
‘ആത്മാവിന്റെ അബോധമായ ആഴങ്ങളിൽ നിന്ന് നിരാലംബരായ സ്ത്രീകൾ നിലവിളിക്കുന്നത് ഞങ്ങൾ സ്വപ്നത്തിൽ ദർശിച്ചു. എം.ടി. കഥകളുടെ ഉന്മാദ സ്പർശം, ഞങ്ങളുടെ സർഗ്ഗാത്മകതയ്ക്ക് മീതെ തീ പിടിപ്പിക്കുന്ന പ്രലോഭനമായി- ആ എംടിയാണ് കഥകൾ മറന്ന്, പ്രിയവായനക്കാരെ മറന്ന് അവിടെ കണ്ണടച്ചുറങ്ങുന്നത്.’- ഡോ. കെ. പി. സുധീര
എഴുത്തുകാരൻ്റെ യഥാർത്ഥ ബന്ധുക്കൾ വായനക്കാരാണ്. അങ്ങനെ എംടി എന്ന രണ്ടക്ഷരം ഗ്രാമങ്ങളിലെ ഇടവഴികളിലും നഗരവീഥികളിലും വായനക്കാർക്ക് പ്രിയപ്പെട്ട രണ്ടക്ഷരമായി മാറി. വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നത്. അവർക്ക് വേണ്ടിയാണ് അയാൾ ജീവിക്കുന്നത്. തൻ്റെ വിയർപ്പും കണ്ണീരും രക്തവും ഒഴുക്കുന്നത് അവർക്ക് വേണ്ടിയാണ്. വായനക്കാരാണ് എഴുത്തുകാരൻ്റെ ധനം- അങ്ങനെ, എം ടിയും മഹാധനികനായിരുന്നു.
എം ടിയുടെ കഥകളെ ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആ ഗ്രാമീണ സൗകുമാര്യത്തിൻ്റെ നിഷ്കളങ്കത കൊണ്ടാണ്. ആ കഥകളിലെ കൈതപ്പൂവിൻ്റേയും മട്ടിപ്പശയുടെയും ഗന്ധമുള്ള പെണ്ണങ്ങൾ ഞങ്ങളെ ലഹരി പിടിപ്പിച്ചു.
മരുമക്കത്തായ സമ്പ്രദായം സ്ത്രീകളിൽ ഉണ്ടാക്കിയ അരക്ഷിതത്വത്തിൻ്റേയും ദാരിദ്ര്യത്തിന്റേയും വേദന, ഞങ്ങളുടെ അകം പൊള്ളിച്ചു. തറവാടു ഭരിക്കുന്ന അമ്മാമന്മാരുടെ പിശുക്കും പെങ്ങന്മാരോടുള്ള ക്രൂരതകളും ഞങ്ങളെ അരിശം കൊള്ളിച്ചു. ആ സ്ത്രീകഥാപാത്രങ്ങളുടെ കണ്ണുനീർ ഞങ്ങളുടെ ഹൃദയത്തിലേക്കിറ്റുവീഴുന്ന മധുരമായ വേദനയായി മാറി- ആത്മാവിന്റെ അബോധമായ ആഴങ്ങളിൽ നിന്ന് നിരാലംബരായ സ്ത്രീകൾ നിലവിളിക്കുന്നത് ഞങ്ങൾ സ്വപ്നത്തിൽ ദർശിച്ചു. എം.ടി. കഥകളുടെ ഉന്മാദ സ്പർശം, ഞങ്ങളുടെ സർഗ്ഗാത്മകതയ്ക്ക് മീതെ തീ പിടിപ്പിക്കുന്ന പ്രലോഭനമായി- ആ എംടിയാണ് കഥകൾ മറന്ന്, പ്രിയവായനക്കാരെ മറന്ന് അവിടെ കണ്ണടച്ചുറങ്ങുന്നത്.
