Published on: October 13, 2025

കുഞ്ഞായന്റെ കുസൃതികൾ
തീവ്രമായ ഒരു രാഷ്ട്രീയപശ്ചാത്തലമുള്ള ഏക പെൺതരിയുടെ കത്തുന്ന രഹസ്യം കേട്ട് കുഞ്ഞായൻ തളർന്നുപോയി. അതിനുശേഷം അയാൾ കത്തിയും പൂവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഏറെനേരം ആലോചിച്ചു. അവസാനം അയാൾതന്നെ അതിനൊരു ഉത്തരവും കണ്ടെത്തി. അല്ലെങ്കിലും ആമിനയ്ക്ക് അതിന്റെ രാഷ്ട്രീയ പൊരുളൊന്നും അറിയില്ലല്ലോ. കേവലം പൂവിന്റെ മണമല്ലാതെ… പൂവിന്റെ ഭംഗിയല്ലാതെ…
ജീവിതം നിങ്ങളെ എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിനുമുന്നിൽ കുഞ്ഞായൻ ഇപ്പോൾ പകച്ചുനിൽക്കുന്നു.
അറിയില്ലേ, കുഞ്ഞായനെ?
ഓർമ്മവെച്ച നാളുമുതൽ മങ്ങാട്ടച്ചന്റെ കളിക്കൂട്ടുകാരൻ. വള്ളിനിക്കറിട്ട കാലംതൊട്ടേ വെള്ളിപ്പിടിയുള്ള പിച്ചാത്തിക്കുവേണ്ടി സാമൂതിരിച്ചന്തയിൽ അടിപിടി കൂടിയവൻ, മീശ മുളച്ചപ്പോൾ മീൻകാരത്തിയുടെ മുണ്ടിനടിയിൽ നിന്നും കള്ളപ്പൂച്ചയെ പുറത്തു ചാടിച്ചവൻ, പുഷ്പഗിരി ടാക്കീസിലെ പ്രഥമ സിനിമാപ്രദർശനത്തിനുതന്നെ ടിക്കറ്റെടുക്കാതെ കയറിവൻ, അതിലെ നായികയെ പ്രേമിച്ച് എല്ലാവരേയും വെല്ലുവിളിച്ച് കഥയിലൊരു ഉപനായകത്വം സ്ഥാപിച്ചവൻ, കവലയിലെ ചട്ടമ്പികൾക്ക് എള്ളും പൂവും പറിച്ചു കൊടുത്തതിന് സ്വന്തം കുടുംബത്തിൽനിന്നും ആട്ടിപുറന്തള്ളപ്പെട്ടവൻ. കുഞ്ഞായനെ ചുറ്റിപ്പറ്റി ഇങ്ങനെ വീരകഥകൾ എത്രയോ. പറഞ്ഞാലും പാടിയാലും തീരാത്ത എമ്പാടും കഥകൾ.
ഇതിനിടയിലാണ് കുഞ്ഞായൻ ഒരു ദീർഘയാത്രയ്ക്ക് പുറപ്പെട്ടത്. അതും മങ്ങാട്ടച്ചന്റെ കളരിയിലേക്ക്. പറയുമ്പോൾ മങ്ങാട്ടച്ചനും കളരിയും എത്ര അടുത്ത്. എന്നാൽ പുറപ്പെട്ടപ്പോളല്ലേ യാത്രയുടെ ദൂരവും ദുരിതവും കുഞ്ഞായന് അനുഭപ്പെട്ടത്. കല്ലും മുള്ളും നിറഞ്ഞ പുല്ലും പൂവും നിറഞ്ഞ യാത്രകൾ. മനുഷ്യൻ എന്നത് സഞ്ചരിക്കുന്ന ഒരു കഥയാണെന്ന് ആദ്യം കണ്ട സിനിമയിലെ നായിക പാടിയത് എത്ര ശരിയാണ്.
