ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ ആറാം ഭാഗം; ‘കൃഷ്ണ ദേവരായർ; ഒരു നനുത്ത സ്പർശം.’
കൊട്ടാരത്തിനുള്ളിൽത്തന്നെ ഉണ്ടായിരുന്ന ശത്രുക്കളെക്കുറിച്ച് കൃഷ്ണ ദേവരായർക്ക് വലിയ അറിവുണ്ടായിരുന്നില്ല. തിരിച്ചുവന്ന അദ്ദേഹത്തെ കാത്തിരുന്നത് മകനെ ആരോ വിഷം കൊടുത്ത് കൊലപ്പെടുത്തിയ വാർത്തയാണ്. തന്നെ ഏല്പിച്ചു പോയ യുവരാജാവിനെ രക്ഷിക്കാൻ കഴിയാത്ത കുറ്റബോധം കൊണ്ട് തിമ്മരസു മന്ത്രിസ്ഥാനമൊഴിഞ്ഞു.
ഹംപിയിലെ അടുത്ത സന്ദർശനം ലക്ഷ്മീ നരസിംഹപ്രതിഷ്ഠ കാണാനായിരുന്നു. കൃഷ്ണ ക്ഷേത്രത്തിനു സമീപമാമുള്ള ഈ പ്രതിഷ്ഠയ്ക്ക് തൊട്ടടുത്തുതന്നെ ബദവിലിംഗ(ശിവലിംഗ) പ്രതിഷ്ഠയുമുണ്ട്.
ഒറ്റക്കല്ലിൽ, ആറര മീറ്റർ ഉയരത്തിൽ കൊത്തിയെടുത്തതാണ് നരസിംഹമൂർത്തിയുടെ ശില്പം. മേൽക്കൂരയില്ലാത്ത അമ്പലമാണിത്. വിഷ്ണുഭഗവാന്റെ ശയ്യയായ, സർപ്പശ്രേഷ്ഠൻ ആദിശേഷന്റെ മടക്കിവെച്ച ഉടലിനു മുകളിൽ യോഗാസനത്തിലാണ് ലക്ഷ്മീനരസിംഹപ്രതിഷ്ഠ. ഏഴുശിരസ്സുള്ള സർപ്പം വിഗ്രഹത്തിനു കുടപിടിച്ചു നിൽക്കുന്നു.
സാധാരണ ഗതിയിൽ, നരസിംഹപ്രതിഷ്ഠ എന്നു കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത്, ഹിരണ്യകശിപുവിനെ കൊന്ന ഉഗ്രരൂപത്തെയാകും. എന്നാൽ, ഈ പ്രതിഷ്ഠ അതിൽ നിന്നും തികച്ചും വിഭിന്നമാണ്. ഇവിടെത്തെ ‘നരസിംഹം’, ലക്ഷ്മി നരസിംഹമാണ്. ലഷ്മീ ദേവിയെ മടിയിൽ ഇരുത്തിയ ശാന്തസ്വരൂപനായ നരസിംഹമൂർത്തിയുടേതാണ് ഈ ശില്പമെന്നാണ് പറയപ്പെടുന്നത്. പക്ഷെ, നരസിംഹത്തിന്റെ അരയിൽ ചുറ്റിയ ഒരു കൈയുടെ ഭാഗമല്ലാതെ ലഷ്മീ ദേവിയുടെ മറ്റൊരു അടയാളവുമില്ല. കൈതന്നെ കാണാൻ വളരെ ശ്രദ്ധിച്ചു നോക്കണം. ഒരുപക്ഷെ, കാലപ്രയാണത്തിൽ ശില്പത്തിനു സംഭവിച്ച ക്ഷതങ്ങൾ ലഷ്മീ ദേവിയുടെ മറ്റ് അടയാളങ്ങളെ നശിപ്പിച്ചിരിക്കാം.
കൃഷ്ണദേവരായരുടെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്. അങ്ങോട്ടുള്ള യാത്രയിൽ കൃഷ്ണകുമാർ കൃഷ്ണദേവരായരുടെ ചരിത്രം വിസ്തരിച്ച് പറഞ്ഞുകൊണ്ടിരുന്നു. മിക്കവാറും എല്ലാ രാജാക്കന്മാരെയും പോലെ വെട്ടിപ്പിടിക്കലുകളുടെയും യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും സ്വന്തമാക്കലുകളുടെയും കഥയാണെങ്കിലും കൃഷ്ണകുമാറിന്റെ കഥാകഥനം സൂപ്പറായിരുന്നതിനാൽ കൃഷ്ണദേവന്റെ കഥ ശ്രദ്ധിച്ചു കേട്ടു. നല്ല രസമുള്ള കഥയാണ്. ഒപ്പം, അതൊരു സങ്കട കഥയും കൂടിയാണ്.
