Oru Basheerian Gramam-Malayalam story by Surab

സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ ആദ്യത്തെ കഥയാണ്, ‘ഒരു ബഷീറിയൻ ഗ്രാമം.’ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറിയിൽ ജൂലൈ 5നു നടന്ന, ‘ബഷീർ ഓർമ്മ- 2025’ പരിപാടിയുടെ ഭാഗമായി കഥാകൃത്ത്, സുറാബ് അവതരിപ്പിച്ച കഥയുടെ ഓഡിയോ കേൾക്കാം.

ഒരു ബഷീറിയൻ ഗ്രാമം

രണ്ടുപേരും അതു സമ്മതിക്കുമ്പോൾ, സർവ്വീസ് തൊപ്പി വീണ്ടും തലയിൽ വയ്ക്കുമ്പോൾ, ലോക്കപ്പിലെ ഇരുളടഞ്ഞ മുറിയിൽ നിന്ന് അവർ വീണ്ടും കേട്ടു, “ഹൂ വാണ്ട് ഫ്രീഡം?”

നത്തറവാട്ടിൽ ഹസ്സൻകുട്ടി. പേരിൽത്തന്നെയുണ്ട് ആനത്തം. ഗജവീരൻ. അയാൾക്ക് മൂന്നു മക്കളാണ്.
രണ്ടു പെണ്ണും ഒരാണും…

കഥ പറയുന്നത് ഒരു പൊലീസുകാരനാണ്. കാക്കിയുടുത്ത, ഡ്യൂട്ടിയിലുള്ള ഒരു പൊലീസുകാരൻ.
കഥ കേൾക്കുന്നതോ, മീശ പിരിച്ചുവെച്ച മറ്റൊരു പൊലീസുകാരനും. അവർ കാഥികനും കേൾവിക്കാരനുമായി ആ സ്റ്റേഷനിലെ രാത്രി ഡ്യൂട്ടിക്കാരാണ്.

ഒരു കുന്നിൻപുറത്താണ് ഈ പൊലീസ് സ്റ്റേഷൻ. അതിനുചുറ്റും നല്ലവരായ ജനങ്ങളാണ് താമസിക്കുന്നത്.

നല്ല നാട്ടുകാർ, നല്ല കുടിവെള്ളം, അതിലുപരി നല്ല അന്തരീക്ഷവും. എന്തുകൊണ്ടും സമാധാനത്തിന്റെ പ്രാവുകൾ. കുറുകുകയും പറക്കുകയും ചെയ്യുന്ന നാട്ടുമ്പുറം. നാട്ടുകാരിലധികവും കർഷകരാണ്. അതുകൊണ്ടാണ് വിഷമില്ലാത്ത ഭക്ഷണവും കായികബലവും ദീർഘായുസ്സും അവർക്കുണ്ടാകുന്നത്.

അപ്പുറത്ത് നീണ്ട പാടം. അതിൽ കൊക്കുകൾ കൊത്തിപ്പെറുക്കുന്നുണ്ടാകും. തവളകൾ തുള്ളിച്ചാടുന്നുണ്ടാകും. ഇടയ്ക്ക് എങ്ങാണ്ടുനിന്നു വിരുന്നുവരുന്ന തത്തകളെയും കാണാം. തെളിഞ്ഞൊഴുകുന്ന പുഴ. ആറ്റുവഞ്ചികൾ, മീൻപിടിത്തം, കക്ക വാരുന്ന പെണ്ണുങ്ങൾ, ആകാശവും ഭൂമിയും നിറഞ്ഞ നാനാവർണ്ണത്തിലുള്ള പക്ഷികൾ, ആട്, പശു, എരുമ, പോത്ത്, പക്ഷികൾ, പറവകൾ, പാമ്പുകൾ, നായ്ക്കൾ, കുറുക്കന്മാർ, മനുഷ്യർ എല്ലാം ഒത്തൊരുമിച്ച് ജീവിക്കുന്ന, ഒത്തൊരുമിച്ച് ഭക്ഷിക്കുന്ന തനി ഒരു ബഷീറിയൻ ഗ്രാമം. അതുകൊണ്ട് പൊലീസുകാർക്ക് അതികഠിനമായ ജോലിയോ ലാത്തി വീശലോ മേലും കൈയും വേദനയോ ടെൻഷനോ ഒന്നും തന്നെ ഇല്ല, കൈക്കൂലിയും പറയത്തക്ക കിട്ടുന്നില്ല.

