തുറന്നിട്ട ജാലകത്തിൽ നിന്നൊരു

പിരിയൻ ഗോവണി

നീണ്ടുപോകുന്നു ഗഗനസീമയിലൂടെ.
എത്ര പടികൾ കയറിയാലും എങ്ങുമെത്താതെ തിരികെ
എന്റെ ജാലകത്തിന്നരികിലേക്ക് വീണ്ടുമെത്തുന്ന പോലെ.

രാവിലെകളിൽ, രാത്രികളിൽ
മേഘങ്ങളെ തൊട്ടുള്ള ആരോഹണം
വിണ്ടുകീറിയെ ഭിത്തിയുടെ പ്രതലത്തിൽ ഒടുങ്ങുമ്പോൾ
വിരലുകളിൽ നിന്ന് പൊടിയുന്ന നീർത്തുള്ളികൾ.

അപ്പോഴും ഇപ്പോഴും നക്ഷത്രങ്ങളെ അടർത്തിയെടുക്കാനുള്ള
കൊതിയാൽ പൊന്തുന്ന കൈ.

അപരിചിതനായൊരാൾ കതകിൽ മുട്ടുന്നു,
മുഴങ്ങുന്ന ശബ്ദത്തിൽ ഉറക്കെ തിരക്കി
സ്വർഗ്ഗത്തിലേക്കുള്ള പടികൾ.
അതെന്റെ ജാലകത്തിന്നരികിലാണെന്ന്
വിളിച്ചുപറയണമെന്നു തോന്നി,
പക്ഷെ പറയാനായതില്ല,
ഇത്ര പടികൾ കയറിയിട്ടും ഞാൻ
ഇവിടേക്ക് തന്നെയാണല്ലോ തിരികെ എത്തുന്നത്!

അയാൾ അടുത്ത വാതിലിൽ മുട്ടി
ഇതേ ചോദ്യം ചോദിക്കുന്നു.
നിശബ്ദത മാത്രം.

വീണ്ടും പല പല കതകുകളിൽ മുട്ടുന്ന ശബ്ദം…

ജാലകത്തിനപ്പുറം താഴ് വരകളെ മൂടുന്ന കോടമഞ്ഞ്.
തണുത്തുവിറങ്ങലിച്ച രാത്രിയെ ചൂടുപിടിപ്പിക്കുന്ന വിളക്കിനെ
ഓർമ്മകളിൽ നിന്നൊരു ശലഭം വലം വെയ്ക്കുന്നു.

ഈ പടികൾക്ക് മുകളിലെന്ത്?
മേഘങ്ങൾക്ക് മുകളിലെന്ത്?
ചോദ്യങ്ങളെ ചോദ്യങ്ങളാക്കിത്തന്നെ നിർത്തിയ കിതപ്പ്.

ആ അപരിചിതന്റെ ശബ്ദം ഇപ്പോൾ മേഘങ്ങളെ പിളർത്തി
കോണിപ്പടികളിൽ തട്ടിച്ചിതറി എനിക്കരികിലേക്കിറങ്ങുന്നു.

ജാലകത്തിൽ നിന്ന് നീണ്ടുപോകുന്ന
ആ ലോഹത്തിൽ
ഒരുവട്ടം കൂടി ഞാൻ കാൽ വെച്ചു കയറി……