AI illustration-1 by Surya for the Malayalam novella Lucy Vs Cinderella by Sathish Kalathil

ലൂസി V/s സിൻഡ്രല്ല- ഒന്നാം ഭാഗം

അവളുടെ മുഖത്തുനിന്നും മുടിച്ചുരുളുകളിൽനിന്നും നെഞ്ചിലേക്ക് ഊർന്നിറങ്ങുന്ന നീർമണികൾ അവളുടെ വെള്ള ഇന്നർ ടി- ഷർട്ടിനുള്ളിലേക്ക് ആഴ്ന്നുപോകുന്നതു കണ്ടപ്പോൾ, ആൻമോഡ് ചുരത്തിൽ കണ്ട, രണ്ടു ചെറുപാറകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ഒരു കൊച്ചുനീർച്ചാലിനെ ശാന്താറാമിന് ഓർമ വന്നു.

ധാർബന്ദോറ വില്ലേജ് ഓഫീസ് ജങ്ഷനിൽനിന്ന് കാർ വലത്തോട്ട് തിരിച്ചതും ഗ്ലാസിൽ മഴത്തുള്ളികൾ വീഴാൻ തുടങ്ങി. അധികം വൈകാതെ ശാന്താറാമിന് വൈപ്പർ ഇടേണ്ടിവന്നു.

ശാന്താറാം കനകരാജനെ നോക്കി. അയാൾ മുന്നിലേക്കുതന്നെ നോക്കിയിരിക്കുകയാണ്. ഇന്നലെ മുതൽ കനകരാജന് സന്തോഷത്തിന്റെ നാളുകളാണ്. അക്കൗണ്ടിൽ വന്നത് വലിയൊരു തുകയല്ലേ?

അറുപത്തഞ്ചിനടുത്ത് പ്രായം കാണും. പൊക്കം കുറവ്, നല്ല വണ്ണം, ഇരുണ്ട ശരീരം. ചെറിയൊരു കൊമ്പൻമീശ. അൽപ്പസ്വൽപ്പം കഷണ്ടിയും. സൗമ്യൻ. വിനയം ആവോളമുണ്ട്. മുൻപ് പുറംപണിയായിരുന്നു ജോലി. പ്രായമായതോടെ, ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയപ്പോൾ ബ്രോക്കർ പണിക്കിറങ്ങി.

വീട്ടിലെത്തുമ്പോൾ ഭാര്യയെ എടുത്ത് അയാൾ വട്ടംകറക്കുമായിരിക്കും. മക്കളുടെ മുന്നിൽ രാജാവിനെപ്പോലെ ഗമയോടെ ഇരിക്കുകയും നടക്കുകയും ചെയ്യുമായിരിക്കും. രണ്ടാണ്മക്കളാണ്. രണ്ടുപേരും വിവാഹിതർ. പറയത്തക്ക വരുമാനമൊന്നുമില്ല. ആയക്കാലത്ത് കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയാതിരുന്നതിന്റെ വിഷമം മക്കൾ വളർന്നതോടെയാണ് കനകരാജൻ മനസ്സിലാക്കിത്തുടങ്ങിയത്. അവരെ കുറ്റപ്പെടുത്താൻ നിന്നില്ല. ‘തനിക്കു കഴിയാത്തത് മക്കൾക്കു കഴിയുമെന്ന് എങ്ങനെ പ്രതീക്ഷിക്കും?’ അതായിരുന്നു അയാളുടെ നിലപാട്.

ഇതുപോലൊരു കോൾ ജീവിതത്തിൽ ആദ്യമായാണ് കിട്ടുന്നതെന്ന് അയാൾ തന്നെ പറഞ്ഞിരുന്നു. കമ്മീഷൻ തുക ഒരു രൂപപോലും കുറയാതെ കിട്ടുന്നതും ആദ്യമായിട്ടാണ്. ഈ കുഗ്രാമത്തിലെ അല്ലറചില്ലറ ബ്രോക്കർ ഇടപാടുകളേ അയാൾ ഇതുവരെ നടത്തിയിട്ടുള്ളൂ.