ശരിക്കും തെറ്റിനുമിടയിൽ അങ്ങനെ കുഞ്ഞായൻ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടയിൽ താടിയും മുടിയും നീണ്ടുപോയി. ഉടുത്ത കൈലിയും കഞ്ഞിപ്രാക്കും മുഷിഞ്ഞുപോയി. തലയിൽ കെട്ടിയ വട്ടക്കെട്ടിന് അത്തറും വിയർപ്പും കൂടിക്കലർന്ന് ഒരുതരം രാസവളങ്ങളുടെ നാറ്റമായി. എന്നാൽ തോളിൽ തൂക്കിയ ഭാണ്ഡത്തിനുമാത്രം ഇതുവരെ യാതൊരു മാറ്റവും വന്നിട്ടില്ല. അതെ, കുഞ്ഞായന്റെ തോളിൽ ഒരു വലിയ മാറാപ്പുണ്ട്. അത് കാഴ്ചയിൽ ഒരു തുണിക്കെട്ടാണ്. എന്തായിരിക്കും ആ തുണിക്കെട്ടിൽ, കളരിയിലേക്കുള്ള യാത്രയല്ലേ? ചിലപ്പോൾ വല്ല പരിചയോ വാളോ ഉറുമിയോ ആയിരിക്കും. എന്നാൽ അതൊന്നുമായിരുന്നില്ല അതിനുള്ളിൽ. വർഷം വെളിപ്പെടുത്താത്ത ഒരു പഴഞ്ചൻ ഡയറി. അരക്കുപ്പി മഷി. രാജാവിന്റെ തലയുള്ള നാണയങ്ങൾ. പിന്നെ ഏതാനും പച്ചമരുന്നുകളും സുഗന്ധങ്ങളും. ഇതൊക്കെക്കൊണ്ടുള്ള യാത്ര യ്ക്കിടയിലാണ് ഇപ്പോൾ തീർത്തും അപ്രതീക്ഷിതമായ ചോദ്യം കുഞ്ഞായനെ തേടിയെത്തിയത്.
“ജീവിതം നിങ്ങളെ എന്തു പഠിപ്പിച്ചു” എന്ന്.
വേണമെങ്കിൽ കുഞ്ഞായന് ഒറ്റവാക്കിൽ ഉത്തരം പറയാനാവും. ജീവിതം എന്നെ കളരി പഠിപ്പിച്ചു എന്ന്. എന്നാൽ തൽക്കാലം ആ ഉത്തരത്തിന് നിൽക്കാതെ ചോദ്യം ഒരാവൃത്തികൂടി മനസ്സിലിട്ടു കുലുക്കി തന്റെ ബഹുദൂര യാത്ര തുടർന്നുകൊണ്ടേയിരുന്നു.
ആകാശം ഇരുളുന്നു. ഇടവപ്പാതി ഇടിമുട്ടിപ്പെയ്യുന്നു. എന്നിട്ടും ഒരു കൂസലുമില്ലാതെ കുഞ്ഞായൻ മഴ നനഞ്ഞുകൊണ്ടു നടക്കുന്നു. ഈ സമയത്താണ് അവിചാരിതമായി ഒരു കാഴ്ച അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇടവകയിൽ ഒരച്ചൻ മഴ നനഞ്ഞുകൊണ്ട് ഒറ്റയ്ക്ക് നിൽക്കുന്നു. ഒരുപക്ഷേ, ഇയാളും തന്നെപ്പോലെ ഏതെങ്കിലും യാത്രയിലായിരിക്കും. സംശയിച്ചുനിൽക്കാതെ ചെന്ന് അന്വേഷിച്ചപ്പോഴാണ് അച്ചൻ വിങ്ങിപ്പൊട്ടിയത്:
“ഒരുപാടുപേരുടെ കുമ്പസാരങ്ങൾ ചുമന്ന് അവസാനം ഞാനിങ്ങനെ ആയിപ്പോയി. ആരുമില്ലാതായിപ്പോയി…”
അതു കേട്ട് വളരെ നിസാരമായി കുഞ്ഞായൻ പറഞ്ഞു:
“കുമ്പസാരിച്ച കുഞ്ഞാടുകളെല്ലാം പാപഭാരം മുഴുവനും അച്ചന്റെ തലയിലിട്ട് ഒടുവിൽ തടിതപ്പി എന്നർത്ഥം. അച്ചോ, ഈ ദൂരയാത്രയിൽ ഞാനും നിങ്ങളും ഇപ്പോൾ എത്ര അടുത്താണ്…”
