Nuns Preethi Mery, Vandana Francis, Karoor Soman

വടക്കേ ഇന്ത്യയിൽ കാളവണ്ടിയുഗം: കാരൂര്‍ സോമന്‍

വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചാല്‍ അവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായുഗത്തിലോ കാളവണ്ടിയുഗത്തിലോ എന്ന് തോന്നിപ്പോകുമെന്ന് എഴുത്തുകാരൻ കാരൂര്‍ സോമന്‍.

ജന്മി- കുടിയാന്‍ അടിമ വ്യവസ്ഥിതിയാണ് ഇന്നും അവിടങ്ങളിൽ നിലനിൽക്കുന്നതെന്നും ഒരു മതേതര- ജനാധിപത്യ രാജ്യത്തിന്റെ സംസ്‌കാരത്തെ മതപരമായ വീക്ഷണഗതിയിലൂടെയാണ് അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നോക്കിക്കാണുന്നതെന്നും ഛത്തിസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രികള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെപ്രതി കാരൂര്‍ അഭിപ്രായപ്പെട്ടു.

ഒരു രാജ്യത്തെ പൗരന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കുന്നില്ലെങ്കില്‍ ആ വ്യക്തി ആ രാജ്യത്തെ തടവുകാരനാണ്. ദാരിദ്ര്യവും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവന്‍ രക്ഷാപ്രവര്‍ത്തകരായി കടന്നുചെല്ലുന്നവരെ ദ്രോഹിക്കുന്നതാണോ ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വം?

‘എന്‍റെ ദൈവത്തെ അനുകരിച്ച്  എനിക്ക് സൗജന്യമായി കിട്ടിയത് ദരിദ്രര്‍ക്ക് സൗജന്യമായി കൊടുത്തു കൂടെ?’ എന്ന മദര്‍ തെരേസയുടെ ചോദ്യം ഇന്ത്യയിലിന്നും പ്രസക്തമായി നിലനില്ക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്.

എന്താണ് അവർ ചെയ്ത കുറ്റം? തൊഴില്‍രഹിതരായ പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ശ്രമിച്ചതോ? നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര വകുപ്പുകളിലായി, ചുരുങ്ങിയത് പത്ത് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടന ഉറപ്പ് നല്‍കുന്ന, സ്വന്തം താല്പര്യത്തോടെ ഒരു പൗരന് ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശത്തെയും പരിരക്ഷയെയും ആണ് ഈ സംഭവം ചോദ്യം ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കന്യാസ്ത്രികള്‍ കൊണ്ടുപോകാൻ ശ്രമിച്ചത് അഫ്ഗാനിസ്ഥാനിലേക്കോ സിറിയിലേക്കോ മറ്റോ ഭീകര പ്രവര്‍ത്തനത്തിനല്ല, തൊഴില്‍ ചെയ്തു ജീവിക്കാന്‍ ആഗ്രയിലേക്കാണെന്നും കാരൂർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മതേതര ഭരണഘടന റിമാൻഡിൽ:  

ഛത്തീസ്ഗഢ് സംഭവം ഇന്ത്യയുടെ മതേതര സ്വഭാവത്തെയും ജനാധിപത്യത്തെയും തകർക്കുന്നതാണെന്ന്, മത- രാഷ്ട്രീയ ഭേദമന്യേ രാജ്യമാകമാനം ഉയരുന്ന വൻതോതിലുള്ള പ്രതിഷേധകങ്ങൾ വ്യക്തമാക്കുന്നു.

‘മദര്‍ തെരേസ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവരെയും ഭരണകൂടം കൈയ്യാമം വെച്ചേനെ’ എന്നാണ്, റിമാൻഡിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച ഇടതുപാർട്ടികളുടെ സംഘാംഗമായ ജോസ് കെ. മാണി എം. പി. മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരുവസ്ത്രം ഉപയോഗിച്ച് ഇന്ന് രാജ്യത്ത് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന സ്ഥിതിയാണ്. ആള്‍ക്കൂട്ടമല്ല, ഇവിടത്തെ ഭരണകൂടമാണ് ഈ അനീതി നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ബുധനാഴ്ച രാവിലെയാണ്, വൃന്ദ കാരാട്ട്, ആനി രാജ, ജോസ് കെ. മാണി, പി. പി. സുനീര്‍, എ. എ. റഹീം, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവർ അടങ്ങിയ സംഘം കന്യാസ്ത്രീകളെ ജയിലിൽ സന്ദര്‍ശിച്ചത്.

