ആദ്യം വന്ന ഒരു കടത്തുതോണിയിൽ കയറി ഗീതചേച്ചി അക്കരയ്ക്ക് പോയ് മറഞ്ഞെങ്കിലും കടവിൽ അവശേഷിപ്പിച്ച അപൂർവ്വപരാഗങ്ങൾ , കരയിൽ കാത്തുനിൽക്കുന്ന ഞങ്ങളിൽ ഇന്നും ഒഴുകിപ്പരക്കുന്നു.
ഗീതാഹിരണ്യൻ എന്ന ഗീതചേച്ചി ഞങ്ങളുടെ വീട്ടിൽ ആദ്യമായി വന്നതും കണ്ടതും ഒരു മഴവില്ലുപോലെ സുന്ദരമായ ഓർമ്മയാണ്. അതിൻ്റെ തുടക്കമിങ്ങനെ..
അമ്മയുടെ അമ്മാവൻ്റെ മകളും എൻ്റെ ലേഖചേച്ചിയുടെ വലിയ കൂട്ടുകാരിയുമാണ് ഗീതചേച്ചി. നാട്ടിൻപുറത്തെ എൻ്റെ ചെറിയ വീടിൻ്റെ മുറിയിൽ ഞങ്ങൾ കുട്ടികൾ കളിച്ചുകൊണ്ടിരിക്കയാണ്. പാട്ടും അഭിനയവും ഡാൻസുമൊക്കെ തകർക്കുന്നതിനിടയിലാണ് ചേച്ചി ആ മുറിയിലേയ്ക്ക് അപ്രതീക്ഷിതമായി കയറി വന്നത്. ആ നിമിഷം ഞങ്ങൾക്ക് ചെറിയൊരു നാണവും അത്ഭുതവും ആയിരുന്നു.. എനിക്കന്ന് പത്തുവയസ്സുകാണും. ചെറുചിരിയോടെ എല്ലാവരെയും നോക്കി വാത്സല്യത്തോടെ തമാശ പറഞ്ഞ ചേച്ചിയെ ഞങ്ങൾക്കിഷ്ടപ്പെട്ടു.
ലേഖചേച്ചിയുടെ കൂടെ രാമപുരത്തു നിന്നും വന്നതാണ് ചേച്ചി… ബി എസ്സ് സി സുവോളജിക്ക് അഞ്ചൽ കോളേജിൽ പഠിക്കുന്നു. ലാബിൽ പാറ്റയെ കീറുന്ന കാര്യവും മറ്റു വിശേഷങ്ങളുമൊക്കെ സരസമായി വിവരിച്ചു തരുന്ന ഗീതചേച്ചിയെ കണ്ണിമ പൂട്ടാതെ അന്നു ഞാൻ നോക്കിയിരുന്നു. നീണ്ട് ഇടതൂർന്ന ധാരാളം തലമുടി. തുടുത്ത കവിളുകൾ. സ്നേഹവും കുസൃതിയും തുളുമ്പുന്ന കണ്ണുകൾ . പ്രസരിപ്പാർന്ന ചലനങ്ങൾ.ഒറ്റക്കാഴ്ചയിൽത്തന്നെ പിടിച്ചിരുത്തുന്ന ഒരു വ്യക്തിത്വം’.
പിന്നീട് ലേഖചേച്ചിക്കു വരുന്ന കത്തുകളിലെ അക്ഷരങ്ങൾ കടലാസിൽ മുത്തു പതിപ്പിച്ച ഒരു കലാസൃഷ്ടി പോലെയായിരുന്നു.. വരികളാകട്ടെ സാഹിത്യഭംഗി തിളങ്ങുന്ന രത്നങ്ങളും.
ഗീതചേച്ചി കഥ എഴുതുമെന്നു പറയുന്നതും കേട്ടു.