ആ അടുപ്പത്തിൽനിന്നും പെട്ടെന്ന് അകന്നുമാറുകയായിരുന്നു കുഞ്ഞായൻ. എന്നാൽ കുഞ്ഞായൻ ഇപ്പോൾ കാണുന്ന കാഴ്ച മറ്റൊന്നാണ്. തന്റെ മുന്നിലിരിക്കുന്ന മെലിഞ്ഞ രൂപം കൈയിലുള്ള തീപ്പെട്ടിയിൽ നിന്നും ഓരോ കൊള്ളിയെടുത്ത് അതിനെ മടക്കുകത്തികൊണ്ട് ഈർന്ന് രണ്ടാക്കി മാറ്റുന്നു. അത്ഭുതം! കുഞ്ഞായന് അത്ഭുതം! പലപല അത്ഭുതങ്ങളും കുഞ്ഞായൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്. സ്വന്തം ജീവിതത്തിൽ കാണിച്ചിട്ടുണ്ട്. എന്നാൽ തീപ്പെട്ടിക്കൊള്ളി രണ്ടാക്കുന്ന വിദ്യ കുഞ്ഞായൻ ആദ്യമായി കാണുകയാണ്. ഒരു തീപ്പെട്ടിക്കൊള്ളിയിൽ ആകെ എത്ര കൊള്ളികളുണ്ടാവും? കുഞ്ഞായൻ എണ്ണാൻ തുടങ്ങി. ഏകദേശം അമ്പത്. അമ്പത്തിരണ്ട്. ഈ അമ്പത്തിരണ്ടു കൊള്ളികൾ നൂറ്റിനാലാക്കുന്നതിന്റെ പൊരുളന്വേഷിച്ചപ്പോൾ ആ മെലിഞ്ഞ രൂപം ചുണ്ടനക്കിയതത്രെ.
“മൊത്തം ഇൻഷുർ ചെയ്യപ്പെടുകയല്ലേ നമ്മുടെ ജീവിതങ്ങൾ. എന്നിട്ടും ഭൂമി കറങ്ങുന്നു. ഹ… ഹ… ഹാ…”
ഭ്രാന്തമായ ആ ചിരി കേട്ട് കുഞ്ഞായൻ ഞെട്ടിവിറച്ചു. എന്നിട്ട് പതുക്കെ സഹതപിച്ചു പോലും. ക്ഷണികമായ ഈ തീപ്പൊരിയല്ലാതെ താങ്കളുടെ ജീവിതത്തിൽ മറ്റൊന്നുമില്ലേ സുഹൃത്തേ ഇരട്ടിപ്പിക്കാൻ?
ഇതൊക്കെ കേട്ട് ഇപ്പോൾ എന്തു പറയുന്നു? കുഞ്ഞായന് പഠിപ്പില്ലെന്നും വിവരമില്ലെന്നും ആർക്കെങ്കിലും പറയാനാവുമോ, അല്ലെങ്കിൽ പറയുമോ..? തീർച്ചയായും ആമിന പറയും. അതാണ് ആമിന പറഞ്ഞതും. ആമിന മറ്റാരുമല്ല. കുഞ്ഞായന്റെ ഒരകന്ന ബന്ധത്തിൽപ്പെട്ടവളാണ്. ആറാങ്ങളമാർക്കുള്ള ഏകപെങ്ങൾ. അതുകൊണ്ട് പെങ്ങളെ അവർ പട്ടുടുത്തു വളർത്തി. മാത്രമല്ല, ആങ്ങളമാരാണെങ്കിൽ കണാരന്റെയും കൃഷ്ണപിള്ളയുടെയും ആദർശവാദികളും! ആയിടയ്ക്കാണ് നാട്ടിൽ തിരഞ്ഞെടുപ്പും കോലാഹലവും വന്നത്. ആങ്ങളമാരോടൊപ്പം അവളും ജെയ് വിളിച്ചു. വോട്ടുചെയ്തു. പിന്നീട് ഏറെ കഴിഞ്ഞാണ് ആമിന കുഞ്ഞായനോട് ആ രഹസ്യം വെളിപ്പെടുത്തിയത്.
“കത്തിക്കല്ല, ഞാൻ താമരയ്ക്കാണ് വോട്ടുചെയ്തത്. അല്ലെങ്കിൽ നിങ്ങള് പറ. ഈ നാട്ടില് പൂവിനെയല്ലാതെ ഏതു പെണ്ണാണ് പിന്നെ കത്തിയെ ഇഷ്ടപ്പെടുക?”
