ആ വീഴ്ചയിലുമവള്‍ ഒരു ഞൊടി കണ്ടിരുന്നു, ആ നിഴല്‍ മുന്നില്‍ പോയ്‌കൊണ്ടിരിക്കുന്നത്.

ജീവിതം ഒരു ചതുരംഗക്കളംപോലെയാണെന്നു പറയുന്നതെത്ര ശരിയാണ്. ആനകളെപോലെ, കുതിരകളെപോലെ, തേരുകളെപോലെ മനുഷ്യര്‍ തലങ്ങനെ, വിലങ്ങനെ ചാഞ്ഞും ചെരിഞ്ഞും പാഞ്ഞുകൊണ്ടിരിക്കുന്നു… പടവെട്ടിക്കൊണ്ടിരിക്കുന്നു. ‘ആര്, ആരോട്’ എന്ന ചോദ്യം പ്രസക്തമല്ലാത്ത പടവെട്ടലുകള്‍… പലതും, എന്തിനെന്നു ബോദ്ധ്യം നഷ്ടമായ പാച്ചിലുകള്‍!

രാത്രി കാലങ്ങളിലെ കട്ട പിടിച്ച ഇരുട്ടില്‍… വെളുപ്പാന്‍ കാലങ്ങളിലെ കോടമഞ്ഞിന്റെ പുകച്ചുരുളില്‍… അവ്യക്തമായ വഴികളിലൂടെ തനിയെ നടക്കാന്‍ ശീലിക്കേണ്ടി വരുന്നതും അതൊക്കെകൊണ്ടുതന്നെ. അത്തരം യാത്രകളിലാണ്, മുന്നിലുള്ള നിഴല്‍ രൂപങ്ങള്‍ ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍… ഒപ്പം നടക്കാന്‍ സുമനസ് കാണിച്ചിരുന്നെങ്കിലെന്നാശിച്ചു പോകാറുള്ളത്.

ഈയിടെയായി, പുലര്‍ച്ചയിലെ പതിവു നടത്തത്തില്‍ മുന്നിലൊരു നിഴല്‍ പോകുന്നുണ്ട്. ആരാണെന്നു വ്യക്തമല്ല. പക്ഷെ, എന്നോ… എവിടെയോ…, സുപരിചിതമായ ആകാരം. എന്നും കരുതും, ഒപ്പമെത്തി അതാരാണെന്നു നോക്കണമെന്ന്… അറിയണമെന്ന്… പക്ഷെ, ഒരു വല്ലായ്ക. അയാളെ വിളിക്കണമെന്നുണ്ട്. എത്ര ആഗ്രഹിച്ചിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല.

വര്‍ഷങ്ങളായി തുടരുന്ന ഈ തനിച്ചു നടത്തത്തിനൊരു വിരാമം; അല്ലെങ്കിലൊരാശ്വാസം. ഈയിടെയായി, ഉള്ളം വല്ലാതെ തുടിക്കുന്നു. പുതച്ചിരിക്കുന്ന ഷാളിന്, പുറത്തെ തണുപ്പിന്റെ കാഠിന്യം കുറക്കാനല്ലേ പറ്റൂ. അകത്ത്, ശൈലം കണക്കെ വളര്‍ന്നു വരുന്ന ഹിമത്തെ അതിനെന്തു ചെയ്യാന്‍ കഴിയും?

മരവിച്ച കൈകളെ കൂട്ടിതിരുമ്മി ചൂട് പിടിച്ചു കൊണ്ടുള്ള നടപ്പിലും വിളിപ്പാടകലെ നീങ്ങുന്ന നിഴലിലേക്കടുക്കുവാന്‍ അവള്‍ ശ്രമിക്കുന്നുണ്ട്. നടത്തത്തിനു വേഗം കൂട്ടി നോക്കി. എത്തുന്നില്ല. ഓടി നോക്കി. എത്തുന്നില്ല. ഒരു കൈയകലം അപ്പോഴും ബാക്കി നില്ക്കുന്നു. എങ്കിലും, തൊട്ടടുത്തെത്തിയതിന്റെ ഒരു സന്തോഷം നുരപൊന്തി.

ഇപ്പോള്‍, അവള്‍ക്കയാളെ തൊടാം. അവളുടെ നിശ്വാസം അയാള്‍ക്കു കേള്‍ക്കാം. ചന്ദ്രന്‍ പൂര്‍ണ്ണമായും പിന്‍വാങ്ങാത്ത അന്തരീക്ഷത്തില്‍, ഈറന്‍കാറ്റില്‍ ഉലഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ ഉടയാടകളുടെ ഉലച്ചില്‍ പോലും ആ അരണ്ട വെളിച്ചത്തില്‍ അയാളുടെ ശ്രദ്ധയിലെത്തും. എന്നിട്ടും, അയാള്‍ തിരിഞ്ഞു നോക്കുന്നുപോലുമില്ല. അവളുടെ വിറയാര്‍ന്ന വലതുകരം അയാളുടെ ചുമല്‍ ലക്ഷ്യമാക്കി പലവട്ടം നീണ്ടു. ‘ഹേ… യ്…’ എന്ന വിളി തൊണ്ട വിട്ടു പുറത്തേക്കു വരുന്നില്ല. ‘എത്ര ശ്രമിച്ചാലും തനിക്കൊരിക്കലും അയാളിലെത്താന്‍ കഴിയില്ല’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നതുപോലെ.

പെട്ടന്നാണ്, അവളുടെ കണ്ണുകള്‍ കീഴില്‍മേല്‍ മറഞ്ഞത്… ശരീരത്തിനു ഭാരം നഷ്ടമായത്… പിന്നിലേക്കവള്‍ മറിഞ്ഞു വീണത്… ആ വീഴ്ചയിലുമവള്‍ ഒരു ഞൊടി കണ്ടിരുന്നു, ആ നിഴല്‍ മുന്നില്‍ പോയ്‌കൊണ്ടിരിക്കുന്നത്.

ജീവിതം ഒരു ചതുരംഗക്കളം തന്നെ; നിഴലുകള്‍ പടവെട്ടിക്കളിക്കുന്ന കളം!