പണ്ട് ഒരു എസ്.ഐ. ഉണ്ടായിരുന്നു. അദ്ദേഹം സ്ഥലം മാറിപ്പോയതിനു ശേഷം പിന്നീട് രണ്ടു പൊലീസുകാർ മാത്രമാണ് ആ സ്റ്റേഷനിൽ. ലോക്കപ്പും ഒഴിഞ്ഞുകിടക്കുകയാണ്. അതാർക്കെങ്കിലും വാടകയ്ക്കു കൊടുത്താലോ എന്നുവരെ രണ്ടുപേരും ആലോചിച്ചിരുന്നതാണ്. മനുഷ്യൻ ഏതെല്ലാം തരത്തിൽ ചിന്തിക്കുന്നു, രണ്ടു കാശുണ്ടാക്കാൻ. അല്ലാതെ പിന്നെങ്ങനെ ചിന്തിക്കും? പൂട്ടിയിടാൻ പ്രതികളെ കിട്ടുന്നില്ല. പാവത്താന്മാരായ നാട്ടുകാരുടെ ഈ നന്മകൊണ്ട്, ശുദ്ധതകൊണ്ട്, കളവോ പിടിച്ചുപറിയോ ബലാത്സംഗമോ അടിപിടിയോ കൊലപാതകമോ ഒന്നും നടക്കുന്നില്ല. ഒന്നും.

ഛെ…

അപ്പോൾ, കേൾവിക്കാരൻ പറഞ്ഞു: “അതിന് നാട്ടിക്കാർക്ക് അധ്വാനിക്കുക, തിന്നുതൂറുക, മക്കളെ ഉണ്ടാക്കുക എന്നല്ലാതെ മറ്റെന്തെങ്കിലും വിചാരമുണ്ടോ? കഴുതകൾ…”

ഒരു കഴുത ഉണ്ടായിരുന്നു. തേങ്ങ മോഷ്‌ടാവ്. അവനേയും ഇപ്പോൾ കാണാനില്ല. ആ സ്ഥിക്ക് ഇങ്ങനെയൊരു ലോക്കപ്പ് മുറി വെറുതെ ഒഴിഞ്ഞു കിടക്കുമ്പോൾ, രാത്രിയിൽ ഇരുട്ടുവന്ന് അവരുടെ ഏകാന്തതയെ കനപ്പിക്കുമ്പോൾ, പൊലീസുകാരിൽ ഒരാൾ കാഥികനാകുന്നു. മറ്റേയാൾ കേൾവിക്കാരനും.

ആനത്തറവാട്ടിൽ ഹസ്സൻകുട്ടി. പേരുപോലെ തന്നെ ആനത്തവും ആഢ്യത്വവുമുള്ള മനുഷ്യൻ. ആജാനുബാഹു. അരോഗദൃഢഗാത്രൻ. ഒരുപാട് കഷ്ടപ്പെട്ടവൻ. അതിലുപരി ഒരുപാട് സമ്പാദിച്ചവൻ.

കാഥികൻ അന്നു പറഞ്ഞത് സ്വന്തം അനുഭവകഥയായിരുന്നു. കേൾവിക്കാരന് അത് ബോദ്ധ്യമാവുകയും ചെയ്തു.

കഥ അങ്ങനെ വളർന്ന് ആനത്തറവാട്ടിൽ നിന്നു പെരുന്നാളിലേക്കും കല്യാണത്തിലേക്കും ആഘോഷത്തിലേക്കും നീളുമ്പോൾ, കഥയുടെ ഇടവേളയിൽ അവർ, ആ പൊലീസുകാർ ഓരോ ബീഡി കത്തിച്ചു വലിച്ചു. പുകയും കഥയും ചേർന്നുള്ള ആസ്വാദനത്തിൽ കേൾവിക്കാരൻ ഡ്യൂട്ടിക്കു വരുമ്പോൾ കൊണ്ടുവന്ന ഉണ്ടംപൊരി എടുത്തു കടിച്ചു. എന്നിട്ട് കൈയിൽ പറ്റിയ എണ്ണ തന്റെ വളർന്നുകൊണ്ടിരിക്കുന്ന മീശയ്ക്കു തേച്ച് ഒന്നു നിവർന്നിരുന്നു. അപ്പോഴാണ് ഉണ്ടംപൊരി പൊതിഞ്ഞ പത്രത്തിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടത്. “ഇത്തവണ ഓണത്തിന് കേന്ദ്രം നൽകിയത് 15,000 ടൺ അരി… ശ്ശെടാ, അതൊക്കെ എവിടെപ്പോയി…?”

