രണ്ട് പതിറ്റാണ്ട് പിന്നിട്ട കവിത: ഇരുപത് വർഷം മുൻപ്, 2001ൽ, ദേശാഭിമാനി വരികയിൽ പ്രസിദ്ധപ്പെടുത്തിയ കവിതയുടെ ഓൺലൈൻ പ്രസിദ്ധീകരണം.
തന്റെ കാവ്യ ജീവിതത്തിലെ ഏറ്റവും മികച്ച അടയാളപ്പെടുത്തലാണ്, ‘ബുൾഡോസറുകളുടെ വഴി’ യെന്ന് കവി രാജൻ കൈലാസ്. 2007ൽ, ‘ബുൾഡോസറുകളുടെ വഴി’ യെന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 2012ൽ രണ്ടാം പതിപ്പും 2024ൽ മൂന്നാം പതിപ്പും ഇറങ്ങി. ആലപ്പുഴ നാദം ബുക്സാണ് മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ രണ്ട് പതിപ്പുകളും പ്രസിദ്ധീകരിച്ചത് ഫേബിയൻ ബുക്സാണ്.
‘പെൻസിൽ കൊണ്ടെഴുതുമ്പോൾ’, ‘നരിമാൻ പോയിന്റ്’, ‘ഉപ്പ്’, ‘ബുൾഡോസറുകളുടെ വഴി’, ‘വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റുകൾ’, ‘കോവളം’, ‘അക്ഷരപ്പാലം’, ‘കറുപ്പ്’, ‘മോർച്ചറി’, ‘ഗുരു’, ‘വഴികൾ’, ‘ശംഖ്’, ‘കടത്ത്’, ‘അമ്മ അറിയുന്നത്’, ‘ഹൃദയരോഗം’, ‘ജാതകം’, ‘മഴപോലെ’, ‘മധ്യവേനൽ’, ‘വിഷുക്കൈനീട്ടം’, ‘ഒരു പ്രണയത്തിന്റെ ആമുഖം’, ‘പുതുവായ് മൊഴികൾ’, ‘നീ’, ‘എളുപ്പം’, ‘കയ്യക്ഷരങ്ങൾ’, ‘നരൻ’, ‘ബ്രേക്ക് ഡാൻസ്’, ‘പടിയിറങ്ങിപ്പോയ പാർവതി’, ‘പഴയ സഖാവിന് പുതിയ വിലാസത്തിൽ’, ‘മ(ണം)നം പുരട്ടൽ’ എന്നീ കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാം പതിപ്പിൽ, എം. കെ. ഹരികുമാർ, കാവാലം ബാലചന്ദ്രൻ, സി. ജീവൻ എന്നിവർ ഈ പുസ്തകത്തെകുറിച്ച് പഠനങ്ങൾ എഴുതിയിരിക്കുന്നു.
■
എത്ര സൗമ്യമായാണ്
ബുൾഡോസറുകൾ
ഗ്രാമത്തെയാകെ കീഴടക്കിയത്!
ഏതോ അന്യഗ്രഹജീവികൾ പോലെ
എത്തിയ അവയെ
കുട്ടികൾക്കാദ്യം ഭയമായിരുന്നു.
പിന്നെപ്പിന്നെ
ബുൾഡോസറുകളെ
അറിയാതെ ഞങ്ങൾ
സ്നേഹിച്ചു തുടങ്ങി.
മാന്ത്രികനായ മാൻഡ്രേക്കും
ടാർസനും സൂപ്പർമാനും
യന്ത്രജീവികളായി പ്രത്യക്ഷപ്പെട്ടപോലെ.
ചെമ്മൺപാതകളിൽ
പഴത്തൊലിയും പറങ്കിമാങ്ങയും
തവളകളെയും പെറുക്കിവെച്ച്
ഞങ്ങൾ കാത്തിരുന്നു…
ചതഞ്ഞരയുമ്പോൾ
ചെവി പൊത്തി നൃത്തം വെച്ചു-
‘സൂപ്പർമാൻ… സൂപ്പർമാൻ…’
ബുൾഡോസറുകളുടെ എണ്ണം
കൂടിക്കൂടി വന്നു.
ഒന്ന്… രണ്ട്… മൂന്ന്…
നിമിഷനേരത്തിൽ
വൻമരങ്ങൾ പുഴക്കിയെറിയുമ്പോഴും
മലകളെ സ്പൂണിൽ കോരിയെടുക്കുമ്പോഴും
‘ആഹാ ‘ വിളിച്ചു ഞങ്ങൾ തുള്ളിച്ചാടി.
വഴക്കുപറഞ്ഞ മുത്തശ്ശിയെ
മനസ്സാ ശപിച്ചു…
കൊഞ്ഞനം കാട്ടിയോടി…
■■■
ബുൾഡോസറുകൾ വീണ്ടും
പെരുകുകയായിരുന്നു…
നാല്… എട്ട്… പതിനാറ്…
ഒറ്റ ദിവസം കൊണ്ടാണ്
ഗ്രാമത്തെയാകെയവ
കൊത്തിനുറുക്കിയത്.
എല്ലാം പൂർത്തിയാക്കി
യാത്രയാവുമ്പോഴും
ഒന്നുമറിയാതെ ഞങ്ങൾ തുള്ളിച്ചാടി…
‘സൂപ്പർമാൻ… സൂപ്പർമാൻ…’
■■■■
മുത്തശ്ശി പറഞ്ഞതൊക്കെ
ശരിയായിരുന്നു…
ഉഷരമായ മണ്ണും
ഉരുകിപ്പോയ പുഴയും
മഴയില്ലാ മനസ്സും
പാതാളക്കനവുമായി
ഞങ്ങളിന്നൊരേയിരുപ്പാണ്…
ബുൾഡോസറുകൾ വന്നുപോയ
വഴികളും നോക്കി.
തലയില്ലാത്ത ജഡം പോലെ
അനാഥമായ ഗ്രാമം.
ചതഞ്ഞു മരിച്ച തവളകൾ
കുട്ടികളായി പുനർജ്ജനിക്കുന്നു.
കുടിവെള്ളം പോലുമില്ലാത്ത
അവരോട്
എങ്ങനെയാണിനി മാപ്പ് പറയുക!
എത്ര ശാന്തമായാണ്
ബുൾഡോസറുകൾ
ഇന്നും നമ്മെ കീഴടക്കുന്നത്!
എത്ര പെട്ടെന്നാണ് നാമറിയാതെ
അവയെ സ്നേഹിച്ചു പോകുന്നതും!
(ചതഞ്ഞരയേണ്ട തവളകൾക്ക്
മറ്റെന്താണൊരു പോംവഴി?)


രാജൻ കൈലാസ്: ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശി. ‘അകം കാഴ്ചകൾ’, ‘ബുൾഡോസറുകളുടെ വഴി’, ‘ഒറ്റയിലത്തണൽ’, ‘മാവു പൂക്കാത്ത കാലം’ എന്നീ മലയാള കവിതാ സമാഹാരങ്ങളും ‘ഷെയ്ഡ് ഓഫ് എ സിംഗിൾ ലീഫ്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.