ഓണം സ്‌പെഷ്യൽ- 2026

AI illustration by Surya for the Malayalam poem Descent Mukku by Jayasree Pallikkal-Onam 2026

ഡീസന്റ് മുക്ക്

സുഹൃത്ത്
വിദേശത്തു നിന്ന്
അയച്ചു തന്ന
ചിത്രത്തിൽ
ചെറുപട്ടണം!
സൊയമ്പൻ സ്ഥലം!
ജന്മങ്ങളിലെ
വിടെയോ
കണ്ട ഒരോർമ്മ!

ഒത്ത നടുവിൽ
പർപ്പിൾ പൂക്കളുള്ള ഒരു മരം
നെഞ്ചു നിവർത്തി നിൽക്കുന്നു.
അത് പക്ഷേ
ഓർമയിൽ
തെളിയുന്നില്ല.
അപരിചിതം,
പരിസരങ്ങൾ.
കൂറ്റൻ
നിർമിതികൾ
ആകാശത്തെ
ലക്ഷ്യം വയ്ക്കുന്നു.

ഇരുവശവും
പുഷ്പ സമൃദ്ധം,
വിടർന്ന റോഡ്.
ഉയർത്തിക്കെട്ടിയ
വീതിയുള്ള
നടപ്പാത.
വല്ലാത്ത ഒരടുക്കും ചിട്ടയും;
കണ്ടു പഠിക്കണം!

എന്തോ ഒരു
ഗൃഹാതുരത…
ഇതെവിടെയായിരിക്കും സ്ഥലം?!

ചുറ്റുപാടുമുള്ള
തെങ്ങുകൾ,
ചിത്രത്തിൽ പെട്ട
കെ എസ് ആർ ടി സി ബസ്…
ഇതൊന്നുമില്ലെങ്കിൽ
മറ്റേതോ നാടെന്ന്
സംശയിക്കാമായിരുന്നു.
എവിടെയായാലും
ഒന്നുപോകണം,
ഒരിക്കലെങ്കിലും…

പക്ഷേ,
എങ്ങനെ
കണ്ടെത്തും?
അല്ലാ…
പാഞ്ഞു പോകുന്ന
ആ സ്‌കൂട്ടറിൻ്റെ
പിന്നിൽ പൈലിച്ചേട്ടനല്ലേ..!
അയൽക്കാരനാണ്!
ആ വഴി പോയിട്ടുണ്ടെങ്കിൽ
സ്ഥലം അയാൾക്ക് അറിയാതിരിക്കില്ല.
എങ്കിലും എങ്ങനെ ചോദിക്കും?
അയാളോട്
അങ്ങനെ മിണ്ടാറില്ലല്ലോ…

ചിത്രം
തോട്ടം പണിക്കാരൻ
ആന്റപ്പന്
അയച്ചു കൊടുത്തു,
വിവരമാരായാൻ.
അവർ ബന്ധുക്കളാണ്.
‘സാറേ ഇത് നമ്മടെ
മുക്കല്യോ…?
വീട്ടീന്ന് ഒന്നര ഫർലോങ്ങ്
പടിഞ്ഞാറൊള്ള
ഡീസന്റ് മുക്ക്…?

ആന്റപ്പന്റെ മറുപടിയും
അതിശയ ചിഹ്നവും
വന്നുവീണു…
അടുത്ത സെക്കൻഡിൽ!

Trending Now

Join with us