കനകരാജനിൽനിന്ന് നോട്ടം മാറ്റുന്നതിനിടെ ശാന്താറാമിന്റെ കണ്ണുകൾ റിയർവ്യൂ മിററിലേക്ക് തെന്നി. കാർമേഘങ്ങൾ തിങ്ങിക്കൂടിയ ആകാശത്തിന്റെ മ്ലാനത തന്റെ മുഖത്തെയും ബാധിച്ചിട്ടുണ്ടോ എന്ന് അയാൾ സംശയിച്ചു. മൊല്ലെം കടന്നതോടെ അന്തരീക്ഷം ഇരുളാൻ തുടങ്ങിയത് അയാൾ ശ്രദ്ധിച്ചിരുന്നു. സാധാരണ ദീപാവലിക്കാലത്ത് ഒന്നോ രണ്ടോ വേനൽമഴ പതിവുള്ളതാണ്. ഇത്ര കനത്ത മഴ പ്രതീക്ഷിച്ചിരുന്നില്ല.

“സമയം നാലര.” സ്റ്റിയറിങ്ങിൽനിന്ന് ഇടതുകൈ മാറ്റി വാച്ചിൽ നോക്കിക്കൊണ്ട് അയാൾ പിറുപിറുത്തു. മുന്നിലെ വിൻഡ്‌ഷീൽഡിൽ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്ന വൈപ്പറുകൾക്കൊപ്പം അയാളുടെ മനസ്സും ചാഞ്ചാടിക്കൊണ്ടിരുന്നു.

വീട്ടിലെത്തുമ്പോൾ കല്ലിച്ചിരിക്കുന്ന രണ്ട് മുഖങ്ങളെ കാണാം. മാളുവിനെ പിന്നെയും മെരുക്കാം; തന്റെ തിരക്കുകൾ അവൾക്കു മനസ്സിലാകും. പക്ഷേ, മീനുവിന്റെ കാര്യം അത്ര എളുപ്പമല്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇന്നും നാളെയും അവർക്കൊപ്പം താനുണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു.

നാളെയാണ് പ്രബോധിനി ഏകാദശി. മീനുവിന്റെ പിറന്നാൾ ദിവസം. തുളസീ വിവാഹവും മീനുവിന്റെ പിറന്നാളാഘോഷവും തങ്ങളുടെ വിവാഹവാർഷികവും ഒന്നിച്ചുചേരുന്ന അപൂർവദിവസമാണ് നാളെ.

പത്തുവർഷം മുൻപ്, ഇതുപോലൊരു തുളസീ വിവാഹദിവസത്തിലായിരുന്നു മാളുവിന്റെ കഴുത്തിൽ മംഗല്യസൂത്രം അണിയിച്ചത്. ഏഴുവർഷം മുൻപ്, പ്രബോധിനി ഏകാദശിനാളിലെ പുലർച്ചയിലാണ് മീനു ജനിച്ചത്.

വൈകുന്നേരത്തിനു മുൻപേ താനെത്തുമെന്നും ഷോപ്പിങ്ങിന് തയ്യാറായി നിൽക്കണമെന്നും രാവിലെ മാളു വിളിച്ചപ്പോൾ ഉറപ്പുകൊടുത്തതാണ്.

ഉച്ചയോടെ രജിസ്ട്രേഷൻ കഴിയുമെന്നാണ് കരുതിയത്. ചില രേഖകളിൽ രജിസ്ട്രാർക്ക് സംശയം തോന്നിയതോടെ നടപടികൾ നീണ്ടുപോയി. എല്ലാം തീർത്ത് പുറത്തിറങ്ങുമ്പോൾ സമയം രണ്ടര. രജിസ്ട്രേഷൻ നാളത്തേക്ക് മാറ്റിവെക്കേണ്ടിവരുമോ എന്നുപോലും ഒരുവേള സംശയിച്ചു.

