സുറാബിന്റെ പുതിയ നോവൽ, 'കെകെ' ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരണം ആരംഭിച്ചു.
കോഴിക്കോട്: തന്റെ സൃഷ്ടികളിലൂടെ വടക്കേ മലബാറിലെ ഗ്രാമീണ പാരമ്പര്യത്തെയും സംസ്‌കാരത്തെയും തൊട്ടുണര്‍ത്തിയ, എഴുത്തിൽ അന്‍പത് വര്‍ഷം പൂര്‍ത്തീകരിച്ച സുറാബിന്റെ പുതിയ നോവൽ കെകെ, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ(ഫെബ്രുവരി 27, ലക്കം 26) ആരംഭിച്ചു.
നാല്പതോളം കൊല്ലക്കാലം പ്രവാസ ജീവിതത്തിന്റെ അതിതീക്ഷ്ണമായ ചൂടും തണുപ്പും കൊണ്ടിട്ടും കൊടും വേനലിന്റെ പര്യായങ്ങളായി ഈന്തപ്പനയായും ഒട്ടകമായും സ്വയം മാറേണ്ടി വന്നിട്ടും മനസ്സിന്റെ പച്ചോലത്തുമ്പിൽനിന്നും സമൃദ്ധിയോടെ തെളിഞ്ഞു വന്നിരുന്നത് നാട്ടിലെ തെങ്ങും കവുങ്ങും നാട്ടിടവഴികളും നാട്ടുമനുഷ്യരും തോടും പുഴയും കുരുവികളും മേഞ്ഞുനടക്കുന്ന പശുക്കളും കൂകിയുണർത്തുന്ന കോഴികളും കൂകിപ്പായുന്ന തീവണ്ടികളും ഒക്കെയായിരുന്നു. വടക്കേ മലബാറിലെ മുസ്‌ലിം ജീവിതം പരിചയപ്പെടുത്തിയ, പ്രഥമ നോവൽ ‘അഞ്ചില്ലം’ ഉൾപ്പെടെ സുറാബിന്റെ കഥകളിലും കവിതകളിലും മിഴിവോടെ നില്ക്കുന്നതും ഇതൊക്കെതന്നെ.
“കണ്ണിമാങ്ങ പെറുക്കും കാലം
കണ്ണീരിൻവിലയെന്തറിഞ്ഞു നാം,
ചവച്ചൊതുക്കിയ ചവർപ്പ് നീരുകൾ;
ചിരട്ടയിൽ തുപ്പി മണ്ണിട്ട കാലം!”
സുറാബിന്റെ ആദ്യത്തെ പ്രവാസകാല രചനയായ ‘ബാല്യം’ എന്ന കവിതയിലെ ഏതാനും വരികളാണിത്. കടുത്ത പ്രവാസ ജീവിതത്തെ രുചിച്ചുകൊണ്ടിരിക്കുമ്പോഴും നാട്ടിൽ പൂത്തുനില്ക്കുന്ന കണ്ണിമാങ്ങകളിലെ തന്റെ കണ്ണീരിനെകുറിച്ചാണ് ആ തൂലികയ്ക്കു പറയാനുണ്ടായിരുന്നത്. ചന്ദ്രിക വാരികയിലൂടെയായിരുന്നു ബാല്യവും വെളിച്ചം കണ്ടത്.
സുറാബ് സാഹിത്യത്തെ, “ബഷീര്‍ സാഹിത്യത്തിന്റെ നില്‍പ്പിലെ തുടര്‍ച്ചപോലെയാണ് സുറാബിന്റെ കൃതികൾ” എന്ന്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാളവിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. റഫീഖ് ഇബ്രാഹിം വിശേഷിപ്പിച്ചതും ഇക്കാരണങ്ങൾകൊണ്ടാകാം.
കൊച്ചിയിൽനിന്നും ഇറങ്ങിയിരുന്ന, ‘ഹിമ്മത്ത്’ മാസികയിൽ എഴുപത്തിമൂന്നിൽ അച്ചടിച്ചു വന്ന ‘മണിയറ’ എന്ന കവിതയിലൂടെയാണ്, സാഹിത്യലോകത്തെത്തിയത്. പിന്നീട്, മലയാളനാട് വാരിക തുടങ്ങിയ ആനുകാലികങ്ങളിലും മറ്റും കവിതകളും കഥകളും വരാൻതുടങ്ങി.
