പുളിയൻ മാങ്ങ
പങ്കിട്ടിരുന്നു പണ്ട്
കുന്നിൻമുകളിലിരിക്കുമ്പോൾ
സൂര്യൻ ഞങ്ങടെ
കൈവെള്ളയിൽ
കുഞ്ഞുവാവയായി
പിന്നീടങ്ങോട്ട്
ശരിക്കും വളർന്നു
ഞങ്ങൾക്ക്
കാണാം
വിളിക്കാം
കൂടാം
തീർന്നു
കുഴൽപണംപോലെ
രഹസ്യം
ഉപചാരങ്ങൾ
വാക്കുകൾ
പിന്നേയും
അവനെ കാണേണ്ടി വന്നിട്ടുണ്ട്
കുന്നിൽ നിന്ന്
താഴെ രത്നമ്മയുടെ
വീട്, തൊഴുത്ത്
പിന്നിൽ കഞ്ചാവിൻ്റെ
ഭംഗിയാർന്നപൂക്കൾ
കാറ്റ് നിവർത്തിയിട്ട
ഗന്ധപാലത്തിലൂടെ
ഞങ്ങളപ്പോൾ
നിവർന്നു നടന്നു
അവർ
കലിപ്പിലാണ്
രണ്ടു പോക്കറ്റിലും
കണ്ടു
ഗാന്ധികെട്ടുകൾ
ഈ നടത്തം ഇത്ര
ആസ്വാദ്യകരമാണെന്ന്
വിചാരിച്ചതേയില്ല
പെട്ടെന്നവൻ
എന്നെ കെട്ടിപ്പിടിച്ചു
ഞാൻ മാത്രമല്ല ട്ടോ
എന്റെ നാട്ടുകാർ
അവൻ്റെ നാട്ടാനകൾ
കഞ്ചാവു കൃഷി
ആ കുന്ന് കുന്നിൻ
മുകളിലെ സൂര്യൻ
രത്നമ്മ എല്ലാവരുമുണ്ട്
പുതിയ ഫോണിൻ
പുതിയ കളിയൊരൊണ്ണം
കാണിച്ചുതന്നു
ഡെറ്റോൾ സോപ്പിട്ട്
ഒരുപാട് തവണ കുളിച്ചാലും
പോകാത്ത
കെട്ടുകാഴ്ചകളുടെ
ഉടുപ്പുകളിട്ടു
പിന്നേം നടന്നു
ഭയമാണ് ഇക്കുറി
വാഹനമോടിച്ചത്
ഇടമുറിയാതെ
അവൻ പലതും
സംസാരിച്ചു
ഡോൺ എന്ന
പദത്തിൻ്റെ
ആവേശം പതഞ്ഞ
വാക്യങ്ങൾ
രാത്രിയിലാണ്
യാത്ര യാത്രയാകുന്നത്
എന്നു പറഞ്ഞ്
മൗനിയായി
ഞാൻ വെർജീനിയയെക്കുറിച്ച്
ഓർത്തതേയുള്ളു
മൈക്രോവേവ് ഓവനിൽ
വെച്ച പോലെ വെന്തു
വീഞ്ഞില്ലാത്ത
ചഷകം വീണുടഞ്ഞു
ഞാൻ മാത്രം തെറിച്ചുവീണു
റോഡിലേക്ക്
വിലങ്ങളിഞ്ഞ കൈകളുയർത്തി
അവൻ
അട്ടഹസിച്ചത്
ഓർമയിലുണ്ട്
ഓർമകൾ
പോവുകയാണ്
യാത്ര യാത്രയാവുന്നത്
ഓർമകൾ
യാത്രയാവുമ്പോഴാണ്!