Published on: September 11, 2025


പ്രതിഭാവം പ്രഥമ ഓണപ്പതിപ്പിനുവേണ്ടി, മലയാളത്തിലെ പ്രിയ എഴുത്തുകാരൻ രാജൻ കൈലാസ്, പ്രതിഭാവം എഡിറ്ററും കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിലുമായി നടത്തിയ ‘ഓണവും എഴുത്തും’ അഭിമുഖം.

വായനയിൽ ഏറ്റവും കൂടുതൽ കവിതകളാണ്. ചങ്ങമ്പുഴയും പി. കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയും ഇടശ്ശേരിയും അയ്യപ്പപ്പണിക്കരും അക്കിത്തവും എൻ. എൻ. കക്കാടും സുഗതകുമാരി ടീച്ചറും കടമ്മനിട്ടയും എന്നെ ഏറെ സ്വാധീനിച്ച കവികളാണ്.
ഓണം 2025. തിരിഞ്ഞു നോക്കുമ്പോൾ ഓണത്തിനു വന്ന പുതുമകൾ?
അറുപത് വർഷം മുമ്പുള്ള എന്റെ കുട്ടിക്കാലത്തെ ഓണവുമായി ബന്ധപ്പെടുത്തിയാണ് ഞാൻ സംസാരിക്കുന്നത്. അന്നത്തെ ഓണം, പ്രതീക്ഷയുടെ പ്രതീകമായിരുന്നു. ഇന്ന് ഓണം ഒത്തിരി കൃത്രിമമാണെന്ന് പറയാം. ഒരുപാട് കച്ചവട പ്രാധാന്യമുള്ള ഒന്നായി മാറി ഇന്ന് ഓണം. പണ്ടത്തെ കാലത്ത് പല പച്ചക്കറികളും കാണാൻ കഴിയുന്നത് തന്നെ വിശേഷാവസരങ്ങളിലാണ്. പ്രത്യേകിച്ച് ഓണത്തിന്.
വിശിഷ്ടമായ ആഹാരം കഴിക്കാനുള്ള കാത്തിരിപ്പാണ് അന്നത്തെ ഓണം. പരിപ്പും പപ്പടവും പായസവും കൂട്ടിയുള്ള ഓണസ്സദ്യ. പപ്പടം കടയിൽ കിട്ടില്ല. എന്റെ നാട്ടിൽ പപ്പടം ഉണ്ടാക്കുന്ന ഒരു അമ്മച്ചിയുടെ വീട്ടിൽ പോയാണ് പപ്പടം വാങ്ങിക്കുക. അന്നൊക്കെ പുതിയ ഉടുപ്പും നിക്കറും കിട്ടുന്നതും ഓണത്തിന് മാത്രമാണ്. അതാണ് ഞാൻ പറഞ്ഞ പ്രതീക്ഷയുടെ ഓണം.
കേരളകൗമുദിയുടെ കഴിഞ്ഞ വർഷത്തെ ഓണപ്പതിപ്പിൽ വന്ന എന്റെ ‘ഓണശ്ശങ്ക’ എന്ന കവിത ഈ ആശങ്കകളെ പങ്കുവയ്ക്കുന്ന ഒന്നാണ്.
പഴയൊരോലക്കുടയും പിടിച്ചാണ്
മഴ നനഞ്ഞിപ്പൊഴെത്തുന്ന മാവേലി.
പഴയപോലെ നടന്നു നടന്നിനി
പ്രജകളെക്കണ്ടുപോകുവാനാവില്ല!
പനകളൊക്കെമറഞ്ഞു, ‘കുടപ്പന-
ക്കുന്നി’ലും പനയൊന്നുമേ കാണില്ല!
കുട പണിയുവാനാളില്ല, റിയില്ല…
കുടപിടിക്കാതെയെത്തുമോ മാവേലി?
പൊന്നു ‘മാവേലിക്കര’യിൽ ജനിച്ചതാ-
ണെന്ന ഗർവ്വിലാണിപ്പൊഴുമിക്കവി!
എന്റെപൊങ്ങച്ചസഞ്ചിയിലിപ്പോഴും
പഴയ മാവേലിക്കാലവും സ്വപ്നവും!
നമ്മൾ ചൊല്ലും ‘മഹാബലി’ തന്നെയോ
പിന്നെ ലോപിച്ചു ‘മാവേലി’യായതും?
ദൂരെദൂരെ ‘മഹാബലീപുര’മെന്നു
പേരുകേട്ടതീമന്നന്റെ ദേശമോ?
ഇന്നു പാതാളലോകത്തിലാണുപോൽ
എന്റെ മാവേലി വാഴുന്നതെങ്കിലും
ആ മഹാപുണ്യഭാവനോടൊത്തുപോ-
യവിടെയൊപ്പമിരിക്കാൻ കൊതിച്ചുപോയ്.