കാലത്തിന് കടന്നുപോകാൻ അന്നൊക്കെ ഒരു ധൃതിയുമില്ലായിരുന്നു. ഗീതചേച്ചിയുടെ വിവാഹത്തിനാണ് പിന്നെ ഏറെക്കാലം കഴിഞ്ഞു കാണുന്നത്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. കോട്ടവട്ടത്ത് അമ്മയ്ക്കുമച്ഛനുമൊപ്പം പോയതോർക്കുന്നു. ഗീതചേച്ചിയുടെയും അനിയത്തി അജിതചേച്ചിയുടേയും വിവാഹം ഒരു ദിവസമായിരുന്നു. നവവധുവായി നീട്ടിപ്പിന്നിയ മുടിയിൽ നിറയെ മുല്ലപ്പൂ ചൂടി നിൽക്കുന്ന ചേച്ചിയെയും, മെലിഞ്ഞു പൊക്കത്തിൽ സൗമ്യനായ ഹിരണ്യേട്ടനെയും ഓർമ്മകളിൽ ഇന്നുംചേർത്തുവെച്ചിട്ടുണ്ട് .
വർഷങ്ങൾ കുറേ കടന്നുപോയി. ചേച്ചിയുടെ രചനകൾ കുറച്ചൊക്കെ വായിച്ചിരുന്നു. ഞാൻ തിരുവനന്തപുരത്ത് എം.എ യ്ക്കു പഠിക്കുമ്പോഴാണ് സങ്കടപ്പെടുത്തിയ ആ വാർത്ത അറിയുന്നത്. ചേച്ചിക്ക് മാരകമായ അസുഖം പിടിപെട്ടിരിക്കുന്നു. ആർ. സി. സിയിൽ ചികിത്സകൾ നടത്തുകയാണ്. എല്ലാവരുടേയും പ്രാർത്ഥനകൾ തുടർന്നു.
പിന്നീട് കേൾക്കുന്നു ചേച്ചിയുടെ അസുഖമെല്ലാം മാറി ഒരു കുഞ്ഞുണ്ടാവാൻ പോകുന്നുവെന്ന്. ആശ്വാസത്തിൻ്റെ പുലർവെട്ടങ്ങൾ തെളിഞ്ഞ കാലങ്ങൾ..
ഉമ എന്ന മോളുണ്ടായി. സന്തോഷത്തിൻ്റെ അലകൾ ബന്ധുക്കളിൽ നിന്നും വാർത്തകളായി ഒഴുകിയെത്തിത്തുടങ്ങി.
ഒരിക്കൽ മഹാരാജാസ് കോളേജിൽ ചേച്ചിയും ഹിരണ്യേട്ടനും റിഫ്രഷർ കോഴ്സിനു വന്നു. ഞാനവിടെ ഗവേഷണ വിദ്യാർത്ഥിയാണന്ന്.
അവർ രണ്ടുപേരും കൂടി എന്നെ കാണാൻ ഡിപ്പാർട്ടുമെൻ്റിലെത്തി. തൃശൂർ ഗവണ്മെൻ്റ് കോളേജുകളിൽ പഠിപ്പിക്കുന്ന ഇരുവരും മോളോടൊത്ത് വലിയൊരു സൗഹൃദക്കൂട്ടത്തിൻ്റെ ബലവുമായി ആനന്ദത്തോടെ ജീവിക്കുന്ന കാലമായിരുന്നു അത്. ബംഗാൾ കോട്ടൺ സാരിയിൽ ഒരു ചിത്രശലഭം പോലെ സുന്ദരിയായ ചേച്ചി .
സന്തോഷത്തിൻ്റെ കുഞ്ഞരുവി കിലുങ്ങിയൊഴുകുന്ന നിർത്താതെയുള്ള സംസാരം.. എല്ലാം കേട്ട് പുഞ്ചിരിച്ചു നിൽക്കുന്ന മിതഭാഷിയായ ഹിരണ്യേട്ടൻ.
