അതീവരഹസ്യമായ ഒരു ഉടമ്പടിയിലെന്നവണ്ണം
ഞാൻ എത്തും മുമ്പേ ഇച്ഛാഭംഗത്തോടെ
സ്റ്റേഷൻ വിട്ടുപോയ തീവണ്ടി
പിന്നിലേക്ക് ഉറ്റു നോക്കുന്നുണ്ടായിരുന്നു
ഇനിയൊന്നും പറയണ്ട എന്ന്
ഉറപ്പിച്ച
ആ ദിവസം
വണ്ടി ഉപേക്ഷിക്കാൻ തീരുമാനിച്ച
സമയത്തെക്കുറിച്ചോർക്കുകയും
എത്രയും
വേഗത്തിൽ അയാളുടെ
അടുത്തു നിന്ന്
വിട്ടുപോകണമെന്ന് ഉറച്ചതിനെയുംകുറിച്ച്
ഇനി ഒന്നും ഓർക്കേണ്ട
എന്നതു മാത്രം ഓർത്തു.
”കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക്”
എന്ന്
എപ്പോഴും പറയാനുള്ള, ഒരാളോട്
എന്നോളം എത്താത്ത ഏകാന്തതയെക്കുറിച്ചും
അത്രയൊന്നും ഒച്ച കേൾപ്പിക്കാത്ത
കരച്ചിലുകളെക്കുറിച്ചും
ഒന്നും പറയേണ്ടതില്ല
എന്ന് കരുതിയിരുന്നു.
ഒറ്റ ഉറക്കം കൊണ്ട് വരച്ചെടുത്ത
പക്ഷികൾക്ക്
കൊക്കുകളില്ലാതിരുന്നിട്ടുമവർ
ചിലച്ചു കൊണ്ടേയിരുന്നു.
അത് എത്രമേൽ ഹൃദയമിടിപ്പുകളെ
ആന്തലിലേക്കാക്കിയെന്നോ!
ഉറക്കത്തിൽ വരച്ച പക്ഷികളെ
ഉറക്കത്തിൽ തന്നെ
പറത്തി വിടണമെന്ന് തീരുമാനിച്ചു.
ഉറക്കത്തിൽ തന്നെ അവ
പറന്ന് പോയി.
പ്രണയവും ജീവിതവും പറയാൻ മറന്നു പോയ
ഒരുവൻ
മരണശേഷം വന്നു.
അവൻ പാടുമ്പോൾ പക്ഷികൾക്ക് മാത്രം
കേൾക്കാവുന്ന ഒച്ച
പക്ഷേ
ഞാനും കേൾക്കുന്നുണ്ടല്ലോ എന്ന തോന്നൽ
കൂട്ടത്തിൽ പഠിച്ച ഒരുവൾ കൈയിലും ഉടുപ്പിലും
കരിപുരണ്ടിരിക്കുന്നല്ലോ
എന്ന് പരിഭവിച്ച്
എനിക്ക് ഒരിറ്റ്
വെള്ളം തരാൻ
മടിക്കുന്നു
മരിച്ചവർ
മുറ്റത്ത് പടർന്ന മാന്തണലിലിരുന്ന്
കടല കൊറിക്കുന്നു.
മണലിൽ വറുത്തെടുത്ത
കടലമണി പോലുള്ള
ഉടലുകൾ
വീണ്ടും വീണ്ടും
വഴിയിൽ വച്ച് എന്നെ തന്നെ കണ്ടുമുട്ടിയപ്പോൾ
“ശരി വേറൊന്നുമില്ലല്ലോ എന്നാൽ പിന്നെ കാണാം”
എന്ന് പറയുന്നതും
“കാണണോ”
എന്നൊരു മറുചോദ്യമുയർത്തിയ
പതിനൊന്നരയുടെ തീവണ്ടി
അതീവരഹസ്യമായ
ഒരു ഉടമ്പടിയിലെന്നവണ്ണം
ഞാനെത്തും മുമ്പേ ഇച്ഛാഭംഗത്തോടെ
സ്റ്റേഷൻ വിട്ടുപോയി
സമയത്തെപ്പോലെ
തീവണ്ടിയും
പിന്നിലേക്ക് തിരിഞ്ഞ്
എന്നെ നോക്കുന്നുണ്ടായിരുന്നത്രെ…
അങ്ങനെയാണ് ഞാൻ
സമയത്തിൽ നിന്നും അടർന്ന് വീണത്