Rithusamharam-Poem of Girija Warrier

ഋതുസംഹാരം

ണിമലരുകളിൽ കനകം പെയ്തി-

ട്ടണയും ചൈത്രം വിരവോടെ
കളിചിരി ചൊല്ലിക്കലഹം തീർക്കും
തെളിമയിൽ ബാല്യപ്പുലർകാലം!

കശുമാങ്ങയ്ക്കായ് കലപില കൂട്ടും
‘പശി’യൂറും നീൾക്കണ്ണുകളാൽ
ദിശ തെറ്റാത്തോരലിവിൻ വീർപ്പുകൾ
വശമാക്കും നൽപ്പുതുകാലം!

മിന്നൽ പിണരിൽ വള്ളികളോളം
തുന്നിച്ചേർക്കുമൊരൂഞ്ഞാലിൽ
ഇടിവെട്ടിൻ ഘനനിനദം ചേർക്കും
പടഹദ്ധ്വനിയായാഷാഢം!

കറ്റക്കുഴലിൻ നനവിൽ മോഹം
പറ്റിയ നീർമണി പൊഴിയുമ്പോൾ
മുറ്റും യൗവ്വനദാഹം നിറയും
കാറ്റാണല്ലോ ആഷാഢം!

പകലിന്നാഴമളന്നു വരുന്നോ-
രിരുളിന്നാടകൾ തെളിയുമ്പോൾ
തളരും ദേഹം പുണരും മഞ്ഞിൻ
കുളിരായെത്തും വാർദ്ധക്യം!

ഋതുഭേദങ്ങളിലാത്മാവുരുകി-
പ്പിടയുകയാണെൻ മനമെന്നും
തുടുതുടെ വിടരും പനിനീർപ്പൂവി-
ന്നലരുകൾ വാടിക്കരിയുംപോൽ!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  അദൃശ്യ/ പദ്മദാസ് എഴുതിയ കവിത