Chuvannu Chuvannu-Vishnu Pakalkkuri

പ്രണയിക്കാൻ

ആരും ഇല്ലാത്തവൻ്റെ
ചെമ്പരത്തിക്കാടുകളിലേക്ക്
യാത്ര തിരിക്കണം

അപ്പോൾ
പ്രതീക്ഷകളുടെ
വേനൽപ്പറമ്പുകളിലിരുന്ന്
പൂക്കാലം
സ്വപ്നം കാണുന്നവൻ്റെ
കുത്തിക്കുറിപ്പുകൾ
ഒറ്റവാക്കിൽ ഗംഭീരം
എന്നെഴുതി വച്ച്
പാറിപ്പറക്കുന്ന പട്ടങ്ങളെത്തഴുകി
കവിത തുന്നുമ്പോൾ
നോവിന്റെ ചിരിയിൽ പ്രതീക്ഷകളുടെ
നിറം കലരുന്നത് കാണാം.

മരുപ്പച്ച തേടി
അലയുമ്പോഴും പ്രതീക്ഷയുടെ
കിരണങ്ങൾ
ജീവിത പുസ്തകത്തിൽ
വരികളായ് ചേർത്ത്
കാത്തിരിപ്പിന്റെ പുതിയൊരദ്ധ്യായം
തുറക്കുന്നുണ്ട്.

ഹൃദയത്തിന്റെ പാസ്‌വേഡുകൾ
തേടുന്നൊരുവൻ്റെ അവസാന കവിത
വായിക്കപ്പെടുമ്പോൾ
ചെമ്പരത്തിക്കാട് ചുവന്ന് ചുവന്ന്
ഒടുവിൽ
ഇരുൾ പരക്കുന്നു.