ഞാനന്ന് പഠനവും കുഞ്ഞിനെ വളർത്തലുമൊക്കെയായി ദേഹമെല്ലാം ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലാണ്. കണ്ടയുടനെ “നീ ഒരു സുന്ദരിക്കുട്ടിയാണല്ലോ“ എന്നു പറഞ്ഞപ്പോൾ സത്യത്തിൽ ഞാനൊന്ന് അമ്പരന്നു. വാക്കുകൾ പൂക്കളായി ചൊരിയുന്ന നിമിഷങ്ങൾ. സ്നേഹം പകരാൻ തുളുമ്പുന്ന ഒരു മനസ്സായിരുന്നു എന്നും ചേച്ചിയുടെ. കാലങ്ങൾ കഴിഞ്ഞിട്ടും ചില വാക്കുകളൊക്കെ എത്ര തെളിച്ചമാണ് കൊളുത്തിവെയ്ക്കുന്നത്.
പിന്നെയും വർഷങ്ങൾ നീണ്ടുപോയി ഞങ്ങൾ തമ്മിൽ കാണാൻ. മോഹനമ്മാവൻ വിടപറഞ്ഞ ദിവസം ചേച്ചി ശാസ്തമംഗലത്തു വന്നു. ഞങ്ങൾ കുറേ സമയം ഒന്നിച്ചുണ്ടായിരുന്നു. അമ്മാവനെക്കുറിച്ചുള്ള ഒരുപാട് നല്ല ഓർമ്മകൾ പങ്കുവെച്ചു.
പിന്നീട് കോട്ടവട്ടം കുടുംബയോഗത്തിൻ്റെ തിരക്കിലും ഒരു ബന്ധുവിൻ്റെ വിവാഹത്തിനും കുറച്ചു സമയം കണ്ടു. അന്ന് മോൻ അപ്പുവെന്ന ആനന്ദും ഉണ്ടായിരുന്നു. സ്വതസിദ്ധമായ സ്നേഹ കൊഞ്ചൽ കലർന്ന വർത്തമാനങ്ങളാൽ ചേർത്തു നിർത്തി. ചേച്ചിയുടെ സജീവമായകാലങ്ങളിൽ പല തവണ വീട്ടിലേക്ക് ക്ഷണിച്ചിട്ടും പോകാൻ കഴിഞ്ഞില്ല. അതൊരു സങ്കടമായി അവശേഷിക്കുന്നു. പോയതാകട്ടെ രോഗശയ്യയിലായപ്പോൾ മാത്രം.
ഇതിനിടയിൽ ചേച്ചി ധാരാളം കഥകളെഴുതി. ആശ്ചര്യത്തോടെ വ്യത്യസ്തമായ ആ കഥചൊല്ലലിനെ എന്നും ഞാൻ ഏറെ സ്നേഹിച്ചു , ആസ്വദിച്ചു. കരുത്തും കതിർക്കനവുമുള്ള പെൺമനസ്സിൻ കഥകളായിരുന്നു എല്ലാം . അസംഘടിതകൾക്ക് അഭയ വീടൊരുക്കി അവരുടെ വാക്കായി മാറിയ രചനകൾ. നർമ്മത്തിൻ്റെ നേർത്ത പാളിയിലൊളിപ്പിച്ച സംഭാഷണങ്ങളെല്ലാം ഉള്ളു വെന്ത കഥാപാത്രങ്ങളുടെ അടക്കിപ്പിടിച്ച കരച്ചിലുകളായിരുന്നു. അന്ന് വായനക്കാർ ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരിയായി മാറി ഗീതാഹിരണ്യൻ.
