കോവിഡ്​ മഹാമാരി കാലത്താണ്​
ധർമ്മൻ കുഞ്ഞച്​ഛനും
പ്രസാദ്​ അമ്മാവനും
അടുത്ത വീട്ടിലെ കൃഷ്​ണൻ ചേട്ടനും
സുഹൃത്ത്​ വിപിൻ ചന്ദും
എസ്​.പി ബാലസുബ്രഹ്​മണ്യവും
അർജ്ജുനൻ മാസ്​റ്ററും
അടക്കം എനിക്കേറെ പ്രിയപ്പെട്ട ഒരുപാടു പേർ
ഈ ലോകം വിട്ട് പോയത്​.

ആ നാളുകളിൽ ഓരോ മരണ വാർത്തയെത്തുമ്പോഴും
ഞാനേറെ സങ്കടപ്പെട്ടിട്ടുണ്ട്.
എന്നാലെന്തു കൊണ്ടോ ഞാനന്നൊന്നും
കരഞ്ഞതായി​​ ഓർക്കുന്നില്ല.

അങ്ങനെ കോവിഡ്​ കാലത്തൊരു നാൾ
പതിവ്​ കാറ്റും മഴയുമുള്ള ഒരു വൈകുന്നേരം
വലിയൊരു ശബ്​ദത്തോടെ തീർത്തും അപ്രതീക്ഷിതമായി
ഞങ്ങളുടെ കശുമാവ്​ നിലം പൊത്തുകയായിരുന്നു.​

വീടിന്റെ ഉമ്മറത്ത്​ ഇരിക്കുന്ന
ഞാനും ഭാര്യയും മകനും ഒരു ​പോലെ ആ വീഴ്​ച്ചയുടെ
ശബ്​ദം കേട്ടു.
ഏറെ പ്രായമായിട്ടും പതിവായി കായ്​ഫലം
നൽകിക്കൊണ്ടിരുന്ന
കശുമാവ്​ വീണതിൽ ഭാര്യക്കും മകനും
നല്ല വിഷമമുള്ളതായി തോന്നി.

പക്ഷെ അവരിരുവരും കരഞ്ഞൊന്നുമില്ല.
പക്ഷെ ഞാൻ മാ​ത്രം നൊന്തു കരഞ്ഞു.
വെറും കരച്ചിലൊന്നുമായിരുന്നില്ലയത്​,
പൊട്ടിപ്പൊട്ടി ഏങ്ങലടിച്ചുള്ള മഹാരോദനം.

പെറുക്കിയെടുക്കാത്ത കശുവണ്ടി
കരിയിലകൾക്കിടയിൽ മുളപൊട്ടി നിൽക്കുന്നത്​
ഏറെ ചന്തമുള്ളൊരു കാഴ്​ച്ചയാണ്​.
പലകുറി അതിന്റെ ഫോ​ട്ടോയെടുത്ത്​
എഫ്​.ബി പോസ്​റ്റായിട്ട്​ സായൂജ്യമടഞ്ഞിട്ടുണ്ട്​ ഞാൻ.

കശുവണ്ടി മുള പച്ചക്ക്​ പൊട്ടിച്ചെടുത്ത്​
കിളുന്തായി തിന്നുന്നതിലായിരുന്നു
ഭാര്യക്ക്​​ താൽപ്പര്യം.
അതിനെ മെഴുക്ക്​ പുരട്ടിയും
വറുത്തരച്ച തീയലുമാക്കി പരിവർത്തിപ്പിക്കുന്നതായിരുന്നു.
എനിക്കേറെയിഷ്​ടം.

അതെല്ലാം പൊടുന്നനെ നഷ്​ടമായതോർത്തിട്ടാകാം
ഞാൻ കരഞ്ഞതെന്ന്​
ഭാര്യയും മോനും നിശ്ചയമായും കരുതിയിട്ടുണ്ടാകും.

അല്ലെങ്കിലും നിസ്സാര കാര്യങ്ങൾക്ക്​
മോങ്ങുകയെന്നത്​ എനിക്ക്​ പണ്ടേ ഒരു അനുഷ്​ടാന​മാണല്ലോ?

നശിച്ച ഈ ലോകത്തിന്​ ഇത്രമാത്രം
നിർമ്മല ഹൃദയരെ തൽക്കാലം
വേണ്ടതി​ല്ലെന്ന്​ പറഞ്ഞ്​ എന്നെ കളിയാക്കുക അവളുടെ പതിവാണ്​.

