മാർച്ച് 21; ലോക കവിതാ ദിനം:

2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, പ്രസാദ് കാക്കശ്ശേരി രചിച്ച ‘ഉയിർപച്ച’ എന്ന കവിത.

Uyirpacha Malayalam Poem by Prasad Kakkassery World Poetry Day 2025

ഉയിർപച്ച

വളഞ്ഞിട്ടാക്രമിക്കുകയാണെന്നോ
കാർന്നുതിന്നുകയാണെന്നോ
ആലങ്കാരികമായി പറയും
മനുഷ്യരിൽ നിക്ഷിപ്തമായ
ഹിംസയുടെ
സകല ശൈലീവിശേഷങ്ങളാലും .

എനിയ്ക്കതിലുണ്ടോ പരിഭവമോ
വേദനയോ
പരാതിയോ എന്നോർക്കാതെ.

ഞങ്ങൾക്കില്ലല്ലോ
തീയതും നല്ലതും വേറിട്ട തിരിവുകൾ,
വിദ്വേഷത്തിന്റെ വെട്ടിയകറ്റലും.

ഉണ്ട്
ഒരു മരച്ചില്ല;
മറ്റൊരുയിർപ്പച്ചയ്ക്ക് അഭയമാകുന്നതിന്റെ
നേരുകൾ.

വർഷാവർഷം പൂത്തുലഞ്ഞ്
കായ്ച്ചു നിന്ന മാവ്
ഇത്തവണ
പച്ചിലപ്പൂക്കാവടി ചൂടി
ഉലഞ്ഞാടി,
ഇത്തിൾക്കണ്ണിച്ചിരിയോടെ
അടക്കം പറഞ്ഞത്,
തണലു തെരഞ്ഞ് ചെന്ന ഒരു നട്ടുച്ചയ്ക്ക്!

World Poetry Day Prathibhavam

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