സാറാ ടീച്ചറുമായി ഭാഷാപോഷിണിയിൽ നടത്തിയ അഭിമുഖം ഇന്നും മനസ്സിലുണ്ട്. ദീർഘാപാംഗൻ എന്ന സമ്മാനാർഹമായ കഥയിലൂടെ ആ സാഹിത്യലോകത്തിലേക്ക് കടന്നു ചെന്നാൽ എത്രയെത്ര വൈവിധ്യമാർന്ന ജീവിതങ്ങളെയാണ് പകർത്തിയിരിക്കുന്നത്! സ്ത്രീകൾക്കു മാത്രം സഞ്ചരിക്കാനാവുന്ന നിഗൂഢ പാതകൾ. അകത്തും പുറത്തും പല വേഷമണി വേണ്ടിവരുന്ന അഭിനേത്രികളായവർ. അർദ്ധനാരീശ്വൻ, ക്രോസ് സ്റ്റിച്ച് തുടങ്ങിയ ചെറുകവിതകളിലെ ജൈവ ദ്വന്ദങ്ങളുടെ സമന്വയ സാധ്യതകൾ. എഴുതാൻ ബാക്കി വെച്ച എത്രയോ സ്വപ്ന ഭാവനകൾ ഉണ്ടായിരുന്നിരിക്കും ആ പ്രതിഭയിൽ.
രോഗദുരിതങ്ങൾ പതിയിരിക്കുന്ന കാലം വരുന്നുവെന്ന് ഒരിക്കലും കരുതിയില്ല. പ്രസന്നവതിയായ ചേച്ചിയെ പിന്നെ ഞാൻ കണ്ടിട്ടില്ല. രണ്ടാമതും അസുഖം വന്ന് പരിക്ഷീണയായി ആശുപത്രി കിടക്കയിലും വീട്ടിലും കിടക്കുന്ന ചേച്ചിയെ പോയി കണ്ടിട്ടും എനിക്ക് കണ്ടതായി തോന്നുന്നുമില്ല. കുഴഞ്ഞ നാവിൽ നിന്നും വഴുതിപ്പോകുന്ന അക്ഷരങ്ങളെ തിരിച്ചു പിടിക്കാൻ പരിശ്രമിക്കുന്നതു കണ്ടപ്പോഴുണ്ടായ വേദന ഇന്നും മനസ്സിൽ പിടയുന്നു. സംസാരിക്കാൻ ഏറെ ഇഷ്ടമുള്ള , കേൾവിക്കാർക്ക് എന്നും കൗതുക വിരുന്നൊരുക്കിയ ഒരു ജന്മത്തെ ഈ അവസ്ഥയിൽ സങ്കല്പിക്കുവാൻ പോലുമാകില്ലായിരുന്നു.
ഒരു പുതുവർഷത്തിൽ ചേച്ചിയുടെ വേർപാടിൻ്റെ വിവരം അറിഞ്ഞപ്പോൾ തോന്നിയ സങ്കടം ഇപ്പോഴും വറ്റിയിട്ടില്ല. അവസാനമായി ഒന്നു കാണാൻ പോയി. മരണം ഒട്ടും കോമാളിയല്ല കൗശലക്കാരനാണ്, ക്രൂരനാണ് എന്നു തോന്നി.. പിടിച്ചു കൊണ്ടുപോകുമ്പോഴും തിരിച്ചു പിടിച്ചു വലിക്കുവാൻ ആവുന്നത്ര ശ്രമിച്ച ആ ദേഹത്തിൻ്റെ നിശ്ചലത എല്ലാവരേയും കരയിപ്പിച്ചു. നാൽപ്പത്തഞ്ചാം വയസ്സിൻ്റെ യൗവ്വനത്തെ കരിയിച്ചു കളഞ്ഞ വിധിക്ക് ഒരിക്കലും മാപ്പുകൊടുക്കാനാവില്ല. ഭർത്താവിൻ്റെയും
രണ്ടു മക്കളുടേയും ജീവിതത്തെ നിശ്ശൂന്യമാക്കിയ ആ മരണത്തെക്കുറിച്ചോർക്കുമ്പോൾ ആശ്വസിക്കുവാൻ ഒരു ചിന്തയും ഇത്രകാലമായിട്ടും വരുന്നുമില്ല.
