പുരസ്‌കാരങ്ങൾ വെയ്ക്കാൻ ഇടമില്ലാത്ത വൈക്കോൽകുടിലിൽ ഒരു
‘പദ്‌മശ്രീ!’

പദ്‌മശ്രീ കിട്ടുമ്പം സത്യത്തില് നമ്മള് സന്തോഷിക്കാണല്ലോ വേണ്ടത്. പക്ഷെ, ഇതിപ്പം, ദുഃഖത്തിലേക്കു പോകുന്ന ലക്ഷ്‌ണാ കാണിക്കണത്. ജനങ്ങൾ നോക്കുമ്പം ഇയാൾക്ക് എല്ലാ അർത്ഥത്തിലും സാമ്പത്തിക നേട്ടം ഉണ്ട് എന്നാണ് കാഴ്ചപ്പാട്. കാരണം, ആളുകളുടെ സമീപനം അങ്ങനെയാണ്. -ചെറുവയൽ രാമൻ

2023 റിപ്പബ്ളിക്ക് ദിനത്തിലാണ് രാഷ്രപതി ദ്രൗപദി മുർമുവിൽനിന്നും ചെറുവയൽ രാമൻ ഭാരതത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്‌മശ്രീ സ്വീകരിച്ചത്. എന്നാൽ, അതിനും എത്രയോ മുൻപേതന്നെ കേരളത്തിന്റെ കാര്‍ഷിക രംഗത്ത് എഴുതിചേർക്കപ്പെട്ട പേരാണ് ‘ചെറുവയൽ രാമൻ!’

പരമ്പരാഗത കൃഷിസമ്പ്രദായം കൈമോശം വരുത്താതെ, കേരളത്തിന്റെ കാര്‍ഷിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്ന കർഷകനാണ് ഇദ്ദേഹം. ചെറുവയൽ രാമനെ കാണാനും കേൾക്കാനും പഠിക്കാനും രാജ്യാന്തരതലത്തിൽനിന്നുപോലും ഗവേഷകർ വർഷങ്ങളായി ഇവിടെ വന്നു തമ്പടിക്കുന്ന കാഴ്ചകൾ പതിവാണ്.

നിബിഡമായ വനങ്ങളും നിറഞ്ഞു കവിയുന്ന വയലുകളും ഒരേസമയം ഒന്നൊന്നിനോടു മത്സരിക്കുന്ന വയനാട്ടിൽ, മാനന്തവാടിയിൽനിന്നും രണ്ട് കിലോമീറ്റർ താണ്ടി, വള്ളിയൂർക്കാവും കടന്ന്, കമ്മനയിലെ ചെറുവയലെന്ന ചെറുഗ്രാമത്തിലെ ആറോളം ഏക്കർ നിലത്തിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഫലവൃക്ഷങ്ങളെയും ഔഷധസസ്യങ്ങളെയും ഇന്നും പരിപാലിച്ചു വരികയാണ്, കൃഷിയുടെ ഈ ഉപാസകൻ.

നെൽകൃഷിയ്ക്കുമുണ്ട് ഇത്രയുംതന്നെ ഇടം. കാലാന്തരത്തിൽ, വയനാടിന് അന്യമായത്/ കേരളത്തിനു നഷ്ടമായത് നൂറ്റിയമ്പതിൽപരം നെൽവിത്തുകളാണ്. ഇവയിൽ അറുപതോളം വിത്തിനങ്ങളെ വീണ്ടെടുത്തു സംരക്ഷിച്ചുപ്പോരുന്നു, ചെറുവയൽ രാമൻ എന്നറിയപ്പെടുന്ന തലക്കര ചെറിയ രാമൻ.

പദ്‌മശ്രീ നല്കി രാജ്യം ആദരിച്ച കേരളത്തിന്റെ നെല്ലിനങ്ങളുടെ ‘ജീൻബാങ്കർ’ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ, തന്റെ എഴുപത്തിമൂന്നാം വയസിലും, ദാരിദ്യ്രമൊഴിയാത്ത ജീവിതത്തിന്റെ ‘ജീനിനെ’ കണ്ടെത്താൻ വയലിൽ ഉഴുതികൊണ്ടിരിക്കുന്നു..!

പക്ഷെ…

‘പത്മശ്രീ ലഭിച്ച കർഷകൻ…

രാജഭവനിൽ ആതിഥ്യം നല്കി, കേരള ഗവർണർ- പി. സദാശിവം- ആദരിച്ച കർഷകൻ…

കേരളത്തിന്റെ ധനമന്ത്രി- തോമസ് ഐസക്- ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ മന്ദിരപായയിൽ ചമ്രം പടിഞ്ഞിരുന്ന്, കഞ്ഞിക്കുടിച്ചു സൊറ പറഞ്ഞിരുന്ന ആ കർഷകന്റെ താണ ഇറ…’

എന്നിട്ടും, ആ കുടിൽ ഇപ്പോഴും ചോർന്നൊലിക്കുന്നു!

‘ജൈവവൈവിധ്യ സംരക്ഷണാർത്ഥം, ഹൈദരാബാദിൽ സമ്മേളിച്ച പതിനൊന്ന് രാജ്യങ്ങളുടെ സംഗമോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച കർഷകൻ…

ബ്രസീലിലെ അന്താരാഷ്ട്ര സിമ്പോസിയത്തിൽ പങ്കെടുത്ത കർഷകൻ…

ഇന്ത്യയിലെ സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടെയും കേന്ദ്ര സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ ‘ജനിതക സംരക്ഷണ പുരസ്‌കാരം’,  കർഷകർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡായ, ‘കർഷകരുടെ പദ്മവിഭൂഷൺ’ എന്നറിയപ്പെടുന്ന, കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ ‘പ്ലാന്റ് ജീനോം സേവിയർ അവാർഡ്’, കേരള സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ‘പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം’ തുടങ്ങി ഒട്ടനവധി വലുതും ചെറുതുമായ- സർക്കാർ- സർക്കാരിതര- പുരസ്‌കാരങ്ങൾ ലഭിച്ച കർഷകൻ…’

ഇന്നും,
അടിസ്ഥാനസൗകര്യങ്ങളില്ലാതെ, ലഭിച്ച എണ്ണമറ്റ പുരസ്കാരങ്ങളെ കാത്തുസൂക്ഷിക്കാൻപോലും കഴിയാതെ വലയുകയാണ് ആ കർഷകൻ!! അതും, കേരളത്തിൽ!!!