കാലത്തോടു കലഹിക്കുന്നവനു കവിതകൊണ്ടൊരു വിരുന്ന്:

ഇക്കഴിഞ്ഞ ഏതാനും ആഴ്ചകളായി, കേരളത്തിന്റെ ഇരുകരങ്ങളും ഇടതടവില്ലാതെ വീശിക്കൊണ്ടിരിക്കുകയാണ്, ഒരേ മുഖത്ത്; ഇരുകവിളിലുമായി. ഒരു കരം ആഞ്ഞുപ്രഹരിക്കുന്നു; മറുകരം ആർദ്രമായി തലോടുന്നു. ആ മുഖമാണ്; റാപ്പർ വേടൻ!
കൊടുങ്കാറ്റുകൊണ്ട കാട്ടുമരം കണക്കെ വേടൻ ഉലഞ്ഞു നിന്നപ്പോൾ കേരളത്തിനകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം കലാ ഹൃദയങ്ങളും വേടനുവേണ്ടി, തായ്‌വേരായി പുനർജ്ജനിച്ചു. ഇളകിവീഴാൻ നിന്ന കാട്ടുമരത്തെ മണ്ണിലുറപ്പിച്ചു നിർത്തി. അതൊരു ശ്രമകരമായ ദൗത്യമായിരുന്നു.
നൂറ്റാണ്ടുകളായി തീനിലങ്ങളിൽ കലപ്പയോട്ടി കിതച്ചു നിന്ന ആത്മാക്കളായിരുന്നു അവർ. അതുകൊണ്ടാണവർക്ക് ആ കാട്ടുമരത്തിന്റെ മനം മുറിഞ്ഞപ്പോൾ ഒരൊറ്റ ആത്മാവായി പുനർജ്ജനിക്കാൻ സാധിച്ചതും! അവർ, വനം നിറഞ്ഞാടിയ കാക്കിഭൂതങ്ങളെ കണ്ടില്ല. യന്ത്രത്തോക്കുകളുടെ മുരൾച്ചയും കേട്ടില്ല. അവർ അമ്മക്കിളികളെപോലെ ചിലച്ചുകൊണ്ടേയിരുന്നു, ‘ഈ കാട്ടുമരത്തിന്റെ കടപുഴുകാൻ ഞങ്ങൾ സമ്മതിക്കില്ല…!’
കവയിത്രിയും തിരക്കഥാകൃത്തുമായ സ്മിത സൈലേഷ് തന്റെ ഫേസ് ബുക്കിൽ കുറിച്ചിട്ട ‘വേടൻ’ എന്ന കവിത ചർച്ചയാകുന്നു…

വേടൻ
നൂറ്റാണ്ടുകൾ
തീനിലങ്ങളിൽ
കലപ്പയോട്ടി
കിതച്ചു നിന്ന
ആത്മാക്കൾ
അവന്റെ ഉടലിൽ
വിയർത്തു
അവരുടെ കറുപ്പ്
അവരുടെ ചോര
അവർ കൊണ്ട വെയിൽ
അവർ കൊണ്ട മർദ്ദനങ്ങൾ
അവരുടെ ഉടലിലെ
ചാട്ടയടിപ്പാടുകൾ
അവന്റെ അഞ്ചരയടി
ഉടൽക്കറുപ്പിൽ
പൊള്ളികുമിളിച്ചു
അകം വെന്ത
തലമുറകളുടെ
വിലാപങ്ങൾ
കുതറലുകൾ
അമർച്ചകൾ
അലർച്ചകൾ
അവന്റെ തോറ്റങ്ങളായി
അപമാനത്തിന്റെ
തീട്ടകുഴികളിൽ
വിളമ്പിയ കഞ്ഞി
ആമാശയത്തിൽ കരഞ്ഞ,
പശി തീരാത്ത
കറുത്തവർ വന്ന്
അവന്റെ പാട്ടിൽ കരഞ്ഞു
അവരുടെ ചങ്കിലെ
തീ കടഞ്ഞു
അവന്റെ നെഞ്ചിലെ
പാട്ട് പൊള്ളി
എന്റെ അപ്പനപ്പൂപ്പന്മാരേ…
എന്നവൻ പാട്ടിന്റെ
മകുടിയൂതുമ്പോൾ
അരങ്ങിൽ
കാലിൽ ചങ്ങലയുരഞ്ഞ
ചോര വാർന്ന
മുറിവുകളുമായി
ഖനികൾ തുരന്നുവന്ന
അടിമകൾ
ചതിയുടെ
അരക്കില്ലങ്ങളിൽ
കത്തിയമർന്ന
