Published on: September 7, 2025


ഏതു ഭാഷയിലാണീ
നദിയെ നിർവ്വചിക്കേണ്ടത്?
ഉച്ചിയിൽ സൂര്യൻ തിളങ്ങുന്ന
പർവ്വതങ്ങളിൽ
മഞ്ഞുറഞ്ഞ നീലവര,
ഏതോ പാറക്കെട്ടിൽ
ചിതറിത്തെറിക്കുന്നു.
ഉള്ളിലുരുകുന്ന വെള്ളിത്തിളക്കം
ജനസാഗരത്തിൽ
കലങ്ങിയൊഴുകുന്നു.
ചിരാതുകളുടെ വെളിച്ചത്തിൽ
ഗംഗ;
ജടാധാരിയുടെ ശിരസ്സിലൊളിച്ച പ്രണയം!
ഹൃദയരേഖ.
അനശ്വരരുടെ കൊടുമുടിയിൽ നിന്നും
കുതറിത്തെറിച്ച നർമ്മദയെ
വെണ്ണക്കല്ലിൽ തീർത്ത കരയിൽ നിന്നും
നോക്കുമ്പോൾ തെളിയുന്നു,
ജലസമാധി വരിച്ച
ആത്മാക്കളുടെ രോദനം.
ഗോതമ്പുപാടങ്ങളിലെ തീ,
ഏകാകിയായൊരു കിളിയുടെ ചിറകടി,
നയാഗ്രയുടെ ദൂരകാഴ്ചകൾ…
അതിരുകളുടെ ഭൂമിശാസ്ത്രമില്ലാതെ
മറുകര തേടുന്ന സാൽമണുകൾ.
ഏതു താഴ്വാരങ്ങളെയാണ്
അഗസ്ത്യന്റെ കമണ്ഡലുവിൽ നിറഞ്ഞൊഴുകിയ
കാവേരി മോഹിച്ചിരിക്കുക?
ഏതു ജടയിലാണവൾ
സ്വപ്നങ്ങളെ ഒളിവിൽ പാർപ്പിച്ചിരിക്കുക?
ഒഴുകുന്നുണ്ട്,
ഇനിയും പറയാൻ ബാക്കിവെച്ച കഥ;
പേരറിയാത്തൊരു നദിപോലെ;
പാതിയിൽ മുറിഞ്ഞ വാക്കുകൾപോലെ.
ഹൗറ പാലത്തിനടിയിൽ
മറഞ്ഞുകിടപ്പുണ്ട്,
ഉറഞ്ഞ കാലവും
മറഞ്ഞ ചരിത്രവും
പിന്നെ,
നിശ്ചലനായൊരു തോണിക്കാരന്റെ പാലവും.
ഏതു ഭാഷയിലാണീ
നദിയെ നിർവ്വചിക്കേണ്ടത്?
നിന്റെ സിരകളിലൊഴുകുന്ന
അദൃശ്യപ്രവാഹത്തെ,
സ്മൃതികളുടെ കമണ്ഡലുവിലേയ്ക്ക്
തിരിച്ചൊഴുകാത്ത നദികളെ,
അനന്തകാലത്തെ തടവിൽ പാർപ്പിച്ച
നിമിഷപ്രവാഹത്തെ…
പറയൂ, 
ഏതു ഭാഷയിലാണീ
നദിയെ നിർവ്വചിക്കേണ്ടത്
നമ്മുടെ ഉൾക്കടലുകളിൽ
ഒഴുകിത്തീരുന്ന
അനാദിയായ നീലിമയെ…
ഭൂപടത്തിലില്ലാത്ത നദികളെ…
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

 
                         
 
 
 
 







 
                       
                       
                       
                      