെയും ചലനം നിലച്ചിരുന്നു.
പ്രധാന ക്ഷേത്രത്തിന്റെ നടയ്ക്കുനേരെ കുറച്ചകലെയായി, നടശാല പോലെ ഒരു ഭാഗം കണ്ടു. ആട്, പോത്ത് മുതലായ മൃഗങ്ങളെ അതിനടുത്തായി കെട്ടിയിട്ടിരുന്നു. ബലി കൊടുക്കുന്ന സ്ഥലമാണ് അത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ബലി. പ്രാവിനെപോലും ബലികൊടുക്കുന്നുണ്ട് ഇവിടെ. മൃഗങ്ങളിൽ ആൺ മൃഗങ്ങളെ മാത്രമേ ബലി കൊടുക്കൂ. എനിക്ക് അത് കാണാൻ താല്പര്യമില്ലാത്തതിനാൽ അങ്ങോട്ട് പോയില്ല.
എല്ലാർക്കും സൗജന്യമായി ലഭിക്കുന്ന പ്രസാദ കവറിൽ തീർത്ഥം, ഉണക്കിയ തേങ്ങാക്കൊത്ത്, ഉണക്കിയ നെല്ലിക്ക, ലഡ്ഡു പോലെത്തെ ഒരു വിഭവം, അപ്പം നുറുക്കിയെടുത്തപോലെത്തെ വിഭവം എന്നിവയുണ്ട്. പ്രസാദ കവർ തുറന്നപ്പോൾ അതിനകത്തു ദേവിയുടെ രൂപം കൊത്തിയ ഒരു നാണയം ഉണ്ടായിരുന്നു.


തിരിച്ചു പോരുന്ന വഴിയാണ് ബ്രഹ്മപുത്ര നദി.റോഡ് സൈഡിൽ വണ്ടി നിർത്തി, ബ്രഹ്മപുത്രയുടെ മനോഹര തീരങ്ങളിൽ എല്ലാവരും കാലുകുത്തി നിന്നു. അപ്പോൾ, ഹൈസ്കൂൾ ക്ലാസ്സുകളിൽ കാണാപാഠം പഠിച്ച ചില ചരിത്ര രംഗങ്ങൾ ഓർമ്മയിൽ തെളിഞ്ഞു.










