Published on: January 3, 2026

പോലീസ് ബസാറിൽ ഒരു റോന്തുചുറ്റൽ
ആ ചാറ്റൽമഴയിലൂടെ, ബസാർ റോഡിനപ്പുറത്തെ, മലമ്പുഴയുടെ സമീപപ്രദേശമായ ‘കവ’യെ അനുസ്മരിപ്പിക്കും വിധം പ്രകൃതിരമണീയമായി നില്ക്കുന്ന തടാകത്തെയും(പേര് ഓർമ്മയില്ല) കണ്ടാസ്വദിച്ച് ഞങ്ങളുടെ വാഹനം പതിയെ മടങ്ങി, ഉമിയാ തടാകത്തടങ്ങളെ ലക്ഷ്യമാക്കികൊണ്ട്…
ഉംഗോട്ട് നദീത്തടങ്ങളിൽ നിന്നുള്ള ആ മടക്കയാത്ര ചെന്നെത്തിയത് ലാകാസിൽ റെസിഡൻസിയിൽ ആണ്. അന്നു രാത്രി സ്റ്റേ അവിടെയാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഉംഗോട്ട്(ദൗകി) സന്ദർശനത്തിനു ശേഷം അടുത്ത സ്ഥലം ചാർട്ട് ചെയ്തിരിക്കുന്നത് പ്രശസ്തമായ ഷില്ലോങ് പോലീസ് മാർക്കറ്റാണ്. പക്ഷെ, ആ മടക്കയാത്രയിൽ അവിടെയെത്താനുള്ള സമയം കിട്ടിയില്ല.
ലാകാസിൽ റെസിഡൻസിയിൽ എത്തുമ്പോൾ വൈകുന്നേരം ആറ് ആറര മണി കഴിഞ്ഞിരുന്നു. അതിനുള്ളിൽ തന്നെ അന്തരീക്ഷം മഞ്ഞിൻ പുതപ്പണിയാൻ തുടങ്ങിയിരുന്നു. റൂമിലെത്തി നല്ല ചൂടുവെള്ളത്തിൽ കുളികഴിഞ്ഞപ്പോൾ യാത്രാ ക്ഷീണമെല്ലാം മാറി. അനുവാദത്തിന് കാത്തുനില്ക്കുന്ന തണുത്ത കാറ്റ്, ജനൽപാളികളിൽ തട്ടിനോക്കുന്നതിന്റെ ലക്ഷണമെന്നോണം ജനൽപാളികൾ മഞ്ഞിൻ പുകയേറ്റ് വിയർത്തു കിടക്കുന്നു. പരിസരത്തെ വീടുകൾ ഇരുട്ടിനെ പുണർന്ന്, നിശബ്ദതയിൽ പൂണ്ടിരുന്നു.
അത്താഴത്തിനു ശേഷം, ഹാളിൽ ഒത്തുകൂടിയപ്പോൾ സ്കിൻ ഡീസീസിനെകുറിച്ച് ഡോ. പത്മകുമാറിന്റെ ക്ലാസ്സ്. പിന്നെ, അല്പസ്വല്പം നാട്ടുവർത്തമാനോം അന്നത്തെ പ്രോഗ്രാം അവലോകനവും പിറ്റേ ദിവസത്തെക്കുള്ള ഒരു ചെറു യാത്രാ ചർച്ചയും തയ്യാറെടുപ്പുകളും. അതിനുശേഷം എല്ലാരും ഉറങ്ങാൻ തയ്യാറെടുത്തു.
രാവിലെ, പ്രഭാതഭക്ഷണത്തിന് ശേഷം ഷില്ലോങ്ങിലെ പോലീസ് ബസാറിലേക്ക്…
മേഘാലയക്കാരുടെ പ്രധാനപെട്ട ഒരു ഷോപ്പിംഗ് കേന്ദ്രമാണ് ഇവിടം. ഷില്ലോംഗിലെ ഏറ്റവും പഴയതും വലിയതുമായ മാർക്കറ്റാണ്, ഖൈൻഡൈലാഡ് എന്നും വിളിക്കുന്ന പോലീസ് ബസാർ. മേഘാലയ സന്ദർശനത്തിൽ, പർച്ചേസിംഗിൽ തല്പരരായ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ് ഈ മാർക്കറ്റ്.