ആകെ വിരലിലെണ്ണാവുന്ന തവണ മാത്രമേ കണ്ടിട്ടുള്ളു. കുറച്ച് കഥകൾ സമ്മാനിച്ച അനിർവ്വചനീയമായ ഗാംഭീര്യം ഒരു ഉൾക്കടലായി എന്നും അലയടിക്കുന്നുമുണ്ട്.. പക്ഷേ ഇതിനുമപ്പുറം ഏതോ സ്നേഹവാഹിയായ ഒരു സംവേദനച്ചരട് ഞങ്ങളെ ഇന്നും ബന്ധിപ്പിക്കുന്നുണ്ട്. എഴുത്തിലൂടെ ,ബന്ധുത്വത്തിലൂടെയൊക്കെ നിറയുന്ന ആ
വ്യക്തിത്വം കാലമാപിനിയിൽ ഒരു ഘട്ടത്തിൽ നിശ്ചലമായിപ്പോയി എന്നേയുള്ളു. അടർന്നിട്ടില്ല. മാഞ്ഞിട്ടില്ല.
ഓർമ്മയുടെ ആഴങ്ങളിൽ ഉടൽ ചിപ്പിയിൽ നിന്നും വേർപെട്ട ആ വ്യക്തിത്വം ഇന്നും തിളക്കമാർന്നു നിൽക്കുന്നു.
ഗീതചേച്ചിയുടെ ഹ്രസ്വകാലജീവിതവും കഥകളുമെല്ലാം അവശേഷിപ്പിക്കുന്ന അനുഭവലോകത്തെ ചിത്രീകരിക്കാൻ അനേകം പേരുടെ സ്മരണകൾ ആവശ്യമാണ്. . എൻ്റെ ഈ ഇത്തിരിവട്ട ഓർമ്മകൾ ഒറ്റ സ്നാപ്പ് മാത്രം.🙏
ഗീതചേച്ചിയുടെ വേർപാടിൻ്റെ ശൂന്യത ഏറ്റവും ബാധിച്ചത് ഹിരണ്യേട്ടനെയാണ്. നീണ്ടകാല സൗഹൃദം വിവാഹത്തിൽ കൈ ചേർത്തുപിടിപ്പിച്ചു. എന്നും ചേച്ചിയുടെ സാഹിത്യ സൗഹൃദ ങ്ങളുടെ കൂടെ നടന്നു. രോഗാവസ്ഥയിൽ കൂട്ടിരുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട ബന്ധുവായ, സൗമ്യനും സ്നേഹവാനുമായ അദ്ദേഹത്തിൻ്റെ പിൽക്കാല ജീവിതം ഒരു പരീക്ഷണ കാലമായിരുന്നു.. അസാമാന്യ ഓർമ്മശക്തിയും കാവ്യപ്രതിഭയും നിറഞ്ഞ ആ ബോധമണ്ഡലം മെല്ലെ മറവിയുടെ ചിതലുകൾ നശിപ്പിച്ചു കൊണ്ടേയിരുന്നു…നീണ്ടനാളത്തെ രോഗസഹനത്തിൽ നിന്ന് മോചിതനായി അദ്ദേഹവും ഈയിടെ വിട പറഞ്ഞു. രണ്ടു പേർക്കും സ്നേഹാഞ്ജലികൾ❤️🙏🌹

കൊരട്ടി നൈപുണ്യ കോളേജ് മലയാളം അധ്യാപികയായി വിരമിച്ച സവിത എസ് നാരായണൻ നിലവിൽ, ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അധ്യാപികയാണ്. തേവര എസ്. എച്ച് കോളേജ് റിട്ട. മലയാളം അധ്യാപകൻ കെ.ജി നാരായണനാണ് ഭർത്താവ്. മക്കൾ: അമൃത, ദേവദത്ത്.