”മരണാസന്നനായ മനുഷ്യന്റെ ചുണ്ടുകളിൽ മാത്രമേ സത്യംകുടിയിരിക്കുകയുള്ളൂ.”
– മാത്യു അർനോൾഡ്

തിനെട്ടാം നൂറ്റാണ്ടിലെ വിശ്വവിഖ്യാത ആംഗലേയ എഴുത്തുകാരൻ. ലോകോത്തരകൃതികളായ ഡോവർ ബീച്ച്, ദ സ്കോളർ ജിപ്സ്. തൈർസിസ്, കൾച്ചർ ആൻഡ് അനാർക്കി, ലിറ്ററേച്ചർ ആൻഡ് ഡോഗ്മ തുടങ്ങി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഏറിയ പങ്കും, വിക്ടോറിയൻ കാലത്ത് ഏറെ പ്രചാരമുണ്ടായിരുന്ന ‘സേജ് റൈറ്റിംഗ്’ എന്ന ക്രിയേറ്റീവ് നോൺ ഫിക്ഷൻ വിഭാഗം രചനകളാണ്.

1822 ഡിസംബർ 24ന്, ലണ്ടനിൽനിന്നും 27 കിലോമീറ്റർ അകലെ, തേംസ് നദീ തീരത്തു സ്ഥിതിചെയ്യുന്ന ലാലേഹം എന്ന ഗ്രാമത്തിലായിരുന്നു അർനോൾഡ് ജനിച്ചത്. ഇംഗ്ളണ്ടിലെ വാർവിക്ഷയറിലെ റഗ്ബി സ്‌കൂളിലെ ഹെഡ്മാസ്റ്ററും പ്രശസ്ത വിദ്യാഭ്യാസവിചക്ഷകനും ചരിത്രകാരനുമായിരുന്ന തോമസ് അർനോൾഡ്, നോട്ടിംഗ്ഹാംഷെയറിലെ ഫ്ലെഡ്ബറോ നോൾസിലെ വികാരിയായിരുന്ന ജോൺ പെൻറോസിന്റെ മകൾ മേരി പെൻറോസ് എന്നിവരാണ് മാതാപിതാക്കൾ. ‘തോമസ് അർനോൾഡ് ദ യങ്ങർ’ എന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച സാഹിത്യ പണ്ഡിതൻ ടോം അർനോൾഡ്, ഇംഗ്ളണ്ടിലെ മറ്റൊരു പ്രധാന എഴുത്തുകാരനും കൊളോണിയൽ അഡ്മിനിസ്ട്രേറ്ററുമായ വില്യം ഡെലാഫീൽഡ് അർനോൾഡ് എന്നിവർ താഴെയുള്ള സഹോദരന്മാരാണ്. ഇവരെ കൂടാതെ ഏഴ് പേർകൂടി സഹോദരങ്ങളായിയുണ്ട്.

1888 ഏപ്രിൽ പതിനഞ്ചിന്, അമേരിക്കയിലുള്ള മകളെ കാണാൻ പോകുന്നതിനിടെ സംഭവിച്ച ഹൃദയാഘാതത്തെതുടർന്ന്, അറുപത്തഞ്ചാമത്തെ വയസ്സിലായിൽ മെഴ്സിസൈഡിലെ ലിവർപൂൾ നഗരത്തിൽ വെച്ചായിരുന്നു അന്ത്യം. ഇംഗ്ളണ്ടിലെ കിങ്‌സ് ബെഞ്ചിൽ ജഡ്ജിയായിരുന്ന വില്യം വൈറ്റ്മാന്റെ മകൾ ഫ്രാൻസിസ് ലൂസിയാണ്, ഭാര്യ. മക്കൾ: തോമസ്, ട്രെവേനെൻ വില്യം, റിച്ചാർഡ് പെൻറോസ്, ലൂസി ചാർലറ്റ്, എലീനർ മേരി കരോലിൻ, ബേസിൽ ഫ്രാൻസിസ്.

വിക്ടോറിയൻ കാലഘട്ടത്തിലെ അഗ്രഗണ്യരായ വിശ്വഎഴുത്തുകാരിൽ മുൻനിരയിലാണ്, കവി, സാമൂഹ്യചിന്തകൻ, നിരൂപകൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അർനോൾഡിന്റെ സ്ഥാനം. അക്കാലത്തെ കവിശ്രേഷ്ഠരായ ആൽഫ്രഡ് ടെന്നിസൺ, റോബർട്ട് ബ്രൗണിങ് എന്നിവർക്കൊപ്പമാണ് ആർനോൾഡിനെയും ലോകം വിലയിരുത്തുന്നത്.

