Published on: September 22, 2025

നഗ്‌നതയുടെ സ്വത്വപ്രതിസന്ധി
ഒറ്റമുണ്ടുപോലുമുടുക്കാത്ത കൊമ്പനും
നഗ്‌നതയെന്തെന്നറിയാത്ത പുള്ളിപ്പശുവും
ഇലക്കീറുകൊണ്ടുപോലും
ലിംഗം മറയ്ക്കാത്ത ചിമ്പാൻസിയും
നഗ്‌നരായി നീന്തിത്തളരുന്ന മീൻകൂട്ടവും
മാവിലിരുന്നു കാഷ്ഠിക്കുന്ന,
തുണിയുടുക്കാത്ത കാക്കയും
മറയ്‌ക്കേണ്ടതൊന്നുമില്ലയെന്റെ
സുന്ദരമേനിയിലെന്നു പറഞ്ഞു
വിരിയുന്ന മയിലും
മറയ്ക്കാത്ത പാമ്പും
മൂടിയ നാണം ചുമക്കാത്ത പഴുതാരയും
എന്നൊടൊപ്പം കഴിയുന്ന
ഈ ഭൂമിയില്‍
എന്നിലെ നഗ്‌നത അശ്‌ളീലമായാൽ
ഉച്ചപ്പിരാന്ത് ആർക്ക്?
നാണിക്കുന്നതെന്തിനു ഞാനെന്റെ
സ്വത്വമാം നഗ്‌നതയിൽ?
ഒളിപ്പിച്ചുവെയ്ക്കാൻ
എന്തുണ്ടെന്റെ ശരീരത്തിൽ?
നിയതിയിലില്ലാത്ത
നഗ്‌നതാ ഫോബിയ
മനുഷ്യകുലത്തിന്റെ മഹാഭ്രാന്ത്:
ചികിൽസകർ തോറ്റുമടങ്ങുന്ന
മനസ്സിന്റെ മാറാച്ചൊറി!
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
Trending Now