ഒട്ടുമിക്ക ശൈത്യമേഖലകളിലും പോലെ ഇവിടത്തെയും പ്രധാന ആകർഷണം കമ്പിളി വസ്ത്രങ്ങളും പ്രാദേശിക ട്രെൻഡി വസ്ത്രങ്ങളും നാടൻ പഴവർഗ്ഗങ്ങളും തദ്ദേശീയ ഭക്ഷണ- പാനീയ വിഭവങ്ങളും തന്നെയാണ്. വ്യത്യസ്ത തരം മുളകുകൾ കൊണ്ടുള്ള വിഭവങ്ങൾ ഏറെ രുചികരമാണ്. ഖാസിക്കാരുടെ പരമ്പരാഗത കൈത്തറി- കരകൗശല വസ്തുക്കളും മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റുകളും ധാരാളമായി വിറ്റുപോകുന്നുണ്ടെന്ന് സ്റ്റാളുകളിലെ തിരക്ക് കണ്ടപ്പോൾ മനസിലായി.
പരമ്പരാഗത സ്റ്റാളുകൾക്ക് പുറമെ ധാരാളം ആധുനിക സ്റ്റാളുകളും ഉള്ള ഈ മാർക്കറ്റ് സദാസമയവും തിരക്കേറിയതാണ്. രാവിലെ പത്തുമണി മുതൽ രാത്രി ഒമ്പതര- പത്ത് വരെ ഇവിടം ഉണർന്നിരിക്കും. വൈകുന്നേരത്തോടെ തെളിയുന്ന നിയോൺ ബൾബുകളിൽ പോലീസ് ബസാർ കൂടുതൽ മനോഹരമാകുമെന്ന് കേട്ടറിഞ്ഞു. സന്ദർശിച്ചു തീരാൻ ഇനിയും സ്ഥലങ്ങൾ ബാക്കിയുള്ളതിനാലും ഈ ഭാഗത്തേക്കുള്ള പ്രോഗ്രാം ടൈം അപ്പോഴായിരുന്നതിനാലും രാത്രി മഞ്ഞിൽ നിയോൺ നക്ഷത്രങ്ങളുടെ കണ്ണിഞ്ചിക്കുന്ന ശോഭയിൽ കുളിച്ചു നില്ക്കുന്ന പോലീസ് ബസാറിനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കില്ലാതെ പോയി.
ബസാറിലെ ഷോപ്പിങ്ങിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെയാണ് ഞങ്ങൾ സമയം ചാർട്ട് ചെയ്തിരുന്നതെങ്കിലും ടൂറംഗങ്ങൾ എല്ലാരും തിരിച്ചെത്തുമ്പോൾ രണ്ടു മണിയായി. ഷോപ്പ് ചെയ്ത പലരും വലിയ വലിയ ക്യാരി ബാഗുകൾ തൂക്കിപിടിച്ചാണ് വന്നത്. കയ്യിലൊതുങ്ങാവുന്ന സാധനങ്ങളുമായി ഞാനും വണ്ടിയിൽ കയറി. അപ്പോഴേക്കും ചെറിയ ചാറ്റൽമഴ തുടങ്ങിയിരുന്നു. ആ ചാറ്റൽമഴയിലൂടെ, ബസാർ റോഡിനപ്പുറത്തെ, മലമ്പുഴയുടെ സമീപപ്രദേശമായ ‘കവ’യെ അനുസ്മരിപ്പിക്കും വിധം പ്രകൃതിരമണീയമായി നില്ക്കുന്ന തടാകത്തെയും(പേര് ഓർമ്മയില്ല) കണ്ടാസ്വദിച്ച് ഞങ്ങളുടെ വാഹനം പതിയെ മടങ്ങി, ഉമിയാ തടാകത്തടങ്ങളെ ലക്ഷ്യമാക്കികൊണ്ട്…
തുടരും…











