Prathibhavam First Onappathippu-2025
Niram Mangiya Onakkodikal-Onamormmayil Oru Ammayormma-Malayalam Article by C. A. Krishnan-Prathibhavam first onam edition-2025

ഒരു തലമുറയുടെ മുഴുവൻ സംരക്ഷണപ്പെട്ടി! അമ്മയായിരുന്നു സൂക്ഷിപ്പുകാരി. ആഘോഷവേളകളിലും വല്ലേടത്തും വിരുന്നു പോകുമ്പോഴും ഉടുക്കാനുള്ള തുണികൾ സൂക്ഷിക്കാനുള്ളതാണത്. കുട്ടികളുടെ കുപ്പായം, അച്ഛന്റെ മുണ്ട്, അമ്മയുടെ സെറ്റുമുണ്ട്. അത്രയുമായാൽ ഒരു വീട്ടിലെ അന്നത്തെ വസ്ത്രശേഖരമായി.

ണക്കോടിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം കണ്ണിൽ കടന്നു വരിക ആ മുണ്ടുംപെട്ടിയാണ്! അമ്മയുടെ മുണ്ടുംപെട്ടി!

ഞാൻ അത് ഇന്നും അമൂല്യ വസ്തുവായി ഇവിടെ എന്റെ അകായിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഒരാൾക്ക് എടുത്ത് മാറ്റാൻ മാത്രം വലിപ്പമുള്ള ഒരു മരപ്പെട്ടിയാണത്. ഒരു വീട്ടിലേക്കുള്ള വസ്ത്രങ്ങൾ മുഴുവൻ സൂക്ഷിച്ച പെട്ടി. ഒരു തലമുറയുടെ മുഴുവൻ സംരക്ഷണപ്പെട്ടി!

അമ്മയായിരുന്നു സൂക്ഷിപ്പുകാരി. ആഘോഷവേളകളിലും വല്ലേടത്തും വിരുന്നു പോകുമ്പോഴും ഉടുക്കാനുള്ള തുണികൾ സൂക്ഷിക്കാനുള്ളതാണത്. കുട്ടികളുടെ കുപ്പായം, അച്ഛന്റെ മുണ്ട്, അമ്മയുടെ സെറ്റുമുണ്ട്. അത്രയുമായാൽ ഒരു വീട്ടിലെ അന്നത്തെ വസ്ത്രശേഖരമായി. കൈത പൂത്തപ്പോൾ ആരോ കൊണ്ടുകൊടുത്ത രണ്ട് കഷണം കൈതപ്പൂവാണ് ആ പെട്ടിയിലെ സുഗന്ധവാഹിനി. പിന്നെ ഒരു പാറ്റഗുളികയും.

അതിന്റെ മണം ആസ്വദിക്കാൻ പെട്ടി തുറക്കുന്നതും കാത്ത് കാവൽ നിന്നിട്ടുണ്ട്. തലയിൽ തൊട്ടു പുരട്ടുന്ന ഒരു ചില്ലുകുപ്പിയിലെ ചുവന്ന സെന്റ്, ഇത്തിരി കുങ്കുമവുമായി ഒരു കുങ്കുമച്ചെപ്പ്, കമലവിലാസിന്റെ ചാന്തുകുപ്പി, മുഖത്തിടാനുള്ള കുട്ടിക്കൂറയുടെ ചെറിയൊരു പൗഡർ ഡെപ്പി, വിശേഷങ്ങൾക്ക് മാത്രം പുറത്തെടുക്കാനുള്ള ചന്ദ്രിക സോപ്പ്, പെൺകുട്ടികളെ അണിയിക്കാൻ മാറ്റിവെച്ച റബ്ബർവളകൾ, കുപ്പിവളകൾ, റിബ്ബൺ.

പിന്നെ എപ്പോഴോ എവിടെനിന്നോ കിട്ടിയ മുഷിഞ്ഞ കുറച്ച് നോട്ടുകളുടേയും ചില്ലറത്തുട്ടുകളുടേയും സമ്പാദ്യം. ഈ അമൂല്യ സമ്പാദ്യങ്ങളുടെയെല്ലാം കലവറയും സൂക്ഷിപ്പു കേന്ദ്രവും ആ മുണ്ടുംപെട്ടിയായിരുന്നു!

