വായന സദസ് | Vaayanasadhas

2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

AI illustration by Surya for the Malayalam poem Man of the Forest-Orangutan by Padmadas

വനത്തിലെ മനുഷ്യൻ

തായ് കവിത

സ്റ്റേജിൽ
മനഷ്യക്കുപ്പായമണിഞ്ഞ
വനമൃഗം!
പ്രൊസീനിയം തിയറ്ററിലെ നായകൻ!

കൂടെ സഹവേഷക്കാർ, കോമാളികൾ.
കേളികൾ ബഹുവിധം.

ഡ്രാമാ പ്രോപ്പർട്ടികൾ നിരവധി;
മനുഷ്യൻ കനിഞ്ഞു നൽകിയത്.
കോംഗോഡ്രം വിത്ത് ഗിത്താർ-
റോക്കിംഗ് റോക്ക്.
മനുഷ്യൻ മൃഗത്തിനു വേണ്ടി
നിർമ്മിച്ച ഗിത്താർ,
അവനുമാത്രം ഓടിക്കാനെന്ന മട്ടിൽ
വലിയ മണികെട്ടിയ
ഓപ്പൻ യമഹ മിനി ഫോർ വീലർ,
അവനു മാത്രമായി സ്റ്റേജിൽ
അണ്ടർടേക്കറിൻ്റെ ഇടിക്കളം,
അവനു വേണ്ടി വേഷവിസ്മയങ്ങൾ,
അവനായി ലേസർ ബീമുകൾ,
സീറ്റ് ചെറുതായ സ്റ്റൂൾ,
ഇടിച്ചു വീഴ്ത്താൻ പ്രത്യേക സൈക്കിൾ,
ഇടി കൊണ്ടു വീണവന്
റെഡ്ക്രോസ് ചിഹ്നമണിഞ്ഞ സ്ട്രെച്ചർ!

ദി മിറാഷ്-
‘മുവായ് തായ്-
ദി ഒറാങ്ങ് ഉട്ടാൻ ഷോ!’

ഒരു മിണ്ടാപ്രാണിയെ
കെണിവെച്ചുപിടിച്ച്,
തടവിലാക്കി പരിശീലിപ്പിച്ച്,
വർണ്ണക്കുപ്പായങ്ങളണിയിച്ച്
മനുഷ്യനെ വിനോദിപ്പിക്കുക!

രാജ്യമേതുമാകട്ടെ,
ഭാഷയേതുമാകട്ടെ,
പ്രായമേതുമാകട്ടെ,
നിങ്ങൾ കണ്ടു രസിക്കുക.
മനുഷ്യനൊരുക്കിയ വേദിയിലെ,
കാട്ടിലലഞ്ഞുല്ലസിക്കേണ്ട
ഈ ‘കാനനമനുഷ്യ’ ൻ്റെ കളികൾ!
ജംഗിൾ സഫാരിയുടെ അവിഭാജ്യഘടകം.

ഓർക്കുക,
താനിറങ്ങി വന്നത്
ഈ പൂർവ്വികനിൽ നിന്നാണെന്നു മറന്ന
മനുഷ്യൻ്റെ വികൃതികൾ,
അവൻ്റെ ക്രൗര്യം, സ്വാർത്ഥത-
എല്ലാം വിസ്മരിച്ചേക്കുക,
ബോധപൂർവ്വം.

ഓർക്കുകയേ ചെയ്യാതിരിക്കുക.
കുരുക്കിട്ടു പിടിച്ച്,
കാടിറക്കി ആജീവനാന്തം ബന്ധിയാക്കിയ
അവൻ്റെ
സ്വാർത്ഥതയുടെ,
അർത്ഥസമ്പാദനത്തിൻ്റെ,
ഇരയാക്കപ്പെടലിൻ്റെ
കാണാക്കളികൾ;
മൃഗത്തിനെ മനുഷ്യൻ്റെ
കുപ്പായമണിയിക്കുന്ന
വിസ്മയകേളികൾ!

യഥാർത്ഥത്തിൽ
‘കാട്ടിലെ മനുഷ്യൻ’-
ഉറാങ്ങ് ഉട്ടാങ്ങ്-
സ്റ്റേജിലോ,
സ്റ്റേജിനു മുന്നിലിരിയ്ക്കുന്നവനോ?

ഒറാങ്ങ്ഉട്ടാൻ(മലായ് ഭാഷ) = കാട്ടിലെ മനുഷ്യൻ

Reading Day of 2025

Join with us