തീവ്രമായ ഒരു രാഷ്ട്രീയപശ്ചാത്തലമുള്ള ഏക പെൺതരിയുടെ കത്തുന്ന രഹസ്യം കേട്ട് കുഞ്ഞായൻ തളർന്നുപോയി. അതിനുശേഷം അയാൾ കത്തിയും പൂവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഏറെനേരം ആലോചിച്ചു. അവസാനം അയാൾതന്നെ അതിനൊരു ഉത്തരവും കണ്ടെത്തി. അല്ലെങ്കിലും ആമിനയ്ക്ക് അതിന്റെ രാഷ്ട്രീയ പൊരുളൊന്നും അറിയില്ലല്ലോ. കേവലം പൂവിന്റെ മണമല്ലാതെ… പൂവിന്റെ ഭംഗിയല്ലാതെ…
അങ്ങനെ ആമിന എന്ന പൂവിന്റെ മണവുമായി കുഞ്ഞായൻ ഇരുട്ടിലൂടെ നടക്കുമ്പോൾ മറ്റൊരു കാഴ്ച കണ്ടു. ആരോ ഒരാൾ കമ്പിത്തൂണിൽ കയറിയിരുന്ന് ബീഡി വലിക്കുന്നു. രാത്രിയായതുകൊണ്ട് ആളാരാണെന്ന് മനസ്സിലാവുന്നില്ല. എന്തായാലും ആളെ മനസ്സിലാക്കിയിട്ടു തന്നെ ബാക്കി കാര്യം. ഭാണ്ഡം താഴെ വെച്ച് അയാൾ തൂണിൽ കയറി. പാതി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞായന് കാര്യം മനസ്സിലായത്. അതാരും ബീഡി വലിക്കുന്നതല്ല. വോൾട്ടേജ് ഇല്ലാത്തതുകൊണ്ട് ബൾബ് മിന്നുന്നതാണെന്ന്. നമ്മുടെ കമ്പിത്തൂണുകളെല്ലാം ഇപ്പോൾ ഇങ്ങനെ ബീഡി വലിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഗതികേട് ശപിച്ചുകൊണ്ടാണ് അയാൾ തൂണിൽ നിന്നും താഴെ ഇറങ്ങിയത്.
ഇപ്പോൾ കുഞ്ഞായൻ മറ്റൊരു ഗതികേടിനു പിറകെ ഓടുകയാണ്. തന്റെ ഭാണ്ഡവുംകൊണ്ടു കടന്നുകളഞ്ഞ ഒരു പൂച്ചയുടെ പിന്നാലെ. അതെ, കുഞ്ഞായൻ തൂണിൽ കയറുന്നതും നോക്കിയിരിക്കുകയായിരുന്നു എവിടുന്നോ വന്നെത്തിയ പൂച്ച. പൂച്ച ഓടിയോടി ഒരു പൊട്ടക്കിണറിന്റെ വക്കത്തെത്തുന്നു. പിന്നാലെ കുഞ്ഞായനും. എന്തായാലും പൂച്ച ഇപ്പോൾ കിണറ്റിലേക്കു ചാടും. അപ്പോൾ ഭാണ്ഡം? ഭാണ്ഡം നഷ്ടപ്പെട്ടാൽ പിന്നെ കുഞ്ഞായൻ എന്തുചെയ്യും? അത് നഷ്ടപ്പെടാതിരിക്കാൻ കുഞ്ഞായന് ഇപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം, പൂച്ചയെ പഴയ മീൻകാരത്തിയുടെ മുണ്ടിനടിയിലേക്കുതന്നെ പ്രവേശിപ്പിക്കുക. അതിന് പൂച്ചയെ എങ്ങനെ കെണിയിൽ വീഴ്ത്തും? മീൻകാരത്തിയെ എവിടെപ്പോയി തപ്പും? അർദ്ധരാത്രി ആണ്ടിറങ്ങിയ ആഴക്കിണറിൽ നിന്നും ചോദ്യങ്ങൾ നീരാവിയായി. ഉത്തരത്തിനും പുലർച്ചെയ്ക്കും കുഞ്ഞായൻ പിന്നെ കാത്തുനിന്നില്ല. തൽക്കാലം അയാൾ ആഴക്കിണറും അർദ്ധരാത്രിയും മീൻകാരത്തിയും പൂച്ചയും ഉപേക്ഷിച്ചു വീണ്ടും യാത്ര തുടങ്ങി.