Nuns Preethi Mery and Vandana Francis issue in Parliament
ഛത്തീസ്ഗഢ് സംഭവത്തിൽ നടന്ന ലോകസഭാ ചർച്ച

പാര്‍ലമെന്റ് സ്തംഭിച്ച പ്രതിഷേധം:  

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിനകത്തും പുറത്തും, അങ്ങോളമിങ്ങോളം പ്രതിഷേധം കനക്കുന്നതിനിടയിൽ, ബുധനാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചുകൊണ്ട് കേരളത്തിലെ എം. പിമാർ ഉൾപ്പെടുയുള്ളവർ രംഗത്തെത്തുകയുണ്ടായി. കെ. സി. വേണുഗോപാൽ എംപിയാണ് ഈ സംഭവം ലോക്സഭയിൽ ഉന്നയിച്ചത്. ഹൈബി ഈഡനും ബെന്നി ബഹനാനും കെ സുധാകരനും ഉൾപ്പെടെയുള്ള എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുകയുണ്ടായി. അടിയന്തര പ്രമേയത്തിന് എംപിമാർ നൽകിയ നോട്ടീസുകൾ ഇരു സഭകളിലും തള്ളപ്പെട്ടു. ഉച്ചയ്ക്ക് 12 മണി വരെ ഇരു സഭകളും നിർത്തിവെയ്‌ക്കേണ്ടതായും വന്നു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള യുഡിഎഫ് എംപിമാര്‍ പാർലമെന്റ് വളപ്പിൽ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു.

പ്രതിഷേധം കേരളത്തിൽ:  

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ.സി. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ  രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ നേരിട്ട് ഇടപ്പെടുകയുണ്ടായി. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്,  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്  ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെടുകയുണ്ടായി.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാരുടെ അറസ്റ്റിൽ കേരളത്തിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സഭകൾ ശക്തമായി പ്രതിഷേധിച്ചു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന്, കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടി, വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും അടക്കം നിരവധി പേർ ഉൾപ്പെടുന്ന വൻ റാലി രാജ്ഭവനിലക്ക് നടത്തി.

ആൾക്കൂട്ട വിചാരണ നേരിട്ട്, അറസ്റ്റിലായ കന്യാസ്ത്രീമാർ രാജ്യദ്രോഹികളല്ലെന്നും അവർ മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണെന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തെ കളങ്കപ്പെടുത്തുന്ന അതിക്രമങ്ങൾ:  

രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവർത്തിത്വവും കളങ്കപ്പെടുത്തുന്ന വാർത്തകൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ- ആൾക്കൂട്ട അതിക്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നതെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഫെയ്സ്ബുക്കിലൂടെ പ്രസ്താവിച്ചു.

Read Also  എഫിമെറല്‍ എക്കോസ്: കൃഷ്ണേന്ദു ബി അജിയുടെ ഇംഗ്ലീഷ് നോവൽ പ്രകാശനം/ ഡോ. ബിജു

ആഗോള തലത്തിൽ ഇന്ത്യക്കുള്ള യശസ്സ് അപകീർത്തിപ്പെടുത്താനാണ് ഇത്തരം സംഭവങ്ങൾ കാരണമാകുക. അതിലുപരി, ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ നേരിട്ട ആൾകൂട്ട വിചാരണയും അക്രമവും.

ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിർത്തികൾ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാൻ വന്ന പാവപെട്ട വിദ്യാർഥികളെ മനുഷ്യക്കടത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിർത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയിൽ ഓർക്കുന്നുവെന്നും അദ്ദേഹം എഫ്. ബിയിൽ കുറിച്ചു.