മലയാളിക്ക്, ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ ശിരസ്സുയർത്തിപ്പിടിയ്ക്കാൻ കെൽപു തന്ന അതേ എം.ടി, നമ്മളെയൊക്കെ തൻ്റെ ഗംഭീരമായ സാഹിത്യത്താൽ ഉൽക്കർഷത്തിലേക്ക് ആനയിച്ച നമ്മുടെ എം.ടി. ഉറങ്ങുകയാണ്. അതെ- ഉറങ്ങുകയാണ്…
അവസാനത്തെ അർത്ഥത്തിൽ, സമൂഹത്തിൻ്റെ സുസ്ഥിതി തന്നെയാണ് തൻ്റെ സ്വസ്ഥത എന്ന് ആ സാഹിത്യ സപര്യ നമ്മെ തെര്യപ്പെടുത്തി. തീ പിടിച്ച വിപഞ്ചികപോലെ തേങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സിന് എം.ടിയുടെ കഥകളും സിനിമകളും സമാശ്വാസമായിട്ടുണ്ട്. മനുഷ്യനായിരുന്നു അദ്ദേഹത്തിന് മാനദണ്ഡം. പട്ടിണിയുടെ പാനപാത്രത്തിൽ നിന്നും കുടിക്കേണ്ടി വന്ന കയ്പ്‌പുനീരും കണ്ണുനീരിൻ്റെ നനവുള്ള അനുഭവങ്ങളും തന്റെ കൃതികളിലൂടെ, തിരക്കഥകളിലൂടെ അദ്ദേഹം നമുക്ക് പാരിതോഷികമാക്കി. ആത്മനിഷ്ഠത്തേക്കാൾ അന്യനിഷ്ഠമായിരുന്നു അവ- അതുകൊണ്ടുതന്നെ എം.ടിക്ക് സമൂഹസൃഷ്ടിയുടെ ഭാഗഭാക്കാകുവാൻ കഴിഞ്ഞു.
എം.ടി. എന്ന മനുഷ്യനെ ആഴത്തിലറിയുവാൻ സമൂഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ലായിരിക്കാം. എന്നാൽ അദ്ദേഹത്തിൽനിന്നും പ്രസരിക്കുന്ന പോസിറ്റീവ് എനർജി എന്നും നമുക്ക് അത്ഭുതമാണ്. കേവല സാന്നിധ്യംകൊണ്ട്, മഹത്തായ മൗനംകൊണ്ട്, അർത്ഥവത്തായ നോട്ടങ്ങൾകൊണ്ട്, പ്രതിഭയാർന്ന പ്രവൃത്തികൾകൊണ്ട് അദ്ദേഹം സമൂഹത്തെ നയിച്ചുകൊണ്ടിരുന്നു. ചിരി വരാത്തപ്പോൾ ചിരിച്ചില്ല; പറയാനൊന്നുമില്ലാത്തപ്പോൾ സംസാരിച്ചില്ല. എന്നാൽ, ശബ്ദിക്കേണ്ട അവസരത്തിൽ ശബ്ദിച്ചു. ഇടപെടേണ്ട ഇടങ്ങളിൽ ഇടപെടുകയും ചെയ്‌തു. അങ്ങനെ, ‘കളങ്കമേശാത്ത ഹൃദയത്തിലാണ് നല്ല കല വിളയുന്നത്’ എന്ന നിതാന്ത സത്യം നാം എം.ടിയിലൂടെ തിരിച്ചറിയുന്നു.
ക്ഷുബ്ധവും അശാന്തവുമായ ഈ എഴുത്തുകാരൻ്റെ ഹൃദയം വായനക്കാർക്കുവേണ്ടി തപം ചെയ്യുന്നതായി ഇതെഴുതുന്നവൾക്ക് തോന്നിയിട്ടുണ്ട്. വ്യക്തിവിശേഷത്തിൻ്റെ നിരന്തരമായ ഹോമം. എം.ടി. ഒരിക്കലും അയഥാർത്ഥമായ ഭാവനകളാൽ നമ്മെ വിശ്രമിപ്പിച്ചിട്ടില്ല. മിഥ്യാബോധങ്ങളിലേക്കും സ്വപ്‌നങ്ങളിലേക്കും നയിച്ച് നമ്മെ കബളിപ്പിക്കാനും ശ്രമിച്ചിട്ടില്ല. അങ്ങനെ വായനക്കാരൻ്റെ ആത്മദാഹങ്ങളെ അദ്ദേഹം ശമിപ്പിച്ചു. തനിക്കു പരിചിതമായ നാട്ടിൻപുറങ്ങളും നഗരജീവിതവും ആവിഷ്കരിച്ചു. നമ്മുടെ സ്വപ്‌നങ്ങളിലേക്ക്, ഓജസ്സിൻ്റെ ഉറവുകളിലേക്ക് ആ കഥകളും തിരക്കഥകളും പ്രവേശിച്ചു.
