ലോകമെങ്ങും ക്രിസ്മസ് രാവ് പുഞ്ചരിതൂകി മഞ്ഞ് പെയ്തുകൊണ്ടിരിക്കുമ്പോഴാണ്, നിലാവുള്ള ആകാശത്തിന് കീഴിൽ പൊടുന്നനെ മലയാളിയുടെ മനസ്സ് വിളറിവെളുത്തത്. നമ്മുടെ കലാ- സാഹിത്യ- ചലച്ചിത്ര മണ്ഡലങ്ങളിൽ മങ്ങാത്ത ശോഭയാർജ്ജിച്ച, നമ്മൾക്ക് ലോകോത്തര ക്ലാസിക്ക് കൃതികൾ സമ്മാനിച്ച എം.ടി. എന്ന അതികായൻ അനന്തതയിലേക്ക് മടങ്ങിയിരിക്കുന്നു. മധുരമുള്ള ഒരു വാക്ക് മനസ്സ് കവരുന്നതുപോലെ, എം.ടിയുടെ സംഭാവനകൾ മലയാളത്തിന് വിവിധ രുചിക്കൂട്ടുള്ള മധുരപലഹാരങ്ങളാണ്. എം.ടിയുടെ കുടമല്ലൂർ ഗ്രാമവും നിളാനദിയും ഇക്കാലമത്രയും കേരളീയ സമൂഹത്തിന്റെ, സംസ്‌കാരത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്നതിൽ വലിയ സ്വാധീനം പുലർത്തിയിട്ടുണ്ട്. തൊട്ടാൽ പൊള്ളുന്ന യാഥാർഥ്യങ്ങളെ, മനഃസാക്ഷിയുടെ അതിശക്തമായ ധാർമ്മിക പിന്തുണയോടെ അദ്ദേഹം മലയാളിക്കു മുൻപിൽ വിളമ്പി വെച്ചു. എം.ടിയുടെ പൊൻതൂലികയിൽ നിന്നും ഉതിർന്ന, മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ നോവലായ ‘രണ്ടാമൂഴം’, ‘പള്ളിവാളും കാൽച്ചിലമ്പും’, അസുരവിത്ത്, മഞ്ഞ്…. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥകൾ….

‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന കഥ ‘നിർമ്മാല്യം’ എന്ന ക്‌ളാസിക് സിനിമയിലൂടെ എഴുപതുകളിലെ കേരളത്തിലെ ദരിദ്രരായ, അമ്പലവാസികളായ ശാന്തിക്കാരുടെയും വെളിച്ചപ്പാടുകളുടെയും മറ്റുമുള്ളവരുടെ അതിദാരിദ്ര്യത്തിന്റെ നേർരേഖയെ വരച്ചു വെയ്ക്കുന്നു. ‘ഇരുട്ടിന്റെ ആത്മാവി’ ലെ ഭ്രാന്തൻ വേലായുധനും ‘ഒരു വടക്കൻ വീരഗാഥ’ യിലെ ചതിയനല്ലാത്ത ‘ചതിയൻ ചന്തു’ വും’ പെരുന്തച്ചനിലെ രാമൻ പെരുന്തച്ചനും മറ്റും ‘എം.ടി.’ എന്ന ആ രണ്ടക്ഷരത്തിനുംമേലെ വളർന്നതിലെ മാന്ത്രികസ്പർശം, മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നാരായണൻ നായർ എന്ന എം.ടി. വാസുദേവൻ നായർക്കു തന്നെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒന്നാണ്.

എം.ടി കാലത്തിനു മുന്നേ സഞ്ചരിച്ച, എഴുത്തിന്റെ മഹാമാന്ത്രികനായ എം.ടിക്ക് ഒരു രാഷ്ട്രീയ പക്ഷമില്ല. എന്നും മനുഷ്യപക്ഷത്തായിരുന്നു ആ മഹാപ്രതിഭ. നമ്മുടെ സാഹിത്യ പ്രതിഭകൾ ഏതൊക്കെ പക്ഷക്കാരാണ്? അനേകം ദേവി- ദേവന്മാരെ ആരാധിക്കുന്ന ഒരു നാട്ടിൽ നിർമ്മാല്യം പോലൊരു സിനിമ പിറന്നതിൽ കലാബോധമുള്ള മലയാളിക്കെന്നും അഭിമാനമാണ്. സവർണ്ണ ദേവന്മാരായ ശിവനും വിഷ്ണുവുമൊക്കെ ജീവിക്കുന്ന നമ്മുടെ നാട്ടിൽ സവർണ്ണനായ ഒരു സാഹിത്യകാരൻ, ചിലമ്പണിഞ്ഞാടിയെത്തിയ വെളിച്ചപ്പാടിനെക്കൊണ്ട് ദേവീ വിഗ്രഹത്തിനു നേർക്ക് ചോര തുപ്പുന്നു… ഇക്കാലത്ത്, ഇങ്ങനെയൊരു ചിത്രമെടുക്കാൻ കേരളത്തിൽ ഏതെങ്കിലുമൊരു ചലച്ചിത്രകാരൻ തയ്യാറാകുമോ? ‘എഴുത്ത് വേണോ കഴുത്ത് വേണോ’ യെന്ന് തീവ്രവിശ്വാസികൾ എപ്പം ചോദിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു!