ബാല്യക്കാലത്ത്, വിശ്വവിഖ്യാത കവി വില്യം വേഡ്‌സ്‌വർത്തുമായി അടുത്തിടപഴകാനുള്ള ഭാഗ്യമുണ്ടായി മാത്യു അർനോൾഡിന്. ആ സമയം കുറച്ചുനാൾ, വില്യം വേഡ്‌സ്‌വർത്തിന്റെ അയല്പക്കത്തു താമസിക്കുകയുണ്ടായി മാത്യു അർനോൾഡ്. 1831ൽ, അമ്മാവനായ ഫാദർ ജോൺ ബക്ക്ലാൻഡിന്റെ കീഴിലായിരുന്നു ആർനോൾഡിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്, വിൻചെസ്റ്റർ, റഗ്ബി എന്നീ സ്‌കൂളുകളിലായി പഠനം. പതിനേഴാം വയസിൽ, ഓക്സ്‌ഫോർഡിലെ ബല്ലിയോൾ കോളേജിൽനിന്നും മെട്രിക്കുലേഷൻ പാസായി. 1844ൽ, ഇവിടെ നിന്നും ബി. എ. ഡിഗ്രിയും എടുത്തു. പിന്നീട്, ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ കവിതാ വിഭാഗം പ്രൊഫസറായി മാത്യു നിയമിക്കപ്പെടുകയുണ്ടായി. അക്കാലത്ത് യൂണിവേഴ്സിറ്റികളിൽ ലാറ്റിൻ ഭാഷയിൽ മാത്രമാണു ക്ളാസുകളെടുക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ, മാത്യു നിയമിതനായതോടെ ഈ വ്യവസ്ഥിതിക്ക് അറുതി വന്നു. മാത്യു ഇംഗ്ളീഷിലാണു ക്ളാസുകളെടുത്തത്. അങ്ങനെ, ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ ഇംഗ്ളീഷിൽ ക്ളാസുകളെടുത്ത ആദ്യത്തെ അധ്യാപകനായും മാത്യു അർനോൾഡിനെ ചരിത്രം രേഖപ്പെടുത്തി.

ആദ്യ രചന:

റഗ്ബി സ്‌കൂളിൽ പഠിക്കുമ്പോൾ, 1840ൽ, ‘അലാറിക് അറ്റ് റോം’ എന്ന പേരിൽ മുപ്പത്തെട്ട് ചെറുകവിതകൾ എഴുതി സ്‌കൂൾ മത്സരത്തിൽ വായിക്കുകയും അതിനു സമ്മാനം ലഭിക്കുകയും ചെയ്തു. സാഹിത്യലോകത്തേയ്ക്കുള്ള മാത്യുവിന്റെ ആദ്യത്തെ ചുവടുവെയ്പ്പായിരുന്നു അത്. അലാറിക് അറ്റ് റോമിലെ ഓരോ കവിതയിലും ആറ് വരികൾ വീതമാണ് അടങ്ങിയിരിക്കുന്നത്. ഓരോന്നിനും പ്രത്യേകം പേരുകൾ കൊടുക്കാതെ റോമൻ അക്കത്തിൽ ക്രമനമ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആത്മീയയ- പ്രവചന- ഉപദേശസ്വഭാവമുള്ള, ‘സേജ് റൈറ്റിംഗ്’ മാതൃക പിന്തുടരുന്ന ഇതിവൃത്ത സ്വീകരണമാണ് ഈ കവിതകളുടെ പൊതുസ്വഭാവം. 

അർനോൾഡിന്റെ മരണാനന്തരം, 1893ൽ കണ്ടെത്തിയ അലാറിക് അറ്റ് റോമിന്റെ ഇരുപത് കോപ്പികൾ തോമസ് ജെ. വൈസ് എന്ന വ്യക്തി പ്രൈവറ്റ് സർക്കുലേഷനായി പ്രിന്റ് ചെയ്യുകയുണ്ടായി. പില്ക്കാലത്ത്, അതിൽ അവശേഷിച്ചിരുന്ന നാല് പ്രിന്റുകളിൽ നിന്നാണ് അലാറിക് അറ്റ് റോമിനെ വായിക്കുവാൻ ലോകത്തിനു കഴിഞ്ഞത്.