വരാൻ വൈകുമെന്നും ചിലപ്പോൾ നാളെയേ എത്താൻ പറ്റൂ എന്നും മാളവികയ്ക്ക് ഒരു വോയ്‌സ് മെസേജ് അയച്ച കാര്യം ശാന്താറാം അപ്പോഴാണ് ഓർത്തത്. കാറിന്റെ വേഗം കുറച്ച് ഡാഷ്‌ബോർഡിനു മുകളിൽനിന്ന് ഫോണെടുത്തു. പക്ഷേ, റേഞ്ച് പോയിരിക്കുന്നു. ഈ റൂട്ടിൽ സിഗ്നൽ കട്ടാകുന്ന കാര്യം അപ്പോഴാണ് ഓർമ വന്നത്. ഫോൺ തിരികെവെച്ച് അയാൾ വണ്ടിയുടെ വേഗം കൂട്ടി.

ശിവ്ദെ അമ്പലഭാഗത്ത് എത്തിയപ്പോൾ കനകരാജൻ പറഞ്ഞു:

“എന്നെ അവിടെ ഇറക്കിയാൽ മതി.”

പക്ഷേ, ശാന്താറാം കാർ ഇടത്തോട്ട് തിരിച്ചു. ‘ഇവിടെനിന്ന് ഇനിയും കുറേ പോകണം അയാളുടെ വീട്ടിലേക്ക്. ഈ കുത്തിയൊലിക്കുന്ന മഴയത്ത് നനഞ്ഞ് അയാളെങ്ങനെ പോകും?’ ശാന്താറാം ചിന്തിച്ചു.

മൊല്ലെമിൽ പെട്രോൾ അടിച്ചിറങ്ങുമ്പോൾ, ‘തന്നെ ധാർബന്ദോറയിൽ വിട്ടാൽ മതി’യെന്ന് അയാൾ പറഞ്ഞതാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. നേരെ ഹൈവേയിലൂടെ പോകാമായിരുന്നു. അന്നേരം താൻ വലിയ മഹാമനസ്കത കാണിച്ചു.

“അതു സാരമില്ല, കനകൻ ഭായ്. ഇതിനേക്കാൾ വലിയ കാര്യമല്ലേ നിങ്ങളെനിക്കു ചെയ്തുതന്നത്? വീട്ടിൽ കൊണ്ടാക്കിയിട്ടേ ഞാൻ പോകുന്നുള്ളൂ.”

കാര്യം നടന്നുകഴിഞ്ഞപ്പോൾ തന്നെ നടുറോഡിൽ ഉപേക്ഷിച്ചുപോയെന്ന് അയാൾക്ക് തോന്നരുതല്ലോ എന്നുകരുതി. സഹോദരങ്ങൾ തമ്മിലുള്ള കേസിൽ കുടുങ്ങിക്കിടന്നിരുന്ന റാം നഗറിലെ ആ ഭൂമി ചുളുവിലയ്ക്കാണ് കനകരാജൻ തന്റെ കൈയിലേക്ക് പുഷ്പംപോലെ വെച്ചുതന്നത്. പലരും ശ്രമിച്ചിട്ടും പരാജയപ്പെട്ട ഈ കച്ചവടം എന്തു മായാജാലം കാണിച്ചാണ് അയാൾ നടത്തിയെടുത്തതെന്നറിയില്ല. ചോദിച്ചപ്പോൾ അയാൾ വെളുക്കെ ചിരിച്ചു. കൂടുതൽ കുത്തിച്ചോദിക്കാൻ നിന്നില്ല. ‘തൽക്കാലം താനാ പണിക്കു പോകുന്നില്ലല്ലോ’ എന്നോർത്തു.

കനകരാജനെ വീട്ടിൽ ഇറക്കാൻ വേണ്ടി മാത്രമല്ല ശാന്താറാം ഈ വഴി തിരഞ്ഞെടുത്തത്. ഈ നേരത്ത് ബൈതകോൾ സർക്കിൾ കടന്നാൽ നല്ല ട്രാഫിക് ബ്ലോക്കായിരിക്കും. ബോറിം ബ്രിഡ്ജ് കടന്ന് തെക്കുനിന്ന് വരുന്ന വാഹനങ്ങളും ഹൈവേയിലെ ബ്ലോക്ക് കൂട്ടും. പോണ്ട–പനാജി ടൗൺഷിപ്പ് ഭാഗങ്ങളിലെത്തുമ്പോൾ ബ്ലോക്ക് കൂടിക്കൂടി വരും. ഇന്ന് പ്രത്യേകിച്ചും. അതുകൊണ്ട് ദൂരം കുറച്ചുകൂടിയാലും ഈ വഴി പെട്ടെന്ന് എത്താമെന്ന കണക്കുകൂട്ടലും ശാന്താറാമിനുണ്ടായിരുന്നു.