എം.ടി.യെപ്പറ്റി കേട്ടിട്ടുള്ളത്, അദ്ദേഹം മിതഭാഷിയാണ്… പലപ്പോഴും, മൗനിയാണ്… അധികം സംസാരിക്കാറില്ല… ചിരിക്കാറില്ല… പെട്ടെന്ന് കയർക്കുന്നു, ഒറ്റക്ക് നടക്കാനും ഇരിക്കാനും ഇഷ്ടപ്പെടുന്നു എന്നൊക്കെയാണ്. അങ്ങനെയുള്ളവരാണ് എഴുത്തുകാരിലെ എഴുത്തുകാരാകുന്നത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട്, അക്കാലത്ത് കൊല്ലം സങ്കീർത്തനം ബുക്ക്‌സ് ഒരുക്കിയ ഒരു മീറ്റിംഗിൽ ഞാനും കാക്കനാടനൊപ്പം പോയത് ഈ അവസരത്തിൽ ഓർത്തുപോകുന്നു. മീറ്റിംഗിൽ എം.ടിയും സാറാ ജോസഫും പങ്കെടുത്തിരുന്നു.

എം.ടി. മാതൃഭൂമി വാരികയുടെ പത്രാധിപരായിരുന്ന കാലത്തൊരിക്കൽ, കെ.പി. കേശവമേനോന്റെ നേതൃത്വത്തിൽ മാതൃഭൂമി നടത്തിയ ഒരു സാഹിത്യ സാംസ്‌കാരിക സെമിനാർ വെച്ചാണ് എം.ടി യെ ഞാൻ ആദ്യമായി കണുന്നത്. പിന്നീട്, ഒരു കഥ കൊടുക്കാൻ കോഴിക്കോട് മാതൃഭൂമി വാരികയിൽ ചെന്നപ്പോഴാണ്. അദ്ദേഹമിരുന്ന മുറിയുടെ മുന്നിൽ ചെന്നു. മുറിയുടെ വാതിലിന് കതക് ഇല്ല. ജനാലപോലെ ഇടയ്ക്ക് രണ്ട് പാളികൾ. അതിൽ തട്ടി. ഒരനക്കവുമില്ല. ആളില്ലെന്ന് തോന്നി. മടങ്ങാൻ തുടങ്ങിയതാണ്. അന്നേരം, അടിയിലൂടെയൊന്ന് കുനിഞ്ഞു നോക്കി. എന്തോ ഗൗരവത്തിൽ എം.ടി. ഇരുന്ന് എഴുതുകയാണ്. ഒരാൾ വന്ന് കതകിൽ ഒന്നു മുട്ടിയെന്നു വരുത്തി അകത്തേക്ക് ഒറ്റ പോക്കായിരുന്നു. അയാൾ പുറത്തു വന്നപ്പോൾ ഞാനും കതകിൽ ഒന്നു മുട്ടിയെന്നു വരുത്തി അകത്തേക്ക് ചെന്നു. എം.ടി. തല ഉയർത്തി ഒന്നു നോക്കി. ഒരു കഥ തരാനാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഗൗരവത്തോടെ മേശപ്പുറത്തു കൈചൂണ്ടി അവിടെ വെക്കാൻ ആംഗ്യത്തിൽ പറഞ്ഞു. ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ അങ്ങനെ ചെയ്തു തിരിഞ്ഞു നടന്നു. തന്നോട് ഒരക്ഷരംപോലും ചോദിക്കാത്തതിലെ അമർഷവുമായി മടങ്ങുമ്പോൾ മനസിൽ, ‘ഇയാൾ ഇത്ര പരുക്കാനോ, എന്തൊരു തലക്കനം’ ചിറകടിച്ചുയർന്നിരുന്നു. പക്ഷെ, രണ്ടാം മാസം എന്റെ ആ കഥ, ‘മൂടൽ മഞ്ഞ്’ മാതൃഭൂമിയിൽ അച്ചടിച്ചു വന്നപ്പോഴാണ് എം.ടിയെന്ന അക്ഷരസ്നേഹിയെ തൊട്ടറിയുന്നത്.