കേൾവിക്കാരന്റെ വായനയ്ക്കും സംശയത്തിനും കാഥികൻ ഉത്തരം പറഞ്ഞു: “അതൊക്കെ ചോറായി…”

അതു കേട്ടു മീശക്കാരൻ ശരീരം വിറപ്പിച്ച് കുലുങ്ങിച്ചിരിച്ചു. “ശരിയാണ്, ശരിയാണ്… നമുക്കിടയിലുമുണ്ടല്ലോ ഇത്തരം ചോറുകൾ… കള്ളനെ പിടിക്കുന്ന പെരുങ്കള്ളന്മാർ.”

കേൾവിക്കാരന്റെ വെന്ത ചോറും വേവാത്ത വിവരണങ്ങളും കേട്ടു കാഥികൻ കഥ തുടർന്നു.
“വാസ്തവത്തിൽ ഹസ്സൻകുട്ടിയുടെ കഥ ഇതുവരെ പുറത്തിറങ്ങാത്ത ഒരു വലിയ പുസ്തകമാണ്. ആരും കണ്ടിട്ടില്ല. ആരും വായിച്ചിട്ടുമില്ല. എന്നിട്ടും, നാട്ടുകാർക്ക് മൊത്തം ആ കഥകൾ ഒരു നിരൂപണവിഷയമാണ്. പലരും അതിനെ വിമർശിക്കുകയും ചെയ്യുന്നു. പുസ്തകം വായിക്കാതെ വിമർശിക്കുന്ന കാലമാണ്. കുത്തും കോമയും കൊണ്ട് കുത്തിക്കൊല്ലുന്ന കാലം എന്തുചെയ്യാം?”

“അതെന്തേ അങ്ങനെ?”
കേൾവിക്കാരൻ സംശയിക്കുന്നു. ന്യായമായും അയാൾ സംശയിക്കും. കാരണം അയാളൊരു പൊലീസുകാരനാണ്. എന്തായാലും ആ സംശയത്തിനു കാഥികൻ തന്നെ ഉത്തരം പറയണം.

പറഞ്ഞു. കാഥികൻ ഉത്തരം പറഞ്ഞു. ആനത്തറവാട്ടിൽ ഹസ്സൻകുട്ടിയുടെ വലിയ ജീവിതം പെട്ടെന്ന് ചെരിഞ്ഞതോടെയാണ് കഥയിൽ സ്ഥായിയായ പരിണാമം ഉണ്ടായത്. കച്ചവടം പൊളിഞ്ഞു. ഉള്ള കടകളും വാടകയും ഇല്ലാതായി. പറമ്പും കൃഷിയും നിലച്ചു. എല്ലാംകൊണ്ടും അയാൾ കടക്കെണിയിലായി. കെണിയൊരുക്കിയതാവട്ടെ പെൺമക്കളുടെ ഭർത്താക്കന്മാരും. ഒരു മകനുള്ളത് ആർക്കും അറിയില്ല. അടുത്തുള്ള ക്രിസ്ത്യാനിപ്പെണ്ണിനേയുംകൊണ്ടു പോയതാണ്. പിന്നെ ഒരു വിവരവുമില്ല. എവിടെപ്പോയി കുരിശായെന്ന് ആർക്കും അറിയില്ല. അതൊട്ടും ആരും അന്വേഷിച്ചുമില്ല. എല്ലാം പോയി. ഇനി പറഞ്ഞിട്ടൊന്നും ഫലമില്ല. എന്നാൽ, ഹസ്സൻകുട്ടി ആളിപ്പോൾ പള്ളിക്കാട്ടിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. അവിടന്നങ്ങോട്ടാണ് അയാളുടെ സഹധർമ്മിണി വെള്ളച്ചാൽ കുഞ്ഞിപ്പാത്തു കഥയിലേക്ക് കടന്നുവരുന്നത്.