‘ഇന്നിനി ഷോപ്പിങ്ങിന് ഒട്ടും സമയം കിട്ടില്ല. എങ്ങനെ പോയാലും ആറരയ്ക്കും ഏഴിനുമിടയിലേ വീടെത്താൻ കഴിയൂ. പനാജിയിലെത്തുമ്പോൾ മീനുവിനുള്ള സമ്മാനം വാങ്ങാം.’ ശാന്താറാം കണക്കുകൂട്ടി.

“സാറിന് വലിയ ബുദ്ധിമുട്ടായില്ലേ?” വീട്ടുപടിക്കൽ ഇറങ്ങുന്നതിനിടെ കനകരാജൻ ഉപചാരം പറഞ്ഞു.

ശാന്താറാം കയ്യുയർത്തിക്കാണിച്ച് ചിരിച്ചു. കനകരാജനും കയ്യുയർത്തി വീശി. അയാളുടെ മുഖത്തിന് അപ്പോൾ നല്ല തെളിച്ചമുണ്ടായിരുന്നു. മഴയും ഏറെക്കുറെ ശമിച്ചിരുന്നു. നേരിയ ചാറ്റലുണ്ട്. ശാന്താറാമിന് ആശ്വാസം തോന്നി.

കാർ തിരിക്കാൻ കനകരാജന്റെ വീട്ടുമുറ്റത്തുതന്നെ സ്ഥലമുണ്ടായിരുന്നു. വലതുകൈ തലയ്ക്കുമുകളിൽ മറച്ചും ഇടതുകൈകൊണ്ട് മുണ്ടിന്റെ തുമ്പ് പൊക്കിപ്പിടിച്ചും വീട്ടിലേക്ക് തിടുക്കത്തിൽ നടന്നുകയറുന്ന കനകരാജനെ നോക്കിക്കൊണ്ട് ശാന്താറാം കാർ റിവേഴ്‌സ് എടുത്തു.

തിരികെ ശിവ്ദെയിലെത്തി ഇടത്തോട്ട് കാർ തിരിച്ചതും ധാർബന്ദോറ ഭാഗത്തുനിന്ന് പാഞ്ഞുവന്ന ഒരു ബൈക്ക് കാറിനെ വെട്ടിച്ചുകൊണ്ട് കടന്നുപോയതും ഒരുമിച്ചായിരുന്നു. ശാന്താറാമിന്റെ ഉള്ളൊന്നു കാളി.

‘നാശം പിടിക്കാൻ, അവന്റെയൊരു ഒടുക്കത്തെ മരണപ്പാച്ചിൽ!’

അയാൾ മനസ്സിൽ പ്രാകി.

പിന്നീടാണ് മറ്റൊരു കാര്യം ഓർത്തത്. ആ ബൈക്കുകാരനും തന്നെപ്പോലെ അടുത്ത മഴയ്ക്കു മുൻപ് വീടെത്താനുള്ള വെപ്രാളത്തിലായിരിക്കും. തന്നെയുമല്ല, പോക്കറ്റ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്ന താനായിരുന്നല്ലോ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നത്. ‘തിരിച്ചുള്ള വരവിൽ തനിക്കൽപ്പം വേഗം കൂടിയിരുന്നോ?’ അയാൾ സംശയിച്ചു.