പണ്ടു മാവേലി വാണൊരു നാടെന്ന
‘കേട്ടുകേൾവി’യിലന്തിച്ചിരുന്ന ഞാൻ,
ഇന്നു മാവേലിയെത്തും ‘തിരുവോണ’-
മെന്നു ചിന്തിച്ചു കാതോർത്തിരിക്കവേ,
സദ്യ പാർസലായെത്തി, യിപ്പോഴെങ്ങാൻ
വന്നുകേറുമോ മാവേലി! ശങ്കയായ്!
ഓണവുമായി ബന്ധപ്പെട്ട എഴുത്തുകളിൽ മനസ്സിൽ തങ്ങി നില്ക്കുന്നത്?
മനസ്സിൽ പച്ച പിടിച്ചു കിടക്കുന്ന വായനകൾ ധാരാളം ഓർമ്മയിലുണ്ടെങ്കി ലും, ഏതൊരു മലയാളിയെയും പോലെ ഓണക്കാലത്ത് എന്റെ മനസിലും നാവിലും ആദ്യം തത്തിക്കളിക്കുക, ‘മാവേലി നാടുവാണീടും കാലം, മനുഷ്യരെല്ലാരും ഒന്നുപോലെ…’ എന്ന വരികളാണ്.
ഓണക്കളികളിൽ/ ആഘോഷങ്ങളിൽ പ്രിയപ്പെട്ടത്?
ഓണക്കളികളിൽ ഏറെ പ്രിയം പുലികളിയോടാണ്. ദേഹത്ത് വാഴക്കച്ചി കെട്ടിയും പാളയിൽ വരച്ച പുലിമുഖം മുഖത്ത് വെച്ചുമാണ് അന്നൊക്കെ പുലികളെ ഒരുക്കുക. വേട്ടക്കാരന്റെ കയ്യിൽ തെങ്ങോലയുടെ മടൽ ചെത്തിയുണ്ടാക്കുന്ന ഒരു തോക്കും!
ഓരോ വീട്ടിലും പുലികളിയുമായി കയറിയിറങ്ങുമ്പോൾ, പൈസയൊന്നുമല്ല കിട്ടുക, തിന്നാനുള്ള എന്തെങ്കിലും ഒക്കെയാകും. മിക്കവാറും ഉപ്പേരിയോ പഴമോ… അങ്ങനെ എന്തെങ്കിലും.
ഓണാഘോഷങ്ങളിലും കൂടുതൽ പ്രിയം പുലികളിയോടു തന്നെ. പിന്നെ, തിരുവാതിരയും ഓണപ്പാട്ടും ഒക്കെ ഇഷ്ടമാണ്.
ഓണവിഭങ്ങളിൽ പ്രിയപ്പെട്ടത്?
പായസം. കുട്ടിക്കാലത്ത് ഓണത്തിനും വിവാഹങ്ങൾക്കും പിന്നെ ചില പിറന്നാളുകൾക്കും മാത്രം കിട്ടുന്ന ഒന്നായിരുന്നു, പായസം.
കുട്ടിക്കാലത്തെ ഓണക്കാലത്തു കണ്ട സിനിമ/ നാടകം എന്നിവയിൽ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത്?
ഓണക്കാലത്ത് സിനിമ കാണുക എന്നത് എന്റെ കുട്ടിക്കാലത്ത് ഒരു വിദൂര സ്വപ്നമായിരുന്നു. എന്റെ നാട്ടിൽ അന്നു തീയേറ്ററുകൾ ഇല്ല. ഒരു ഓല മേഞ്ഞ തീയേറ്റർ ഉണ്ടായിരുന്നത് 15 കി. മി. ദൂരെയായിരുന്നു. നടന്നു പോവുകയും വേണം. അന്ന് സിനിമ കാണലോ നാടകം കാണലോ ഒന്നുമില്ല. അങ്ങനെയൊരാഗ്രഹം മനസ്സിൽ ഇല്ലായിരുന്നു എന്നതാണ് സത്യം. ആദ്യമായി ഒരു സിനിമ കാണുന്നത് തന്നെ എന്റെ കോളേജ് കാലത്താണ്, 1970 കളിൽ.
ആദ്യത്തെ എഴുത്ത്?
