ഡോ. ടി.എം. രഘുറാം: കണ്ണൂർ തലശ്ശേരി സ്വദേശി. മഞ്ചേരിയില്‍ സ്ഥിരതാമസം. ഇന്തോ- ആംഗലേയ കവിയും ഗദ്യകാരനും വിവര്‍ത്തകനുമായ രഘുറാം അറിയപ്പെടുന്ന പുല്ലാങ്കുഴല്‍ സംഗീതജ്ഞനും ചിത്രകാരനുമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലായി 19 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1987ൽ എഴുതിയ, ‘എ ഹാൻഡ്ഫുൾ ഓഫ് ഡ്രീംസ്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കോമൺവെൽത്ത് പോയട്രി അവാർഡിനുള്ള ഏഷ്യൻ നോമിനേഷൻ നേടിയിരുന്നു. 1989ൽ, ചെന്നൈ ബ്രിട്ടീഷ് കൗൺസിലിന്റെ, ‘പരിഭാഷാ മെറിറ്റ് അവാർഡ്’, വിവര്‍ത്തനാചാര്യന്‍ ഇ.കെ. ദിവാകരൻ പോറ്റി പുരസ്‌കാരം, കാളിയത്ത് ദാമോദരൻ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1988ൽ, ‘സ്റ്റെപ്പിംഗ് സ്റ്റോൺസ്’, 1996ൽ ‘ദ അൺസീൻ റിവർ’, 2009ൽ, ‘ഫ്രീഡം അറ്റ് ഫിഫ്റ്റി’, 2020ൽ, ‘സ്ക്രിപ്റ്റഡ് സീഡ്‌സ്’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഇൻലൻഡ് മാസികയുടെ പത്രാധിപരും എഴുത്തുകാരനുമായ മണമ്പൂർ രാജൻ ബാബുവിന്റെ മലയാളം കവിതകൾ, ‘ദ കളർ ഓഫ് ട്രൂത്ത്’ എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

‘വേരിൽ കായ്ച്ച പ്ലാവ്’, തമിഴ് നോവൽ വിവർത്തനം, ‘ചൂടിയ പൂവ് ചൂടരുത്’ കഥാ വിവർത്തനം, ‘ദേശാടന ശലഭങ്ങൾ’, ‘ഒരു വനം രൂപപ്പെടട്ടെ’ എന്നീ തമിഴ് കവിതാ വിവർത്തനങ്ങൾ ‘എല്ലാ നാളും കാർത്തിക’ ലേഖന വിവർത്തനം, ‘ലൈംഗിക വിജ്ഞാന പുസ്തകം’ എന്നിവയാണ് മലയാളം പുസ്തകങ്ങൾ.

2008ൽ, ‘വൈശാഖൻ്റെ കഥകൾ’ എന്ന തമിഴ് കഥാ സമാഹാരം പ്രസിദ്ധീകരിച്ചു. ‘പലവിധമാന വീടുകൾ’- മലയാളം കഥകളുടെ തമിഴ് വിവർത്തനം, ‘പുലം പെയർന്ത പറൈവകൾ ‘- മലയാളം കവിതകളുടെ തമിഴ് വിവർത്തനം, ‘നിനൈവുകളിൻ ഊർവലം’- എംടി യുടെ ഓർമ്മ കുറിപ്പുകളുടെ തമിഴ് വിവർത്തനം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി കഥാ സമാഹാരത്തിന്റെ തമിഴ് വിവർത്തനം തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

സംഗീതത്തിനു പുറമെ, സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുള്ള രഘുറാമിന് ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പി. ഭാസ്കരൻ മാസ്റ്റർ അവാർഡ് ലഭിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പുല്ലാങ്കുഴൽ വായനകാരനായ അദ്ദേഹത്തിന്റെ സംഗീത ഗുരുക്കന്മാർ, മലയാളചലച്ചിത്ര സംഗീത സംവിധായകനായിരുന്ന കണ്ണൂർ രാജൻ മാസ്റ്ററും ഗായിക കെ.എസ്. ചിത്രയുടെ ചെറിയമ്മയും വീണവിദഗ്ധയുമായിരുന്ന മഞ്ചേരി രാജമ്മ ടീച്ചറുമാണ്.

ചെന്നൈയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പോണ്ടിച്ചേരിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച്ചിൽ(ജിപ്മെർ) നിന്നും എം.ബി.ബി.എസ്‌., വെല്ലൂർ സി.എം.സിയിൽനിന്നു സൈക്യാട്രിയിൽ എം.ഡി. ബിരുദമെടുത്തു. സൈക്യാട്രി പ്രഫസറായി, പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജില്‍നിന്നും വിരമിച്ചശേഷം മഞ്ചേരിയില്‍ മനോരോഗവിദഗ്ധനായിപ്രാക്ടീസ്‌ചെയ്യുന്നു. പിതാവ്: ഡോ. ടി.എം.ആര്‍. പണിക്കര്‍(Late). മാതാവ്: സി. ലക്ഷ്മിക്കുട്ടി. ഭാര്യ: എഴുത്തുകാരിയും ചിത്രകാരിയുമായ നവനീതം. മക്കൾ: സംഗീത, കാവ്യ, ഡോ. ഹരികീർത്തൻ. മരുമക്കൾ: സുരേഷ് ത്രിവേണി, സിദ്ധാർഥ് മുരളി, ഡോ. ആൻ ഹെലൻ. പേരക്കുട്ടികൾ: ഗൗരി, നീൽ സിദ്ധാർഥ്.

■■■