ഇവിടെനിന്ന് ഇനിയും പത്തുമുപ്പതു കിലോമീറ്റർ പോയാലേ വാൽപ്പോയിയിൽ എത്തൂ. അവിടെനിന്ന് സാന്താക്രൂസിലെ വീട്ടിലേക്ക് ഒരു നാൽപ്പതോളം കിലോമീറ്റർകൂടിയുണ്ട്. വാൽപ്പോയ് മുതൽ അധികം തിരക്കില്ലാത്ത സ്റ്റേറ്റ് ഹൈവേയാണ്. വാൽപ്പോയ് വരെ സൂക്ഷിക്കണം.

Read Also  തലയില്ലാ തച്ചൻ/സതീഷ് കളത്തിൽ എഴുതിയ നീണ്ടകഥ രണ്ടാം ഭാഗം

റോഡത്ര മോശമല്ല; എല്ലായിടവും ടാറിട്ട ക്യാരേജ്‌ വേയാണ്. എങ്കിലും കാട്ടുപാതയാണ്. വീതി നന്നേ കുറവ്. ഇടുങ്ങിയ വളവുകൾ. മുപ്പതിൽ കൂടുതൽ വേഗത്തിൽ പോകുന്നത് അപകടമാണ്. മഴയത്ത് ഓവർടേക്കിങ്ങും റിസ്കാണ്. അതിനുപുറമെ, റോഡിലുടനീളം നടക്കുകയും കിടക്കുകയും ചെയ്യുന്ന സമീപവാസികളുടെ മാടുകളും പട്ടിക്കൂട്ടങ്ങളും. ഒന്നു തട്ടിയാൽ ചിലപ്പോൾ പ്രശ്നമാകും. ശക്തിയായി ഹോണടിച്ചാൽ പോലും എഴുന്നേറ്റുപോകില്ല. മഴ വന്നതുകൊണ്ടാകാം, റോഡിൽ ഒന്നിനെയും കാണുന്നില്ല.

പരിസരവാസികളുടെ ഏതാനും കാറുകളും ബൈക്കുകളും പിന്നിൽനിന്നും എതിർദിശയിൽനിന്നും കടന്നുപോയതൊഴിച്ചാൽ റോഡ് തീർത്തും വിജനമാണ്. ഇരുവശങ്ങളിലും കാട്ടുമരങ്ങളും കവുങ്ങുകളും വാഴകളും. ഇടയ്ക്കിടെ ഒറ്റപ്പെട്ട വീടുകൾ. ഒറ്റപ്പെട്ട ചില ഇടങ്ങളിലൊഴികെ, കടകൾ തീരെയില്ലെന്നുതന്നെ പറയാം.

ശാന്താറാം ആക്സിലറേറ്ററിൽ മെല്ലെ കാലമർത്തി.

AI illustration-2 by Surya for the Malayalam novella Lucy Vs Cinderella by Sathish Kalathil

മുപ്പത്തഞ്ചിനോടടുത്ത ശാന്താറാം തിരക്കുള്ള ഒരു സ്പൈസ് എക്സ്പോർട്ടറാണ്. വിവാഹശേഷം അച്ഛൻ സുന്ദര പൈയുടെ പാരമ്പര്യ ബിസിനസ്സ് ഏറ്റെടുത്തതാണ്. അത്ര സുന്ദരനൊന്നുമല്ലെങ്കിലും ഇരുനിറവും നല്ല ഫിറ്റ് ബോഡിയുമുള്ളയാൾ. ബിസിനസ് പാർട്ടികളിലെ മിതമായ മദ്യപാനമൊഴിച്ചാൽ അറിയപ്പെടുന്ന മറ്റു ദുശ്ശീലങ്ങളൊന്നുമില്ല. ബിസിനസ്സും വീടും, സുന്ദരിയായ ഭാര്യയും മകളും, പ്രായമായ അച്ഛനും അമ്മയും. അതാണ് അയാളുടെ ലോകം.