ആദ്യത്തെ കവിത എന്നാണ് ഉദ്ദേശിച്ചതെങ്കിൽ, ഏതെന്നു കൃത്യമായി പറയാൻ പറ്റില്ല. നാട്ടിലെ പല കയ്യെഴുത്തു മാസികളിലും മറ്റും എഴുതിയതൊക്കെ ഇന്ന് കാണാനില്ല. ആദ്യമായി അച്ചടിച്ച കവിത, ‘യുഗപ്പിറവി’. പന്തളം എൻ എസ് എസ് കോളേജിലെ മാഗസിനിൽ, 1976ൽ. ആ കവിത പിന്നീട് ജനയുഗം വാരികയിലും അച്ചടിച്ചു വന്നു. അന്നൊക്കെ ‘അച്ചടിമഷി പുരളുക’ എന്ന് പറഞ്ഞാൽ, അതൊരു മഹാസംഭവം ആയിരുന്നല്ലോ…
ഏറ്റവും ഇഷ്ടപ്പെട്ട കൃതി? എഴുത്തുകാരൻ/ കാരി?
വായനയിൽ ഏറ്റവും കൂടുതൽ കവിതകളാണ്. ചങ്ങമ്പുഴയും പി. കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയും ഇടശ്ശേരിയും അയ്യപ്പപ്പണിക്കരും അക്കിത്തവും എൻ. എൻ. കക്കാടും സുഗതകുമാരി ടീച്ചറും കടമ്മനിട്ടയും എന്നെ ഏറെ സ്വാധീനിച്ച കവികളാണ്.
അയ്യപ്പപ്പണിക്കർ സാറുമായുള്ള അടുപ്പവും കവിതാ ചർച്ചകളും എന്റെ കവിതയുടെ ദിശ തിരിച്ചുവിട്ട അനുഭവങ്ങളാണ്. മലയാള കവിതയിൽ ഉണ്ടായ മാറ്റങ്ങളും പുതു കവിതയിലേക്കുള്ള വഴികളും ഒരു ബാങ്ക് ജോലിക്കാരനായ ഞാൻ ഗൗരവത്തോടെ അറിയുന്നതും അങ്ങനെയൊക്കെയാണ്. അദ്ദേഹത്തെപ്പോലെ, മലയാളകവിതയിൽ ഇത്രയധികം പരീക്ഷണങ്ങൾ നടത്തിയ മറ്റൊരു കവിയുണ്ടോ എന്നു സംശയമാണ്. ചിത്രങ്ങൾ കൊണ്ടും സംഖ്യകൾ കൊണ്ടും വരെ അദ്ദേഹം കവിത കുറിച്ചു, വരച്ചു! പണിക്കർ സാറിലൂടെയാണ് ദേശമംഗലം രാമകൃഷ്ണൻ മാഷുമായുള്ള അടുപ്പവും ഉണ്ടാവുന്നത്. കവിതയുടെ മറ്റൊരു തലം കാട്ടിത്തന്ന ജ്യേഷ്ഠകവിയാണ് എനിക്ക് ഡി. വിനയചന്ദ്രൻ മാഷ്.
സുഗതകുമാരി ടീച്ചർ കവിത കൊണ്ടു മാത്രമല്ല, പ്രകൃതിസ്‌നേഹം നിറഞ്ഞ ജീവിതം കൊണ്ടും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ്. ആറന്മുള വിമാനത്താവളത്തിനെതിരെ നാട്ടുകാരും പ്രകൃതി സ്‌നേഹികളും നടത്തിയ സമരത്തിൽ ടീച്ചറിനൊപ്പം എനിക്കും പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ ബാക്കി നിൽക്കുന്നു.

കവിതകളെ മാറ്റി നിർത്തിയാൽ, എന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും ഏറ്റവും അധികം സ്വാധീനിച്ച കൃതിയാണ്, ഫുക്കുവോക്കയുടെ ‘ഒറ്റവൈയ്‌ക്കോൽ വിപ്ലവം’. ജപ്പാൻകാരനായ മസനോബു ഫുക്കുവോക്ക, ജൈവ കൃഷിയിൽ ആധുനിക പരിഷ്‌കാരങ്ങൾ നടപ്പാക്കിയ ആളാണ്. പ്രകൃതിയോടും മണ്ണിനോടും യുദ്ധം ചെയ്യാത്ത, മണ്ണിനോട് ഇണങ്ങിയ, ജൈവകൃഷിയെ പറ്റിയുള്ള ആധികാരികമായ ഒരു പുസ്തകമാണത്. ആചാര്യ ലക്ഷ്മണശർമ്മയുടെ Practical Nature Cure എന്ന പുസ്തകം എന്റെ ജീവിതം തന്നെ തിരിച്ചുവിട്ട, എന്റെ ആരോഗ്യം വീണ്ടെടുത്തു തന്ന മഹത്തായ ഒരു പുസ്തകമാണ്.


എഴുതിയതിൽ ഏറ്റവും പ്രിയപ്പെട്ടത്?