ഇപ്പോൾ ഭാണ്ഡവും ഭാരവും കുഞ്ഞായന്റെ പക്കലില്ല. അങ്ങനെയുള്ള യാതൊന്നും അയാൾക്ക് അനുഭവപ്പെടുന്നുമില്ല. എങ്ങനെ നോക്കിയാലും പൂർണ്ണസ്വതന്ത്രനാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ അമ്പത്തിരണ്ടുവർഷം പിന്നിട്ടുകൊണ്ട് കുഞ്ഞായൻ തന്റെ യജ്ഞം തുടരുകതന്നെയാണ്.
ഇനി ഏലത്തുനാടും പുത്തൂരം വീടും കടന്നുവേണം മങ്ങാട്ടച്ചന്റെ കളരിയിലേക്ക് എത്താൻ. ഇതിനിടയിൽ വഴിയിലെങ്ങാനും കുഞ്ഞാലിമരയ്ക്കാരെ കണ്ടാൽ അബദ്ധമാകും. അങ്ങേരു പിന്നെ വഴി തെറ്റിച്ചുകളയും. അതുകൊണ്ട് ആളെ കണ്ണിൽപ്പെടാതെ വേണം ഇനി മുന്നോട്ടു നീങ്ങാൻ.
മങ്ങാട്ടച്ചന്റെ കളരിയെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ അവിടേക്ക് എളുപ്പം എത്തിപ്പെടാൻ കുഞ്ഞായന് ധൃതികൂടി. ആ കളരിയെക്കുറിച്ച് ധാരാളം പറഞ്ഞുകേട്ടിട്ടുണ്ട്. പാടിക്കേട്ടിട്ടുണ്ട്. ചുവന്ന കച്ചകെട്ടി എണ്ണപ്പശതേച്ച് മസിലു കുലുക്കി ഓതിരം മറിയുന്ന മെയ്യഭ്യാസികൾ. അവരുടെ അടിയും തടവും, ചവിട്ടും കുത്തും ഒന്നു കാണേണ്ടതുതന്നെയാണ്. കളരിക്കുപുറത്താകാതെ കഴിയുന്നതും ഗുരുക്കളുടെ നെഞ്ചിലേക്കുതന്നെയാണ് അവരോരോരുത്തരും മറിഞ്ഞുവീഴുന്നതും. കുത്തായനെ സംബന്ധിച്ചേടത്തോളം എങ്ങനെ ചാടിയാലും കളിരിക്കു പുറത്താവും. പോരാത്തതിന് എടുത്തുപറയാൻ മുറുക്കിച്ചുവപ്പിച്ച ചുവപ്പും ആശാനെ ബഹുമാനിക്കുക എന്ന അറിവുംമാത്രം. കേവലം മുറുക്കിച്ചുവപ്പിച്ച അറിവോടെ മങ്ങാട്ടച്ചന്റെ കളരിയിലെത്താൻ ഏതായാലും കുഞ്ഞായൻ ആശിക്കേണ്ട. പിന്നെന്തെങ്കിലും ചതിവുപയോഗം നടത്തിവേണം കളരിവാതിൽക്കലെത്താൻ. അതിനിപ്പോൾ വിളക്കു തെളിയുന്നതുവരെ കാത്തിരിക്കണമല്ലോ. എത്ര കാത്തിരുന്നാലും മങ്ങാട്ടച്ചനെ കണ്ടു, വന്ന കാര്യം ബോധിപ്പിച്ചേ കുഞ്ഞായൻ മടങ്ങുകയുള്ളു. അതിനിടയിലാണ് കുമ്പസാരം കേട്ടു ഭ്രാന്തായിപ്പോയ അച്ഛനും ഇരട്ടിപ്പിക്കുന്ന തീപ്പെട്ടിക്കൊള്ളിയും പൂവിനെ സ്നേഹിക്കുന്ന ആമിനയും ബീഡിവലിക്കുന്ന കമ്പിത്തൂണും കിണറും പൂച്ചയും അപശകുനമായിത്തീർന്നത്.
