Vismaya K G

മദ്രാസ് സർവകലാശാലയുടെ മലയാള ബിരുദാനന്തരബിരുദത്തിനു സമർപ്പിച്ച വിസ്മയ കെ ജിയുടെ ‘സ്വത്വാവിഷ്‌ക്കാരവും വിമോചനവും’ എന്ന മലയാളം റാപ്പുകളെകുറിച്ചുള്ള പ്രബന്ധത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഒ. കെ. സന്തോഷ് ആയിരുന്നു മാർഗ്ഗദർശി. നിലവിൽ, പ്രതിഭാവം അസോസിയേറ്റ് എഡിറ്ററാണ്, വിസ്മയ.

A Rap program of Grandmaster Flash and the Furious Five

ലോകത്ത് എവിടെയായാലും, പാർശ്വവല്ക്കരിക്കപ്പെട്ട/ അരികുവല്ക്കരിക്കപ്പെട്ടവരുടെ ആത്മരോക്ഷമാണ്; ആർത്തനാദമാണ്; ആത്മാവിഷ്കാരമാണ് റാപ്പ്. ഉള്ളിൽ കത്തിജ്ജ്വലിക്കുന്ന; കാട്ടുതീയുടെ ശൗര്യമുള്ള നാമ്പുകളാണ് ഓരോ റാപ്പും. ആത്മാവ് നഷ്ടപ്പെട്ടു ജീവിക്കുന്ന; ആട്ടിയോടിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ സ്വയം കണ്ടെത്തലുകൾ അഥവാ പരിച്ഛേദങ്ങൾ കൂടിയാണ്, റാപ്പുകൾ.

പൊതുവെ, വംശീയം, അസമത്വം, ദാരിദ്ര്യവും തുടങ്ങിയ സാമൂഹിക മൂല്യച്യുതികളും അനീതികളും മുഖ്യപ്രമേയങ്ങളായിവരുന്ന റാപ്പുകൾ, ഡ്രം ബീറ്റുകൾക്കൊപ്പമുള്ള താളാത്മകമായ ഒരു കഥപറച്ചിൽ രീതിയിലോ സംഭാഷണ ശൈലിയിലോ അവതരിപ്പിച്ചു വരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ, ന്യൂയോർക്കിലെ ബ്രോങ്ക്‌സ് കൗണ്ടിൽ, ആഫ്രിക്കൻ- അമേരിക്കൻ, ലാറ്റിനോ വിഭാഗക്കാരിൽ പൊട്ടിമുളച്ച റാപ്പ് എന്ന ‘ഹിപ് ഹോപ്’ സംഗീതശാഖ ഇന്നു ലോകമെമ്പാടും പടർന്നുപന്തലിച്ചു കഴിഞ്ഞു.

കേരളത്തിൽ, നീരജ് മാധവ്, ഗൗരി ലക്ഷ്മി, ഇന്ദുലേഖ വാര്യർ, ‘ഹനുമാൻകൈൻഡ്’ എന്ന സൂരജ് ചെറുകാട്ട്, ‘ഡാബ്‌സി’ എന്ന മുഹമ്മദ് ഫാസിൽ, ‘തിരുമാലി’ എന്ന വിഷ്ണു എം എസ്, ‘എംസി കൂപ്പർ’ എന്ന ഷംഭു അജിത്, ‘ഫെജോ’ എന്ന ഫെബിൻ ജോസഫ്, ‘വേടൻ’ എന്ന ഹിരൺദാസ് മുരളി, ബേബി ജീൻ തുടങ്ങിയ നിരവധി റാപ്പർമാർ സാമൂഹിക അസമത്വകളെയും ജീർണ്ണതകളെയും തുറന്നുകാട്ടുവാൻ റാപ്പിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തി വരുന്നു.