അവർക്ക് ഭ്രാന്താണ്. മുഴുത്ത ഭ്രാന്ത്. അവരിപ്പോൾ കെട്ടുങ്ങലയിലാണ്.

പണ്ട് തറവാട്ടിലെ ആനയ്ക്കിട്ട ചങ്ങലയിൽ. വല്ലാത്തൊരവസ്ഥ. ആരും തിരിഞ്ഞുനോക്കുന്നില്ല.

മൂത്തമോൾ പറയും: “എനിക്ക് കുണ്ടും കുഴിയുമല്ലേ തന്നത്, ഇടിഞ്ഞു വീഴാൻ. മറ്റേ മോൾക്കല്ലേ പുഞ്ചപ്പാടവും തേങ്ങയും മാങ്ങയും ചക്കയും കൊടുത്തത്. എനിക്ക് പറ്റില്ല. ഞാൻ നോക്കൂല…”

മറ്റേ മോളും പറയുന്നത് ഇതുതന്നെയാണ്. “എന്തായാലും പുഞ്ചപ്പാടം കൊണ്ട് ഞങ്ങളൊരു പാഠം പഠിച്ചു. അല്ലെങ്കിലും ഇക്കാലത്ത് എന്തു കൃഷി…? എന്തു ചക്ക….? കാക്കൾക്കുപോലും വേണ്ടാത്തത്…”

ഒരർത്ഥത്തിൽ കുടുംബത്തിലെ ഭാഗംവെപ്പ് സ്വന്തം ശരീരത്തിൽനിന്ന് അവയവങ്ങൾ മുറിച്ചുമാറ്റും പോലെയാണ്.

എല്ലാ ഭാഗവും നോവും. അസ്ഥികൾ നുറുങ്ങും. നേരുപറഞ്ഞാൽ കണക്കിൽക്കവിഞ്ഞ സമ്പത്തും ഒരുപാടു മക്കളും ഉണ്ടാവരുത്. അങ്ങനെയുള്ളവരെയാണ് ബന്ധുക്കൾ ഒടുവിൽ ഓടയിലേക്ക് വലിച്ചെറിയുന്നത്.
ഇതാ ഇവിടെ ഒരു ജീവൻ ഓടയിൽ വീണ് കരയുന്നു. ഈച്ചകൾ ആർക്കുന്നു. അന്നൊരു ദിവസം ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ആവഴി പോയത്. ചങ്ങലയിൽനിന്ന് ഒരു നിലവിളി, ദീനമായ കരച്ചിൽ.
“ഏമാനേ, നിങ്ങള് മനുഷ്യരുടെ രക്ഷയ്ക്കുള്ളവരല്ലേ… നിയമപാലകര്. വയ്യ, എനിക്കു വയ്യ… എന്നെയുമൊന്ന് രക്ഷിക്കൂ…”
അത്രയേ ഞാൻ കേട്ടുള്ളൂ. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല.

Read Also  അയാളും കഥാപാത്രങ്ങളും/ ശ്രീകണ്ഠൻ കരിക്കകം എഴുതിയ കഥ

കഥയുടെ മദ്ധ്യരേഖയിൽ കേൾവിക്കാരൻ മീശ താഴ്ത്തി വാ തുറന്നു. അന്ന് ആകാശത്ത് ഉദിത് വിറയ്ക്കുന്ന ചന്ദ്രനായിരുന്നു. പനിക്കുന്ന ഗോളമായിരുന്നു. അതിന്റെ നിഴലും വെളിച്ചവും ഭൂമിയെ പൊള്ളിക്കുന്നുണ്ടായിരുന്നു.