വെറും ഒരു കുസൃതിക്കുവേണ്ടിയായിരുന്നില്ല കുഞ്ഞായൻ ഇക്കണ്ട ദൂരം മുഴുവനും പിന്നിട്ടത്. ഒരേകാഭ്യാസിയായി കളരിയിലേക്കു മടങ്ങിയത്. വാസ്കോഡഗാമ പണ്ട് കാപ്പാടു കടപ്പുറത്ത് വന്നിറങ്ങിയപ്പോൾ അന്ന് അദ്ദേഹത്തെ അനുഗമിച്ചത് കുഞ്ഞായന്റെ അനുയായികളായിരുന്നു. അന്നവരെ വിദേശിയുടെ കപ്പൽ എന്നായിരുന്നു മറ്റുള്ളവർ ആക്ഷേപിച്ചു നടന്നത്. അങ്ങനെയൊക്കെ പാരമ്പര്യമുള്ള കുഞ്ഞായനെന്തിനാണ് മങ്ങാട്ടച്ചന്റെ കളരിയിലേക്കുതന്നെ പായുന്നത്? ഇനി വല്ല പുതിയ മുറകൾ അഭ്യസിക്കാൻ ബാക്കിയുണ്ടോ? വിട്ടുപോയ ഏതെങ്കിലും ചവിട്ടോ കുത്തോ കത്തിയേറോ ഞെക്കിക്കൊല്ലലോ എന്തെങ്കിലും..?
ഉണ്ടെന്നും ഇല്ലെന്നും കുഞ്ഞായൻ പറയുന്നില്ല. അയാൾ കളിയിലേക്ക് ഇപ്പോൾ പ്രവേശിക്കുന്നുമില്ല. കാരണം മറ്റൊന്നുമല്ല. കാണേണ്ടിയിരുന്ന ആൾ കിടപ്പിലാണ്. മങ്ങാട്ടച്ചൻ പനിച്ചുകിടപ്പാണ്. പനിക്കിടക്കയിൽ അയാൾ പിച്ചും പേയും പറയുന്നുമുണ്ട്. പേടിപ്പനി എന്നാണ് അണികൾ പറഞ്ഞു പരത്തുന്നത്. പണ്ട് പലതും പറഞ്ഞു പറ്റിച്ച കുഞ്ഞായനോട് തോൽവി സമ്മതിക്കണോ? ചെറുത്തുനില്പ് പണ്ടേ ശീലമാക്കിയ ആശാന് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടോ? അണികൾക്കിടയിൽ പല സംശയങ്ങളും വളരുന്നു.
മാത്രമല്ല, മങ്ങാട്ടച്ഛന്റെ കളരിമുറ കോപ്പിയടിച്ച് അതു പൂർണ്ണരൂപത്തിൽ പകർത്തി എഴുതി വിദേശത്തു കൊണ്ടുപോയി വിൽക്കാനാണ് കുഞ്ഞായന്റെ പുറപ്പാടെന്നും അവർ വിളംബരം ചെയ്യുന്നു. ഇതൊക്കെ കേൾക്കുമ്പോളാണ് ജീവിതം എന്താണെന്ന് കുഞ്ഞായന് ശരിക്കും ബോധ്യപ്പെടുന്നത്. തനിക്കൊരിക്കലും ശത്രുക്കളുണ്ടായിട്ടില്ല. ഒരിടത്തും മിത്രങ്ങളുണ്ടായിട്ടില്ല. ഞാനെന്നും തനിച്ചാണ്, ആണ്…
ഈയൊരു തന്റേടത്തോടെയാണ് കുഞ്ഞായൻ കളരിവാതിലിൽ മുട്ടിയത്. അപ്പോൾ പൊടുന്നനെ അകത്തുനിന്നും പൊട്ടിത്തെറിയും ആളിക്കത്തലും നിലവിളിയും ഉയർന്നു. പിന്നെ ആകാശം പുകപടലമായി. ഭൂമി തീയായി. നാളമായി. സത്യമായിട്ടും ഞാനിപ്പോൾ തീപിടിച്ച കളരിക്കുള്ളിലാണ്. ഇത്രയുമാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്. ഇനി നിങ്ങൾതന്നെ പറ. ജീവിതം എന്നെ എന്താണ് പഠിപ്പിച്ചിട്ടുള്ളത്?
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സുറാബ്: ‘വടക്കൻ മലബാറിലെ മുസ്ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.