റാപ്പ്; കാട്ടുതീ ശൗര്യമുള്ള ആത്മനാമ്പുകൾ: മൂന്നാം ഭാഗം

1976ൽ, ഗ്രാൻഡ്മാസ്റ്റർ ഫ്ലാഷ്, കൗബോയ്, മെല്ലെ മെൽ, കിഡ്, ക്രിയോൾ, സ്കോർപിയോ, റഹൈം എന്നിവർ ബ്രോങ്ക്‌സ് ആസ്ഥാനമാക്കി രൂപം കൊടുത്ത, ‘ഗ്രാൻഡ്മാസ്റ്റർ ഫ്ലാഷ് ആൻഡ് ദി ഫ്യൂരിയസ് ഫൈവ്’ എന്ന റാപ്പ് സംഘം ഏറ്റവും കൂടുതൽ ലോകശ്രദ്ധ നേടിയ ഒന്നാണ്. ഇവരുടെ, ‘ദി മെസ്സേജ്’ എന്ന സാമൂഹിക വിമർശന റാപ്പാണ് ഈ ടീമിനെ ശ്രദ്ധേയമാക്കിയത്.

റാപ്പിലെ ആദ്യകാല സ്വാധീനങ്ങൾ

ടിഞ്ഞാറൻ ആഫ്രിക്കൻ ഗ്രിയോട്ട് പാരമ്പര്യം, ബ്ലൂസിന്റെയും ജാസിന്റെയും ചില ആലാപന ശൈലികൾ, ‘പ്ലേയിംഗ് ദ ഡസൻസ്’ എന്ന ആഫ്രിക്കൻ- അമേരിക്കൻ പരിഹാസ മത്സരം, 1960-കളിലെ ‘ആഫ്രിക്കൻ-അമേരിക്കൻ കവിത’ എന്നിവയെ റാപ്പിന്റെ മുൻഗാമികളായി കണക്കാക്കാവുന്നതാണ്.

ടോക്കിംഗ് ബ്ലൂസ് (കൺട്രി, ഫോക്ക് സംഗീതത്തിലെ താളാത്മക സംസാരം), ജാസ് ഇംപ്രൊവൈസേഷൻ എന്നിവയും റാപ്പിനെ സ്വാധീനിച്ചവയാണ്. 1960-കളിലെ ആഫ്രിക്കൻ-അമേരിക്കൻ കവിതകളിലെ, ജാസ് കവിയും ഗായകനും സംഗീതജ്ഞനുമായിരുന്ന ഗിൽ സ്കോട്ട്- ഹെറോൺ, ആഫ്രിക്കൻ- അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൻ്റെയും കറുത്ത ദേശീയതയുടെയും ഭാഗമായി അക്കാലത്ത് ഉയർന്നുവന്ന കവിതാ- സംഗീത ഗ്രൂപ്പായ ‘ദി ലാസ്റ്റ് പോയറ്റ്സ്’ പ്രസ്ഥാനത്തിന്റെയും മറ്റും സ്വാധീനം റാപ്പ് സംഗീതത്തിൽ കാണാം.

1950-കളിലെയും 1960-കളിലെയും ഫങ്ക്, ഡിസ്കോ, സോൾ, റിഥം ആൻഡ് ബ്ലൂസ് റെക്കോർഡിംഗുകളും റാപ്പിനെ സ്വാധീനിച്ചു. ജെയിംസ് ബ്രൗണിന്റെ സംഗീതം ഒരു പ്രധാന സ്വാധീനമായിരുന്നു. ജമൈക്കൻ ഡബ് സംഗീതവും ‘ടോസ്റ്റിംഗ്’ എന്ന സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള താളാത്മക സംസാര കലയും ഡിജെ കൂൾ ഹെർക് പോലുള്ള കരീബിയൻ കുടിയേറ്റക്കാർ ബ്രോങ്ക്സിലേക്ക് കൊണ്ടുവന്നു. ഡിസ്കോയും ആദ്യകാല ഹിപ് ഹോപ്പിനെ സ്വാധീനിച്ചു.

ഓൾഡ് സ്കൂൾ റാപ്പ്

വിവിധ ശൈലികളിൽ റപ്പിന് ഉപവിഭാഗങ്ങളുമുണ്ട്. 1970മുതൽ 1980കളുടെ മധ്യം വരെ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ഒരു റാപ്പ് സംഗീത ശാഖയാണ്, ‘ഓൾഡ് സ്കൂൾ റാപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഡിസ്കോ-റാപ്പ്.