ഉത്തരം ഒന്നല്ല, രണ്ടെണ്ണമുണ്ട്. ‘ബുൾഡോസറുകളുടെ വഴി’, ‘പെൻസിൽ കൊണ്ട് എഴുതുമ്പോൾ’ എന്നീ കവിതകൾ. നശിപ്പിക്കപ്പെട്ട എന്റെ നാടിന്റെ ചിത്രമാണ്, ബുൾഡോസറുകളുടെ വഴിയിൽ ഞാൻ വരച്ചിട്ടത്. എനിക്ക് എഴുത്തുമായുള്ള ആത്മബന്ധം സൂചിപ്പിക്കുന്ന കവിതയാണ്, പെൻസിൽ കൊണ്ട് എഴുതുമ്പോൾ. ഇവയിൽ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത് എന്നു പറയാൻ കഴിയില്ല.
ഏതൊരു എഴുത്തുകാരനെ/ കലാകാരനെ സംബന്ധിച്ചായാലും അയാളുടെ ഓരോ എഴുത്തും/ കലയും അയാൾക്ക് പ്രിയപ്പെട്ടതു തന്നെയാകും. ചില സൃഷ്ടികൾ, ‘അത്രയ്ക്കു പോരാ’ എന്ന ആത്മദർശനം നടത്തുന്നവരും കുറവല്ല.
എന്റെ നാടിന്റെ രാഷ്ട്രീയ പശ്ചാത്തലം പറയുന്ന ‘വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റുകൾ’, പുത്തൻ കാലത്തിന്റെ ഭ്രമാത്മക കാഴ്ചകളെ അവതരിപ്പിക്കുന്ന ‘അകം കാഴ്ചകൾ’, കറുപ്പിന്റെ സൗന്ദര്യം പറയുന്ന ‘കറുപ്പ്’, നഷ്ടപ്പെട്ടുപോയ നന്മകളെ ഓർമ്മിക്കുന്ന ‘ഉപ്പ്’, പുറത്തിറങ്ങാൻ പോകുന്ന ‘പക്ഷി രാഷ്ട്രം’ സമാഹാരത്തിലെ പക്വം, വൃത്തി, അതിരുകൾ, പക്ഷി രാഷ്ട്രം, ഒന്നാം ക്ലാസും നൂറടിയും, മറവി തുടങ്ങി പല കവിതകളും എനിക്ക് ഒത്തിരി സംതൃപ്തി നല്കിയ രചനകളാണ്.
എഴുത്തുയാത്രയുടെ സംക്ഷിപ്തം?
എന്റെ എഴുത്ത് യാത്രയെക്കുറിച്ച് പറയുമ്പോൾ, അതത്ര വിപുലമായ ഒന്നല്ല എന്ന് ആദ്യമേ പറയാം. ബാങ്കിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ കുറച്ചെങ്കിലും ഇങ്ങനെ എഴുതാൻ പറ്റിയത് ഭാഗ്യമായി എന്നു കരുതുന്നു. ആകെ അഞ്ച് കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. എന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ഡോ. അലക്‌സ് പൈക്കട പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ എഴുതിയത് ഏകദേശം ഇരുനൂറോളം കവിതകൾ മാത്രമാണ്.
ലഭിച്ച അംഗീകാരങ്ങൾ?
ആദ്യമായി ലഭിച്ച പുരസ്‌കാരം ‘നാളെ’ ബുക്ക്‌സ് ഏർപ്പെടുത്തിയിരുന്ന ഡോ. കെ. ദാമോദരന്റെ പേരിലുള്ള പുരസ്‌കാരമാണ്. ലീലാമേനോൻ പുരസ്‌കാരം, ഡി. വിനയചന്ദ്രൻ പുരസ്‌കാരം എന്നിവയും അമേരിക്കയിൽ നിന്നുള്ള ‘ഫൊക്കാനാ’ അവാർഡും ലഭിച്ചു.
എഴുത്തിനു പുറത്തുള്ള അഭിരുചികൾ?
കവിതയെ മാറ്റി നിർത്തിയാൽ പിന്നെ, എന്റെ ജീവിതവുമായി ബന്ധമുള്ള വിഷയങ്ങൾ പ്രകൃതിയും യാത്രകളുമാണ്. പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതവും സസ്യഭക്ഷണരീതിയും ഒരിക്കലും മാറില്ല എന്നു പറഞ്ഞ പല രോഗങ്ങളും എനിക്ക് മാറ്റിത്തന്നു. പ്രകൃതിയിലേക്കുള്ള ഈ യാത്രക്കിടെയാണ്, ‘ഫുക്കുവോക്ക’ യെ വായിക്കുന്നത്.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.