“അറിയാത്ത മഹാദ്‌ഭുങ്ങളെ ഗർഭം ധരിച്ച സാഗരങ്ങളേക്കാൾ, അറിയുന്ന നിളാനദിയാണെനിക്കിഷ്ടം.” എന്ന് എം.ടി. എഴുതിയിട്ടുണ്ട്. അതുപോലെ മറ്റെഴുത്തുകാരോട് വിരോധം വെച്ചു പുലർത്തുക, അവരെക്കുറിച്ച് ദുഷിച്ചു സംസാരിക്കുക എന്നിവ ചെയ്യാത്തൊരു എഴുത്തുകാരനെന്ന് അടുത്തറിയുന്നവർക്കറിയാം. പകരം മറ്റു സാഹിത്യകാരന്മാരെല്ലാം തൻ്റെ ഗൃഹത്തിലെ അംഗങ്ങളെന്ന പോലെയാണ് എം.ടി. പെരുമാറിയത്. അതുകൊണ്ടുതന്നെ ആന്തരിക സൗന്ദര്യത്തിൻ്റെയും ആത്മചൈതന്യത്തിൻ്റെയും ഒരു പ്രഭാവലയം അദ്ദേഹത്തിന് ചുറ്റുമുള്ളതായി സുഹൃത്തുക്കൾ കണ്ടത്തുന്നു.
ഇളംമുറക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ആശിർവദിക്കുകയും ചെയ്യുന്ന എഴുത്തുകാരൻ. ഏകാകിയുടെ ആത്മനൊമ്പരങ്ങൾ അനുഭവിക്കുമ്പോഴും ആൾക്കൂട്ടത്തിന്റെ സുസ്ഥിതിയാണ് അദ്ദേഹത്തിന് പ്രമാണം. മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ സ്നേഹിച്ച എഴുത്തുകാരനാണ് എം.ടി. കർഷകൻ്റെ അറ്റമില്ലാത്ത പ്രശ്‌ങ്ങളും കാർഷിക കേരളത്തിൻ്റെ പരിതാപകരമായ പതനങ്ങളും അദ്ദേഹത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി. സമൂഹത്തിന്റെ ഓരോ മിടിപ്പിലും തുടിപ്പിലും ശ്രദ്ധയുള്ള ആ എഴുത്തുകാരൻ സമൂഹത്തിൽ ഇടപെടേണ്ട കാലങ്ങളിലൊക്കെ ഇടപെട്ടിട്ടുണ്ട്.
തൊണ്ണൂറു തികഞ്ഞപ്പോഴും താനാര് എന്ന് തനിക്കറിയാം- അധികവുമില്ല, കുറച്ചുമില്ല. ഭാരതീയ സാഹിത്യകൃതികളിൽ, ലോകസാഹിത്യകൃതികളുടെ അനന്തനഭസ്സിൽ വിശാലമായി സഞ്ചരിച്ച എഴുത്തുകാരനാണ് എം.ടി. അദ്ദേഹം നമ്മുടെ അബോധ ചേതസ്സിലേക്ക് സാഹിത്യമായും സിനിമയായും പ്രസംഗമായും നിരവധി സാംസ്കാരിക കർമ്മങ്ങളുമായും ആവേശിച്ചിട്ടുണ്ട്. ജീവിതം ഇനിയും അവസരം തന്നാൽ, സമയമനുവദിച്ചാൽ, എഴുതുവാൻ ഉള്ളിലേറെയുണ്ട് എന്നദ്ദേഹം ഈയുള്ളവൾ നടത്തിയ ഒരു അഭിമുഖത്തിൽ പറയുമ്പോൾ ഊർജസ്വലവും ചലനാത്മകവുമായ ആ മനസ്സിന് മുമ്പിൽ നാം നമിച്ചുപോവും- ധർമ്മബോധത്തിൻ്റേയും പ്രേമതപസ്സിൻ്റെയും തേജസ്സുറ്റ കൃതികൾ ഇനിയും അദ്ദേഹത്തിൽനിന്നും നാം പ്രതീക്ഷിച്ചു പോവും. മാജിക്കും ഒബ്‌സെഷനും ക്രാഫ്റ്റും വിഷ്വൽസും ഇമേജറിയും കലർന്ന കാലഘട്ടത്തിൻ്റെ കൃതികൾ സമ്മാനിച്ച ആ ഉന്നത ജീവിതപാഠ സർവകലാശാലയ്ക്ക് മുമ്പിൽ കൃതജ്ഞാനിർഭരമായ മനസ്സോടെ നമിക്കുന്നു.
പ്രിയപ്പെട്ട എംടി… അങ്ങയോടുള്ള സ്നേഹത്തോടും ആരാധനയോടും കൂടി അവസാനമായി അർപ്പിക്കട്ടെ, കണ്ണുനീരിൻ്റെ ഒരു കുടന്ന സ്നേഹമലരുകൾ- ആത്മാവ് എന്നെന്നും സ്വസ്ഥമായിരിക്കട്ടെ. ആമേൻ.❤️🌹🌷🪷🙏
സ്നേഹത്തോടെ,
കെ. പി. സുധീര