സമകാലിക ശൈലികൾ പിന്തുടരാതെയുള്ള ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ് ഇത്തരം റാപ്പുകളുടെ പ്രത്യേകത. ആഘോഷ പാർട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന വരികൾ, ലളിതമായ റാപ്പിംഗ് ടെക്നിക്കുകൾ (ഓരോ ബാറിലും കുറഞ്ഞ അക്ഷരങ്ങൾ, ലളിതമായ താളങ്ങൾ, മിതമായ വേഗത) എന്നിവയായിരുന്നു ഓൾഡ് സ്കൂൾ റാപ്പിന്റെ പ്രധാന സവിശേഷതകൾ. ഫങ്കും ഡിസ്കോയും ഇതിനെ സ്വാധീനിച്ചവയാണ്. ലൈവ് ബാൻഡുകളും ലാറ്റിൻ സംഗീതോപകരണങ്ങളും ഇതിൽ ഉപയോഗിച്ചിരുന്നു. ഗ്രാൻഡ്മാസ്റ്റർ ഫ്ലാഷ് ആൻഡ് ദി ഫ്യൂരിയസ് ഫൈവ്, ദി ഷുഗർഹിൽ ഗാംഗ്, കുർതിസ് ബ്ലോ, ആഫ്രിക്ക ബാംബാറ്റ, സ്പൂണി ഗീ എന്നിവരാണ് ഈ ശ്രേണിയിലെ അക്കാലത്തെ പ്രധാന കലാകാരന്മാർ.

ന്യൂ സ്കൂൾ റാപ്പ്

ഓൾഡ് സ്കൂൾ റാപ്പുകളുടെ സുവർണ്ണക്കാലത്തിനു ശേഷം തുടക്കം കുറിച്ചതാണ്, ന്യൂ സ്കൂൾ റാപ്പ്. ഇലക്ട്രോ സൗണ്ട്, കുറഞ്ഞ ദൈർഘ്യമുള്ള ഗാനങ്ങൾ, റോക്ക് സംഗീതത്തെ പിൻപറ്റി വരുന്ന ഡ്രം മെഷീനുകൾ ഉപയോഗിച്ചുള്ള ലളിതമായ നിർമ്മാണം എന്നിവയെല്ലാം ന്യൂ സ്കൂൾ റാപ്പിന്റെ പ്രത്യേകതകളായിരുന്നു.

ആത്മപ്രശംസയും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും ഈ ശൈലിയിലൂടെ അവതരിപ്പിച്ചിരുന്നു. വരികളുടെ ചാതുര്യം, സങ്കീർണ്ണമായ പദപ്രയോഗങ്ങൾ, താളാത്മകമായ ഒഴുക്ക്, ഗഹനമായ രൂപകങ്ങൾ എന്നിവയ്ക്ക് ഈ ശൈലി കൂടുതൽ ഊന്നൽ നൽകി. റൺ-ഡിഎംസി, എൽഎൽ കൂൾ ജെ, ബീസ്റ്റി ബോയ്സ്, പബ്ലിക് എനിമി തുടങ്ങിയവർ ഈ ശൈലിയിലെ പ്രധാന കലാകാരന്മാരായിരുന്നു.

Read Also  റാപ്പ്; കാട്ടുതീ ശൗര്യമുള്ള ആത്മനാമ്പുകൾ(രണ്ടാം ഭാഗം)/ലേഖനം/വിസ്മയ കെ ജി

ഗോൾഡൻ ഏജ് ഹിപ് ഹോപ്

ന്യൂ സ്കൂൾ റാപ്പ് കാലഘട്ടത്തിൽ വേരൂന്നിയ മറ്റൊരു റാപ്പ് ശാഖയാണ്, ‘ഗോൾഡൻ ഏജ് ഹിപ് ഹോപ്.’ ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്ത് നിന്ന് ഉത്ഭവിച്ച ഹിപ് ഹോപ്പ് സംഗീതമാണ്, ‘ഗോൾഡൻ ഏജ് ഹിപ് ഹോപ്’ അഥവാ, ‘സുവർണ്ണ കാലഘട്ട ഹിപ് ഹോപ്പ്’ എന്ന് അറിയപ്പെടുന്നത്.

