Published on: January 31, 2025
സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. ശ്രീ കേരളവര്‍മ്മ കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം. സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണ ബിരുദം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പ്രൊഫസർ ആയിരുന്നു.
അദ്ധ്യാപകർക്കു നല്കിവരുന്ന, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഗനി പുരസ്‌കാരവും ഫാ. ഡോ. ജോസ് തെക്കന്‍ പുരസ്‌കാരവും ലഭിച്ച സന്ധ്യ, ഇന്ത്യൻ സയൻസ് കോൺഗ്രസിൻ്റെ യങ്ങ് സയന്റിസ്റ്റ് പുരസ്‌കാര ജേതാവുകൂടിയാണ്. കോഴിക്കോട്, മഹാത്മാഗാന്ധി സർവ്വകലാശാലകളിൽ ഗവേഷണ മാർഗ്ഗദർശിയായിരുന്നു. അന്തർദേശീയ, ദേശീയ സെമിനാറുകളിൽ, സ്റ്റാറ്റിസ്റ്റിക്സിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
പേരില്ലാവണ്ടിയിൽ, സാഗരനിദ്ര, അമ്മയുള്ളതിനാൽ, ഈ മഴയുടെ ഒരു കാര്യം, കൈക്കുടന്നയിലെ ബുദ്ധൻ, ചന്ദ്രനിൽ നിന്നും ഭൂമിയെ വരക്കുമ്പോൾ, വസന്തം പൂക്കളാൽ വെളിപ്പെടുമ്പോലെ എന്നീ കവിതാ സമാഹാരങ്ങളും നീലയും ചുവപ്പും നിറമുള്ള തത്ത, വയലറ്റ്, അനന്തരം ചാരുലത , 4D, പടികൾ കയറുന്ന പെൺകുട്ടി എന്നീ കഥാസമാഹാരങ്ങളും മഷി തൊടാത്ത കത്തുകൾ എന്ന ഓർമ്മപ്പുസ്തകവും പ്രസിദ്ധീകരിച്ചു.
എഴുത്തിൽ, രാഷ്ട്രകവി ഗോവിന്ദപൈ പുരസ്‌കാരം, പി.ഫൗണ്ടേഷന്റെ പി.കുഞ്ഞിരാമൻ നായർ ‘താമരത്തോണി’ പുരസ്‌കാരം, അഡ്വ: ബി സി വിജയരാജൻ നായർ സ്‌മാരക പുരസ്കാരമായ ‘ബി.സി.വി പുരസ്കാരം’, എസ്. അവനിബാലയുടെ സ്‌മാരക പുരസ്കാരമായ ‘അവനീബാല പുരസ്കാരം’, ‘ചാത്തന്നൂർ മോഹൻ പുരസ്കാരം’, അയ്യപ്പൻ കവിതാപഠന കേന്ദ്രത്തിന്റെ ‘ഞെരളക്കാട്ട് രുഗ്മിണിയമ്മ പുരസ്കാരം’, ‘കെ.എസ്. ബിമൽ പുരസ്കാരം’, ‘അബുദാബി ശക്തി പുരസ്കാരം,’ ‘വയലാർ രാമവർമ്മ കവിതാ പുരസ്കാരം’ തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അച്ഛൻ: കീരംകുളങ്ങര വാരിയത്ത് ഉണ്ണികൃഷ്ണവാരിയർ. അമ്മ: ഇടക്കുന്നിവാരിയത്ത് മാധവി വാരസ്യാർ. ഭര്‍ത്താവ്: ഡോ. എസ്. സതീശ്. മക്കള്‍: അരവിന്ദ്, പ്രഹ്ളാദ്.
■■■








