കരിമ്പുലി/ വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത

പുലി
ഇറങ്ങിയിട്ടുണ്ട്;
പുലിയുടെ
കാൽപ്പാടുകൾ
മണ്ണിൽ
പതിഞ്ഞുകിടക്കുന്നു.

ഒരു
തൊഴിലാളിയെ
കാണാതായി;
ജൂതനെ
കാണാതായി;
ഇപ്പോൾ,
ഒരു
കമ്മ്യൂണിസ്റ്റ്കാരനെയും
കാണാതായി.

ചോര പൂക്കുന്നുണ്ട്,
ആകാശങ്ങളിൽ;
പുലി
ഇറങ്ങിയിട്ടുണ്ട്.

പുലി
പുഴ നീന്തി
അക്കരേക്ക്
മടങ്ങിപ്പോകില്ല;
എന്നിലും
നിന്നിലും
അത്
മാളങ്ങൾ
തേടുകയാണ്.

ഇരയെ
മണത്തുമണത്ത്,
പുസ്തകത്തിലും
ഭക്ഷണപാത്രങ്ങളിലും
വസ്ത്രങ്ങളിലും
എന്തിനേറെപ്പറയുന്നു,
ആരാധനാലയങ്ങളിലും
എത്തിയിരിക്കുന്നു.

ഭയന്നു വിറച്ച്
ആരും മിണ്ടുന്നില്ല;
അല്ലെങ്കിലും,
ശവങ്ങളെ
പുലി തിന്നാറില്ല.

പുലിയുടെ
കറുത്ത മുഖരോമം
മണം പിടിച്ച്‌
മണം പിടിച്ച്‌
ശരീരത്തിൽ
ഉരുമ്മുന്നു.
ഇക്കിളികൊണ്ട്
ഒരു ചിരി
അടക്കിപ്പിടിക്കുന്നു.

രാത്രി
പൊത്തിപ്പിടിച്ച
ഒരു പകലിനെപ്പോലെ!