ആ ചൂടിൽ ഒരു ബീഡികൂടി കത്തിച്ച് അയാൾ കഥയുടെ രസച്ചരടിൽ  ഒരു ഇരയെ കോർത്തുകെട്ടി. അപ്പോൾ, പുറത്തെ നിലാവിനെ കാർമേഘം പൂർണ്ണമായും മറച്ചിരുന്നു. കാഥികന്റെ പിന്നീടുള്ള കഥാസാരം ഗ്രഹിക്കാൻ കേൾവിക്കാരൻ തന്റെ സ്വരൂപം വെടിഞ്ഞ് തനി ഒരു പൊലീസുകാരന്റെ മട്ടിലും ഭാവത്തിലും ചാടിയെണീറ്റ് ഗൗരവത്തിൽ ആജ്ഞാപിച്ചു:
“പറയൂ. ഇനിയുള്ളതാണ് ശരിക്കുമുള്ള കഥ, ഹും പറയു, പറയൂ… കേൾക്കട്ടെ…”

കാഥികൻ ഉപസംഹരിച്ചു: പിന്നീട് എന്തുണ്ടായി എന്നൊന്നും എനിക്കറിയില്ല. ഒരു ദയാവധം. അത്രതന്നെ. ഞാനത് നടപ്പാക്കി. ആ സ്ത്രീയുടെ കണ്ണീരും വേദനയും കണ്ട് മനസ്സലിഞ്ഞ് ഞാനങ്ങ് അവസാനിപ്പിച്ചു. അവർക്ക് ഞാൻ വാങ്ങിക്കൊടുത്ത കഞ്ഞിയിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്കത് ചെയ്യേണ്ടിവന്നു. കാരണം, അവർ അങ്ങനെ ജീവിക്കേണ്ടവരല്ലെന്ന് എനിക്കു തോന്നി. ആ ഓടയിൽ അഴുകേണ്ടവരല്ലെന്നും. ഒരു കാലത്ത് ഒരുപാടുപേരുടെ പത്തായമായിരുന്നു. ധാന്യമായിരുന്നു, ചോറയിരുന്നു. ജീവിതമായിരുന്നു ആ ഉമ്മ. അതേയ്, നമുക്കൊന്നും ഒരിക്കലും വയസാവരുത്. പ്രായമാണ് മനുഷ്യന്റെ ഏറ്റവും വലിയ ആധി. വാർദ്ധക്യം കാൻസർ പോലെയാണ്. അത് തളർത്തും. ഒറ്റപ്പെടുത്തും. നോവിക്കും.

കഥയുടെ പാരായണത്തിൽ രാത്രി അവസാനിച്ചതും നേരം പുലർന്നതും അവർ രണ്ടുപേരും അറിഞ്ഞില്ല. ഇപ്പോൾ അവർ കാഥികനോ കേൾവിക്കാരനോ അല്ല. സ്റ്റേഷനിലെ ഉത്തരവാദപ്പെട്ട രണ്ടു പൊലീസുകാരാണ്.

അങ്ങനെയിരിക്കെയാണ് കേൾവിക്കാരന് ഉദ്യോഗക്കയറ്റം കിട്ടുന്നതും എസ്. ഐ. ആകുന്നതും. അന്നുമുതൽ ആ സ്റ്റേഷനിലെ രണ്ടു പൊലീസുകാരിൽ ഒരാൾ എസ്.ഐ.യും മറ്റേയാൾ ഹെഡ് കോൺസ്റ്റബിളുമായി.

പൊടുന്നനെ എസ്.ഐ. കോൺസ്റ്റബിളിനെ ലോക്കപ്പിലിട്ടു മർദ്ദിക്കുന്നു. അവശനാക്കുന്നു. കഥയിൽ പണ്ടെപ്പോഴോ ഒരു കൊലപാതകം മറച്ചു വെച്ചതിന്. തെളിവൊന്നും ബാക്കിവെക്കാതെ സംഭവം മൂടിവെച്ചതിന്. മർദ്ദനം മാത്രമല്ല. ഇപ്പോൾ എസ്.ഐ. കേസും ചാർജ് ചെയ്തിരിക്കുകയാണ്. അയാൾക്കും ആ സ്റ്റേഷനിലും കൈവന്ന ആദ്യത്തെ കൊലക്കേസ്.