ചരിത്രപാഠപുസ്തകങ്ങളിൽ പരിചയപ്പെട്ട വീരശൂരപരാക്രമിയും വിജയനഗരസാമ്രാജ്യത്തിന്റെ കീർത്തി ലോകമെമ്പാടും എത്തിച്ച ചക്രവർത്തിയും മാത്രമായിരുന്നില്ല കൃഷ്ണകുമാർ പറഞ്ഞ കഥയിലെ കൃഷ്ണദേവരായർ. AD 1509 മുതൽ 1529 വരെയുള്ള 20 വർഷമാണ് അദ്ദേഹത്തിൻ്റെ ഭരണകാലം. മുഗൾ വംശത്തിന്റെ പതനശേഷം, ഇന്ത്യയിലെ കണ്ട ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപൻ. മഹാരാജാധിരാജ, കന്നടരാജ്യരാമ രാമണ, ആന്ധ്രഭോജ, അഭിനവഭോജ തുടങ്ങിയ പല ബഹുമതിപ്പേരുകളും കൃഷ്ണദേവരായർക്കുണ്ടായിരുന്നു. വിജയനഗരം സന്ദർശിച്ച പോർത്തുഗീസ് സഞ്ചാരി ഡോമിങ്കോ പയസിന്റെ യാത്രാ വിവരണത്തിൽ, വിജയനഗരം റോമിനേക്കാൾ ശ്രേഷ്ഠമായ സാമ്രാജ്യമാണെന്നും കൃഷ്ണദേവരായർ മഹാനായ ചക്രവർത്തിയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, അക്കാലത്തെ പല യാത്രാവിവരണങ്ങളിലും കൃഷ്ണദേവരായരുടെ കാലഘട്ടം വിജയനഗരത്തിന്റെ സമൃദ്ധിയുടെ കാലഘട്ടമായി അടയാളപ്പെടുത്തിയിട്ടുള്ളതായും പറയപ്പെടുന്നു.
നല്ലൊരു ഭരണകർത്താവും ശക്തനായ രാജതന്ത്രജ്ഞനും എന്നതുപോലെ കൃഷ്ണദേവരായർ നല്ലൊരു പോരാളിയുമായിരുന്നു. പ്രധാനമന്ത്രി തിമ്മരസുവായിരുന്നു അദ്ദേഹത്തിൻ്റെ പിൻബലം. കലയ്ക്കും സാഹിത്യത്തിനും ഏറെ പ്രോത്സാഹനം കൊടുത്തിരുന്ന അദ്ദേഹത്തിൻ്റെ സദസ്സിലാണ് അതീവ ബുദ്ധിമാനും സൂത്രക്കാരനുമായിരുന്ന തെന്നാലിരാമനെപ്പോലുള്ള ഉപദേഷ്ടകരും പുരന്തരദാസനെയും അന്നമാചാര്യയെപ്പോലെയുമുള്ള സംഗീതജ്ഞരും കവികളും ഉണ്ടായിരുന്നത്. കൃഷ്ണദേവരായരും ഒരു നല്ല കവിയും ബഹുഭാഷാപണ്ഡിതനുമായിരുന്നു. അമുക്തമാല്യദ, വാസുചരിത, ജാംബവതീ പരിണയം തുടങ്ങിയ തെലുങ്കു കൃതികളും സംസ്കൃതത്തിൽ എഴുതിയ മദാലസ വിജയം, സകലകലാവല്ലഭാഞ്ജിക തുടങ്ങിയ കൃതികളും കൃഷ്ണദേവരായരുടെതാണ്.
കൃഷ്ണ ദേവരായർക്ക് അനേകം ഭാര്യമാർ ഉണ്ടായിരുന്നുവെങ്കിലും ശ്രീരംഗപട്ടണത്തിലെ രാജകുമാരി തിരുമല ദേവിയും കൊട്ടാരം നർത്തകി ചിന്നാദേവിയുമായിരുന്നു പ്രധാന ഭാര്യമാർ. അതിൽ തിരുമല ദേവിയിലുണ്ടായ മകനായിരുന്നു അനന്തരാവകാശി. യുദ്ധങ്ങൾ അനേകം ജയിക്കുകയും സമീപപ്രവിശ്യകൾ വെട്ടിപ്പിടിക്കുകയും ചെയ്ത കൃഷ്ണദേവരായർ 1524ൽ, മകനെ വളരെ ചെറിയ പ്രായത്തിൽ യുവരാജാവായി അഭിഷേകം ചെയ്യുകയും അയാളുടെ സംരക്ഷണം തന്റെ വിശ്വസ്തമന്ത്രിയായ തിമ്മരസുവിനെ ഏൽപ്പിക്കുകയും ചെയ്ത് യുദ്ധക്കളത്തിലേക്ക് പോയി.
