Published on: November 12, 2025

കവിതകൾ പിറക്കാത്ത ലോകം
പരസ്പരം ആലിംഗനം ചെയ്യാൻ
മനുഷ്യർക്കു മോഹമില്ലായിരുന്നുവെങ്കിൽ
കൈകൾ കുത്തി മൃഗങ്ങളെപ്പോലെ നടന്നേനെ!
മറ്റൊരു മനുഷ്യനോടു
സ്നേഹം തോന്നിയില്ലായിരുന്നെങ്കിൽ
മനുഷ്യരും ചിരിക്കാനറിയാത്തവരായേനെ!
ആരെയും കാണാനും തൊടാനും
കൊതിയില്ലായിരുന്നെങ്കിൽ
മരങ്ങളെപ്പോലെ,
മനുഷ്യരും നിശ്ചലം നിന്നേനെ!
ആരെയും അറിയാൻ ആഗ്രഹമില്ലാതിരുന്നെങ്കിൽ
മനുഷ്യർക്കും ഭാഷയില്ലാതായേനെ!
മനുഷ്യരിൽ സ്വാർത്ഥതയില്ലായിരുന്നെങ്കിൽ
കാറ്റിനെപ്പോലെ,
വീടും നാടുമില്ലാതെ അലഞ്ഞേനെ!
മനുഷ്യരിൽ സ്വപ്നങ്ങൾ മുളയ്ക്കാതിരുന്നെങ്കിൽ
ശൂന്യാകാശം പോലെ,
മനുഷ്യരില്ലാതെ, ഭൂമിയും കാലിയായേനെ!
മനുഷ്യന് ആരെയും സന്തോഷിപ്പിക്കേണ്ടതില്ലായെങ്കിൽ
സംഗീതം പിറക്കാതിരുന്നേനെ!
മനുഷ്യനിൽ പ്രണയം മൊട്ടിടാനില്ലായെങ്കിൽ
കവിതകളൊന്നും പിറക്കാതെ പോയേനെ!
Trending Now







