Easamanmar-Malayalam shortpoems written by P.K.Gopi

എശമാന്മാർ

പുറങ്കണ്ണ്

വേരിൻ്റെ ചിരി
കാണാതിന്നും ഞാൻ
പുറങ്കണ്ണാൽ
പൂവിൻ്റെ ചിരി കണ്ടു!
സാഗരം ദാനം ചെയ്തതു
ഞാനറിയാതെ
ദൂരത്തു മഴകൊണ്ടു!!

കമ്മട്ടം

ള്ളനാണയമൊക്കെയു-
മന്തസ്സിൽ വന്നു പോകുന്നു
കമ്പോള വീഥിയിൽ!
കണ്ടുബോധ്യപ്പെടും വരെ
വഞ്ചന ഉണ്ടുറങ്ങുന്നു
പൊയ്മുഖക്കോട്ടയിൽ!!

ബലിയാട്

ലിയാടുകൾക്കെല്ലാം
പച്ചില നീട്ടിത്തരാൻ
സുഖമായ് ജനാലയ്ക്കൽ
വന്നു നിൽക്കുന്നൂ ഞങ്ങൾ!
തെളിക്കും വഴിക്കേറെ
നടക്കും മുൻപേ ഞങ്ങൾ
കഴുത്തിൽ ഭാഗ്യക്കത്തി-
യാഴ്ത്തുന്നു മേലാളന്മാർ!!

എശമാന്മാർ

കൊള്ളയ്ക്കും
കൊലയ്ക്കുമായ്
ആയുസ്സു സമർപ്പിച്ച
വല്ല്യെശമാന്മാർ വന്നു
കണ്ണുരുട്ടുന്നു!
ചില്ലറക്കാപട്യം കൊ-
ണ്ടന്യനെ പിഴിയുന്ന
കൊച്ചെശമാന്മാർ വന്നു
പല്ലിളിക്കുന്നു!!

ദീപം

കത്തും പുറത്തുമായ്
കൊളുത്തും ദീപത്തിൻ്റെ
ചരിത്രം, സത്യത്തിൻ്റെ
നക്ഷത്രനേത്രം പോലെ!

Latest Posts