റാം നഗറിൽ വാങ്ങിയ മുപ്പത് സെന്റോളം വരുന്ന വസ്തുവിൽ ഒരു ഷോപ്പിങ് മാളോ റിസോർട്ടോ പണിയാനാണ് അയാളുടെ ആഗ്രഹം. മാളവികയ്ക്ക് പക്ഷേ, അതിനോടത്ര മമതയില്ല. ഇപ്പോൾത്തന്നെ മൂന്ന് സ്പൈസ് സെന്ററുകളുണ്ട്. രണ്ടെണ്ണം ശാന്താറാം തുടങ്ങിയതാണ്. കൂടാതെ, കുടുംബപരമായി ആവശ്യത്തിന് സമ്പത്തുമുണ്ട് ഇരുവർക്കും. രണ്ടുപേരും അവരവരുടെ വീടുകളിലെ ഏകസന്താനങ്ങൾ.

ശാന്താറാമിനെ വേണ്ടത്ര അടുത്തുകിട്ടുന്നില്ല എന്ന വിഷമം മാളവികയ്ക്കുണ്ട്. അവൾ അതൊന്നും തുറന്നുപറയുന്ന സ്വഭാവക്കാരിയല്ല. ഒരു പക്കാ ഓർത്തഡോക്സ് കുടുംബത്തിലെ പെണ്ണിന്റെ സകല ലക്ഷണങ്ങളുമുണ്ട് അവൾക്ക്. ഭർത്താവ് പറയുന്നതിനപ്പുറം ഒരു മറുവാക്കില്ല. പക്ഷേ, പനാജിക്കും അപ്പുറത്തേക്ക്, ഗോവയും കടന്ന് തന്റെ ബിസിനസ് സാമ്രാജ്യം നീണ്ടുനീണ്ടു പോകുന്നത് സ്വപ്നം കാണുകയാണ് ശാന്താറാം. മകൾ ജനിച്ചതോടെ ആ സ്വപ്നത്തിന് ആക്കം കൂടുകയും ചെയ്തു.

മഴ പിന്നെയും കനത്തുതുടങ്ങി. കാർ സക്കോർഡയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോഴാണ് കുറച്ചകലെ വലതുവശത്ത്, മാധവ റാവു സ്കൂൾ വളവിനടുത്ത് ഒരു യുവതി കൈകാണിച്ചുനിൽക്കുന്നത് അയാൾ കണ്ടത്. ഒരു മഴക്കോട്ട് പോലുമില്ലാതെയാണ് അവളുടെ നിൽപ്പ്. മിക്കവാറും ലിഫ്റ്റിനായിരിക്കും.

യാത്രകൾക്കിടയിൽ ഇത്തരം കാഴ്ചകൾ അപൂർവമല്ല. പലപ്പോഴും അത്തരക്കാരെ സഹായിക്കാറുള്ളതാണ്. പക്ഷേ, ഇന്ന് അതിനുള്ള സമയമില്ല. തന്നെയുമല്ല, ദൂരക്കാഴ്ചയിൽ എന്തോ ഒരു വശപ്പിശകും തോന്നി. അയാൾ വണ്ടിയുടെ വേഗം കുറച്ചുകൂടി കൂട്ടി.

കാർ നിർത്താനുള്ള ലക്ഷണമില്ലെന്ന് മനസ്സിലാക്കിയ അവൾ രണ്ടടി റോഡിലേക്ക് ഇറങ്ങിനിന്ന് ഇരുകൈകളും തുടർച്ചയായി വീശി വണ്ടി നിർത്താൻ ആംഗ്യം കാണിച്ചു.

അവളുടെ പരിഭ്രമം കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയ ശാന്താറാം ബ്രേക്കിൽ മെല്ലെ കാലമർത്തി. കാർ അവൾക്കു മുന്നിൽ വന്നുനിന്നു. അവൾ തിടുക്കത്തിൽ റോഡ് മുറിച്ചുകടന്ന് കാറിനടുത്തെത്തി. അവൾക്കു പിന്നിൽ, ഇടതുവശത്തെ ഒരു മരച്ചുവട്ടിൽ ഒരു റോയൽ എൻഫീൽഡ് ഒതുക്കിവെച്ചിരിക്കുന്നു. ടയർ പഞ്ചറായതാണെന്നു തോന്നുന്നു. അല്ലെങ്കിൽ ബ്രേക്ക്‌ഡൗൺ.