തുണികളൊന്നും ഇസ്തിരിയിടുന്ന സൂത്രം അന്നില്ല. തുണി കീറിയാൽ അത് പല തവണ തുന്നിച്ചേർക്കും. അതിനുള്ള സൂചിയും നൂലും പ്രത്യേകം കരുതിവെച്ചിരിക്കും. കലണ്ടർഷീറ്റാണ് സൂചി കുത്തിവെക്കാനുള്ള സ്ഥലം! ചില രാഷ്ട്രീയനേതാക്കളുമൊക്കെ കീറിത്തുന്നിയ കുപ്പായവുമണിഞ്ഞ് നടന്ന കാലം എന്റെ ഓർമ്മയിലുണ്ട്. എന്നാൽ, ഞങ്ങളുടെ അമ്മമാരും സഹോദരങ്ങളും അവരുടെ കീറിയ ഉടുവസ്ത്രങ്ങൾ കൂട്ടിത്തുന്നിയതിന്റെ ചന്തം മറ്റൊന്നായിരുന്നു!

കാരമാണ് അന്നത്തെ തുണി അലക്കാനുള്ള ഇന്ധനം. ഇത്തിരികൂടി നിലവാരം കൂടിയപ്പോൾ, ഇയ്യപ്പൻ കമ്പനിയുടെ സി. പി. ബാർ സോപ്പും 501 ബാർ സോപ്പുമായി ഉയർന്നു.

അമ്മയാണ് അന്നത്തെ അലക്കുയന്ത്രം; അലക്കുകല്ലിലാണ് തല്ലിത്തിരുമ്മൽ! ഇത്തിരി കഞ്ഞിവെള്ളത്തിൽ, കുരുവി മാർക്ക് നീലം കലക്കിയത് പിഴിഞ്ഞാൽ വസ്ത്രത്തിന് പകിട്ടേറും.

Karthyayaniyamma, Mother of C. A. Krishnan
കാർത്യായനിയമ്മ- ലേഖകന്റെ അമ്മ

ഇടക്കാലത്തൊരിക്കൽ റീഗൽ തുള്ളിനീലത്തിന്റെ പരസ്യമെത്തി.
‘തുള്ളിനീലം, ഹായ് തുള്ളിനീലം…’
റീഗലിന്റെ ഈ പരസ്യം നീട്ടിപ്പാടിയാണ്, ആദ്യമായി ഓൾ ഇന്ത്യ റേഡിയോവിൽ പരസ്യം പ്രത്യക്ഷപ്പെടുന്നത്!

ടിനോപാൽ എന്നൊരു പൊടിയും ഓർമ്മയുണ്ട്. വെള്ളവസ്ത്രത്തിന് വെൺമ കൊടുക്കുന്ന സൂത്രമായിരുന്നു അത്! അരിയന്നൂരിൽ നിന്ന് ബോംബെക്കു പോയ രാമചന്ദ്രനാണ് പിന്നീട് ഈ മേഖലയിലേക്ക് തന്റെ ഉജാലയെ കൊണ്ടുവന്ന് കയ്യടക്കിയത്. കുട്ടിശ്ശങ്കരമേനോൻ അന്ന് ഉജാലക്ക് വേണ്ടി ആളുകളെക്കൊണ്ട് കവിതകളെഴുതിച്ച് അത് പരസ്യങ്ങളാക്കിയതും മറക്കാനാവില്ല.

അന്ന് സ്കൂളുകളിലൊന്നും യൂണിഫോമില്ല. ഓണത്തിനെടുത്ത പുതിയ കുപ്പായമിട്ട് ഓണാവധി കഴിഞ്ഞ് ആദ്യം സ്കൂളിൽ പോകുന്നതൊരു ഗമയായിരുന്നു. കോടിയുടുത്തു വരുന്ന കൂട്ടുകാർക്കൊക്കെ ഞങ്ങൾ ‘കോടിപ്പിച്ചു’ കൊടുത്ത് ഇഷ്ടം കാട്ടി!

