‘ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ’ ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാം
- Chanjum Cherinjum Nokkanonde Valyumma

മരിച്ച്, എല്ലും മുടിയും
മണ്ണോട് മണ്ണ് ചേർന്നിട്ടും
അരപ്രൈസിൽ കാലും കുത്തിനിന്ന്
ഉമ്മാനെ ചാഞ്ഞും ചരിഞ്ഞും
നോക്കുമായിരുന്നു, വല്യുമ്മ;
ഒരു കാക്കേനെപ്പോലെ!
ഉമ്മച്ചീൻ്റെ ഖുർആനോത്തിന് മേലെ
തീക്കട്ട പോലത്തെ വാക്കുകൾ
കോരിയിടുമായിരുന്നു, വല്യുമ്മ.
വെളുപ്പിനെ ഓട്ടോ ഓടിക്കാൻ പോണ
വാപ്പിച്ചിക്ക് കുളിക്കാൻ
ആ കനലുകൊണ്ടുമ്മ
വെള്ളമനത്തുമായിരുന്നു.
കുളി കഴിഞ്ഞ്,
കട്ടനും കുടിച്ച്,
അലക്കിത്തേച്ച കാക്കിയി-
ലത്തറും പൂശി,
ഒരു ബീഡിയും കത്തിച്ച്,
പടിയിറങ്ങണ വാപ്പിച്ചി
ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോ
വല്യുമ്മ പറയും:
യെത്തിര പാണ്ടി ലോറിയാണ്
റബ്ബേ! റോട്ടില് നെറയെ!
ഉമ്മ, കണ്ണീക്കണ്ട കടച്ചാതികളെടുത്ത്
വല്യുമ്മാനെയെറിയും.
വല്യുമ്മ പറന്നു ചെന്ന്
കായ്ക്കാത്ത റംമ്പുട്ടാൻ്റെ
കൊമ്പത്തിരുന്ന് ഉമ്മാനെ പ്രാകും.
അരകല്ലേല് തൂറി വെക്കും.
കുളിക്കാൻ കോരിവെച്ച വെള്ളത്തേല്
മീന്തലേം കോഴിക്കൊടലും
കൊത്തിക്കൊണ്ടോന്നിടും.
അപ്പളും വാപ്പിച്ചി പറയും:
ശെമിക്കടി! പെറ്റ തള്ളയായിപ്പോയില്ലെ!
നാട്ടുവിളക്കിൻ്റെ കമ്പീമ്മേലാ-
ണന്തിക്കിരുത്തം;
അവിടിരുന്നാ വാപ്പിച്ചീൻ്റെ
ബെഡ്റൂം വൃത്തിക്ക് കാണാം.
“കാക്കയാണെങ്കിലും
നോക്കിക്കൊണ്ടിരുന്നാലെങ്ങനാടീ,
രുക്കുവേ” ന്ന് റുക്കിത്താത്താനോട-
ടക്കം പറഞ്ഞുമ്മച്ചി ചിരിക്കണത്
ഞാൻ കേട്ടിരിക്കണു.
അങ്ങനെയിരിക്കെ
റമ്പുട്ടാനുമൊരു നാള് പൂത്തു, കായിട്ടു;
അണ്ണാറക്കണ്ണന്റേം, വവ്വാലിന്റേം
പീഡനങ്ങളിൽ നിന്ന് രക്ഷിക്കാൻ
റമ്പുട്ടാനെ മീൻവലകൊണ്ട് മൂടി.
ചുവന്നുതുടുത്ത്,
മുള്ളുവെച്ച ചിരിയുമായി
വെയിലത്തു നിൽക്കണ
മൊഞ്ചത്തി റമ്പുട്ടാനെ
മാന്താൻ ചെന്നതെ ഓർമ്മയൊള്ളു,
വല്യുമ്മാക്ക്; വലയുമ്മേ
ചിറകു കുടുങ്ങിക്കിടന്നത് മൂന്ന് നാൾ.
ഒടുക്കം
ചിറകിലെ തൂവലുമുറിച്ച്
രക്ഷിച്ചതും ഉമ്മിച്ചി.
അപ്പളും കിട്ടി ഉമ്മിച്ചിക്ക്,
വലങ്കയ്യിൽ രണ്ട് മാന്തും
ഇടങ്കയ്യിലൊരു കൊത്തും.
ദുനിയാവിൻ്റെ തലേല്
എത്രയോ കാക്കകൾ
തൂറിയിട്ട് കടന്നുപോയി.
വല്യുമ്മാൻ്റെ ഖബറിൻ്റെ
തലക്കല് വാപ്പിച്ചീം
കാൽക്കല് ഉമ്മിച്ചിം ചെന്ന് കിടന്നു.
ഇപ്പളും
സുബഹി നിസ്ക്കാരം കഴിഞ്ഞ്
പള്ളി പിരിയുമ്പം
മീസാങ്കല്ലിൻ്റെ പൊറത്തു വന്നിരുന്ന്
വല്യുമ്മ ചാഞ്ഞും ചരിഞ്ഞും
നോക്കണത് ആരെയാണ്?

സഫീദ് ഇസ്മായിൽ: ആലപ്പുഴ സ്വദേശി. കൊച്ചി ഇൻഫോപാർക്കിൽ ഷെഫ്. ’85മുതൽ കവിതകൾ എഴുതാൻ തുടങ്ങി. മുപ്പത് വർഷത്തോളം എഴുത്തിൽനിന്നും വിട്ടുനിന്ന സഫീദ്, ഇപ്പോൾ സാഹിത്യമേഖലയിൽ സജീവമാണ്. പിതാവ്: ഇസ്മായിൽ കുട്ടി. മാതാവ്: തങ്കമ്മ. മകനായി ആലപ്പുഴയിൽ ജനനം. ഭാര്യ: ഫൗസിയ ബീഗം. മക്കൾ: ഫർഹാദ് ഇസ്മായിൽ, ഫാത്തിമ ആദിൽ.