ഈ മേഖലയിലെ റാപ്പർ തങ്ങളുടെ പദസമ്പത്ത് കൂടുതൽ സങ്കീർണ്ണമാക്കുകയും ആത്മപ്രശംസ മുതൽ സാമൂഹിക പ്രശ്നങ്ങൾ വരെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ഇത്തരം റാപ്പുകൾ സംസാരിക്കുകയും ചെയ്തു.

ഇതര റാപ്പ് ശൈലികൾ

ഗാംഗ്സ്റ്റ റാപ്പ്, കോൺഷ്യസ് റാപ്പ്, ആൾട്ടർനേറ്റീവ് ഹിപ് ഹോപ്, ജാസ് റാപ്പ്, ഹൊറർകോർ, പോപ്പ് റാപ്പ്, മിയാമി ബാസ്, ന്യൂ ഓർലിയൻസ് ബൗൺസ്, ഹ്യൂസ്റ്റൺ സ്ക്രൂഡ്, അറ്റ്ലാന്റാ ക്രാങ്ക്, ട്രാപ്പ് തുടങ്ങിയ ഉപവിഭാഗങ്ങൾ കൂടി ഈ കാലഘട്ടത്തിൽ ഉയർന്നുവരികയുണ്ടായി.

ഇതിൽ, ജാസ് സംഗീതവും ഹിപ് ഹോപ്പും ചേർന്ന ശൈലി അവലംബിച്ചിരുന്ന ‘ജാസ് റാപ്പ്’, ഭീകരത, മരണം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയയുള്ള, ഹൊറർകോർ, ലളിതമായ വരികളെ ശക്തമായ ഈണങ്ങളിൽ അവതരിപ്പിച്ചിരുന്ന ‘പോപ്പ് റാപ്പ്’ എന്നിവ ഏറെ പ്രസിദ്ധി ആർജ്ജിക്കുകയുണ്ടായി.

‘തെക്കൻ റാപ്പ്’ എന്ന പേരിൽ, മിയാമി ബാസ്, ന്യൂ ഓർലിയൻസ് ബൗൺസ്, ഹ്യൂസ്റ്റൺ സ്ക്രൂഡ്, അറ്റ്ലാന്റാ ക്രാങ്ക്, ട്രാപ്പ് എന്നിവയും പ്രസിദ്ധമായ റാപ്പ് വിഭാഗങ്ങളാണ്. രണ്ടായിരമാണ്ടോടെ, ക്രാങ്ക്, സ്നാപ്പ് മ്യൂസിക്, ഗ്ലിച്ച് ഹോപ്, വോങ്കി മ്യൂസിക് തുടങ്ങിയ ശൈലികളും വളർന്നുവന്നു.

റാപ്പിംഗ് സാങ്കേതികതയിൽ പല വലിയ മുന്നേറ്റങ്ങളും ഈ കാലഘട്ടത്തിലാണ് രൂപം കൊണ്ടത്. കറുത്തവരുടെ ദേശീയതയ്ക്ക് ഈ റാപ്പുകൾ വളരെയധികം ഊന്നൽ നൽകിയിരുന്നു. ഈസ്റ്റ് കോസ്റ്റ്, വെസ്റ്റ് കോസ്റ്റ് ഹിപ് ഹോപ് രംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും ഇക്കാലത്ത് പതിവായിരുന്നു.

പ്രധാനികളായ ആദ്യകാല റാപ്പർമാർ

ഡിജെ കൂൾ ഹെർക്, ആഫ്രിക്ക ബാംബാറ്റ, ഗ്രാൻഡ്മാസ്റ്റർ ഫ്ലാഷ് എന്നിവരെ കൂടാതെ, ഡിജെ ഹോളിവുഡ്, ഗ്രാൻഡ് വിസാർഡ് തിയോഡോർ, കോക്ക് ലാ റോക്ക്, ഷുഗർഹിൽ ഗാംഗ്, കുർതിസ് ബ്ലോ, ഫ്ലാഷ് ആൻഡ് ദി ഫ്യൂരിയസ് ഫൈവ്, റൺ-ഡിഎംസി തുടങ്ങിയവരാണ് ആദ്യക്കാല റാപ്പർമാരിൽ ശ്രദ്ധേയരായവർ.

