Published on: March 15, 2025
തകഴി സാഹിത്യ പുരസ്കാരം ഡോ. കെ. പി. സുധീരയ്ക്ക്
അമ്പലപ്പുഴ: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക്, സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള തകഴി സ്മാരക ട്രസ്റ്റ് നല്കിവരുന്ന സാഹിത്യ പുരസ്കാരത്തിനു ഡോ. കെ. പി. സുധീര അർഹയായി.
മുൻമന്ത്രി ജി. സുധാകരൻ ചെയർമാനായ സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശങ്കരമംഗലത്തുവെച്ച് ഏപ്രിൽ 17നു നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണം നടത്തുമെന്നു ട്രസ്റ്റ് സെക്രട്ടറി കെ. ബി. അജയകുമാർ അറിയിച്ചു.
ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സുധീര, നോവൽ, കഥ, കവിത, ബാലസാഹിത്യം, വിവർത്തനം, യാത്രാവിവരണം തുടങ്ങിയ സാഹിത്യശാഖകളിൽ എൺപതിൽപരം കൃതികൾ രചിച്ചിട്ടുണ്ട്. 2022ൽ, കേരള സാഹിത്യ അക്കാദമിയുടെ ‘സാഹിത്യ സമഗ്രസംഭാവനാ പുരസ്കാരം’ ലഭിച്ചിരുന്നു.