നീല ഡെനിം ഷോർട്സും മുട്ടോളം നീളുന്ന സ്കൈ ബ്ലൂ ജാക്കറ്റുമാണ് അവളുടെ വേഷം. ഏറിയാൽ ഇരുപത്തഞ്ചു വയസ്സ്. അതിൽ കൂടുതലുണ്ടാവില്ല. എങ്കിലും, ഒരു കൊച്ചുപെൺകുട്ടിയുടെ നിഷ്കളങ്കത തോന്നിപ്പിക്കുന്ന പ്രകൃതം. തോളിൽ ചണപ്പച്ച നിറത്തിലുള്ള കാൻവാസ് ബാഗ്. ആകപ്പാടെ ഒരു ആംഗ്ലോ-ഇന്ത്യൻ ലുക്ക്. ശാന്താറാം ഒറ്റനോട്ടത്തിൽ അവളെ വിലയിരുത്തി.

“സർ, ആർ യു ഹെഡിങ് ടു വാൽപ്പോയ്?”

ഡോർ വിൻഡോ താഴാൻ തുടങ്ങിയതും അവൾ ചോദിച്ചു. ശാന്താറാം ചോദ്യം കേട്ടില്ല. ആ നിമിഷം അയാളുടെ ശ്രദ്ധ മുഴുവൻ കാറിന്റെ വിൻഡോയിലേക്ക് കുനിഞ്ഞുനിന്നിരുന്ന അവളിലായിരുന്നു.

ഓവൽ ആകൃതിയിലുള്ള മുഖം. നന്നായി പഴുത്ത ജാർഡലുപ്പഴത്തിന്റെ നിറം. ചിരിക്കാകട്ടെ, കുന്നിൻചെരുവുകളിൽ വിടർന്നു നിൽക്കുന്ന സൂര്യമുഖിപ്പൂക്കളുടെ പ്രസരിപ്പും.

അധികം വണ്ണമില്ല; തീരെ മെലിഞ്ഞിട്ടുമല്ല. അൽപ്പം ചുരുണ്ട്, തോളിൽനിന്ന് അൽപ്പം താഴേക്ക് ഇറങ്ങുന്ന മുടി. നീണ്ട കണ്ണുകളും മൂക്കും. ലിപ്സ്റ്റിക്കിൽ ചുവന്നുകിടക്കുന്ന ചുണ്ടുകൾ. ഫൈബറിന്റെ ചെറിയ ഞാത്തിക്കമ്മൽ. കുരുക്കിട്ടതുപോലെ കഴുത്തിൽ മുറുകിക്കിടക്കുന്ന മുത്തുമാല.

അവളുടെ മുഖത്തുനിന്നും മുടിച്ചുരുളുകളിൽനിന്നും നെഞ്ചിലേക്ക് ഊർന്നിറങ്ങുന്ന നീർമണികൾ അവളുടെ വെള്ള ഇന്നർ ടി- ഷർട്ടിനുള്ളിലേക്ക് ആഴ്ന്നുപോകുന്നതു കണ്ടപ്പോൾ, ആൻമോഡ് ചുരത്തിൽ കണ്ട, രണ്ടു ചെറുപാറകൾക്കിടയിലൂടെ ഒഴുകിയിറങ്ങിയിരുന്ന ഒരു കൊച്ചുനീർച്ചാലിനെ ശാന്താറാമിന് ഓർമ വന്നു.

ശാന്താറാമിന്റെ ശ്രദ്ധ എവിടേക്കാണെന്ന് മനസ്സിലായെങ്കിലും യുവതി അതവഗണിച്ചു. മുഖത്തെ പ്രസന്നത കൈവിടാതെ അവൾ വീണ്ടും ചോദിച്ചു:
“സർ, വാൽപ്പോയ് സാർത്താഗി?”

കൊങ്കണിയിലുള്ള ചോദ്യം കേട്ടതും ശാന്താറാം ചുണ്ടനക്കി. അയാൾ മലയാളത്തിൽ അലസമായി ചോദിച്ചു:
“നിങ്ങൾ മലയാളിയാണോ?”

* തുടരും…

Join with us