Published on: June 15, 2025

ഹിരൺദാസ് മുരളി:
മലയാളത്തിലെ ഒരു ഹിപ് ഹോപ് കലാകാരനാണ് റാപ്പർ വേടൻ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളി. സ്വന്തമായി വരികൾ എഴുതി ഈണമിട്ടു പാടുന്ന വേടന്റെ ആദ്യ സംഗീത വീഡിയോ(റാപ്പ്), 2020ൽ പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്’ ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
തുടർന്ന്, അതേ വർഷംതന്നെ പുറത്തിറങ്ങിയ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന രണ്ടാമത്തെ റാപ്പും ജനശ്രദ്ധ നേടി. അതിനെത്തുടർന്ന്, 2021ൽ പുറത്തിറങ്ങിയ ‘നായാട്ട്’ എന്ന സിനിമയിൽ ‘നരബലി’ എന്ന ഗാനം എഴുതുവാനും പാടാനും അവസരം ലഭിച്ചു. 2022ൽ ‘പടവെട്ട്’, ‘മഞ്ഞുമ്മേൽ ബോയ്‌സ്’ എന്നീ സിനിമകളിലും 2024ൽ, കൊണ്ടൽ എന്ന സിനിമയിലും 2025ൽ, ‘നരിവേട്ട’ എന്ന സിനിമയിലും ഓരോ പാട്ടുവീതം എഴുതാനും പാടാനും സാധിച്ചു.
മഞ്ഞുമ്മേൽ ബോയ്‌സ് സിനിമയിലെ ‘കുതന്ത്രം’ എന്ന പാട്ടിലെ, ‘വിയർപ്പു തുന്നിയിട്ട കുപ്പായം. അതിൽ നിറങ്ങളൊന്നുമില്ല, കട്ടായം.’ എന്ന വരികൾ വലിയൊരളവിൽ വേടനെ പ്രശസ്തനാക്കി. പത്താം ക്‌ളാസ് വിദ്യാഭ്യാസമുള്ള വേടൻ, തൃശ്ശൂർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ‘സ്വപ്നഭൂമി’ എന്നറിയപ്പെടുന്ന പ്രദേശത്താണു ജനിച്ചത്.
മലയാളം മൈനര്‍ കോഴ്‌സിന്റെ ഭാഗമായുള്ള താരതമ്യ പഠനത്തിൽ, സാഹിത്യ പരിചയ വിഭാഗത്തിലായി കണ്ണൂർ- കാലിക്കറ്റ് യൂണിവേസിറ്റികൾ വേടന്റെ ‘ഭൂമീ ഞാൻ വാഴുന്നിടം’ എന്ന റാപ്പ് 2025ലെ ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിനുള്ള താരതമ്യ പഠനത്തിനായി മൈക്കിള്‍ ജാക്‌സന്റെ ‘They dont care about us’ നൊപ്പമാണ് ‘ ഭൂമി ഞാന്‍ വാഴുന്നിടം’ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അച്ഛൻ: മുരളി. അമ്മ: ചിത്ര.
■■■







