* സൗഭഗത്തിനാണെന്നു

ഞാൻ തെറ്റിദ്ധരിപ്പിച്ചു-
കൊണ്ടു നിൻ കരം ഗ്രഹി-
യ്ക്കുന്നൊരു തുലാക്കോളിൽ,
നീ ദീർഘസുമംഗലി!
ഞാൻ ചിരം സുകൃതവാൻ!

നിൻ വലംകാല്പാദമെൻ
പൂമുഖപ്പടിയിന്മേൽ;
എന്തൊരു കൃതാർത്ഥനീ
*മംഗലസൂത്രത്താൽ ഞാൻ!

വന്നു കേറിയ നാളിൽ-
ത്തന്നെ ഞാൻ തിരിക്കുന്നൂ
നിന്നെയെൻ ദിനചര്യ-
തൻ ചിട്ടവട്ടത്തിലേ-
യ്ക്കെന്നുടെയിഷ്ടത്തിലേ-
ക്കെൻ്റെ ദുശ്ശാഠ്യങ്ങളിൽ
വള്ളിപോൽ പടർന്നേറാൻ;
പുഷ്പിച്ചു ഫലം നൽകാൻ!

തെല്ലൊന്നു മടിച്ചുവെ-
ന്നാകിലും, സ്വയം ബലി
നൽകി നീ ചേക്കേറുന്നു,
എൻ്റെയാത്മാവിൻ ലഘു-
സീമിതസാനുക്കളി-
ലത്ര ദുർബ്ബലം നിൻ്റെ
ചെറുപക്ഷങ്ങൾ വീശി,
നിന്നെ വിസ്മരിച്ചു നീ!

എന്തു വേഗത്തിൽ സ്വയം
മാറി നീ,യെന്നോടൊത്തു-
ചേർന്നെത്ര പൊടുന്നനെ
നീയല്ലാതായ് മാറുന്നു
ഘനനീരദമല-
യാഴിയിൽ ചേരുംപോലെ!

ഞാൻ പകുത്തൊഴുക്കുന്നു
നിന്നെയെന്നന്തർവാഹി-
യാകുമെൻ തടങ്ങളിൽ;
നീ പതഞ്ഞൊഴുകുന്നൂ
താന്തമെൻ ഹ്രദങ്ങളി-
ലെൻ്റെ പോഷണത്തിനായ്!

നിന്നെ ഞാൻ ഭാഷാന്തരം
ചെയ്തെടുക്കുന്നു നിത്യ-
മെന്നിലേയ്ക്കെന്നെപ്പോലെ-
യായി മാറുന്നു നീയും!
അല്ല! നീ ഞാൻ തന്നെയായ്
മാറുന്നൂ ദിനം തോറും!

നിന്നിൽ ഞാൻ വിടരുന്നീ-
ലിറ്റു നേരവുമെന്നാൽ
എന്നിൽ നീ പൊലിയ്ക്കുന്നു
നൂറു വാസന്തം നിത്യം!

നീ പടം പൊഴിച്ചു കൊ-
ണ്ടെന്നിൽ വീണലിയുമ്പോൾ,
ഞാൻ ചിരമാവാഹിപ്പൂ
നിന്നെയെൻ അംഗോപാംഗം!

ഇന്നു നീ തിരയുന്നീ-
ലൊട്ടുമേ നിന്നിൽ സ്വയം
ഞാനാവാഹനം ചെയ്ത
നീ നിനക്കഗോചര!!!

* ”ഗൃഹ്ണാമി തേ സൗഭഗത്വായ ഹസ്തം”- സൗഭാഗ്യത്തിനായി ഞാൻ നിൻ്റെ കരം ഗ്രഹിക്കുന്നു എന്ന മാംഗല്യമന്ത്രം.

* വിവാഹത്തിനു സൂത്രം എന്ന അർത്ഥവും കല്പിക്കുന്നു.