മുറിവ് പൂക്കും കാലം/ അജിത വി എസ് എഴുതിയ കവിത

റയാൻ വെമ്പിവന്ന
വാക്കുകളാണന്ന്
തൊണ്ടയിൽത്തന്നെ
കുടുങ്ങിപ്പോയത്!
എരിപൊരിയസ്വാസ്ഥ്യം,
ശ്വാസതടസ്സം…

സർജറി കഴിഞ്ഞ്
നീറുന്ന സ്വസ്ഥതക്ക്
മരുന്നും കുറിച്ച്
കണ്ണുരുട്ടുന്നു ഡോക്ടർ:
പാടില്ലിനി സംസാരം.

ഉറക്കത്തിന്റെ മഞ്ഞുമല
കയറിത്തുടങ്ങിയതും…
തൊണ്ടകീറിയെടുത്ത
വാക്കുകൾ
ആശുപത്രി പുറത്തെറിഞ്ഞവ,
തീയിൽപ്പെടാതെ,
തെല്ലും വാടാതെ
വഴിയോരത്ത് വീണവ,
വെള്ളവും വളവുമില്ലാതെ
തഴച്ചു വളരുന്ന വിസ്മയം!

ഒന്നു കണ്ടതേയുള്ളു,
പിന്നെപ്പൊഴോ
കണ്ണ് തുറക്കുമ്പോൾ…
മൈൽഡ് അറ്റാക്ക്!
സന്തോഷം സഹിക്കാഞ്ഞെന്ന്
ഹൃദയത്തിന്റെ ക്ഷമാപണം.
ഡോക്ടറതാ പിന്നെയും
കണ്ണുരുട്ടുന്നു:
ഒഴിവാക്കണം സ്വപ്നം.

അനുസരണകെട്ട കിനാക്കൾ
പിന്നെയും വന്നാലോ?
പടിയിറക്കിയുറക്കത്തെ.
പുസ്തകച്ചങ്ങാതിമാർ
ചിരിപ്പിച്ചിത്തിരി,
കരയിച്ചൊത്തിരി,
ചിന്തിപ്പിച്ചു, തലച്ചോറിൽ
മുള്ളാണി തറക്കും മാതിരി.
നൊന്തുപെരുത്തു തലയാകെ.

കൈ കൂട്ടിത്തിരുമ്മി
കൺഫ്യൂഷൻ തീർത്ത്
ഉറക്കുമരുന്നിനൊപ്പം
ഡോക്ടർ കുറിച്ചു:
വായന വേണ്ട.

മരുന്നുമണം പിടിച്ച്
മയക്കം പതുങ്ങിവരുംനേരം
മങ്ങിയ ബോധത്തിൽ
പൂത്തുലയുന്നു വാക്ക്മരങ്ങൾ!

പൊടുന്നനെയതാ
ചില നിഴൽക്കോളുകൾ,
മഴുമുനത്തിളക്കം…
അത്രയേ കണ്ടുള്ളു,
കതിന പോലെ
പൊട്ടിത്തെറിച്ചടങ്ങിയ
ഹൃദയമാണെ സത്യം
പിന്നെ ഒന്നും ഓർമ്മയില്ല■