ഇവരിൽ ഡിജെ ഹോളിവുഡ്, പരമ്പരാഗത റാപ്പ് കാഡൻസിൽ താളാത്മകമായി സംസാരിച്ച ആദ്യത്തെ ഡിജെയായി അറിയപ്പെടുന്നു. റെക്കോർഡ് സ്ക്രാച്ച് കണ്ടുപിടിച്ചതിന്റെ ബഹുമതി, ഗ്രാൻഡ് വിസാർഡ് തിയോഡോർ സ്വന്തമാക്കിയപ്പോൾ ഷുഗർഹിൽ ഗാംഗ് ‘റാപ്പേഴ്സ് ഡിലൈറ്റ്’ എന്ന ഗാനത്തിലൂടെ റാപ്പിനെ ദേശീയതലത്തിലേക്ക് ഉയർത്തുകയുണ്ടായി.

റാപ്പ് വാണിജ്യതലത്തിലേക്ക്

അതേസമയം, ആദ്യത്തെ എംസിയായി അറിയപ്പെടുന്നത് കോക്ക് ലാ റോക്ക് ആണ്. അക്കാലത്ത് റാപ്പുകൾ വാണിജ്യപരമായ ഒരു തലത്തിലേക്ക് ഉയർന്നിരുന്നില്ല. എന്നാൽ, ‘ദി ബ്രേക്ക്സ്’ എന്ന റാപ്പ് ഒരു പ്രധാന റെക്കോർഡ് ലേബലുമായി വാണിജ്യപരമായ കരാറിൽ ഏർപ്പെടുകയുണ്ടായി. റാപ്പ് മേഖലയിലെ ആദ്യത്തെ വാണിജ്യപരമായ കാൽവെപ്പായിരുന്നു അത്. റാപ്പ് ഗാനത്തിന്റെ നിർമ്മാതാവുമായ കുർതിസ് ബ്ലോ എന്ന റാപ്പറായിരുന്നു ‘ദി ബ്രേക്ക്സ്’ നിർമ്മിച്ചത്. ഇത് വാണിജ്യപരമായി വിജയിക്കുകയും ചെയ്തു.

ആദ്യക്കാല റാപ്പ് സംഘങ്ങൾ

സാമൂഹിക വിമർശനത്തിൽ ഊന്നിയ ആദ്യത്തെ പ്രധാന ഹിപ് ഹോപ് ഗാനങ്ങളിൽ ഒന്നായ ‘ദി മെസ്സേജ്’ എന്ന ഗാനത്തിലൂടെ പ്രശസ്തമായ ‘ഗ്രാൻഡ്മാസ്റ്റർ ഫ്ലാഷ് ആൻഡ് ദി ഫ്യൂരിയസ് ഫൈവ്’ എന്ന ഗ്രൂപ്പാണ് ഏറ്റവും പ്രശസ്തമായ ആദ്യക്കാല റാപ്പ് ടീം.

1976ൽ, ഗ്രാൻഡ്മാസ്റ്റർ ഫ്ലാഷ്, കൗബോയ്, മെല്ലെ മെൽ, കിഡ്, ക്രിയോൾ, സ്കോർപിയോ, റഹൈം എന്നിവർ ബ്രോങ്ക്‌സ് ആസ്ഥാനമാക്കി രൂപം കൊടുത്ത, ‘ഗ്രാൻഡ്മാസ്റ്റർ ഫ്ലാഷ് ആൻഡ് ദി ഫ്യൂരിയസ് ഫൈവ്’ എന്ന റാപ്പ് സംഘം ഏറ്റവും കൂടുതൽ ലോകശ്രദ്ധ നേടിയ ഒന്നാണ്. ഇവരുടെ, ‘ദി മെസ്സേജ്’ എന്ന സാമൂഹിക വിമർശന റാപ്പാണ് ഈ ടീമിനെ ശ്രദ്ധേയമാക്കിയത്.

അക്കാലത്തെ റാപ്പിനെ റോക്ക് സംഗീതവുമായി സംയോജിപ്പിച്ചുകൊണ്ട് മുഖ്യധാരയിലെത്തിയ, പ്രധാനപ്പെട്ട മറ്റൊരു ഗ്രൂപ്പാണ്, റൺ-ഡിഎംസി.

– തുടരും…

Photos Credits to: The Furious 5 

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