പക്ഷേ അന്നേരം കൊട്ടാരത്തിനുള്ളിൽത്തന്നെ ഉണ്ടായിരുന്ന ശത്രുക്കളെക്കുറിച്ച് കൃഷ്ണ ദേവരായർക്ക് വലിയ അറിവുണ്ടായിരുന്നില്ല. തിരിച്ചുവന്ന അദ്ദേഹത്തെ കാത്തിരുന്നത് മകനെ ആരോ വിഷം കൊടുത്ത് കൊലപ്പെടുത്തിയ വാർത്തയാണ്. തന്നെ ഏല്പിച്ചു പോയ യുവരാജാവിനെ രക്ഷിക്കാൻ കഴിയാത്ത കുറ്റബോധം കൊണ്ട് തിമ്മരസു മന്ത്രിസ്ഥാനമൊഴിഞ്ഞു. കൃഷ്ണ ദേവരായരുടെ അർദ്ധ സഹോദരൻ അച്ചുത ദേവരായർ മന്ത്രിസ്ഥാനമേറ്റെടുക്കുകയും രാജാവിൻ്റെ അറിവോടെയല്ലാതെ തിമ്മരസുവിനെ അന്ധനാക്കുകയും ജയിലിൽ അടക്കുകയും ചെയ്തു. തിമ്മരസുവിനെ തടവിലിട്ട ആ ജയിൽ ഇന്നുമുണ്ട്.
രാജ്യത്തോടും രാജാവിനോടും എന്നും കൂറു പുലർത്തിയിരുന്ന, താൻ അച്ഛനെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത തിമ്മരസുവിന് നേരിട്ട ദുരന്തത്തിലും മകൻ മരിച്ച ദുഃഖത്തിലും മനംനൊന്ത് കൃഷ്ണ ദേവരായർ കടുത്ത വിഷാദത്തിലാവുകയും ശയ്യാവലമ്പിയായി അകാലത്തിൽ മരണമടയുകയും അച്ചുത ദേവരായർ സ്ഥാനമേൽക്കുകയും ചെയ്തു.
വൈകാതെ വിജയനഗരം ആദിൽഷാ നയിച്ച തളിക്കോട്ട യുദ്ധത്തിൽ പരാജയപ്പെടുകയും തുടർന്നുള്ള ആക്രമണത്തിനിരയായി നശിച്ചുപോവുകയുമാണുണ്ടായത്. ഒരു വർഷത്തോളം നീണ്ടു നിന്ന തകർക്കലിനുശേഷം നൂറ്റാണ്ടുകളോളം അവിടം അവഗണിക്കപ്പെട്ടു കിടന്നു. 1984 ലാണ് ഹംപിയിൽ ഉദ്ഘനനം നടന്നതും ഇന്നു കാണുന്ന ഹംപിയിലേക്ക് സന്ദർശകർ വരാൻ തുടങ്ങിയതും.
വലിയൊരു ഭൂപ്രദേശത്ത് പലയിടത്തായി വ്യാപിച്ചു കിടക്കുന്ന ഹംപിയെ ഒരു ദിവസം കൊണ്ട് കാണുകയും അറിയുകയും ചെയ്യുക അസാദ്ധ്യമാണെന്നതിനാൽ പ്രധാന സ്ഥലങ്ങൾ മാത്രമേ കൃഷ്ണകുമാർ പരിചയപ്പെടുത്തിയുള്ളൂ. അതുകൊണ്ടു തന്നെ, തിമ്മരസുവിനെ തടവിലിട്ട ആ ജയിൽ കാണാൻ ആഗ്രഹമുണ്ടായെങ്കിലും ‘ഒറ്റ ദിവസം കൊണ്ടുള്ള ഹംപി ചുറ്റിക്കാണൽ യത്നത്തിൽ’ നിന്നും ആ ആഗ്രഹം ഒഴിവാക്കേണ്ടാതായി വന്നു.

സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.