ഒരു ഫുൾകൈ ഷർട്ടിനു വേണ്ടി, രണ്ട് പോക്കറ്റുള്ള കുപ്പായത്തിനു വേണ്ടി ഒക്കെ വാശി പിടിച്ച കാലമാണത്. ഇന്നത്തെ കുട്ടികൾ ലോകാരാദ്ധ്യരായ ഫുട് ബോൾ, ക്രിക്കറ്റ് താരങ്ങളെയൊക്കെ വർണ്ണക്കുപ്പായങ്ങളിൽ നെഞ്ചിലേറ്റി അഭിരമിക്കുന്നത് കാണുമ്പോൾ അവരോട് അസൂയ തോന്നാറുണ്ട്. കോൺഗ്രസ്സുകാർ അന്നൊക്കെ ഓണത്തിനു മുമ്പ് വലിയ തുണിക്കെട്ടും ചുമലിലേറ്റി ഖദർ വിൽപ്പനക്ക് വീട്ടിൽ വന്നത് ഓർമ്മയുണ്ട്. സ്വാതന്ത്ര്യസമരക്കാലത്തെ വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ ഓർമ്മ പുതുക്കലായിരുന്നു അത്.

Read Also  ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സ്/ ഡോ. ടി. എം. രഘുറാം എഴുതിയ തമിഴച്ചി തങ്കപാണ്ട്യന്റെ തമിഴ് കവിതയുടെ മലയാളം പരിഭാഷ

തത്തമംഗലത്തു നിന്ന് ചെട്ട്യാന്മാരും ദേശമംഗലത്തു നിന്ന് വാണിയന്മാരും തുണിയുമായി വീടുകൾ കയറിയിറങ്ങി. അന്ന് കുത്താമ്പുള്ളിയുടെ ശുക്രൻ ഉദിച്ചിരുന്നില്ല. ഇപ്പോൾ തൃശ്ശൂർക്കാർക്കിടയിൽ കല്യാൺ, ജയലക്ഷ്മി, പുളിമൂട്ടിൽ പരസ്യങ്ങളുടെ പ്രളയകാലമാണ്. വസ്ത്രക്കാഴ്ചകളുമായി ഓൺലൈൻ യുദ്ധങ്ങൾ നിരവധി വേറെയുണ്ട്!

തൃശ്ശൂരിൽ ചാക്കോളയും ഫാഷനും എലൈറ്റുമൊക്കെയാണ് ഈ രംഗത്ത് ആദ്യകാലത്ത് തരംഗമുണ്ടാക്കിയത്. ഞങ്ങൾ ആണുങ്ങൾക്കായി മൊയ്തീന്ഷായും! അവരുടെ ചിത്രക്കലണ്ടറുകൾ ചുമരിൽ തൂങ്ങിയാടിയ ഒരു കാലമുണ്ട്. അതിനു മുമ്പ് മണിയനേശന്റെ നെരപ്പലകയിട്ട ഒറ്റ മുറിയിലെ ചില്ലലമാരയിലും മേശപ്പുറത്തുമായിരുന്നു ഞങ്ങളുടെ നാടിന്റെ വസ്ത്രോത്സവം നടന്നത്!

ഇപ്പോൾ, തിരിഞ്ഞു നോക്കുമ്പോൾ എന്നും കോടി ഉടുക്കുന്നവർക്ക് എന്ത് ഓണപ്പുടവ, എന്ത് മുണ്ടുംപെട്ടി? അലക്കിപ്പിഴിഞ്ഞൊരു മല്ലുമുണ്ട് കണ്ട കാലം മറന്നു പോയിരിക്കുന്നു.

എന്റെ ഈ മുണ്ടുംപെട്ടി ഇന്ന്, നികുതിക്കടലാസ്സുകളും ഇലക്ട്രിസിറ്റി ബില്ലുകളും മരുന്നു കുറിപ്പടികളുമൊക്കെ നിക്ഷേപിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമാണ്. അവയ്ക്കും വേണമല്ലോ ഒരിടം!

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