‘എഴുത്ത് വിശപ്പിനെ ശമിപ്പിക്കില്ല’ എന്ന തിരിച്ചറിവിൽ, ജീവിതം തേടി, 77ൽ പ്രവാസിയായി. ഷാർജയിൽ, കുക്കിന്റെ വിസയിലെത്തിയ സുറാബിനെ കാത്തിരുന്നത് അവിടത്തെ ജലസേചന- വൈദ്യുതി കാര്യാലയത്തിലെ ജോലിയായിരുന്നു. ടെലിഫോൺ ഓപ്പറേറ്റർ.
പിന്നീടുള്ള മൂന്നര പതിറ്റാണ്ട് എണ്ണഖനികളുടെയും ഈന്തപ്പനകളുടെയും ഭൂമികയെ തട്ടകമാക്കിയുള്ള എഴുത്തിന്റെ കാലമായിരുന്നു. എന്നാൽ, എഴുതിയതൊക്കെയും മലയാളനാടിന്റെ പൊക്കിൾകൊടിയെ കുറിച്ചുമാത്രമായിരുന്നു!
അതിന്റെ തുടർച്ചതന്നെയാണ്, കെകെയും. കെകെ തുടങ്ങുന്നതുതന്നെ, തെളിഞ്ഞൊഴുകുന്ന പുഴയും ഓട്ടു കമ്പനിയുമുള്ള, ആനകളും കുതിരകളും മനുഷ്യരും ഒരുപോലെ ജീവിക്കുന്ന ഒരു ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമത്തിന്റെ പേരാണ്, കെകെ. ആ ഗ്രാമത്തിലെ ഒരു തറവാടിന്റെ പേരും അതുതന്നെ. കരിമ്പുലിയും കഴുകന്മാരുമുള്ള വലിയൊരു തറവാടിന്റെ പേര്!
ഇതിൽകൂടുതൽ കെകെയിൽ എന്താണ് ഉള്ളതെന്നു ചോദിച്ചാൽ, കോട്ടയുണ്ട്. കോട്ടപ്രമുണ്ട്. യുദ്ധമുണ്ട്. വെടിവെപ്പുണ്ട്. പുഴയുണ്ട്. പൂക്കാലമുണ്ട്. പുകയില കൃഷിയുണ്ട്. അതിനിടുന്ന വളവും നാറ്റവും ഈച്ചകളുമുണ്ട്. കപ്പലോട്ടക്കാരുടെ ഭൂമിയുണ്ട്. നടക്കുമ്പോൾ തെന്നിപ്പോകുന്ന മനുഷ്യരുണ്ട്. തളങ്കര തൊപ്പിയുണ്ട്. അതിന്റെ കസവും മിനുപ്പും തുന്നലുകളുമുണ്ട്. കാലഹരണപ്പെട്ടുപോയ തറവാടുകളുണ്ട്. അതിൽ കത്തിച്ചുവെച്ച വിളക്കുകളും കെട്ടുപോയ ജീവിതങ്ങളുമുണ്ട്. മഹാകവി ഉബൈദ് മാഷുണ്ട്. നാടുവിട്ടുപോയ കുഞ്ഞിരാമൻനായരുണ്ട്. പള്ളിയും അമ്പലവുമുണ്ട്. തുള്ളലും ഉറഞ്ഞുതുള്ളലുമുണ്ട് എന്നും ‘കെകെ’ യെന്നാൽ കാസർകോടാണെന്നും തറപ്പിച്ചു പറയുന്നു നോവലിസ്റ്റ്.
എന്നാൽ, കെകെയിൽ ഇല്ലാത്തത് എന്താണെന്ന ചോദ്യത്തിന്, “കാസർകോട്” എന്നാണു നോവലിസ്റ്റിന്റെ മറുപടി. അതേസമയം, വായനയുടെ എല്ലാ വാതായനങ്ങളും കടന്നെത്തുമ്പോൾ ഈ സമസ്യയ്ക്ക് ഉത്തരമുണ്ടാകുമെന്നും ആമുഖമായി നോവലിസ്റ്റ് പറഞ്ഞു വെയ്ക്കുന്നുണ്ട്.
രാജേഷ് കെ. എടച്ചേരിയുടെ രംഗചിത്രങ്ങളുടെ അകമ്പടിയോടെയാണ്, കെകെ പുറത്തിറങ്ങുന്നത്.

പ്രതിഭാവം എഡിറ്റർ, ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.