എന്താണെന്നറിയില്ല ,കശുമാവ്​ വീണപ്പോൾ
ഞാൻ കരഞ്ഞതിനെ കളിയാക്കാനോ കുറ്റപ്പെടുത്താനോ
അവൾ തുനിഞ്ഞതേയില്ല.
പ്രത്യേകിച്ച്​ ഒന്നും മിണ്ടിയില്ലെങ്കിൽ തന്നേയും
ആൾ എന്നോടെന്തോ ഐക്യദാർഡ്യം
പ്രകടിപ്പിക്കും പോലെ തോന്നി.

കുഞ്ഞുകുട്ടിയായിരുന്നപ്പോൾ
ഇതേ കശുമാവിൻ ​ചോട്ടിൽ
പച്ചക്കശുവണ്ടി തല്ലിപ്പൊട്ടിക്കും വേളയിൽ
കണ്ണിൽ കറ പോയി പലവട്ടം കരഞ്ഞതോർത്തു പോയി ഞാൻ.

ഭാര്യയും മകനും വീട്ടിലേക്ക്​ മടങ്ങിയിട്ടും
അതെല്ലാമോർത്ത്​ പിന്നേയുമൽപ്പനേരം
ഞാനവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.

എന്നാണ്​ ഞാൻ ഈ മരത്തെ ആദ്യമായി കണ്ടത്​
മുത്തച്​ഛനോ അതോ മുത്തശ്ശിയോ
ആരാണ്​ ആദ്യമായി അതിനെ കാണിച്ച്​ തന്നത്​?.

മറ്റു പലതും സ്വയം അന്വേഷിച്ച്​ കണ്ടെത്തിയ പോലെ
ഞാൻ തന്നെയാണോ അതിനെയും കണ്ട്​ പിടിച്ചത്​?

കാടുപിടിച്ച്​ കിടന്ന ​ പറമ്പിലെ മരോട്ടി മരം കാണിച്ച്​
പണ്ട്​ പണ്ട്​ ഒരു ദിവസം മുത്തശ്ശിയമ്മ വാചാലയായി..
കേശവൻ വൈദ്യരുടെ ച​​ന്ദ്രികാ സോപ്പിൽ മരോട്ടിയെണ്ണ ഉപയോഗിക്കുമത്രേ..
അന്നും ​ തൊട്ടപ്പുറത്ത്​ ഇതേ കശുമാവ്​ ഉണ്ടായിരുന്നിരിക്കണം.
എന്നിട്ടും അതെന്തേ മുത്തശ്ശി കാണിച്ച്​ തരാഞ്ഞത്​?

മുത്തച്​ഛനാണ്​ ആദ്യം പോയത്​. പിന്നാലെ മുത്തശ്ശിയും
വർഷങ്ങൾക്കിപ്പുറം അമ്മ പോയി.വൈകാതെ അച്​ഛനും.
കൂട്ടിനാരുമില്ലാത്ത വല്ലാത്തൊരു അവസ്​ഥ.

പതിവ്​ തെറ്റിക്കാതെ കശുമാവ്​ അപ്പോഴും പൂത്ത്​ കൊണ്ടിരുന്നു.
പണ്ട്​ അതിന്റെ ചുവട്ടിലെത്തി ആരും കാണാതെ
കശുവണ്ടി പെറുക്കി ട്രൗസറിന്റെ പോക്കറ്റിലിട്ട്​
നൂൺ ഷോ സിനിമ കാണാറുള്ളത്​ ഞാനോർത്തെടുത്തു.

എന്നെങ്കിലുമൊരിക്കൽ കശുവണ്ടി വിറ്റ പണം കൊണ്ട്​
മൾട്ടി പ്​ളക്​സിൽ പോയി ഒരു സിനിമ കാണണമെന്ന്​ കരുതിയിരുന്നതാണ്​.

കശുമാങ്ങ​ നീര്​ പിഴിഞ്ഞ്​ വാഷുണ്ടാക്കി വാറ്റിയാൽ
ഗോവൻ ഫെനി ലഭിക്കുമെന്ന്​ പലവുരു പറഞ്ഞ കൂട്ടുകാരേറെ..

നടക്കാനൊരു സാധ്യതയുമില്ലാത്ത അക്കാര്യമോർത്തായിരിക്കില്ല
ഞാൻ കരഞ്ഞത്​.
അപ്പോൾ പിന്നെ കശുവണ്ടിപ്പണം ​കൊണ്ട്​
സിനിമാ കാണാനാകാത്തതിന്റെ സങ്കടം തന്നെയായിരിക്കണം.