പ്രാണനുകൾ
ചരിത്രത്തിൽ
നിന്നും തുള്ളി വന്നു
കളം കൊള്ളുന്നു
കണ്ണീരും
ചോരയും
ചലവും തീയും
അവന്റെ അരങ്ങിൽ
കടലിന്റെ ഉപ്പ് ചുവക്കുന്നു
മണ്ണിനടിയിൽ നിന്നും
എണീറ്റു വന്നവർ
അവന്റെ ആത്മാവിലിരുന്നു
പാടുന്നു
അവന്റെ കവിത
കത്തുന്നു
തീ പിടിച്ച അരങ്ങിൽ
ഭൂതാവേശിതൻ
ഒരുവൻ
വിയർപ്പ് തുന്നിയിട്ട
കുപ്പായം
അതിന്റെ മൂന്നാമത്തെ
മിടിപ്പിലെ മുറിവുകളെ
നഗ്നമാക്കിയിടുന്നു
മുറിവിൽ നിന്നും
അടിമകളുടെ
വിയർപ്പുചൂരുള്ള കരച്ചിൽ
ചൂടുള്ള
ചളിപ്പശയുള്ള
കാറ്റ് വീശുന്നു
അമ്പത്തൊന്ന്
അക്ഷരം കൊണ്ടല്ല
പതിനായിരകണക്കിനു
വർഷങ്ങളിലെ
കരച്ചിലുകൾ
മുറിവുകൾ
അപമാനം
നിശ്ചലത
നിശബ്ദത
ഒക്കെയും
കരളിലിട്ടു വേവിച്ച്
അവൻ കവിതയുടെ
ലഹരി വാറ്റുന്നു
ആയിരത്താണ്ടുകളായി
വെയിലിൽ നിൽപ്പോർ
ചെളിയിൽ പുതഞ്ഞോർ
അവരുടെ കരുവാളിപ്പ്
ഉടലിലെ വേനൽ
ഉയിരിൽ നിന്ന്
ഉരുക്കിയെടുത്ത്
അവൻ അഞ്ചു ഗ്രാം
കറുപ്പാക്കുന്നു
അവനതിന്റെ
ലഹരിയിൽ കറുക്കുന്നു
അരങ്ങിൽ തീപന്തം പോലെ
കത്തിയാളുന്ന
ഒരുവനിൽ നിന്നും
ഇരമ്പുന്ന ഒരു തീ സമുദ്രമുണ്ടാകുന്നു
അവനു മുന്നിൽ
ദൈവമേ…
നിന്റെ പാട്ടുകൾ
നിന്റെ പാട്ടിലെ തീ…
നിന്റെ പാട്ടിലെ നിലവിളിയെന്ന്
ആ കടൽ ഹൃദയങ്ങളുടെ
അരികുകളിൽ തീ പടർത്തുന്നു..
അവന്റെ പാട്ടിനു മുന്നിൽ
കത്തി നിൽക്കുന്ന ആൾക്കൂട്ടം
അവന്റെ വാക്കുകൾക്കു
കാതോർത്തു നിൽക്കുന്ന ജനത
ചരിത്രം പൂഴ്ത്തിവെച്ച
മൗനങ്ങളെയാണ്
അവൻ വാക്കിന്റെ ഉളിയാഴ്ത്തി
തട്ടിയുണർത്തുന്നത്
നിശബ്ദമാക്കി വെച്ച
രഹസ്യങ്ങളുടെ പൊരുളിനെയാണ്
അവൻ ഉടുപ്പൂരി നിർത്തുന്നത്
അവന്റെ പാട്ടിനെ
മുൾമുടി ചാർത്താൻ
അവൻ മിണ്ടുന്നതു
നിശബ്ദമാക്കാൻ
ഒരു കൽകുരിശൊരുങ്ങുന്ന
ഒച്ച കേൾക്കുന്നുണ്ട്
അവന്റെ ഉള്ളം കൈയ്യിൽ
തെളിയുന്നുണ്ട്
ഒരു ഇരുമ്പാണിമുറിവ്
കടും ചോരചുവപ്പ്
മുറിവുകളുടെ
സമുദ്രങ്ങൾ കല്ലിച്ചതിൻ
കടുംനീല…
■■■■■
2024ൽ, പ്രിയനന്ദനൻ സംവിധാനം ചെയ്ത, ആദിവാസികൾ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യത്തെ സിനിമയായ ‘ധബാരി ക്യുരുവി’ യുടെ തിരക്കഥാകൃത്താണ്, സ്മിത സൈലേഷ്.