എസ്.ഐ.: ഞാൻ നിന്നെ അറസ്റ്റുചെയ്തിരിക്കുന്നു.
കോൺസ്റ്റബിൾ: എന്തിന്?
എസ്.ഐ.: നീയെന്ന കഥയിൽ ഒരു കുറ്റവാളിയെ ഒളിപ്പിച്ചതിന്…
കോൺസ്റ്റബിൾ: ആരായാലും ചെയ്തുപോകും, ആ അവസ്ഥയിൽ…

എസ്.ഐ.: അവസ്ഥ! ഇങ്ങനെയാണോടാ അവസ്ഥ..? പ്രായമുള്ളവരോട്…
കോൺസ്റ്റബിൾ: അത്, അവരോട് ആരും കാണിക്കാത്ത ദയയായിരുന്നു. കാലത്തിന്റെ ദയ.
എസ്.ഐ.: നിന്റെ ഒരു ദയ… കാലം… ഞാൻ കാണിച്ചുതരാം… കാലമാടാ… ബ്ലഡി…

അയാളിപ്പോൾ കേൾവിക്കാരനോ പരിചയക്കാരനോ ചങ്ങാതിയോ മനുഷ്യനോ ഒന്നുമല്ലാതായിരിക്കുന്നു. ഔദ്യോഗികപദവിയിലിരിക്കുന്ന ഒരു പൊലീസ് സബ് ഇൻസ്പെക്ടർ. നടപ്പിലും ഇരിപ്പിലും മാത്രമല്ല, കിടപ്പിൽ പോലും അയാൾ തികഞ്ഞ ഒരു ഉദ്യോഗസ്ഥനാണ്. എവിടെ വേണമെങ്കിലും ലാത്തിവീശാം. എവിടെ വേണമെങ്കിലും തൊപ്പി ഊരിവെക്കാം. മീശപിരിക്കാം. കാക്കിഅഴിക്കാം. ലുങ്കി ഉടുക്കാം. വെടിവെക്കാം.

രാത്രി. ഏകാന്തമായ രാത്രി. ഇരുട്ടുവീണ പൊലീസ് സ്റ്റേഷൻ. അതിനകത്തെ ലോക്കപ്പിൽ ഒരേയൊരു തടവുകാരൻ. പ്രതിക്ക് കാവലായി ഒരു സബ് ഇൻസ്പെക്ടറും. അവർക്കിടിയിൽ മൗനം പെരുങ്കഥ പറയുന്നു. ഒരു സ്വപ്നത്തിന്റെ വ്യാഖ്യാനം. ആ സ്വപ്നകഥയിൽ കാരാഗൃഹത്തിൽ ദയയുള്ള ഒരു ഹൃദയം. അത് കുറ്റം ചെയ്യാത്ത ജീവനുള്ള ഒരു കഥയാണ്, കഥാപാത്രമാണ്, ശ്രോതാവാണ്, യാത്രികനാണ്, സൂഫിയാണ്, യാചകനാണ്, കൈനോട്ടക്കാരനാണ്, മാന്ത്രികനാണ്, ഭ്രാന്തനാണ്…

എന്നാൽ, ജീവിതകഥയിൽ അങ്ങനെയല്ല. ഒരുപാട് അനുഭവങ്ങൾക്ക് ചായം കൊടുക്കുകയും വിശപ്പിനും ഭ്രാന്തിനും ഇടയിൽ ചിരിക്കുകയും കുടുകുടാ ചിരിപ്പിക്കുകയും ചെയ്ത ഒരു മഹാൻ.

അതൊക്കെ കേട്ട് സാവകാശം ലോക്കപ്പ് തുറന്നു. ഏമാനായ കാവൽക്കാരനും ചിരിച്ചു. നമ്മളിപ്പോൾ കളിച്ചതും സർഗ്ഗാത്മകമായ ഒരു സ്വപ്നമല്ലേ, കഥയല്ലേ, ആശാനെ…?

രണ്ടുപേരും അതു സമ്മതിക്കുമ്പോൾ, സർവ്വീസ് തൊപ്പി വീണ്ടും തലയിൽ വയ്ക്കുമ്പോൾ, ലോക്കപ്പിലെ ഇരുളടഞ്ഞ മുറിയിൽ നിന്ന് അവർ വീണ്ടും കേട്ടു, “ഹൂ വാണ്ട് ഫ്രീഡം?”

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