ഛത്തീസ്ഗഢ് സംഭവം:  

ഉത്തർപ്രദേശിലെ ആഗ്രയിൽ, ഫാത്തിമ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളികളായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നീ കന്യാസ്ത്രീകൾ തങ്ങളുടെ ഗാര്‍ഹിക ജോലികള്‍ക്കായി ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ ഓർച്ച ഗ്രാമത്തിൽ നിന്നുള്ള മൂന്ന് ആദിവാസി പെണ്‍കുട്ടികളെ തങ്ങൾക്കൊപ്പം കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും ഈ പെണ്‍കുട്ടികളെ കന്യാസ്ത്രീകൾക്കൊപ്പം കണ്ട അവിടത്തെ ചില ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെക്കുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ കൂട്ടത്തിൽ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ഇവർ ഹിന്ദു മതത്തില്‍പെട്ടവരാണ് എന്നാണ് ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ അവകാശപ്പെട്ടത്. ഈ പെണ്‍കുട്ടികളെ മതപരിവർത്തനത്തിനാണ് കൊണ്ടുപോകുന്നതെന്നും പെണ്‍കുട്ടികകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് പല ആദിവാസി പെണ്‍കുട്ടികളെയും മതം മാറ്റിയിട്ടുണ്ടെന്നും ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ആരോപിക്കുകയുണ്ടായി.

2025 ജൂലൈ 25 വെള്ളിയാഴ്‌ചയാണ് സംഭവം. റെയില്‍വേ പൊലീസിന്റെ പരിശോധനയിൽ പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‍ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നുണ്ടായ സംശയത്തിൽ, അവിടെയെത്തിയ ഛത്തീസ്ഗഢ് പോലീസ് സിസ്റ്റർമാരായ വന്ദന ഫ്രാന്‍സിസിനെയും പ്രീതി മേരിയേയും മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യുകയും തുടർന്ന്, റിമാൻഡ് ചെയ്യുകയുമാണ് ചെയ്തത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ സഹോദരനായ മാണ്ഡവിനെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ബജ്രംഗ്ദളിന്റെ പ്രാദേശിക അംഗങ്ങളായ രവി നിഗം, ജ്യോതി ശർമ്മ എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി എടുത്തത്. ഓഗസ്റ്റ് 8 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ദുര്‍ഗ് സെഷന്‍സ് കോടതിയിൽ ജാമ്യത്തിനു ശ്രമിച്ചെങ്കിലും മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങൾക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി സെഷന്‍സ് കോടതി ജാമ്യാപേക്ഷ ബിലാസ്പൂർ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) യുടെ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്നറിഞ്ഞ്, കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവർത്തകരുടെ ആഹ്ളാദപ്രകടനവും അരങ്ങേറുകയുണ്ടായി.

അതേസമയം, ഈ പെൺകുട്ടികൾ മത പരിവർത്തനം നടത്തിയവരല്ല എന്നും അവർ ക്രിസ്ത്യാനികൾ തന്നെയാണെന്നും പെൺകുട്ടികളും വീട്ടുകാരും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ) വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശയും പറയുന്നു. വീട്ടുകാരുടെ അറിവോടെയും സമ്മതത്തോടെയും ആണ് ജോലിക്കായി പോകുന്നതെന്നും തങ്ങൾ ക്രിസ്ത്യാനികൾ തന്നെയാണെന്നുമാണ് തത്സമയം അവിടെഎത്തിയ പ്രാദേശിക മാധ്യമങ്ങളോട് പെൺകുട്ടികൾ പറഞ്ഞത്. ഇക്കാര്യം നാരായൺപൂർ പോലീസും സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരാണ് റിമാൻഡിൽ കഴിയുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും. വന്ദന ഫ്രാന്‍സിസ് കണ്ണൂര്‍ ഉദയഗിരി ഇടവകാംഗവും പ്രീതി മേരി അങ്കമാലി എളവൂര്‍ ഇടവകാംഗവുമാണ്.

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Latest Posts